14 July Tuesday

പോളിഷ് നോവലിൽ ബുക്കർ തിളക്കം...

ഡോ . ശരത് മണ്ണൂർUpdated: Tuesday Jun 12, 2018

 ന്തർ ദേശീയ പ്രശസ്തി നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർസുകി  ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരത്തിന് അര്‍ഹയായി. പോളണ്ടിന്റെ സാഹിത്യ ഭൂമികയിലേക്ക് ആദ്യമായി ബുക്കർ പുരസ്കാരമെത്തിച്ച ബഹുമതിയും അവർ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ജെന്നിഫർ ക്രോഫ്റ്റ്  എന്ന വിവർത്തക ഇംഗ്ലീഷിലേക്ക്  പരിഭാഷപ്പെടുത്തിയ 'ഫ്‌ളൈറ്റ്‌സ്' എന്ന  നോവലിലൂടെയാണ്   സാഹിത്യലോകത്തെ വിശിഷ്ടമായ ഈ   പുരസ്കാരത്തിന് അവർ അർഹയായത്‌.  

ജനസമ്മതിയ്ക്കൊപ്പം  വിമർശനങ്ങളും  ഏറെ  ഏറ്റുവാങ്ങിയ എഴുത്തുകാരിയാണ്  ഓൾഗ തൊകാര്‍സുകി. പോളണ്ടിന്റെ ചരിത്രത്തിലെ രക്തരൂഷിതമായ കൊളോണിയല്‍ കാലഘട്ടത്തിലെ   ഭീകരതകളെ  വിമർശിച്ചതിനെത്തുടര്‍ന്ന് പാരമ്പര്യവാദികളുടെ  എതിര്‍പ്പിനെ അവര്‍ക്കു നേരിടേണ്ടി വന്നു.  രാജ്യത്തിന്റെ സെമിറ്റിക് വിരുദ്ധതയെ  ചോദ്യം ചെയ്തതിനും  അവർ  നിശിതമായി  വിമർശിക്കപ്പെട്ടിരുന്നു. 
       
1962 ൽ പടിഞ്ഞാറൻ പോളണ്ടിലെ സുലെഷോ എന്ന പട്ടണത്തിൽ ജനിച്ച ഓൾഗ കവിതകളെഴുതിക്കൊണ്ടാണ്  എഴുത്തിന്റെ  ലോകത്തേക്ക്  പ്രവേശിച്ചത്.  ആദ്യ കവിതാ സമാഹാരം ‘സിറ്റീസ് ഇൻ മിറേഴ്‌സ്'   പുറത്തിറങ്ങിയതില്‍ പിന്നെ ഏറെ കാലം അവര്‍ സാഹിത്യ രംഗത്തു നിന്നും വിട്ടുനിന്നു.  പിന്നീട്   ഒരു ശരണാലയത്തിൽ കൗൺസിലറായും അതിനു ശേഷം തെറാപ്പിസ്റ്റ് ആയും  അവർ സേവനമനുഷ്ഠിച്ചു.  

1993 ല്‍  ‘ജേർണി ഓഫ് ദി പീപ്പിൾ ഓഫ് ദി  ബുക്ക്' എന്ന നോവലിലൂടെ  ഓൾഗ തൊകാര്‍സുകി വീണ്ടും അക്ഷരങ്ങളുടെ കൂട്ടുകാരിയായി.   പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസും സ്പെയിനും   പശ്ചാത്തലമാക്കി  രചിച്ച ഈ നോവൽ പരമ്പരാഗത  രീതിയിൽ നിന്നും വളരെ വ്യത്യസ്തമായ  ഒരാഖ്യാന ശൈലികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.  1995 ൽ അവരുടെ ‘ഇ ഇ'  എന്ന നോവൽ  വെളിച്ചം കണ്ടു. നായികയുടെ  പേരായ  എർണാ എൽട്സ്നേർ എന്നതിന്റെ ചുരുക്കപ്പേരാണ്  നോവലിനും  നൽകിയത്. 1996 ൽ  പ്രസിദ്ധീകൃതമായ 'പ്രൈംവാൾ ആൻഡ് അദർ ടൈംസ് ' എന്ന നോവൽ   ഓൾഗയെ ദേശീയ തലത്തിൽ ശ്രദ്ധേയയാക്കി.   ഒരു സാങ്കൽപ്പിക  ഗ്രാമത്തിലെ അസാധാരണ മാനസികാവസ്ഥയുള്ള  അന്തേവാസികളുടെ  കഥ പറയുന്ന ഈ നോവലിൽ അയഥാർത്ഥമായ ഒരു കഥാതന്തുവിനെയാണ്    വിസ്മയകരമായ   ആഖ്യാന ശൈലികൊണ്ട്  അവർ അനശ്വരമാക്കിയത്.  ഇംഗ്ലീഷ് ഉൾപ്പെടെ ഒട്ടനവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി  പോളിഷ് സാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായാണ് കരുതപ്പെടുന്നത്.  ‘ദി അഗ്ലിയെസ്റ്റ്  വുമൺ  ഓഫ് ദി വേൾഡ് ' എന്ന കഥ 2011 ലെ ഏറ്റവും മികച്ച യൂറോപ്യൻ കഥകളുടെ സമാഹാരത്തിലേക്ക്  െതരഞ്ഞെടുത്തെിരുന്നു.   ‘ദി വാർഡ് റോബ്' , ‘ഡേ ഹൌസ് ആൻഡ് നൈറ്റ് ഹൌസ്',  ‘ദി ഡോൾ  ആൻഡ് ദി പേൾ' , ‘പ്ലേയിങ്  ഓൺ മെനി  ഡ്രംസ് ', ‘ദി ലാസ്റ്റ് സ്റ്റോറീസ്' , ‘ദി ബുക്ക്സ് ഓഫ് ജേക്കബ് ' തുടങ്ങിയവയാണ് ഓൾഗയുടെ മറ്റ്  പ്രധാന കൃതികള്‍.

ബുക്കർ പുരസ്‌കാരത്തിന് അർഹമായ 'ഫ്‌ളൈറ്റ്‌സ്' എന്ന നോവൽ   2017 ലാണ്  ഇംഗ്ളീഷ് വായനാ ലോകത്തെത്തിയത് .  ഫലിതവും നർമവും ഇഴചേർന്ന  ഈ നോവലിൽ വ്യത്യസ്തമായ ഉപകഥകൾ വിദഗ്ധമായി ഇണക്കിച്ചേർത്തുകൊണ്ട്  മനോഹരമായ ഒരു കഥാഗാത്രം   അവർ സൃഷ്ടിച്ചെടുത്തിരിക്കുന്നു.  പുതിയ കാലത്തിന്റെ   സഞ്ചാര വേഗങ്ങളെ  ശക്തമായി  അടയാളപ്പെടുത്തുന്ന 'ഫ്‌ളൈറ്റ്‌സി'ൽ എഴുത്തുകാരിയുടെ പ്രതിഭ അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയിൽ പരിലസിക്കുന്നതു  കാണാം.  ബുക്കർ പ്രൈസിനു  മുൻപ്  മറ്റനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ നോവൽ 2008 ൽ   പോളണ്ടിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ നൈക്ക്  പ്രൈസിനും അർഹമായിരുന്നു.

ഓൾഗയുടെ രചനകളെല്ലാം മനഃശാസ്ത്രവും  തത്വചിന്തയും കലർന്ന ഒരു മിസ്റ്റിക് കഥന രീതിയിൽ വികസിക്കുന്നവയാണ്.  നേർപ്പിച്ച നർമത്തിന്റെ സ്വച്ഛതയിൽ നിന്നും തീക്ഷ്‌ണമായ വൈകാരികാവസ്ഥകളിലേക്ക്   അനുവാചകരെ നയിക്കുന്ന ഒരു രചനാ തന്ത്രം അവരുടെ എഴുത്തിന്റെ പ്രധാന മർമ്മമാണെന്നു പറയാം.  സാഹിത്യബാഹ്യമായ നിരവധി വിഷയങ്ങളിലുള്ള അറിവും താത്പര്യവും   ഓൾഗയുടെ  എഴുത്തിനെ സർഗാത്മകമായ പൂർണതയിലേക്കുയർത്തുന്നു.  2012 ൽ നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടിരുന്ന  ഈ എഴുത്തുകാരിയിൽ നിന്നും ഇനിയും നിരവധി  അക്ഷര വിസ്മയങ്ങൾക്കായി  സഹൃദയ ലോകം കാത്തിരിക്കുകയാണ്.

പ്രധാന വാർത്തകൾ
 Top