03 October Tuesday

കഥയഛൻ, നടനമമ്മ, അശ്വതി ‘നക്ഷത്രം’

പി വി ജീജോUpdated: Sunday Sep 22, 2019സാഹിത്യ ഭാവത്തിൽ പ്രതിഭാസ്‌ഫുരണവുമായി അഛൻ,      നാട്യത്തിന്റെ  അരങ്ങിൽ ജ്വലിച്ചുനിൽക്കുന്ന അമ്മ–- ജൈവികമായി ലഭിച്ച ഈ സർഗാത്മകതയെ സമർപ്പണത്താൽപ്രകാശിപ്പിക്കുക...... അശ്വതിയുടെ അരങ്ങുകളെ വേറിട്ടുനിർത്തുന്നതിതാണ്‌.  ഭരതനാട്യത്തിലെ   പാരമ്പര്യാധിഷ്ഠിത  വഴക്കങ്ങളെ നവ ഭാവകത്വം ചാലിച്ച്‌  അഭിരുചികളെ സാക്ഷാത്കരിക്കുന്ന ഈ യുവനർത്തകി ക്ക്‌ ഇത്തവണ കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.  ഭരതനാട്യത്തിലെ നടനമികവിനാണ്‌ പുരസ്‌കാരം. നിരന്തരമായുള്ള സാധകത്തിലൂടെ ആർജിതമായ മെയ്യിന്റെ ഭാവോന്മീലനം, രസങ്ങൾ സ്‌ഫുരിക്കുന്ന നേത്രങ്ങൾ, മുദ്രക്രൾ ദ്യോതിപ്പിക്കുന്ന ലാവണ്യത്തികവാർന്ന വിരലുകൾ, നർത്തകിയുടെ  ആവിഷ്‌കാരചാരുതക്കായുള്ള  ഉപാസനാസമർപ്പിതമായ മനവും..കലയുടെ  അരങ്ങിൽ കൈരളിയുടെ കളിവിളക്കായി ഭാവിയിലും പ്രശോഭിക്കുമെന്ന പ്രതീക്ഷയേകുന്നതാണ്‌ ഈ യുവകലാകാരിയുടെ നടനവഴികൾ.

‘‘അമ്മക്ക്‌ ലഭിച്ച അവാർഡ്‌ മകൾക്കും കിട്ടി അല്ലേ’’ എന്നു ചോദിച്ചാൽ ചെറുചിരിയാൽ കളിയായി അശ്വതി പറയും, എനിക്ക്‌ കിട്ടിയ അവാർഡിന്റെ പകിട്ട്‌ കുറക്കല്ലേയെന്ന്‌.  അശ്വതിയുടെ അമ്മ കലാമണ്ഡലം സരസ്വതിക്ക്‌ 35 വർഷം മുമ്പ്‌ ലഭിച്ചതാണീ ബഹുമതി. അക്കാദമികളുടെയെല്ലാം അവാർഡുകൾ കഴിഞ്ഞ്‌  ജ്ഞാനപീഠമേറിയ അച്ഛൻ എംടി വാസുദേവൻനായർ...കുടംബത്തിലെ ഇളമുറക്കാരിയും ബഹുമതി സ്വന്തമാക്കുമ്പോൾ  അക്കാദമി അവാർഡ്‌ ലഭിക്കുമ്പോൾ അതിനാൽ ഏറെ അപൂർവതകളുണ്ടിതിന്‌.

മലയാളത്തിന്റെ മഹാപ്രതിഭയായ എം ടി വാസുദേവൻ നായരുടെയും  പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയുടെയും മകൾ പുരസ്‌കാരിതയായതിലധിക സന്തോഷമുണ്ട്‌ കലാസ്‌നേഹികൾക്കും.   നർത്തനവേദിയിൽ അശ്വതി ശ്രീകാന്തായാണ്‌ ഈ കലാകാരി അറിയപ്പെടുന്നത്‌.രാജ്യാന്തര പ്രശസ്‌തനായ നർത്തകൻ ശ്രീകാന്തിന്റെ കലാ–-ജീവിത അരങ്ങുകളിലെ  കൂട്ടും കരളും.

സ്‌കൂൾ കാലത്ത്‌ തുടങ്ങിയതാണ്‌ നാട്യവും നടനവും. എന്നാൽ കലോത്സവത്തിന്റെ   മത്സര വേദികളിൽഒരിക്കലും  ചുവടുവെച്ചി ട്ടില്ല. കുഞ്ഞുനാളിൽ തുടങ്ങിയ കലാഭ്യസനം ഇന്നും തുടരുന്നു

കാനഡയിലെ ടൊറാന്റോയിലെ  അന്താരാഷ്‌ട്ര നൃത്തോത്സവത്തിൽ നിന്നാണ്‌ അശ്വതി ഇത്തവണ നാട്ടിലെത്തിയത്‌. ഇനി അടുത്ത അരങ്ങ്‌ അമേരിക്കയിൽ .  അന്താരാഷ്‌ട്ര വേദിയിൽ പുതിയ ചുവടുകൾ വെച്ചതിന്റെ  ആഹ്ലാദത്തിൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ  മറ്റൊരു കലാബഹുമതി.   നർത്തകി എന്ന നിലയിലുള്ള ഈ   അംഗീകാരം   വലിയ സന്തോഷം നൽകുന്നതാണ്‌.   കലാജീവിതത്തിന്‌ കരുത്തും–-കേരള സംഗീത നാടക അക്കാദമി അവാർഡ്‌ കിട്ടിയതിൽ  അശ്വതിയുടെ പ്രതികരണമിങ്ങനെ. അശ്വതിക്ക്‌ നേരത്തെ കലാരത്ന അവാർഡും ,മയിൽപ്പീലി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.  എം ടിയുടെയും സരസ്വതിയുടെയും മകൾക്ക്‌ കലയും സാഹിത്യവും വിഭിന്നമായ വഴികളല്ല. സ്‌കൂൾ കാലത്ത്‌ തുടങ്ങിയതാണ്‌ നാട്യവും നടനവും. എന്നാൽ കലോത്സവത്തിന്റെ   മത്സര വേദികളിൽഒരിക്കലും  ചുവടുവെച്ചി ട്ടില്ല. കുഞ്ഞുനാളിൽ തുടങ്ങിയ കലാഭ്യസനം ഇന്നും തുടരുന്നു, സമർപ്പിതമനസോടെ. ഭർത്താവ്‌ ശ്രീകാന്തിനൊപ്പം ചെന്നൈയിലും മുബൈയിലും കോഴിക്കോടുമെല്ലാം നൃത്തമവതരിപ്പിച്ചിട്ടുണ്ട്‌. കോഴിക്കോടെത്തുമ്പോഴെല്ലാം ഇന്നും അമ്മ സരസ്വതിയുടെ  ചാലപ്പുറത്തെ നൃത്യാലയയിൽ കുട്ടികളെ നൃത്തം  പഠിപ്പിക്കുന്നു.

ക്ലാസിക്കൽ നൃത്തത്തിൽ പുതുവിഷയങ്ങളുമായി ചലനമുണ്ടാക്കി ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌ അശ്വതിയും ശ്രീകാന്തും. കുറച്ചുവർഷം മുമ്പായിരുന്നുഅമൃതവർഷിണി  അരങ്ങിലെത്തിച്ചത്‌. മഴയുടെ ഹർഷവർഷങ്ങളുടെ  കലാവിഷ്‌കാരം ജന്മനാട്ടിലും അവതരിപ്പിച്ചിരുന്നു. രസാനുഭവങ്ങളെ ആസ്‌പദമാക്കിയുള്ള നൃത്തമാണടുത്തതായി മനസിലുള്ളത്‌. ശ്രീകൃഷ്‌ണ ജനനം മുതൽ ഗീതോപദേശംവരെ ഭക്തിമഞ്ജരി അവതരിപ്പിക്കണം.വിഖ്യാത ആംഗലേയ കവി  ടി എസ്‌ എലിയറ്റിന്റെ തരിശുഭൂമി(wasteland)ക്ക്‌ നൃത്താവിഷ്‌കാരമൊരുക്കുക എന്ന ലക്ഷ്യവുമുണ്ട്‌. കാലികപ്രസക്തമായ വിഷയമാണ്‌ മനസിൽ. ശ്രീകാന്തുമായി ചേർന്ന്‌ ആവിഷ്‌കാരത്തിന്‌ രൂപമേകണം.

‘‘അച്ഛന്റെ കഥ സ്‌കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ച മകളാണ്‌ ഞാൻ. അച്ഛന്റെ കൃതികൾ മഞ്ഞ്‌, രണ്ടാമൂഴം എല്ലാം ഹഠാദാകർഷിക്കുന്നതാണ്‌. വിലോഭനീയവും അതിലേറെ ഉജ്വലവുമായ സൃഷ്‌ടികൾ.  അവ നടനവേദിയിൽ  ആവിഷ്‌കരിക്കാനുള്ള ധൈര്യവും ശക്തിയുമെനിക്കില്ല. അക്ഷരങ്ങളിലെ തേജസും ഓജസും നടനവേദിയിൽ പകർത്താമെന്ന ആത്മവിശ്വാസത്തിലായിട്ടില്ല–-എം ടിയുടെ രചനകൾ ഏതെങ്കിലും നൃത്തമായി അരങ്ങിലെത്തിക്കുമോ എന്ന ചോദ്യത്തിൽ  പകച്ചുനിൽക്കുന്ന കുട്ടിയെന്നപോൽ അശ്വതിയുടെ മൊഴികൾ. വായനയിലാണ്‌ ആ രചനകൾ അനുഭവിക്കാനാവാകൂ. അതിനപ്പുറം സാധ്യമാകുമോ എന്ന്‌ പരീക്ഷണത്തിന്‌ ഇപ്പോൾ താനില്ലെന്നും അശ്വതി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top