08 December Wednesday

വേലക്കാരി 
‘തൂത്തുവാരിയ' അക്ഷരങ്ങൾ

എ പി സജിഷUpdated: Sunday Oct 17, 2021


പട്ടാളക്കാരനായിരുന്നു ബേബി ഹൽദാറിന്റെ അച്ഛൻ. അയാളുടെ പീഡനങ്ങൾ സഹിക്കാനാകാതെ അമ്മ വീട് വിട്ടു. ബേബി ഹൽദാറിന് അന്ന് നാല് വയസ്സ്‌. അവിടെ കരിഞ്ഞു അവളുടെ കുട്ടിക്കാലം. അച്ഛൻ വീണ്ടും വിവാഹിതനായി. പക്ഷേ, അച്ഛനും രണ്ടാനമ്മയും അവളുടെ കുഞ്ഞുമനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു.

വായിക്കാൻ ഇഷ്ടമായിരുന്നു അവൾക്ക്. എന്നിട്ടും ആറാം ക്ലാസിൽ അവളുടെ പഠനം നിർത്തിച്ചു. 12–-ാം വയസ്സിലായിരുന്നു ബേബി ഹൽദാറിന്റെ വിവാഹം.  ഭർത്താവിന് ഇരട്ടിയിലേറെ പ്രായം. വിവാഹരാത്രിതന്നെ ഭർത്താവിന്റെ ക്രൂര ബലാൽസംഗം. 13 വയസ്സിൽ അമ്മയായി. പിന്നെയും പ്രസവിച്ചു രണ്ട് കുട്ടികളെക്കൂടി. ആ വീട്ടിൽ പീഡനങ്ങൾ മാത്രമായിരുന്നു അവൾക്ക്‌ സ്വന്തം.  ഗാർഹിക പീഡനം താങ്ങാനാകാതെ  വീടുവിട്ട്‌ അവൾ ഓടിപ്പോന്നു.  നൊന്തു പ്രസവിച്ച മൂന്ന്‌ കുഞ്ഞുങ്ങളുമുണ്ടായിരുന്നു അവൾക്കൊപ്പം. പിന്നീട് എഴുത്തുകാരിയായി മാറിയ ബേബി ഹൽദാറിന്റെ ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായം അവിടെ തീർന്നു.

പിന്നെ ജീവിക്കാനുള്ള പോരാട്ടമായിരുന്നു.  ആ പോരാട്ടത്തിൽ അവൾ വീട്ടുവേലക്കാരിയായി. കശ്‌മീരിൽ ജനിച്ച്‌, പശ്‌ചിമ ബംഗാളിൽ വളർന്ന ബേബി ഹൽദാർ തന്റെ മക്കളെയുംകൊണ്ട്‌  ഡൽഹിയിലേക്കാണ്‌ ചേക്കേറിയത്‌.  അവിടെ അവൾ നിരവധി ഇടങ്ങളിൽ വീട്ടുവേലക്കാരിയായി. മക്കളെ വളർത്താൻ  ഏറെ കഷ്ടപ്പെട്ടു.

പിന്നെ, ഗുർഗ്രാമിൽ ഹിന്ദി എഴുത്തുകാരൻ മുൻഷി പ്രേംചന്ദിന്റെ ചെറുമകൻ ഡോ. പ്രബോധ്‌കുമാറിന്റെ വീട്ടിലെ വേലക്കാരിയായി. ആ വീട്ടിലെ എല്ലാ ജോലിയും ചെയ്‌തു. ഇടയ്‌ക്ക്‌ ലൈബ്രറി വൃത്തിയാക്കുമ്പോൾ അവൾ പുസ്‌തകങ്ങൾ നോക്കി കൗതുകം പൂണ്ടു.

വായിക്കാൻ ഏറെ ഇഷ്ടമായിരുന്നു അവൾക്ക്‌. പക്ഷേ ചോദിക്കാൻ പേടി.  അവളുടെ കൗതുകം ആ റിട്ടയർഡ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചു. അവളുടെ വായനാ കമ്പം ചോദിച്ചറിഞ്ഞ് അദ്ദേഹം ആ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വായിക്കാൻ അനുവദിച്ചു.

പിതൃതുല്യനായ ആ വീട്ടുടമസ്ഥൻ അവളെ എഴുതാൻ പ്രോത്സാഹിപ്പിച്ചു. അവൾ എഴുതി, ആഞ്ഞു കൊത്തുന്ന തന്റെ ജീവിതാനുഭവങ്ങൾ. വീട്ടു വേലയ്ക്കിടയിൽ അവൾ അതിനും സമയം കണ്ടെത്തി.   ആറാം ക്ലാസിൽ പഠനം നിർത്തിയ ബേബി ഹൽദാർ നാൽപ്പതാം വയസ്സിൽ ഒരു പുസ്‌തകം എഴുതി. വർഷങ്ങളുടെ ഇടവേള അവളെ എഴുത്തുകാരിയാക്കി. പ്രബോധ് കുമാർ മുൻകൈയെടുത്ത് അതൊരു പുസ്തകമാക്കി.

‘ആലോ അന്ധാരി' (A Life Less Ordinary) എന്ന പ്രശസ്‌ത കൃതി അവിടെ പിറന്നു. ആലോ അന്ധാരി എന്നാൽ ഇരുളും വെളിച്ചവും. ജീവിതത്തിലെ ഇരുട്ടിൽനിന്ന് വെളിച്ചം വീശിയ അനുഭവങ്ങളുടെ ഏടാണ് ആ പുസ്‌തകം. ആ കൃതി മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലേക്കും 13 വിദേശ ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ബെസ്റ്റ് സെല്ലറുമായി.

ബേബി ഹൽദാർ പിന്നെയും എഴുതി പുസ്തകങ്ങൾ. ഇന്നവർക്ക് പ്രായം 47. ഒടുവിൽ അവരെ 2018ൽ എൽഐസി ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിലെ വുമൻ റൈറ്റർ അവാർഡും തേടിയെത്തി.  വീട്ടുവേലക്കാരിയിൽനിന്ന് എഴുത്തുകാരിയിലേക്കുള്ള ആ ദൂരം രാജ്യത്തെ സ്‌ത്രീകൾക്ക് മുഴുവൻ ഇന്ന് മാതൃകയാണ്. എല്ലാ കാലത്തും അതൊരു പാഠപുസ്‌തകവുമാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top