2014 ഡിസംബര്‍ 18. രാവിലെ ഏഴ്. ആയിരക്കണക്കിന് ശ്രോതാക്കള്‍ റേഡിയോയ്ക്ക് കാതും നട്ട് കൗതുകപൂര്‍വം കാത്തിരിക്കുന്നു. ഏഴു മണി. 'ശബരിമല വിശേഷങ്ങള്‍' എന്ന അറിയിപ്പ്. ഈ അറിയിപ്പും തുടര്‍ന്ന് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബരിമല വിശേഷങ്ങളും അങ്ങനെ കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ആകാശവാണിയുടെ അടയാളപ്പെടുത്തലായി ശബരിമലയുടെയും. ശബരിമലയില്‍ ആദ്യമായി വനിതാ പത്രപ്രവര്‍ത്തകരെ ഡ്യൂട്ടിക്കായി നിയോഗിച്ചുവെന്ന ഖ്യാതി ആകാശവാണിക്ക് സ്വന്തം. പിന്നീട് എല്ലാ വര്‍ഷവും തീര്‍ഥാടന സീസണില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആകാശവാണിക്കായി പമ്പയില്‍നിന്ന് മല കയറി മൂന്നു ദിവസത്തേക്ക്. ശബരിമല വിശേഷങ്ങള്‍ പതിനായിരക്കണക്കിന് ശ്രോതാക്കള്‍ക്കായി പങ്കുവച്ചു.
അവര്‍ അഞ്ചുപേര്‍
ലേഖാ ഗോപാല്‍, വി പ്രീത, വി എം ഗിരിജ, ജി കെ ഗീത, തെന്നല്‍ എന്നിവരാണ് 2014 മുതല്‍ ഇതുവരെ ആകാശവാണിക്കായി ശബരിമല വിശേഷങ്ങള്‍ ശ്രോതാക്കള്‍ക്കായി പങ്കുവയ്ക്കാന്‍ നിയോഗിക്കപ്പെട്ട വനിതാ മാധ്യമ പ്രവര്‍ത്തകര്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളിലാണിവര്‍. ദിവസേന അഞ്ചു മിനിറ്റ് നീളുന്ന രണ്ട് പ്രത്യേക സെഗ്മെന്റുകള്‍. പതിവുശൈലികളില്‍നിന്നും വ്യത്യസ്തമായ പരിപാടികളായിരിക്കണം ദിവസവും കൊടുക്കേണ്ടത്. തിരക്കിനനുസൃതമായി ഇത്തരം പരിപാടികള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെന്ന് അഞ്ചുപേരും സാക്ഷ്യപ്പെടുത്തുന്നു. മീഡിയാ സെന്ററിലെ രണ്ടാമത്തെ മുറിയില്‍ സജ്ജമാക്കിയ പ്രത്യേക സ്റ്റുഡിയോയില്‍നിന്ന് ശ്രോതാക്കള്‍ക്കായി ശബരിമല വിശേഷങ്ങള്‍ അവതരിപ്പിക്കുന്നു നാലുവര്‍ഷമായി മുടക്കമില്ലാതെ ആകാശവാണിയുടെ സ്വന്തം മാളികപ്പുറങ്ങള്‍.
മല കയറ്റം
ആദ്യകാലങ്ങളില്‍ തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ളവരെ മാത്രമായിരുന്നു ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. സന്നിധാനത്ത് മീഡിയ സെന്റര്‍ ആരംഭിച്ചതോടെ ശബരിമല വിശേഷങ്ങളുമായി എല്ലാ ദിവസവും ആകാശവാണിയും സജ്ജമായി. (മുന്‍കാലങ്ങളില്‍ മണ്ഡലപൂജയ്ക്കും മകരവിളക്ക് സമയത്തുമാണ് ആകാശവാണി മുഴുവന്‍സമയം സജീവമായിരുന്നത്). എന്നാല്‍, 2014ല്‍ ഇതിനൊരു മാറ്റം വന്നു. ശബരിമലയില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുള്ളരെ തേടിയൊരു സര്‍ക്കുലര്‍ എല്ലാ നിലയങ്ങളിലേക്കുമെത്തി. നിരവധിപേര്‍ താല്‍പര്യം അറിയിച്ചു. അതില്‍നിന്ന് അഞ്ച് സ്ത്രീകളെ തെരഞ്ഞെടുത്ത് ഡ്യൂട്ടിക്കയച്ചു. അങ്ങനെയായിരുന്നു ആ ചരിത്രത്തിന്റെ തുടക്കം.
നിലവില്‍ തിരുവനന്തപുരം നിലയത്തിലെ ലേഖ ഗോപാല്‍ നാലു തവണയും കോഴിക്കോട് നിലയത്തിലുള്ള പ്രീതയും കൊച്ചി നിലയത്തിലെ ജി കെ ഗീതയും മൂന്നു തവണ വീതവും വി എം ഗിരിജ രണ്ടുതവണയും കൊച്ചിയില്‍നിന്ന് വിരമിച്ച തെന്നല്‍ ഒരു തവണയും സന്നിധാനത്ത് സേവനം അനുഷ്ഠിച്ചു. വ്രതം നോക്കി കെട്ടുമെടുത്താണ് ഇതില്‍ പലരും ആദ്യം സന്നിധാനത്തെത്തിയത്. കാനനവിശുദ്ധിയും ഹരിതാഭയും നിറഞ്ഞതുകൊണ്ടാകാം ചെറിയ കാലയളവാണെങ്കിലും ശബരിമല ഡ്യൂട്ടിക്ക് വരാന്‍ വല്ലാത്തൊരു ഇഷ്ടമാണെന്ന് 'മാളികപ്പുറങ്ങള്‍' പറയുന്നു. തൊഴില്‍സംബന്ധമായി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടില്ല. പമ്പയില്‍നിന്ന് മല കയറുമ്പോഴുള്ള പരിശോധനകള്‍ മാത്രം. ഇക്കാര്യം ഡ്യൂട്ടിക്ക് പുറപ്പെടുംമുമ്പേ ആകാശവാണി ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ആവശ്യമായ എല്ലാ രേഖകളുമായിട്ടായിരുന്നു മല കയറാനെത്തിയത്.
സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മല ചവിട്ടിയത്. കുത്തനെയുള്ള കയറ്റവും മറ്റും കഷ്ടപ്പെടുത്തുമെന്ന് ആശങ്കപ്പെടുത്തിയെങ്കിലും പിന്നീട് ഇതൊന്നും ബാധിച്ചില്ലെന്ന് അഞ്ചുപേരും പറയുന്നു. പുതിയ ലോകത്തേക്കുള്ള യാത്ര. തിങ്ങിനിറഞ്ഞ തീര്‍ഥാടകര്‍, ഭക്തിഗാനങ്ങളും കര്‍പ്പൂരഗന്ധവും നിറഞ്ഞ അന്തരീക്ഷം, ഇടവിട്ടുയരുന്ന ശരണം വിളികള്‍, പച്ചപ്പിന്റെ സൗരഭ്യം... അങ്ങനെ ആദ്യ മല കയറ്റത്തില്‍തന്നെ ശബരിമല വേറിട്ട അനുഭവമായി.
തൊഴിലനുഭവം
മാളികപ്പുറത്തിന് നേരെ എതിര്‍വശത്തുള്ള മീഡിയ സെന്ററിന്റെ കവാടത്തില്‍ രണ്ടാമത്തെ മുറിയാണ് ആകാശവാണിയുടേത്. ഇവിടെ റെക്കോഡിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. സാങ്കേതികസഹായത്തിന് അതത് നിലയങ്ങളില്‍ നിന്നും ഒരാളുണ്ടാകും. രാത്രിയായാലും പകലായാലും കണ്ണിമ ചിമ്മാതെ ഉണര്‍ന്നിരിക്കുന്നവര്‍. മീഡിയ സെന്ററിലെ കൂട്ടായ്മ വളരെയധികം സഹായകമായിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങള്‍, പ്രത്യേക ഐറ്റങ്ങള്‍, ഹ്യൂമണ്‍ ഇന്ററിസ്റ്റിംഗ് സ്റ്റോറികള്‍ എന്നിവ പങ്കുവയ്ക്കാന്‍ മറ്റു മാധ്യമങ്ങളിലുള്ളവര്‍ ഒരു മടിയും കാട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ടുള്ള അലച്ചില്‍ ഉണ്ടായിട്ടുമില്ല. പരിസ്ഥിതി സംരക്ഷണത്തിനും ശബരിമലയുടെ പ്രത്യേകതകള്‍ക്കുമാണ് ആകാശവാണി പ്രാമുഖ്യം നല്‍കുന്നത്. ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും വാര്‍ത്ത കൊടുക്കുന്നതുപോലെയല്ല, ശബരിമലയുടെ അനുഭൂതി ശ്രോതാ ക്കളിലെത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. എന്നാലിത് അനായാസം തരണം ചെയ്യാനായെന്നും ഇവര്‍ പറയുന്നു.
ലേഖ ഗോപാല്‍
നാലു തവണ സന്നിധാനം ഡ്യൂട്ടിക്കെത്തിയ ലേഖാ ഗോപാല്‍ കൊച്ചി നിലയത്തില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായിരിക്കെയാണ് ആദ്യമായി ശബരിമല ഡ്യൂട്ടിക്കെത്തുന്നത്. ശബരിമല ഡ്യൂട്ടി സംബന്ധിച്ച സര്‍ക്കുലര്‍ വന്നപ്പോള്‍ പോകാനുള്ള സന്നദ്ധത അറിയിച്ചു. 2014ലാണ് ആദ്യമായി മല ചവിട്ടുന്നത്. 41 ദിവസത്തെ വ്രതം നോറ്റ് ഇരുമുടിയുമെടുത്തായിരുന്നു 'കന്നിയാത്ര'. ഒരിക്കല്‍പോലും സന്നിധാനത്തെ സേവനകാലയളവില്‍ മടുപ്പോ വിരസതയോ അനുഭവപ്പെട്ടിട്ടില്ലെന്ന് ലേഖ പറയുന്നു. വരും വര്‍ഷങ്ങളിലും ശബരിമല ഡ്യൂട്ടിക്ക് വരണമെന്നാണ് ആഗ്രഹം. 34 വര്‍ഷമായി പ്രോഗ്രാം എക്സിക്യൂട്ടീവായ ലേഖ ഗോപാല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നിലയങ്ങളിലും ജോലി ചെയ്തു. കൊച്ചിയില്‍ കിസാന്‍വാണി, റെയിന്‍ബോ ചാനല്‍ എന്നിവയുടെ ചുമതല വഹിച്ചു. നിലവില്‍ തിരുവനന്തപുരം ആകാശവാണിയില്‍ എഐആര്‍, ദൂരദര്‍ശന്‍ സ്റ്റാഫ് ട്രെയിനിങ് അക്കാദമി പ്രോഗ്രാം എക്സിക്യൂട്ടീവാണ്. തിരുവനന്തപുരം വഞ്ചിയൂരാണ് താമസം. ആകാശവാണിയില്‍നിന്ന് സ്റ്റേഷന്‍ ഡയറക്ടറായി വിരമിച്ച ആര്‍ സി ഗോപാലിന്റെ ഭാര്യയാണ് ലേഖ. രണ്ടു മക്കള്‍.
വി പ്രീത
ആദ്യമായി സന്നിധാനത്തെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഏറെ വാര്‍ത്താപ്രാധാന്യവും ശ്രദ്ധയും നേടിയ വി പ്രീത ഇത് മൂന്നാംതവണയാണ് ശബരിമല ഡ്യൂട്ടിക്കെത്തിയത്. 2014ല്‍ ആദ്യമായി ഡ്യൂട്ടിക്കെത്തിയപ്പോള്‍ ചില പത്രങ്ങളിലും സ്വകാര്യചാനലുകളിലും അത് വാര്‍ത്തയായി. വ്രതാനുഷ്ഠാനത്തോടെ കെട്ടുമെടുത്താണ് വന്നത്. ആദ്യമായി ശബരിമലയിലേക്ക് വരുന്നതിന്റെ കൗതുകത്തിനൊപ്പം ചെറിയ ആശങ്കയും ഉണ്ടായിരുന്നതായി പ്രീത പങ്കുവച്ചു. ചാനലുകളിലെ വാര്‍ത്ത കണ്ട് കാര്യങ്ങള്‍ തിരക്കി. ചിലര്‍ വാര്‍ത്താചാനലുകളില്‍ കണ്ടുവെന്ന് പറഞ്ഞ് സന്തോഷം പങ്കുവച്ചു. ശബരിമല ഡ്യൂട്ടി നല്ല ഓര്‍മകളുടേതാണെന്ന് പ്രീത ഓര്‍ത്തെടുക്കുന്നു. ഇത്തവണ ഡ്യൂട്ടിക്ക് വന്ന സമയത്ത് വന്‍തിരക്കായിരുന്നു. സന്നിധാനത്തെ തിരക്കും മറ്റു കാര്യങ്ങളും ശബരിമല വിശേഷത്തില്‍ അവതരിപ്പിക്കാനായി. കോഴിക്കോട് നിലയത്തില്‍ 24 വര്‍ഷമായി പ്രോഗ്രാം എക്സിക്യൂട്ടീവായ വി പ്രീത ഹിന്ദി പ്രോഗ്രാമായ ദില്‍സേ ദില്‍ തക്, ഒരു മണിക്കൂര്‍ ചാറ്റ്ഷോ ഇഷ്ടഗാനം, താരാട്ടുപാട്ട് പരിപാടിയായ രാരീരം, കഥാനേരം, ഡോക്ടറോട് ചോദിക്കാം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കുന്നു. കോഴിക്കോട് തൊണ്ടയാടാണ് താമസം. റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഗോപിനാഥനാണ് ഭര്‍ത്താവ്. ഒരു മകള്‍.
വി എം ഗിരിജ
''വല്ലാത്തൊരു എനര്‍ജിയാണ് ഇവിടുത്തെ കാലാവസ്ഥയും ഡ്യൂട്ടിയും പകര്‍ന്നുതരുന്നത്. പരിസ്ഥിതി സംബന്ധമായ കാര്യങ്ങള്‍ വാര്‍ത്തയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആരും ആരെയും നിര്‍ബന്ധിച്ചല്ല ശബരിമലയിലേക്ക് വരുന്നത്. വലിയവനെന്നും ചെറിയവനെന്നും വ്യത്യാസമില്ലാതെ ഒരുപോലെ കറുപ്പുടുത്ത് വരുന്നവര്‍. മറ്റെവിടെയും കാണാനാകാത്ത സവിശേഷതയാണിത്'' കൊച്ചി നിലയത്തില്‍ സീനിയര്‍ അനൗണ്‍സര്‍ കൂടിയായ പ്രമുഖ എഴുത്തുകാരി വി എം ഗിരിജ ശബരിമല ഡ്യൂട്ടിയെ കാണുന്നതിങ്ങനെ. കാടും കാനനയാത്രയും ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ എഴുത്തുകാരിക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിപ്പോള്‍ ശബരിമലയും. കൂട്ടായ്മയുടെയും മതേതരത്വത്തിന്റെയും ഇത്രയും വലിയ സങ്കേതം മറ്റെവിടെയും കാണാന്‍ കഴിയില്ല. ഉള്‍ക്കാടുകളിലേക്ക് പോകണമെന്ന് പലപ്പോഴും ആഗ്രഹിക്കും. മൂന്നു ദിവസത്തെ ഡ്യൂട്ടിക്കിടയില്‍ അത് സാധിക്കാറില്ല. എങ്കിലും പരമാവധി കാടിനെ അറിയാനും കാട്ടിലലിയാനും സമയം കണ്ടെത്തും ഗിരിജ പറയുന്നു. സി ആര്‍ നീലകണ്ഠനാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍.
ജി കെ ഗീത
ആദ്യമായി ശബരിമലയിലെത്തിയ ആകാശവാണിയിലെ വനിതാ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി നേരത്തെ രണ്ടുതവണ മല ചവിട്ടിയ അനുഭവം ഗീതയ്ക്കുണ്ട്. ആദ്യമായി എത്തിയ സംഘത്തില്‍പ്പെട്ട തൃശൂര്‍, കണ്ണൂര്‍, ദേവികുളം, കൊച്ചി എന്നീ നിലയങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 32 വര്‍ഷമായി ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവാണ്. ശബരിമലയിലേക്കുള്ള യാത്ര സേവനത്തിനൊപ്പം തീര്‍ഥാടനം കൂടിയാണെന്ന് ഗീത പറയുന്നു. ആദ്യഘട്ടങ്ങളില്‍ വരുമ്പോള്‍ എല്ലാവരെയും പോലെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍, സന്നിധാനത്തെത്തിയ ആദ്യനാളില്‍ തന്നെ ഇതെല്ലാം അസ്ഥാനത്താണെന്ന് തെളിഞ്ഞതായി ഗീത പങ്കുവയ്ക്കുന്നു. ഇത്തവണ സന്നിധാനത്തെത്തിയെങ്കിലും അത് ഡ്യൂട്ടിയുടെ ഭാഗമായിരുന്നില്ല. തൃശൂര്‍ വിയ്യൂര്‍ പാടൂര്‍ക്കാടാണ് സ്വദേശം. ബാങ്കുദ്യോഗസ്ഥനായി വിരമിച്ച ജയചന്ദ്രനാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍.
തെന്നല്‍
ശബരിമലയിലെ ആദ്യ വനിതാ ഡ്യൂട്ടിസംഘത്തിലാണ് തെന്നലും ശബരിമലയ്ക്കെത്തുന്നത് 2014ല്‍. വല്ലാത്തൊരു അനുഭവമാണ് ആ യാത്ര തന്നതെന്ന് തെന്നല്‍ പറയുന്നു. ശബരിമല ഡ്യൂട്ടി ഔദ്യോഗികജീവിതത്തില്‍ ഏറെ രസകരമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സംഘം ചേര്‍ന്നാണ് അന്ന് മല കയറിയത്. സന്നിധാനത്തെ ഡ്യൂട്ടി ഒരിക്കലും മടുപ്പിച്ചിട്ടില്ല, ബുദ്ധിമുട്ടുമായിട്ടില്ലെന്നും തെന്നല്‍ പറയുന്നു. 26 വര്‍ഷമായി ആകാശവാണിയില്‍ അനൗണ്‍സറായി സേവനം അനുഷ്ഠിച്ചു. ഇക്കഴിഞ്ഞ നവംബറില്‍ വിരമിച്ചു. കൊച്ചിയില്‍ ആകാശവാണിയില്‍ സെക്കന്‍ഡ് ഗ്രേഡ് അനൗണ്‍സറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൃശൂര്‍, ദേവികുളം നിലയങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി ബോള്‍ഗാട്ടിയിലാണ് താമസം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..