കേള്‍വി, മരുന്നാകുന്ന ഈ ഇടമല്ലേ സൌഹൃദം? സൂര്യചന്ദ്രന്മാരിനി മേലിലും
ഉദിക്കും എന്നു പറയുന്ന വിരലുകള്‍, നര കയറുന്ന എന്റെ തലമുടിയിഴകള്ക്കുമീതെ പതിയുമ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നു, എന്റെ ആത്മാവിന്
കൂട്ടായിരിക്കുന്ന സൌഹൃദങ്ങളേ എനിക്കു വേണ്ടൂ... എനിക്ക് ഒരുപാടു സൌഹൃദങ്ങള്‍ വേണ്ടതാനും.
'ഈ ചേര്‍ത്തലക്കാരിയെ വരുംകാലങ്ങള്‍ കണ്ടെടുക്കാതിരിക്കില്ല.'- എന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച മാഗസിന് എഡിറ്ററെപ്പറ്റി... ആ 'പ്രവാചകനു'മായുള്ള സൗഹൃദത്തെ പറ്റി കഥാകൃത്ത് എ എസ് പ്രിയ എഴുതുന്നു.
മഹാരാജാസ് കോളേജിലെ എന്റെ ഡിഗ്രിക്കാലം. പക്ഷേ, മഹാരാജാസിലെ മാഗസിനില്‍ ഞാനെഴുതിയ ഒറ്റയക്ഷരവും വന്നില്ല. എന്നാല്‍ അതേകാലത്ത് എന്റെ അക്ഷരം മറ്റൊരു കോളേജിന്റെ മാഗസിനില്‍ ചെന്നിടം പിടിച്ചു. അത് പൊന്നാനി എംഇഎസ് കോളേജിലെ മാഗസിനായിരുന്നു. മാഗസിന് എഡിറ്റര്‍ വിജു നായരങ്ങാടി എന്ന മലയാളം ബിഎക്കാരന്‍. ഞാനുമായി എഡിറ്റര്‍ക്ക് യാതൊരു പരിചയവുമില്ല. എന്റെ കലാസൃഷ്ടി വിജുവിന്റെയടുത്തെത്തുന്നത് മഹാരാജാസ് ബോട്ടണിജീവിയും എന്റെ സുഹൃത്തുമായ ബിന്ദുവിലൂടെയാണ്. മാതൃഭൂമിയിലെ കുഞ്ഞുണ്ണിമാഷ് എന്ന കുട്ടേട്ടന്റെ കുട്ടികളൊക്കെ പരസ്പരം കത്തെഴുതി പരിചയപ്പെട്ടിരുന്ന കാലമായിരുന്നു അത്. ബിന്ദുവിന്റെ സുഹൃത്തായിരുന്നു വിജു. 'എഴുതുന്ന ഒരു കുട്ടിയുണ്ട് എന്റെ പരിചയത്തില്‍' എന്നു പറഞ്ഞ് ബിന്ദുവാണ് എന്നോടു കഥ വാങ്ങി വിജുവിന് അയച്ചുകൊടുത്തത്. എഴുതാന്‍ മോഹമുള്ള അന്നത്തെ എല്ലാ കുട്ടികളെയും പോലെ മാതൃഭൂമി ബാലപംക്തിക്ക് ഒരു കഥ അയച്ചുകൊടുക്കുകയും ആ കഥ കുട്ടേട്ടന്റെ അടുത്തെങ്ങോ ഇരുട്ടത്തടിഞ്ഞിരിപ്പാവുകയും ചെയ്തതില്‍പ്പിന്നെ നിരാശ പൂണ്ടിരിപ്പായിരുന്നു അന്ന് ഞാന്‍. ഞാന്‍ പെട്ടെന്ന് 'എന്റെ പൂക്കാത്ത മരം' എന്ന ആ കഥ പൊടിതട്ടിയെടുത്ത് എവിടൊക്കെയോ ഒന്നു മിനുക്കി ബിന്ദുവിനെ ഏല്‍പ്പിക്കുകയും ചെയ്തു. ബാലംപംക്തി, ആ കഥ വെളിച്ചത്തേക്കെടുത്തതിനു തൊട്ടുപുറകെ വിജുവിന്റെ മാഗസിന് ആ കഥയുമായി ഇറങ്ങി. അയച്ചുകിട്ടിയ പൊന്നാനി കോളേജ് മാഗസിന് തുറന്നുനോക്കിയപ്പോള്‍ ആഹ്ളാദമല്ല ഞെട്ടലാണുണ്ടായത്. കഥപ്പേജില് നടുക്ക് ബോക്സില്‍ എഴുതിയിരിക്കുന്നു, 'ഈ ചേര്‍ത്തലക്കാരിയെ വരുംകാലങ്ങള്‍ കണ്ടെടുക്കാതിരിക്കില്ല.' ഈ എഡിറ്റര്‍ എന്തറിഞ്ഞിട്ടാണാവോ ഇങ്ങനെ പ്രവചനം നടത്തിയത് എന്ന അങ്കലാപ്പോടെ ഞാനിരുന്നു. ഞാന്‍ ഇനിയുമെഴുതുമോ, എഴുതിയാല്‍ത്തന്നെ അത് വല്ലവരും പ്രസിദ്ധീകരിക്കുമോ, എഴുത്തുമോഹം പൂട്ടിക്കെട്ടി ഞാന്‍ വേറെ വല്ലതുമായിത്തീരുമോ എന്നൊന്നും ഒരുപിടിപാടുമില്ലാത്ത ഞാനും എവിടെയോ കിടക്കുന്ന ഏതോ ഒരു ഡിഗ്രിക്കാരന് എഡിറ്ററും- എനിക്ക് തല കറങ്ങി.
കടന്നകൈയായിപ്പോയി പ്രവചനം എന്നു തോന്നലില്പെട്ട് എനിക്കുതന്നെ വയ്യാതായി. ഇനി ഇയാളുടെ പ്രവചനത്തെ നാണം കെടുത്താതിരിക്കാന്‍ വേണ്ടിയിട്ടെങ്കിലും എഴുത്ത് തുടരണമല്ലോ, ഇയാള്‍ പ്രവചിച്ചതുമാതിരി എഴുതുന്നതെല്ലാം നന്നാവുകയും വേണമല്ലോ എന്ന് എനിക്കാധി പെരുത്തു. ഞാനന്ന് വേവലാതിക്കൂടായി. ഇനി എഴുതാന്‍ പോകുന്ന കഥ, കഥ എന്നുതന്നെ തിരിച്ചും മറിച്ചും ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ട് ഞാന്‍ കിടന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഹാരാജാസ് ഹോസ്റ്റലിലെ എന്റെ മുറിയില്‍ ഉണ്ടക്കണ്ണുരുട്ടി, നെറ്റിചുളിച്ച് ബിന്ദു രാവിലെ പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ ഒരു ചോദ്യം, 'തന്നെക്കുറിച്ചുമാത്രമെന്താ അയാളങ്ങനെ എഴുതിയിരിക്കുന്നത്?' പൊന്നാനി മാഗസിന് തൊണ്ടിമുതലായി ബിന്ദുവിന്റെ കൈയിലുണ്ട്. ബിന്ദുവിന്റെ കവിതയുമുണ്ട് അതില്‍. കൈയോടെ പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ നിന്നു വിയര്‍ത്തു. 'എനിക്കറിഞ്ഞൂടാ' എന്നൊരുത്തരം ഞാന്‍ വിക്കിവിക്കി പറഞ്ഞതും, ബിന്ദു പൊലീസുകാരിയെപ്പോലെ നീണ്ടുനിവര്‍ന്നുനിന്ന് ഒന്നുകൂടി എന്നെ ആപാദചൂഡമൊന്നു നോക്കി. പിന്നെ എന്തു വിചാരിച്ചാണെന്നറിഞ്ഞുകൂടാ, എന്നെ ഏതായാലും വെറുതെ വിട്ടു. ആ വിജുവാണ് ഇന്ന് തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്െമെന്റ ് കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്മെന്റ ് ഹെഡ്. ആ ബിന്ദുവാണ് പിന്നെ സമകാലിക മലയാളം വാരികയില്‍ കുറെക്കാലം സബ് എഡിറ്ററായിരുന്ന ബിന്ദു കെ പ്രസാദ്. ആ രണ്ടു കവിതയെഴുത്തുകാരും 'കവിതയെഴുതണ്ട' എന്നുറച്ചു തീരുമാനിച്ചു. ഞാന്‍ കഥയെഴുത്ത് തുടര്‍ന്നു. ആ മഹാപ്രവാചകപ്പയ്യന്സിന്റെ പ്രവചനത്തിന് നാണക്കേടുണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോഴും എഴുത്തില്‍ വവ്വാലുപോലെ തൂങ്ങിക്കിടക്കുന്നതെന്നെനിക്ക് തോന്നിയിട്ടുണ്ട്, പലതവണ.

മഹാരാജാസിലെ പഠനകാലത്ത് പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം
അന്നുതുടങ്ങിയ കൂട്ടാണ് വിജുവിനോട്. 'എന്തിനാണ് കണ്ണുംപൂട്ടി ഇങ്ങനൊരു പ്രവചനമെഴുതി എന്നെ കഥയുടെ കുരുക്കിലാക്കി കെട്ടിത്താഴ്ത്തിയത്' എന്നു ചോദിച്ചെഴുതിയ കത്ത്... അത് ഒരു ജന്മം നീളുന്ന സൌഹൃദമായിത്തീര്ന്നു. വിജു, നെടുപ്പറമ്പില്‍, ഈഴവത്തിരുത്തി, പൊന്നാനി എന്നെഴുതിയ എന്റെ പിച്ചിപ്പെറുക്കിയ മട്ടിലെ അക്ഷരങ്ങള്‍ക്കു പകരമായി പ്രിയ, ആനന്ദമന്ദിരം, എരമല്ലൂര്‍ പി ഒ, ആലപ്പുഴ എന്നുറപ്പിച്ചുതറപ്പിച്ചെഴുതിയ ഉരുണ്ട അക്ഷരങ്ങളെന്നെത്തേടി വന്ന കാലം. എരമല്ലൂരിലെ വീട്ടില്‍ നിന്ന് ഇന്നാളൊരു തപ്പിപ്പെറുക്കലിന്റെ ബാക്കിപത്രമായി ഒരു ഫോട്ടോ കിട്ടി. കനത്ത ചുരുള്‍മുടി രണ്ടായി വകുത്തൊതുക്കിനിര്ത്തിയ ആ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മുഖപരിചയത്തിനായി വിജു എനിക്കയച്ചുതന്നതായിരുന്നു പണ്ട്. കഷണ്ടി കയറിയ, ഉള്ള തലമുടിയാകെ നരച്ച ആള് അതറിഞ്ഞ് മൊബൈലിന്റെ അങ്ങേത്തലക്കലിരുന്ന് നിര്‍ത്താതെ ചിരിച്ചു 'അമ്മൂ, നീയത് കളയല്ലേ. സ്കാന്‍ ചെയ്തയച്ചുതായോ... ഫെയ്സ് ബുക്കിലെ കൂട്ടങ്ങളെയൊക്കെ അതു കാണിച്ചെനിക്കത്ഭുതപ്പെടുത്തണം' എന്നുപറഞ്ഞ്. വിജുവിനോട് കൂട്ടായത് 'വിജൂ, വിജൂ' എന്നു വിളിക്കുമ്പോഴുള്ള രസം ആലോചിച്ചിട്ടു കൂടിയാണെന്ന് തോന്നിയിട്ടുണ്ട്. ആ പേരിനോടിഷ്ടം തോന്നിയത് മാതൃഭൂമിക്കാലത്തില് പി ആര് ശ്യാമളയുടെ 'മണല്‍' എന്ന നോവല്‍ വന്നപ്പോഴായിരുന്നു. എന്റെ ഡിഗ്രിക്കാലത്തിനും മുമ്പു വന്ന നോവലായിരുന്നു അത്. വിജു എന്ന അന്തര്മുഖന് ഒരു സൈക്കിളും ഓടിച്ച് അന്തമില്ലാതെ യാത്ര ചെയ്യുന്നതായാണ് ആ നോവലിനെക്കുറിച്ചുള്ള ഓര്മ. പി ആര് ശ്യമളയുടെ പതിവുരീതികളില്‍നിന്ന് വളരെ മാറിയാണ് ആ കഥാപാത്രം നടന്നിരുന്നത്. വിജു എന്നൊരു പേര് ഒരു കാലത്തും എന്റെ ചുറ്റുവട്ടത്തെങ്ങുമുണ്ടായിരുന്നില്ല (എന്റെ ചുറ്റുവട്ടമെന്നു പറഞ്ഞാല്‍ കുറെ അസുഖങ്ങളും കിടന്ന കിടപ്പില്‍ വായിച്ചു തീര്‍ത്ത മലയാളപുസ്തകങ്ങളുമായിരുന്നു). ആ കഥയിലൂടെ പോകുമ്പോഴൊക്കെ, 'വിജൂ' എന്നു പേരുള്ള ഒരാളെ പരിചയപ്പെട്ട് ആ പേരുവിളിക്കലിലെ രസം നുണയുന്നത് സങ്കല്പ്പിച്ചിട്ടുണ്ട്. പക്ഷേ, തുടക്കത്തില്‍ 'ഏട്ടന്' എന്നാണ് വിളിച്ചത്. വായിച്ച നോവലുകളിലെ വടക്കന്‍ ഭാഷയീണത്തെ അനുകരിക്കലും ചേര്‍ത്തുപിടിക്കാന്‍ ഒരു ചേട്ടനുണ്ടായിരുന്നെങ്കിലെന്ന കൊതിപിടിക്കലിനു പരിഹാരം കാണലും ആവും അന്ന് ഉള്ളില്‍ പ്രവര്‍ത്തിച്ചത്. എരമല്ലൂരിലെ വീട്ടില്‍ ഡിഗ്രിക്കാലത്തൊരുനാള് കടന്നുവന്ന് എന്റെ വീടിനെ വായിച്ച്, തോരാതെ സംസാരിച്ച് വിജു ഇരുന്നപ്പോള്‍ ഞാനെന്ന അന്തര്‍മുഖി വാക്കുപെറുക്കി ഒതുങ്ങിയൊതുങ്ങിയിരുന്നു. പിന്നീടെപ്പോഴോ ഞാന്‍ കലപില കൂട്ടാന്‍ തുടങ്ങി. എന്നോ ഏട്ടന്, വിജുവായി. എപ്പോഴൊക്കെയോ. 'നിനക്കൊരു മേട്ടം തന്നാലുണ്ടല്ലോ' എന്നു പറഞ്ഞു വിജു. ഞങ്ങള്‍ ചേര്ത്തലക്കാരുടെ 'കിഴുക്ക്', പൊന്നാനിക്കാര്‍ക്ക് 'മേട്ട'മാകുന്നത് കേട്ട് ഞാന്‍ ഊറിച്ചിരിച്ചു. കാണാതിരുന്നിട്ടും, വിജുവിന്റെ വീട് എനിക്ക് വായിക്കാമെന്നായി. വിജുവിന്റെ പ്രണയിനിക്ക് ഞാന്‍ കത്തെഴുതി. എന്റെ മഹാരാജാസ് പ്രണയം വിജുവിനുമറിയാമായിരുന്നു. വിജു പിന്നെ തേഞ്ഞിപ്പലത്തും അലിഗഢിലും പോയി മലയാളത്തില്‍ ഉപരിപഠനം നടത്തി. ഇടക്കെന്നോ പാരലല്‍കോളേജ് അധ്യാപകന്റെ വേഷത്തില്‍ നട്ടംതിരിഞ്ഞു. സങ്കടങ്ങള്‍, അക്ഷരങ്ങളിലൂടെ എന്നെത്തേടിവന്നു. ഞാന്‍ കേട്ടിരുന്നു, ചിലപ്പോള്‍ കൂടെ വിഷമിച്ചു, സാരമുള്ള കാര്യങ്ങളോട് 'സാരമില്ല' എന്നു പറയാനൊന്നും ഞാനൊരിക്കലും നിന്നില്ല. പരസ്പരം കേട്ടിരുന്നാണ് ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മരുന്നായത്, എല്ലാക്കാലത്തും. ഗൃഹലക്ഷ്മി, സ്ത്രീകള്‍ക്കായി നടത്തിയ ചെറുകഥാമത്സരത്തില്‍ ഞാന്‍ സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ പ്രവചനം ഫലിക്കുന്നത് കാണാന്‍ വിജു കോഴിക്കോട്ട് വന്നു. 'കഥയിലെ എന്റെ രാശി പ്രവചനക്കാരന് ഈ ആള്‍ക്കൂട്ടത്തിലുണ്ട്, അയാളുടെ വാക്കിനോടുള്ള കടം വീട്ടാനാണെനിക്കീ സമ്മാനം' എന്നു വേദിയില്‍ ഞാന്‍ പറഞ്ഞു. 'നീ എന്തിനാണങ്ങനെയൊക്കെ ഈ ആള്‍ക്കൂട്ടത്തിനോടു വിളിച്ചുപറഞ്ഞത്' എന്നു ചോദിച്ച് വിജു പരുങ്ങിനിന്നു.
വിജു പറഞ്ഞുപറഞ്ഞ് വിജുവിന്റെ കൂട്ടുകാരൊക്കെ എന്റെയും കൂട്ടുകാരായി എനിക്ക് തോന്നിയ കാലമായിരുന്നു പിന്നെ. സുജാത, ജയശ്രി, കെ പി ശരത് ചന്ദ്രന്, ജോര്‍ജ് എന്നെല്ലാം പേരുള്ള തേഞ്ഞിപ്പലം മലയാളം. അക്കാലത്ത് എന്റെ കത്തുകള്‍ തുരുതുരാ തേഞ്ഞിപ്പലത്തേക്ക് പോയി. എന്റെ പ്രണയത്തെ ഞാന്‍ കല്യാണം കഴിക്കുന്ന ദിവസം, ഉദ്യോഗമണ്ഡലിലെ കല്യാണഹാളിനുമുന്നില് ഞാന്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ ആദ്യം കണ്ടത് വിജുവിന്റെ ചിരിയാണ്. വിജുവിന്റെ അനിയത്തി ഉഷയുടെ കല്യാണത്തിന് ഞങ്ങള്‍ പൊന്നാനിയില്‍ പോയി. വിജു തരപ്പെടുത്തിയ ലോഡ്ജില്‍ താമസിച്ചു കല്യാണം കൂടി. വിജുവിന്റെ അച്ഛന്റെ സുഹൃത്തായി പന്തലിലെ ഒരു കസേരയില്‍ കവി അക്കിത്തം ഇരുന്നു... 'ഇനിമേലിലുദിക്കില്ല സൂര്യചന്ദ്രന്മാരൊരിക്കലും' എന്നു പാടിയ അക്കിത്തം ഇതിഹാസത്തിന്റെ കസേരക്കുചുറ്റും വെളിച്ചം നിറഞ്ഞുനിന്നിരുന്നത് ഓര്‍മയുണ്ട്. വിജുവിന് പിന്നെ ജോലിയും കല്യാണവുമായി. ആ കല്യാണം, എനിക്കു കൂടാനായില്ല. മിനിയുമായി വീട്ടില്‍ വന്ന് വിജു എന്നെ കണ്ടു. വിജുവിന്റെ മകനെയും മകളെയും വിജു അയച്ചുതന്നതും കണ്ണന് സൂരജ് എന്ന ഫോട്ടോഗ്രഫറെടുത്തതുമായ ഫോട്ടോയില്‍ കണ്ടുകിട്ടി. എന്നോ ഒരു ശബരിമലപ്പോക്കിനിടയില് വിജു എന്റെ ഏറ്റുമാനൂര്വീട്ടിലിറങ്ങി രാത്രി അവിടെത്തങ്ങി. രാവിലെ അടുക്കളയില്‍ വന്നിരുന്ന് ഞാന്‍ ചുട്ട ദോശ കഴിച്ച് 'ഓ, നിനക്ക് കഥയല്ലാതെ ദോശ ചുടാനുമറിയാം' എന്ന് ചിരിച്ചു. എന്നിട്ട് അടുക്കളയില്‍ത്തന്നെ കസേരയിട്ടിരുന്ന് ആ ദോശയൊക്കെയും കഴിച്ചു. ജീവിതം അസ്വസ്ഥമായപ്പോള്‍ ഞാന്‍, കഥയെയും കൂട്ടുകാരെയും വിട്ടുകളഞ്ഞു മാറിനിന്നു കുറച്ചുകാലം. എഴുതാതിരിക്കാനെനിക്കാവതില്ലേ എന്നു തിരിച്ചറിഞ്ഞ് 'പൂക്കാതിരിക്കാനെനിക്കാവതില്ലേ' എന്നൊരു കഥ എഴുതിയപ്പോള്‍, 'ഇതൊന്നു വായിച്ചു കേള്‍ക്ക്, ഇത് കഥ തന്നെയാണോന്ന് പറയ്' എന്നു പതറിച്ചോദിച്ച് ഞാന്‍, വിജുവിനെ ഫോണിന്റെ അങ്ങേയറ്റത്ത് പിടിച്ചിരുത്തി. 'ഇതു കഥയായില്ലെങ്കില്പ്പിന്നെ എടോ, ഏതാണ് കഥ?' എന്നു ചോദിച്ച് വിജു എന്റെ കുനിഞ്ഞ മുഖം വാക്കാല്‍ പിടിച്ചുയര്ത്തിട്ടും ഞാന്‍, എന്റെ സ്വന്തം കഥയൊന്നും വിജുവിനോട് പറഞ്ഞില്ല. എന്റെ 'ചിത്രശലഭങ്ങളുടെ വീടി'ന് ശ്രീപത്മനാഭസ്വാമി എന്‍ഡോവ്മെന്റ് കിട്ടിയ നേരം, പുറമെയും അകമെയും ഞാന്‍ ഒറ്റയ്ക്കായിരുന്നു. പെട്ടെന്ന് വിജു അക്കാദമി ഹാളിലേക്ക് കയറിവന്ന് എന്റെ ആത്മാവിന് കൂട്ടായി. അന്നേരമനുഭവിച്ച നിറയലിന് 'കണ്ണീര്' എന്നായിരുന്നു പേര്. 'പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ' എന്ന സമാഹാരത്തിലെ ഓരോ കഥയും 'വിജൂ, നേരമുണ്ടോ ഇതൊന്ന് കേള്‍ക്കാന്‍' എന്നു ചോദിച്ച് വായിച്ചുകേള്പ്പിച്ചവയാണ്. പാതിരായ്ക്കും കോളേജില്പോകാനൊരുങ്ങിയിറങ്ങിയ നേരത്തും വിജു ഇരുന്ന് ഓരോ വാക്കും ശ്രദ്ധിച്ചുശ്രദ്ധിച്ചു കേട്ടു. മറ്റൊരു തലക്കെട്ടില്‍ പിറന്ന കഥയെ, 'അപ്പക്കാര സാക്ഷി' എന്നു മാറ്റിപ്പേരിട്ടതിനുള്പ്പടെ, രണ്ടാംവരവിലെ പല കഥകളുടെയും മിനുക്കുപണികള്ക്കൊക്കെയും വിജുവിനോടാണ് കടപ്പാട്. 'എനിക്കിപ്പോള്‍ ഇത്തിരി തിരക്കാണല്ലോ അമ്മൂ' എന്ന് വിജു ഒരിക്കലും പറഞ്ഞില്ല. എന്റെ പ്രണയക്കല്യാണം മരിച്ചുപോയപ്പോള്‍, ഞാന്‍ പെയ്തൊഴുക്കിയ സങ്കടത്തിനപ്പുറം വിജു വാക്കില്ലാതിരുന്നു. അതുവരെ ഞാന്‍ പറയാതിരുന്ന എന്റെ ജീവിതം, ഞാനാദ്യമായി പറയുകയായിരുന്നു. ആ പറച്ചിലെല്ലാം കേട്ടുമിണ്ടാതിരുന്ന ആ ഇരിപ്പുതന്നെയും എനിക്കു മരുന്നാകുമെന്ന് എനിക്കും വിജുവിനും അറിയാമായിരുന്നു. ഞാനും എന്റെ അസുഖങ്ങളും എന്റെ അച്ഛനും കൂടി ലക്കിടിയില്‍ സ്വാമി നിര്‍മലാനന്ദഗിരിയെ കാണാന്‍ പോകുമ്പോള്‍, വിജു വഴിയില്‍ നിന്നു കയറി.
എന്റെ തലമുടിയില്‍ തഴുകി ആ കൈത്തലമിരുന്നു യാത്രയിലുടനീളം. ഉള്ള് മറയ്ക്കാന്‍ ഉള്ളില്‍ ഒരുപാടു കള്ളികളുള്ളതുകൊണ്ട് ഞാന്‍ കരച്ചിലിനെ അതിലേതോ ഒരു കള്ളിയിലിട്ട് പൂട്ടി. ഒരുപാടുനാള്കൂടി കാണുകയായിരുന്നു ഞങ്ങള്‍. 'എം എ ബേബിയുടെ അനിയനാണെന്നു തോന്നും കണ്ടാല്‍, അതോ ചേട്ടനോ' എന്നു ചോദിച്ച് ചൊടിപ്പിച്ച് ഞാന്‍ പുറമെ ചിരിച്ചുകൊണ്ടേയിരുന്നു. നിര്‍മലാനന്ദഗിരിയെ കണ്ടിറങ്ങിയപ്പോള്‍ വിജുവിനെ ഒന്നു പാളിനോക്കി, 'ഒരു സ്വാമിയാകാന്‍ വേണ്ടുന്ന അത്യാവശ്യം ലുക്കൊക്കെയുണ്ട്' എന്നു പറഞ്ഞ് നിര്ത്താച്ചിരിയായി വീണ്ടും ഞാന്‍ 'മേട്ടം' ചോദിച്ചുവാങ്ങി. കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പ് അമൃതാ ഹോസ്പിറ്റലില്‍, ജീവിതത്തിന്റെ അവസാനത്തിലേക്കൊഴുകിപ്പോകാന് പരുവത്തില്‍ ഞാന്‍ കിടന്നുപോയപ്പോള്‍, വൃക്കകള്‍ പ്രശ്നത്തിലായ അമ്മയെയും കൊണ്ട് വിജുവുമുണ്ടായിരുന്നു അവിടെ. എപ്പോഴൊക്കെയോ വിജു അടുത്തുവന്നിരുന്നു. 'വിഷമിക്കണ്ട' എന്നപ്പോഴും പറഞ്ഞില്ല. 'എല്ലാം ശരിയാകും' എന്നും പറഞ്ഞില്ല. 'ഞാന്‍ വരാം ഇടയ്ക്ക്' എന്നു പറഞ്ഞ് നെറ്റിയില്‍ കൈവച്ച്, ബോധത്തിനും അബോധത്തിനും ഇടയിലൂടെ ഒഴുകുന്ന എന്നെ തിരിഞ്ഞുനോക്കിത്തിരിഞ്ഞുനോക്കി കടന്നുപോയി. ഇടയ്ക്ക് വിജുവിന്റെ അനിയത്തി ഉഷ വന്നു റൂമിലേക്ക്. ഉഷയെ കണ്ടോ ഞാന്‍ എന്ന് ഇപ്പോഴും എനിക്ക് ഓര്‍മയില്ല. വിജുവിന്റെ അമ്മയും ഞാനും പല തവണയും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കും വീട്ടില്നിന്നാശുപത്രിയിലേക്കും ജന്മം വലിച്ചുനീട്ടി.
വീണ്ടും അമ്മ ആശുപത്രിയിലായ നേരം, അമ്മയെ ഉഷയെ ഏല്‍പ്പിച്ച് വിജു ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നു. എണീക്കാന്‍ വയ്യായ്കയായിത്തീര്ന്ന എന്റെ അടുത്ത് എന്റെ കട്ടിലിനരികെ ഒരു കസേര ഇട്ടിരുന്ന് എനിക്ക് കുരീപ്പുഴയുടെയും സച്ചിദാനന്ദന്റെയും കവിത ചൊല്ലിത്തന്നു. കവിതചൊല്ലല്‍ കേട്ടുമയങ്ങി എന്റെ അനിയനും അമ്മയും വന്ന് ചുറ്റുമിരുന്നു. എന്റെ മകന് കുഞ്ഞുണ്ണിക്ക് കേള്‍ക്കാന്‍ 'വിലങ്ങനില്‍' റെക്കോര്‍ഡ് ചെയ്തയയ്ക്കാം എന്നു പറഞ്ഞു. വിജു പോയിട്ടും ചുറ്റും കവിത തങ്ങിനിന്നു. ഇടയ്ക്ക് തോന്നാറുണ്ട് വിജുവിന്റെ മലയാളം ക്ളാസില്‍ പോയിരുന്ന് എന്നെ മറന്നുകളഞ്ഞ് 'മലയാളം' മാത്രമായിത്തീരണം എന്ന്. വിജു സ്വന്തം കോളേജുകളിലും തുഞ്ചന്‍ പറമ്പിലുമായി വിളിച്ച സാഹിത്യപരിപാടികള്ക്കൊന്നും പോകാനും കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ ഫെയ്സ്ബുക്കില്‍ വിജുവിന്റെ അനിയത്തി ഉഷയോട് സംസാരിക്കുമ്പോള്‍, 'പ്രിയ വണ്ണം വച്ചോ' എന്നു തിരക്കിയ അമ്മയെക്കുറിച്ച് ഉഷ പറഞ്ഞു. ലോകം വിട്ടുപോയ ആ അമ്മയെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. ഉഷയുടെ കല്യാണദിവസം മാത്രമേ അമ്മയും ഞാനും പരസ്പരം കണ്ടിട്ടുള്ളൂ. എത്ര കഷ്ടപ്പെട്ടാണെങ്കിലും അമ്മയെ ഒന്ന് ചെന്ന് കാണാമായിരുന്നു എന്ന് അപ്പോള്‍ നൊന്തു. ചങ്ങമ്പുഴപ്പാര്ക്കില് വൈലോപ്പിള്ളിയെക്കുറിച്ച് വിജു സംസാരിക്കാന്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ കയറിയിട്ടുപോയി. 'നിന്റെ കണ്ണ് പഴയപോലെ തിളങ്ങുന്നുണ്ട്' എന്നു പറഞ്ഞു സ്വയം സമാധാനിച്ചും എന്നെ സമാധാനിപ്പിച്ചും വിജു പോകുമ്പോള്‍, വിജുവിന്റെ പ്രസംഗം ഇതുവരെ കേട്ടിട്ടില്ല എന്നോര്‍ത്തു. അമ്മ പറഞ്ഞു, 'വൈലോപ്പിള്ളി, വിജുവിന്റെ എംഫില്‍ വിഷയമായിരുന്നില്ലേ?' വിജു പഠിച്ചത് എന്താണെന്ന് ജീവിതപ്പാച്ചിലിനിടയില്‍ ഞാന്‍ മറന്നുപോയിരിക്കുന്നുവെങ്കിലും അമ്മ അതെല്ലാം ഓര്ത്തിരിക്കുന്നതോര്ത്ത് ഞാന്‍ അത്ഭുതപ്പെട്ടു. പിന്നെ ഓര്‍ത്തു, കത്തായി പരസ്പരമൊഴുകിയ കാലത്തിന് ദൃക്സാക്ഷിയായ അമ്മമാരുടെ ഓര്‍മകള്‍ എന്ന്. ഇന്നാളൊരിക്കല് 'ആകാശവാണിക്കാരന്‍ കെ പി ശരത് ചന്ദ്രന് ഖനനം ചെയ്തെടുത്ത കോളേജ് ഫോട്ടോകള്‍' എന്ന കുറിപ്പോടെ വിജു കുറെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത് കണ്ടിരുന്നപ്പോള്‍ ഞാന്‍ വീണ്ടുമോര്‍ത്തു... ജയശ്രി, സുജാത, ജോര്‍ജ്, ശരത് എന്നെല്ലാം. എനിക്കവരെയൊന്നും കണ്ടുകണ്ടറിയില്ല. ഒരു സൌഹൃദം തന്ന കേട്ടറിവുകളിലൂടെ ഞാന്‍ തൊട്ട മനുഷ്യര്‍, അവര്‍ക്ക് എന്നെയുമറിയാമായിരിക്കും... ഇക്കഴിഞ്ഞ മാസം പൊന്നാനിയിലെ വഴിയോരത്ത്, 'എല്ലാവരും കൂടി വരാം' എന്ന വാഗ്ദാനങ്ങളുടെ ലംഘകന്റെ സ്കൂട്ടറെത്തി എന്റെ കാര്‍ കാത്തുനിന്നു. വാഗ്ദാനലംഘകന്റെ മക്കളായ അമ്മിണിയെയും കണ്ണനെയും ഒടുക്കം നേരില്‍ കണ്ടു. ഉഷയൊഴികെ മറ്റെല്ലാരുമുണ്ടായിരുന്നു അവിടെ. പൊന്നാനിയിലെ ആ വീട്ടില്‍ നിന്നിറങ്ങാന്‍ നേരം എനിക്കു തോന്നി, എനിക്കിവിടെ വരാം എപ്പോള്‍ വേണമെങ്കിലും. എവിടെയും ഒരിടമില്ലാതായാല്, 'എന്നെക്കൂടി കൂട്ടണേ' എന്നു പറഞ്ഞ് എനിക്കീ മുറ്റത്തുകൂടെ നടന്നു കയറാം. ഏറ്റവുമവസാനമെഴുതിയ കഥ പോലും ആദ്യം വായിച്ച ആള്, ആ പഴയ പ്രവചനജീവി ഈ ആളെ ചാഞ്ഞിരിക്കുമ്പോള്‍ എനിക്ക് എപ്പോഴും ആ കോളേജ് മാഗസിന് കാലത്തിലെ പ്രായമാണ്. ഫെയ്സ്ബുക്കില്‍ കാണുമ്പോഴൊക്കെ വിജുവിന്റെ വാക്കിനെ ഒന്നു തോണ്ടി, എന്റെ തലക്കിട്ട് മേടാന്‍ കക്ഷി വരും മുമ്പേ ഞാന്‍ ഓടിമാറും. പഴയ കളിചിരികളെനിക്കു തരുന്ന ഈ ഇടമല്ലേ കൂട്ട് എന്ന വാക്കിന്റെ കുടത്താഴത്തെന്നെ നിര്‍ത്തുന്നത്? കേള്‍വി, മരുന്നാകുന്ന ഈ ഇടമല്ലേ സൌഹൃദം? സൂര്യചന്ദ്രന്മാരിനിമേലിലും ഉദിക്കും എന്നു പറയുന്ന വിരലുകള്‍, നര കയറുന്ന എന്റെ തലമുടിയിഴകള്ക്കുമീതെ പതിയുമ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നു, എന്റെ ആത്മാവിന് കൂട്ടായിരിക്കുന്ന ഇത്തരം സൌഹൃദങ്ങളേ എനിക്കു വേണ്ടൂ... എനിക്ക് ഒരുപാടു സൌഹൃദങ്ങള്‍ വേണ്ടതാനും .
(ദേശാഭിമാനി വാരികയില്‍ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..