31 March Friday

പോരാളിയായ അഭിനേത്രി

കെപിഎസി ബിയാട്രിസ്ഷഫീഖ് അമരാവതിUpdated: Saturday Jul 2, 2016

നാടകത്തിലെ സങ്കീര്‍ണ കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ വേവലാതിയും വെല്ലുവിളിയുമുണ്ടായില്ലെങ്കിലും സമൂഹദുഷിപ്പുകളുടെ ആവി പലപ്പോഴും ബിയാട്രിസിന്റെ മനസിനെ ഉലച്ചു. കഷ്ടതകളും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ആദ്യകാല നാടക ജീവിതം. എന്നാല്‍ അത് നല്‍കിയ സംതൃപ്തി  വലുതാണ്.

കൊച്ചിയില്‍ നാടക കലാകാരന്മാര്‍ ഏറെയാണെങ്കിലും കെപിഎസി എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച കൊച്ചിക്കാരിയായ നടി ഒന്നേയുള്ളൂ. അരങ്ങിലെ കൂട്ടുകാര്‍ സ്നേഹാദരവോടെ ബിയാമ്മ എന്ന് വിളിക്കുന്ന ബിയാട്രിസ്. കലാകാരികളെ പുച്ഛത്തോടെയും അവജ്ഞയോടെയും മാത്രമേ പഴയ 'സദാചാര' സമൂഹം കണ്ടിരുന്നുള്ളൂ. അത് പരപുരുഷന്മാര്‍ക്കൊപ്പം അഭിനയിക്കുന്ന നാടകനടിയാണെങ്കിലോ? അവജ്ഞയ്ക്കൊപ്പം കൊള്ളിവാക്കുകളുമേറും. ഈ നടി ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള കമ്യൂണിസ്റ്റ് കൂടിയാണെങ്കിലോ? ബന്ധുക്കള്‍ക്ക് മാത്രമല്ല, സമുദായത്തിനും ഹാലികളും. ഇത്തരം അവജ്ഞയും കൊള്ളിവാക്കും ഹാലിളക്കങ്ങളും ഏറെ സഹിച്ചാണ് ബിയാട്രിസിന്റെ കലാജീവിതം മുന്നോട്ടുപോയത്. നാടകത്തിലെ സങ്കീര്‍ണ കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ വേവലാതിയും വെല്ലുവിളിയുമുണ്ടായില്ലെങ്കിലും സമൂഹദുഷിപ്പുകളുടെ ആവി പലപ്പോഴും ബിയാട്രിസിന്റെ മനസിനെ ഉലയ്ക്കുകതന്നെ ചെയ്തു. 

സ്വന്തം കര്‍മത്തെക്കുറിച്ച് ഉത്തമബോധ്യമുള്ളതിനാല്‍ ബിയാട്രിസ് സമൂഹത്തിന്റെ ദുര്‍മുഖം കണ്ടില്ലെന്ന് നടിച്ചു. ബന്ധുക്കളുടെ കുശുകുശുപ്പുകള്‍ മറുകാതിലൂടെ വിട്ടു. കലയെ സ്നേഹിച്ച പിതാവും കലാകാരന്മാരായ സഹോദരങ്ങളും പ്രചോദനവും ഉറച്ച പിന്തുണയുമായി. ഒടുവില്‍ അംഗീകാരവുമായി സമൂഹവും സ്നേഹാദരവുമായി ബന്ധുക്കളും  മുന്നിലെത്തുമ്പോള്‍ എന്നോ പ്രതീക്ഷിച്ചിരുന്ന അനിവാര്യമായ മാറ്റം ഇവര്‍ അനുഭവിച്ചറിയുകയായിരുന്നു. ആ അംഗീകാരം പകര്‍ന്ന സംതൃപ്തിയാണ് ജീവിത സായന്തനത്തില്‍ ഈ കലാകാരിക്ക്  സന്തുഷ്ടി പകരുന്നത്. അതെ വലിയ മല കയറിക്കഴിഞ്ഞതിന്റെ ഇറക്കത്തിലാണ് ബിയാട്രിസ് ഇപ്പോള്‍. കല്ലും മുള്ളും ചവിട്ടിക്കയറിയ ആ പാദങ്ങള്‍ക്കിപ്പോള്‍ അനുഭവത്തഴമ്പിന്റെ കരുത്തേറെയാണ്. അതില്‍ വിള്ളല്‍ വീഴ്ത്താനോ ചോരപൊടിക്കാനോ ഇനിയാര്‍ക്കും എളുപ്പവുമല്ല.

ഫോര്‍ട്ടുകൊച്ചി പട്ടാളത്തെ ഇളയമകള്‍ ബിന്ദുവിന്റെയും മരുമകന്‍ ബെന്നിയുടെയും വസതിയില്‍ വെച്ചാണ് ബിയാട്രിസ്  ഓര്‍മച്ചെപ്പ് തുറന്നത്. കഷ്ടതകളും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ആദ്യകാല നാടക ജീവിതമെങ്കിലും അത് നല്‍കിയ സംതൃപ്തി വലുതാണെന്ന് അവര്‍ പറയുന്നു. "ഒരു പെണ്‍കുട്ടി നാടകത്തിലും മറ്റും അഭിനയിക്കുന്നത് അക്കാലത്ത് ആര്‍ക്കും സഹിക്കാനാവുമായിരുന്നില്ല, കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കലാസംഘങ്ങള്‍ക്കൊപ്പം ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി സഹകരിക്കുന്നത് അതിലേറെ എതിര്‍പ്പുകള്‍ക്കും ഇടയാക്കിയിരുന്നു. എങ്കിലും പിടിച്ചുനിന്നു. അന്നത്തെ സാഹചര്യത്തില്‍ അതല്ലാതെ മാര്‍ഗമില്ലായിരുന്നു. എന്നാല്‍ തന്റെ വഴി തന്നെയായിരുന്നു ശരിയെന്ന് ഇന്ന് സമൂഹം അംഗീകരിച്ചു. അന്ന് എതിര്‍ത്ത പള്ളിക്കാര്‍പോലും ഇന്ന് ആദരവുമായി എത്തുന്നു. ഇത് തന്നെയാണ് കലാകാരിയെന്ന നിലയില്‍ എനിക്കുണ്ടായ വലിയ നേട്ടം''–നിറഞ്ഞ ചിരിയോടെ ബിയാട്രിസ് പറഞ്ഞു.

എന്‍ എന്‍ പിള്ളയുടെ 'കുടുംബയോഗം' എന്ന നാടകത്തില്‍ ഐ ടി ജോസഫും ബിയാട്രിസും

എന്‍ എന്‍ പിള്ളയുടെ 'കുടുംബയോഗം' എന്ന നാടകത്തില്‍ ഐ ടി ജോസഫും ബിയാട്രിസും

ഫോര്‍ട്ടുകൊച്ചി ഞാലിപ്പറമ്പില്‍ ഇലഞ്ഞിക്കല്‍ വക്കോയുടെയും മറിയത്തിന്റെ മകളായി 1938 മെയ് 11ന് ജനിച്ച ബിയാട്രിസ് എട്ടാം വയസ്സിലാണ് ആദ്യമായി വേദിയിലെത്തുന്നത്. പാലാ നാരായണന്‍ നായരുടെ നാടകത്തില്‍ മാല വില്‍ക്കുന്ന കുട്ടിയുടെ വേഷമായിരുന്നു  ആദ്യം. പാട്ടുംപാടി മാല വില്‍ക്കുന്ന കുട്ടി. "അച്ഛനും സഹോദരന്മാരായ ഐ വി ആന്റണി, സ്റ്റീഫന്‍ എന്നിവര്‍ക്കും കലയോട് ആഭിമുഖ്യമുണ്ടായിരുന്നു. ആദ്യകാല പിന്നണിഗായകന്‍ എച്ച് മെഹ്ബൂബിന്റെ ഹാര്‍മോണിസ്റ്റ് ആയിരുന്നു സ്റ്റീഫന്‍. ആന്റണി ഗിറ്റാറിസ്റ്റും ഗായകനുമൊക്കെയായിരുന്നു. പില്‍ക്കാലത്ത് അല്‍പ്പകാലം കെപിഎസിയുമായും ആന്റണിച്ചേട്ടന്‍ സഹകരിച്ചു. ഇവരാണ് ബാല്യത്തില്‍ പ്രചോദനമായത്. പിന്നീട് ചില നൃത്തരംഗങ്ങളിലും മിശിഹാ നാടകങ്ങളിലുമൊക്കെയായി അരങ്ങില്‍ എത്തിയെങ്കിലും എന്നിലെ നാടകകാരിയെ പുറത്തുകൊണ്ടുവന്നത് പി ജെ ആന്റണിയാണ്.''

സഹോദരന്മാരുടെ പ്രേരണയാല്‍ 14–ാം വയസ്സിലാണ് ബിയാട്രിസ് പി ജെ ആന്റണിയെ സമീപിക്കുന്നത്. അന്ന് ഫോര്‍ട്ടുകൊച്ചി ഫാത്തിമ ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു ബിയാമ്മ. പി ജെ ആന്റണിയുടെ 'ചാരിതാര്‍ഥ്യം', 'വിശപ്പ്', 'ഞങ്ങളുടെ മണ്ണ്', തുടങ്ങിയ നാടകങ്ങളില്‍ പ്രധാനവേഷം ചെയ്തു. നായകന്റെ വഴിവിട്ട പോക്കിന് അറുതിവരുത്താന്‍ സ്വന്തം മുഖത്ത് ആസിഡ് ഒഴിക്കുന്ന നായികയുടെ വേഷമായിരുന്നു 'ചാരിതാര്‍ഥ്യ'ത്തില്‍. പി ജെ ആന്റണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 'വിശപ്പ്' എന്ന നാടകത്തില്‍ അന്ന് അരങ്ങില്‍ ശ്രദ്ധേയരായ പോഞ്ഞിക്കര ഗംഗാധരന്‍, കല്യാണിക്കുട്ടിയമ്മ തുടങ്ങിയവരും അഭിനേതാക്കളായുണ്ടായിരുന്നു. 'ഞങ്ങളുടെ മണ്ണ്' പി ജെ ആന്റണിയുടെ ശ്രദ്ധേയമായ ഏകാങ്കമായിരുന്നു.

അരങ്ങില്‍ നായികയായ ബിയാട്രിസിനെ പി ജെ ആന്റണി ജീവിതത്തിലും തോഴിയായി സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഒരിക്കല്‍ അഭിനയത്തിനിടെ ആന്റണി തന്റെ പ്രണയം ബിയാട്രിസിനോട് പങ്കുവെച്ചു. അത് തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്ന് ബിയാട്രിസ് പറയുന്നു. "ഗുരുവിനെ പോലെയാണ് ആന്റണിച്ചേട്ടനെ ഞാന്‍ കണ്ടിരുന്നത്. മാത്രമല്ല എനിക്ക് കല്യാണപ്രായമൊന്നുമായിരുന്നില്ല. അച്ഛന് കലയോട് താല്‍പ്പര്യം ഉണ്ടായിരുന്നതുകൊണ്ടാണ് അന്നൊക്കെ നാടകത്തിന് വിട്ടിരുന്നത്. സാരി ഉടുക്കുന്നതുപോലും അരങ്ങില്‍ മാത്രമായിരുന്നു. ആന്റണിച്ചേട്ടന്റെ മനസിലിരുപ്പ് അച്ഛനോട് പറഞ്ഞു. കുപിതനായ അദ്ദേഹം പിന്നെ പി ജെ ആന്റണിയുടെ നാടകത്തില്‍ അഭിനയിക്കാന്‍ വിലക്കേര്‍പ്പെടുത്തി.''  

പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു നാടകത്തില്‍ പി ജെ ആന്റണിയും ബിയാട്രിസും ഒരുമിച്ച് അഭിനയിച്ചു. പൊന്‍കുന്നം വര്‍ക്കി രചിച്ച, പിന്നീട് 'സ്നേഹസീമ' എന്ന സിനിമയായി തീര്‍ന്ന 'ജീവിതത്തിന്റെ ശബ്ദം' എന്ന നാടകത്തില്‍. അതിലും പ്രധാന വേഷമായിരുന്നു ഇരുവര്‍ക്കും.

അരങ്ങിന്റെ ഈ കുലപതിയെ ഇന്നും ഗുരുവായി തന്നെയാണ് ബിയാട്രിസ് കണക്കാക്കുന്നത്. തോപ്പില്‍ ഭാസിയാണ് മറ്റൊരു ഗുരു. ജി ദേവരാജന്‍, ഒഎന്‍വി, ജയന്‍ തിരുമന തുടങ്ങിയവരൊക്കെയും ഗുരുതുല്യരാണ്. ഇവരാണ് തന്നിലെ നടിക്ക് മികവ് പകര്‍ന്നതെന്ന് ബിയാട്രിസ് കരുതുന്നു.

പി ജെ ആന്റണിയുടെ നാടകങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് നാടകസംഘങ്ങളും ബിയാട്രിസിനെ നോട്ടമിട്ടു. അങ്ങനെ എരൂര്‍ വാസുദേവന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തില്‍ പ്രധാനവേഷത്തിലേക്ക് ക്ഷണിക്കപ്പെട്ടു. എന്‍ ഗോവിന്ദന്‍കുട്ടി, വര്‍ഗീസ് തിട്ടേല്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, അവരുടെ മകള്‍ കല തുടങ്ങിയവരൊക്കെയായിരുന്നു സഹ അഭിനേതാക്കള്‍. 150ഓളം വേദികളിലാണ് ഈ നാടകം അവതരിപ്പിച്ചത്.

എന്നാല്‍ നാടകത്തേക്കാള്‍ നൃത്തപരിപാടികളിലേക്ക് തിരിയാനായിരുന്നു ഇക്കാലത്ത് ബിയാട്രിസിന് താല്‍പ്പര്യം. പി ജെ ആന്റണിയുടെ പ്രണയാഭ്യര്‍ഥനയും നാടകത്തില്‍ നിന്നും അകലാന്‍ കാരണമായി. ഇതിനിടെ കലാമണ്ഡലത്തില്‍ പോയി ഭരതനാട്യം ക്ളാസിലും ചേര്‍ന്നു. കലാമണ്ഡലത്തിന്റെ ജൂബിലി വര്‍ഷമായിരുന്നു അത്. പുറത്തുതാമസിച്ചായിരുന്നു പഠനം. കലാമണ്ഡലത്തില്‍ വച്ച് വള്ളത്തോള്‍ നാരായണമേനോനില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാനായത് ജീവിതത്തിലെ അപൂര്‍വ ബഹുമതിയായി ബിയാട്രിസ് കരുതുന്നു. കാലില്‍ വിഷക്കല്ല് തറച്ച്  വിരല്‍ പഴുത്തതിനാല്‍ കലാമണ്ഡലത്തിലെ പഠനം  ഉപേക്ഷിച്ച് ബിയാട്രിസിന് നാട്ടിലേക്ക് മടങ്ങി.

കലാമണ്ഡലം ഗംഗാധരന്റെ നൃത്തട്രൂപ്പിലെ പ്രധാനതാരമായിരുന്നു കുറെക്കാലം ബിയാട്രിസ്. നൃത്തവുമായി മുന്നോട്ടുപോകുന്ന കാലത്താണ് കെപിഎസിയുടെ ക്ഷണമെത്തുന്നത്. "ഒരിടത്ത് എന്റെ നൃത്തപരിപാടി കഴിഞ്ഞായിരുന്നു കെപിഎസിയുടെ നാടകം. സ്ഥലം ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒഎന്‍വി, ജി ദേവരാജന്‍ തുടങ്ങിയവരൊക്കെ അന്ന് നാടകസംഘത്തോടൊപ്പമുണ്ടായിരുന്നു. എന്റെ നൃത്തം കണ്ട് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കെപിഎസിയിലേക്ക് ക്ഷണിക്കുകയായിരുന്നു.'' 
1957 ലായിരുന്നു ഇത്. 'സര്‍വേക്കല്ല്' ആയിരുന്നു ബിയാട്രിസിന്റെ കെപിഎസിയിലെ ആദ്യനാടകം. തരക്കേടില്ലാതെ പാടുകയും ചെയ്യുമായിരുന്ന ബിയാട്രിസ് കെ എസ് ജോര്‍ജിന്റെ ശിക്ഷണത്തില്‍ പാടി അഭിനയിക്കാന്‍ തുടങ്ങി. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലും അഭിനയിച്ചു. കെപിഎസിയില്‍ ആദ്യമായി നൃത്തമാടി രംഗത്തെത്തിയതും ബിയാട്രിസ് ആയിരുന്നു. 'മുടിയനായ പുത്രന്' വേണ്ടിയായിരുന്നു ഇത്.  കോട്ടയം ചെല്ലപ്പന്‍, കെ പി ഉമ്മര്‍, കെപിഎസി സുലോചന, കെ എസ് ജോര്‍ജ് തുടങ്ങിയ പ്രസിദ്ധ നടീനടന്‍മാരായിരുന്നു സഹഅഭിനേതാക്കള്‍. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ "നേരംപോയ് നേരംപോയ്' എന്ന ഗാനം കെ എസ് ജോര്‍ജിനൊപ്പവും 'പൂത്തമരക്കൊമ്പ്' എന്ന ഗാനം ഒറ്റക്കും പാടി അഭിനയിച്ചു.

'മണിയറക്കള്ളനി'ല്‍ ശ്രീകാന്ത്, ബിയാട്രിസ്, കവിത, ജോസഫ് പെരേര

'മണിയറക്കള്ളനി'ല്‍ ശ്രീകാന്ത്, ബിയാട്രിസ്, കവിത, ജോസഫ് പെരേര

'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകത്തില്‍ ബിയാട്രിസിന്റെ നേതൃത്വത്തിലുള്ള സംഘനൃത്തവും അരങ്ങേറി. പൊന്നമ്മ എന്ന കര്‍ഷകസ്ത്രീയുടെ വേഷമായിരുന്നു ഇതില്‍. പാറ പൊട്ടിച്ച് കഴിഞ്ഞശേഷം സംഘാംഗങ്ങളെല്ലാം ചേര്‍ന്ന് നൃത്തമാടുന്നു. അങ്ങനെ കെപിഎസിയുമായി ബന്ധപ്പെട്ട് നിരവധി മധുരിക്കുന്ന ഓര്‍മകള്‍ ബിയാട്രിസിനുണ്ട്. എന്നാല്‍ കെപിഎസി ജീവിതത്തില്‍ ബിയാട്രിസിന് ഒരിക്കലും മറക്കാനാവാത്ത അനുഭവം മറ്റൊന്നാണ്.

"1959–60 ആണ് കാലം, ഡല്‍ഹിയിലാണ് വേദി. മുന്നില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, രാഷ്ട്രപതി ഡോ. എസ് രാജേന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി എന്നിവരൊക്കെയുണ്ട്. കെപിഎസിയുടെ പുതിയ നാടകമായ 'പുതിയ ആകാശം പുതിയ ഭൂമി' അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍. എനിക്കാണെങ്കില്‍ കടുത്ത പനി. ഡോക്ടറെ കണ്ടപ്പോള്‍ ചിക്കന്‍പോക്സിന്റെ തുടക്കമാണെന്നും പറഞ്ഞു. തോപ്പില്‍ഭാസി, ഒഎന്‍വി, ജി ദേവരാജന്‍, ഒ മാധവന്‍, അദ്ദേഹത്തിന്റെ ഭാര്യ വിജയകുമാരി, കെപിഎസി സുലോചന, കെപിഎസി ഖാന്‍ എന്നിവരൊക്കെ കൂടെയുണ്ട്. അവരും ഡോക്ടറും നല്‍കിയ ധൈര്യത്തില്‍ ഞാന്‍ മറ്റൊന്നും നോക്കിയില്ല. എന്തും വരട്ടെയെന്ന് വെച്ച് വേദിയില്‍ കയറി. നാടകത്തില്‍ എനിക്ക് ഒരുഗാന നൃത്തരംഗവും ചെയ്യാനുണ്ട്്. അഭിനയവും നൃത്തവും പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അണിയറയില്‍ തളര്‍ന്നുവീഴുകയായിരുന്നു.'' പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ രംഗത്തെകുറിച്ച് ഓര്‍ക്കുമ്പോള്‍ ബിയാട്രിസിന്റെ കണ്ണുകള്‍ ഇന്നും അഭിമാനത്താല്‍ തിളങ്ങുന്നു.

1961–62 കാലത്ത് ബിയാട്രിസിന് കെപിഎസിയില്‍നിന്നും രാജിവെയ്ക്കേണ്ടി വന്നു. വിവാഹാലോചന എത്തിയപ്പോള്‍ സമുദായം പഴയ ദംഷ്ട്ര പുറത്തെടുത്തതായിരുന്നു കാരണം. കുടുംബത്തിലെ കോണ്‍ഗ്രസുകാരും ഇതിന് ബലമേകിയെന്നും ബിയാട്രിസ് പറയുന്നു. വിവാഹം നടത്തിത്തരണമെങ്കില്‍ കെപിഎസി വിടണമെന്നായിരുന്നു പള്ളിയുടെ പ്രധാന ആവശ്യം. പിന്നെ കുരിശ് പിടിച്ച് കുര്‍ബാനയും ചൊല്ലണം. കെപിഎസി നാടകത്തില്‍ രക്തപതാക പിടിച്ച ബിയാട്രിസിന് ഈ നിര്‍ദേശം ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിക്കേണ്ടി വന്നു. ബാല്യ–കൌമാരം മുതല്‍ ജീവിതത്തിന്റെ ഭാഗമായ അരങ്ങ് തല്‍ക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കേണ്ടിയും വന്നു.

പത്തനംതിട്ട പീടികയില്‍ വീട്ടില്‍ ജോസഫാണ് ബിയാട്രിസിനെ വിവാഹം കഴിച്ചത്. കാഥികന്‍ കൂടിയായ അദ്ദേഹത്തെ ബിയാട്രിസുമായി അടുപ്പിച്ചതും കലയുമായുള്ള ബന്ധമായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ കുവൈറ്റില്‍ സ്വകാര്യ കമ്പനിയിലെ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തോളം ബിയാട്രിസ് കലയെ മറന്ന് ജോസഫിനൊപ്പം കുവൈറ്റില്‍ കഴിഞ്ഞു. മൂത്തമകള്‍ ആശയുടെ ജനനവും അവിടെ വെച്ചായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ബിയാട്രിസിന് പിന്നാലെ പക്ഷാഘാതം ബാധിച്ച ഭര്‍ത്താവും നാട്ടിലെത്തി. ആറ് വര്‍ഷത്തിന് ശേഷം, 1969 ഒക്ടോബര്‍ 29ന് അദ്ദേഹം വിടവാങ്ങി. 

രണ്ടു മക്കളുമായി ജീവിതം വഴിമുട്ടിയ ഘട്ടത്തില്‍ കെപിഎസിയില്‍ നിന്ന് വീണ്ടും ക്ഷണമെത്തിയത് ബിയാട്രിസിന്റെ ജീവിതത്തില്‍ വെളിച്ചമായി. കെപിഎസിയുടെ അമരക്കാരിലൊരാളായ പോറ്റിസാര്‍ വീട്ടിലെത്തി ക്ഷണിക്കുകയായിരുന്നു. 1971ലായിരുന്നു ഇത്. ക്ഷണം സ്വീകരിച്ച് ബിയാട്രിസ് വീണ്ടും സംഘത്തില്‍ ചേര്‍ന്നു. "മക്കളെ ബന്ധുക്കളെ ഏല്‍പിച്ചായിരുന്നു അക്കാലത്തെ അഭിനയം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ രണ്ടാംഭാഗമായ 'ഇന്നലെ ഇന്ന് നാളെ', 'മന്വന്തരം', കണിയാപുരം രാമചന്ദ്രന്‍ രചിച്ച 'എനിക്ക് മരണമില്ല' തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് വീണ്ടും കെപിഎസി വിട്ടു.

"ഞാന്‍ ആദ്യം കെപിഎസിയില്‍ എത്തുമ്പോള്‍ 30 രൂപയായിരുന്നു ശമ്പളം. കെപിഎസി സുലോചനയ്ക്കും മറ്റും 40 രൂപയും ശമ്പളമുണ്ടായിരുന്നു. അക്കാലത്ത് എനിക്ക് വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത് ഞാന്‍ കെപിഎസിയില്‍ എത്തുമ്പോള്‍ രണ്ട് മക്കളെ പോറ്റേണ്ടിയിരുന്നു. 75 രൂപയെങ്കിലും ശമ്പളം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതില്ലാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയായിരുന്നു. തരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ എനിക്ക് ട്രൂപ്പ് വിടാതെ നിര്‍വാഹമില്ലെന്ന് വന്നു. മനസ്സില്ലാ മനസ്സോടെയാണ് അന്ന് ഞാന്‍ സ്വന്തം കുടുംബമായി കണ്ടിരുന്ന കെപിഎസി വിട്ടത്.'' 

പിന്നീട് കൊച്ചിന്‍ സംഘമിത്ര, സൂര്യസോമ, വൈക്കം മാളവിക, പൂഞ്ഞാര്‍ നവധാര, അങ്കമാലി പൂജ എന്നീ നാടക സംഘങ്ങളോടൊപ്പം സഹകരിച്ചു. 2008–ല്‍ പള്ളുരുത്തി ആശ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജോണ്‍ ഫെര്‍ണാണ്ടസ് രചിച്ച് പയ്യന്നൂര്‍ മുരളി സംവിധാനം ചെയ്ത 'കൊലകൊല്ലി' യാണ് ബിയാട്രിസ് ഒടുവില്‍ അഭിനയിച്ച പ്രൊഫഷണല്‍ നാടകം. മൂന്ന് വര്‍ഷം മുമ്പ് വരെ ഫോര്‍ട്ടുകൊച്ചിയില്‍ ലോകനാടക ദിനാചരണത്തോടനുബന്ധിച്ചുള്ള നാടകങ്ങളിലും ബിയാട്രിസ് രംഗത്തെത്തി. ട്രെയിനില്‍ ഗോവിന്ദച്ചാമി എന്ന നിഷ്ഠുരന്റെ ക്രൂരപീഡനത്തിന് ഇരയായി മരണമടഞ്ഞ സൌമ്യയുടെ ജീവിതം ഇതിവൃത്തമാക്കിയ നാടകത്തിലാണ് ഒടുവില്‍ രംഗത്തെത്തിയത്. 60 വര്‍ഷത്തിലേറെ നീണ്ട കലാജീവിതത്തില്‍ നൂറിലേറെ നാടങ്ങളില്‍ വേഷമിട്ടു. ഇവയില്‍ ചില നാടകങ്ങള്‍ രണ്ടും മൂന്നും വര്‍ഷം വരെ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടവയാണ്.

'അമ്മൂമ്മക്കളി' എന്ന നാടകത്തില്‍ നിന്ന്

'അമ്മൂമ്മക്കളി' എന്ന നാടകത്തില്‍ നിന്ന്

വിവിധ സംഘങ്ങളുമായി സഹകരിച്ചുവെങ്കിലും കെപിഎസി ബിയാട്രിസ് എന്ന് കേള്‍ക്കാനാണ്  ഇഷ്ടപ്പെടുന്നതെന്ന് ബിയാമ്മ പറയുന്നു. "കെപിഎസി വിട്ടതിന് ശേഷം അല്‍പ്പകാലം ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് ബിയാട്രിസ് ജോസഫ് എന്ന പേര് സ്വീകരിച്ചു. എന്നാല്‍ എനിക്കതില്‍ എന്തോ കുറവാണ് തോന്നിയത്. ഭര്‍ത്താവിനോട് അങ്ങേയറ്റം ആദരവും ഇഷ്ടവുമുണ്ട്. എന്നാല്‍ എന്നിലെ കലാകാരിയെ വളര്‍ത്തിയത് കെപിഎസിയാണല്ലോ എന്ന ചിന്ത മനസ്സില്‍ കലശായി. കേവലം ഒരു വര്‍ഷം മാത്രം കെപിഎസിയുമായി സഹകരിച്ച് പിന്നീട് സിനിമാരംഗത്ത് എത്തിയവര്‍ പോലും കെപിഎസി എന്ന പേര് ഉപയോഗിക്കുമ്പോള്‍ എനിക്ക് അതിന് കൂടുതല്‍ അര്‍ഹതയുണ്ടെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഞാന്‍ മറ്റ് സംഘങ്ങളില്‍ അഭിനയിക്കുമ്പോഴും കെപിഎസി ബിയാട്രിസ് എന്ന പേര് തന്നെ സ്വീകരിച്ചു. ഇന്നും ആ പേര് തന്നെയാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്''.

അരങ്ങിലെ ഓര്‍മകള്‍ ഏറെയും കെപിഎസിയുമായി ബന്ധപ്പെട്ടുള്ളതാണ് ബിയാട്രിസിന്. അവരിലെ അഭിനേത്രിയെ  തേച്ചുമിനുക്കിയെടുത്തതും ഈ ജനകീയ സംഘമാണ്. "മറ്റൊരു നാടകസംഘത്തിനും ഇല്ലാത്ത പ്രത്യേകതയാണ് കെപിഎസിക്കുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാഗമായ ആ സംഘത്തിനുണ്ടായിരുന്ന സാമൂഹിക പ്രതിബദ്ധതയാണ് ഇതില്‍ മുഖ്യം. ഒരു കുടുംബത്തെപോലെയാണ് ഞങ്ങള്‍ കെപിഎസിയില്‍ കഴിഞ്ഞിരുന്നത്. അക്കാലം ഒരിക്കലും മറക്കാനാവാത്തതാണ്. നടിമാരെയും മറ്റും സമൂഹം എങ്ങനെയൊക്കെ വിമര്‍ശിച്ചാലും ഞങ്ങള്‍ വളരെ ഒതുക്കത്തോടെയാണ് ജീവിച്ചിരുന്നത്. സദാ പാര്‍ടിയുടെ നിയന്ത്രണം കെപിഎസിക്കുണ്ടായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ജനറല്‍ബോഡിയുണ്ടാകും. അതില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. അന്ന് മറ്റൊരു സംഘത്തിനും ഇല്ലാതിരുന്ന അച്ചടക്കവും കെപിഎസിയുടെ പ്രത്യേകതയാണ്.''

കലാകാരന്മാര്‍ തമ്മിലുള്ള സ്നേഹബന്ധവും ഏറെ ഊഷ്മളമായിരുന്നുവെന്നും ബിയാമ്മ പറയുന്നു. "കെപിഎസി സുലോചന, വിജയകുമാരിചേച്ചി, ഒ മാധവന്‍ സാര്‍, ദേവരാജന്‍ മാസ്റ്റര്‍, കെ എസ് ജോര്‍ജ്, പോറ്റിസാര്‍, ഒഎന്‍വി സാര്‍ തുടങ്ങി അണിയറയിലെ പ്രവര്‍ത്തകര്‍ വരെ ഏറെ സ്നേഹ ത്തോടെയും പരിഗണനയോടെയുമാണ് പെരുമാറിയിരുന്നത്. ആ സ്നേഹമൊന്നും ഇപ്പോള്‍ കിട്ടില്ല. സുലോചനയും ഞാനും അടുത്ത കൂട്ടുകാര്‍  ആയിരുന്നു. പരസ്പരം നല്ല സഹകരണമായിരുന്നു. സുലോചന സുഖമില്ലാതെ കിടക്കുമ്പോള്‍ കാണാന്‍ പോയിരുന്നു. അവരുടെ വേര്‍പാട്  ഇന്നും സഹിക്കാന്‍ പറ്റാത്തതാണ്. അതുപോലെ തന്നെയാണ് ഒ മാധവനായും വിജയകുമാരി ചേച്ചിയുമായും ആ കുടുംബവുമായുള്ള അടുപ്പവും. ഇപ്പോഴും ആ സ്നേഹബന്ധവും അടുപ്പവുമുണ്ട്. മുകേഷിനെ (നടന്‍ മുകേഷ്) ചെറുപ്പത്തില്‍ ഞാന്‍ ഒത്തിരി എടുത്തു നടന്നിട്ടുണ്ട്. ഒരിക്കല്‍ കൊച്ചിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മുകേഷിനെക്കണ്ടപ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഓര്‍മ വന്നു. കലാരംഗത്ത് ഏറെ വളര്‍ന്നെങ്കിലും മുകേഷ് എന്നെ മറന്നിട്ടില്ല.  രാഷ്ട്രീയ രംഗത്തും തീര്‍ച്ചയായും മുകേഷ് ശോഭിക്കും. എനിക്ക് മകനെപ്പോലെയാണ് അവന്‍.'' 

ചിട്ടയുടെ കാര്യത്തില്‍ കെപിഎസിക്ക് ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ലെന്നും ബിയാമ്മ പറയുന്നു. "ഒരിക്കല്‍ കൊല്ലത്ത് നാടകം നിശ്ചയിച്ച ദിവസം എന്റെ അടുത്ത ബന്ധുവിന്റെ കല്യാണമായിരുന്നു. കല്യാണം കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറപ്പെട്ടാല്‍ നാടകം തുടങ്ങുന്നതിന് മുമ്പ് അവിടെ എത്താമെന്ന് കരുതി. എന്നാല്‍ ഞാന്‍ എത്തിയപ്പോള്‍ ഏറെ വൈകി. കാണികളൊക്കെ പിരിഞ്ഞു. നാടകം മുടങ്ങുകയും ചെയ്തു. ഭാരവാഹികള്‍ നാട്ടുകാരോട് മാപ്പു പറഞ്ഞാണ് പ്രശ്നം ഒഴിവാക്കിയത്. എനിക്ക് സസ്പെന്‍ഷനും ലഭിച്ചു. പത്തോളം നാടകങ്ങളില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തിരുവനന്തപുരത്ത് പോയി പാര്‍ടി സെക്രട്ടറിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ്  തിരിച്ചെടുത്തത്.''

ജീവിതത്തിലെ രണ്ട് ദുരന്തങ്ങള്‍ നടക്കുമ്പോഴും ബിയാട്രിസ് അരങ്ങിലായിരുന്നു.   "ചേട്ടന്‍ സ്റ്റാന്‍ലി അപകടത്തില്‍ മരിച്ചപ്പോഴായിരുന്നു ഒന്ന്. വീട്ടില്‍ ഒരു അപകടം നടന്നുവെന്ന വിവരം മാത്രമേ എനിക്കുള്ളൂ. എന്താണ് സംഭവിച്ചതെന്നൊന്നും അറിയില്ല. വീട്ടിലെത്തിയപ്പോഴാണ് ചേട്ടന്‍ മരിച്ചകാര്യം അറിയുന്നത്. എന്നെ ട്രൂപ്പില്‍ നിന്നും വണ്ടിയില്‍ കൂട്ടിക്കൊണ്ടു വരികയായിരുന്നു. അന്ന് വൈകിട്ടും നാടകമുണ്ട്. ഞാന്‍ വരുമ്പോള്‍ ചേട്ടന്റെ മൃതദേഹത്തിനടുത്ത് നിന്ന് സുഹൃത്തായ പ്രിയഗായകന്‍ മെഹബൂബ് പൊട്ടിക്കരയുന്ന കാഴ്ചയാണ് കണ്ടത്. എനിക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അധികനേരം അവിടെ ചെലവഴിക്കാനാകാതെ വന്ന വണ്ടിയില്‍ തന്നെ മടങ്ങേണ്ടിവന്നു.'' 

അമ്മയുടെ വേര്‍പാടും ഇത്തരത്തില്‍ തന്നെ ബിയാട്രിസിന് ഏറ്റുവാങ്ങേണ്ടി വന്നു. "അമ്മ മരിച്ച ദിവസം വൈകീട്ട് ഞങ്ങള്‍ക്ക് കാസര്‍കോട് നാടകം കളിക്കണമായിരുന്നു. അന്ന് ട്രൂപ്പില്‍ നിന്നും എന്നെ സെക്രട്ടറി കൃഷ്ണപിള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ആളുകള്‍ കൂടിനില്‍ക്കേ അമ്മയെ അവസാനമായി ഒരു നോക്കുകണ്ടു. മതിയാവോളം കരയാന്‍പോലും എനിക്ക് അവസരം ലഭിച്ചില്ല. അതിനു മുന്‍പ് തന്നെ എന്നെ കൃഷ്ണേട്ടന്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.'' ഓര്‍മ്മയുടെ വിതുമ്പലടക്കാനാവാതെ ബിയാട്രിസ് പറയുന്നു.

"ഇത്തരം ദുരനുഭവങ്ങള്‍ നാടകങ്ങള്‍ക്കും നാടകക്കാര്‍ക്കും പറഞ്ഞിട്ടുള്ളതാണ്. ഒരു കാരണവശാലും നാടകം മുടക്കാനാവില്ല. അപ്പോള്‍ ഇതൊക്കെ സഹിക്കേണ്ടിവരും. കടുത്ത ദുഃഖവും സഹിച്ച് അരങ്ങില്‍ ചിരിക്കേണ്ടി വരും, ചിരിപ്പിക്കേണ്ടി വരും. വലിയ സന്തോഷമടക്കി കരയേണ്ടിയും വരും. അതാണ് നാടകം''.

'കൊലകൊല്ലി' എന്ന നാടകത്തില്‍ ജോസി പെരേര, പി എം അബു എന്നിവര്‍ക്കൊപ്പം ബിയാട്രിസ്

'കൊലകൊല്ലി' എന്ന നാടകത്തില്‍ ജോസി പെരേര, പി എം അബു എന്നിവര്‍ക്കൊപ്പം ബിയാട്രിസ്

"പി ജെ ആന്റണിയും തോപ്പില്‍ ഭാസിയുമാണ് അരങ്ങിലെ പ്രധാന ഗുരുക്കന്മാര്‍. ആദ്യശിക്ഷണം കിട്ടിയതും ഇവരില്‍നിന്നാണ്. അവര്‍ നാടകവും അഭിനയവും തിയറി പോലെ പഠിപ്പിക്കുമായിരുന്നു. തന്മയത്വത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഇവരുടെ പ്രോത്സാഹനം ഏറെ തുണയായി. അവരുടെ ശിക്ഷണത്തില്‍ അഭിനയം വളരെ എളുപ്പമായിരുന്നു. എന്നാല്‍ രണ്ടു ശൈലിയിലായിരുന്നു ഇവരുടെ പരിശീലനവും സമീപനവും. പ്രായംകൊണ്ട് എന്നേക്കാള്‍ ചെറുപ്പമായിരുന്നുവെങ്കിലും സംവിധായകന്‍ ജയന്‍ തിരുമനയാണ് മറ്റൊരു ഗുരു. അദ്ദേഹത്തിന് അഭിനയിച്ച് കാണിച്ചു തന്നാലേ തൃപ്തിയാകൂ. ജയന്‍ തിരുമനയുടെ നേതൃത്വത്തില്‍ റിഹേഴ്സല്‍ എടുത്ത് ക്ഷീണിച്ചിട്ടുണ്ട്. ഒരിക്കല്‍ അബോധാവസ്ഥയിലുമായിട്ടുണ്ട്. നാടകത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.'' 

ദേവരാജന്‍ മാസ്റ്റര്‍, ഒ എന്‍ വി തുടങ്ങിയവരും ഗുരുക്കന്‍മാര്‍ തന്നെയാണ്. "ഒ എന്‍വിയാണ് അക്ഷര സ്ഫുടത എന്തെന്ന് പഠിപ്പിച്ചത്. കൊച്ചിക്കാരിയായ ഞാന്‍ തനി നാടന്‍ ശൈലിയിലാണ് ആദ്യമൊക്കെ നാടകത്തില്‍ സംസാരിച്ചിരുന്നത്. അതുകേട്ട് ഒഎന്‍വി എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ പരിശീലനത്തെയും നിര്‍ദേശത്തെയും തുടര്‍ന്നാണ് എനിക്ക് വേദിയില്‍ നന്നായി സംഭാഷണം പറയാന്‍ ആയത്. ദേവരാജന്‍ മാസ്റ്ററാകട്ടെ നന്നായി പാട്ടു പറഞ്ഞു തരും. പാടിയും തരും. എന്നാല്‍ ഞങ്ങളുടെ പാട്ടില്‍ അപശ്രുതി വന്നാല്‍ അദ്ദേഹം എഴുന്നേറ്റ് ഓടുകയായിരുന്നു പതിവ്. വലിയ സ്നേഹമായിരുന്നു അദ്ദേഹത്തിന്. കെപിഎസി വിട്ടതിന് ശേഷം ഒരിക്കല്‍  എം കെ അര്‍ജുനനൊപ്പം അദ്ദേഹം എന്റെ മക്കളെ കാണാന്‍ വീട്ടില്‍ വന്നിട്ടുണ്ട്. അത്ര സ്നേഹമായിരുന്നു. ദേവരാജന്‍ മാസ്റ്ററുടെ 75–ാം ജന്മവാര്‍ഷികാചരണത്തിന് കൊച്ചിയില്‍ നല്‍കിയ സ്വീകരണച്ചടങ്ങിലാണ് ഒടുവില്‍ കണ്ടത്''. 

നാടകത്തില്‍ ഒരുമിച്ച് സഹകരിച്ചിട്ടില്ലെങ്കിലും എം കെ അര്‍ജുനനുമായും താനും കുടുംബവും അടുപ്പത്തിലായിരുന്നുവെന്നും ബിയാമ്മ പറയുന്നു. "മാഷിന്റെ വീടുമായി

ചെറുപ്പത്തിലേ അടുപ്പമുണ്ടായിരുന്നു. അപ്പനും ചേട്ടനുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് അതിന് വഴിയൊരുക്കിയത്. ഞങ്ങളുടെ തറവാടിന്റെ അടുത്തായിരുന്നു അദ്ദേഹത്തിന്റെയും വീട്. സമയം കിട്ടുമ്പോഴൊക്കെ വീട്ടില്‍ വരും.  അദ്ദേഹത്തിന്റെ പാട്ടിനൊത്ത് ഞാന്‍ നൃത്തം ചെയ്തിട്ടുണ്ട്. അദ്ദേഹം വയലിനും വായിക്കുമായിരുന്നു. അര്‍ജുനന്‍ മാഷിന്റെ അമ്മയും ചേട്ടനുമെല്ലാം ഇടയ്ക്കിടെ വീട്ടില്‍ വരും. ഞാന്‍ കെപിഎസിയില്‍ പോയപ്പോള്‍ അദ്ദേഹം കാളിദാസ കലാകേന്ദ്രത്തില്‍ എത്തി. അപ്പോഴേക്കും അവര്‍ കൊച്ചിയില്‍നിന്നും തെക്കോട്ട് താമസം മാറുകയും ചെയ്തു. എങ്കിലും ഇന്നും ആ പഴയ സ്നേഹബന്ധം തുടരുന്നു. ചില വേദികളിലും സ്വീകരണച്ചടങ്ങിലും മറ്റും ഒരുമിച്ച് പങ്കെടുക്കാറുണ്ട്''.

ബിയാട്രിസിന്റെ ശുപാര്‍ശയില്‍ കെപിഎസിയില്‍ പ്രവേശിച്ച കൊച്ചിയിലെ കലാകാരന്മാര്‍ ഏറെയാണ്. കെപിഎസി ഖാന്‍ എന്ന പേരില്‍ പില്‍ക്കാലത്ത് ഏറെ ശ്രദ്ധേയനായ ഫോര്‍ട്ടുകൊച്ചിക്കാരന്‍ ഖാന്‍ സാഹിബ് ആയിരുന്നു അതില്‍ മുഖ്യന്‍. നാടകവേദിയിലെ ചെറുവേഷങ്ങളുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ കെപിഎസിയുമായി ചേര്‍ത്തുവെച്ചത് ബിയാട്രിസ് ആണ്. പില്‍ക്കാലത്ത് ട്രൂപ്പിലെ അനിവാര്യനായ നടനായി അദ്ദേഹം വളര്‍ന്നു. ഹാസ്യപ്രധാന വേഷങ്ങളിലൂടെ കാണികളുടെ മനസ്സില്‍ സ്വന്തം ഇടം കണ്ടെത്താനും ഖാന് കഴിഞ്ഞു. 'അശ്വമേധം' എന്ന നാടകത്തിലെ ഒരിക്കലും മറക്കാനാവാത്ത ഹെല്‍ത്ത് വിസിറ്ററെ പോലുള്ള കഥാപാത്രങ്ങള്‍ ചരിത്രവുമായി. തബലിസ്റ്റ് രാജപ്പന്‍, നസ്രേത്ത് അഗസ്റ്റിന്‍, വയലിനിസ്റ്റ് ചാക്കോ, ചേട്ടന്‍ ആന്റണി തുടങ്ങിയവരും ബിയാട്രിസിലൂടെ കെപിഎസിയുടെ അരങ്ങിലെത്തി. "തെക്കന്‍ കേരളത്തിലെ കലാകാരന്മാര്‍ മാത്രമുണ്ടായിരുന്ന കെപിഎസിയില്‍ വടക്കന്മാരെ ആദ്യമായി എത്തിച്ചത് ഞാനാണെന്ന്'' ബിയാട്രിസ് ചിരിച്ചുകൊണ്ട് പറയുന്നു.

നൂറിലേറെ നാടകങ്ങളില്‍ അഭിനയിച്ചുവെങ്കിലും കെപിഎസിയുടെ 'മുടിയനായ പുത്രനി'ലെ രാധയും 'നിങ്ങളെന്നെ കമ്യൂണിസസ്റ്റാക്കി'യിലെ മാലയുമാണ്  ബിയാട്രിസിന് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങള്‍. "കെപിഎസി സമ്മാനിച്ച ജനപ്രീതി മറ്റൊരു നാടകസംഘത്തില്‍നിന്നും കിട്ടില്ല. ആ കഥാപാത്രങ്ങളുടെ ജനകീയതയും മറ്റൊരു നാടകങ്ങള്‍ക്കും അവകാശപ്പെടാനുമാവില്ല. ഇക്കാരണങ്ങളാല്‍ കൂടിയാണ് കെപിഎസി തന്റെ മനസ്സില്‍ സുവര്‍ണ സ്ഥാനം അപഹരിച്ചതെന്നും'' ബിയാമ്മ പറയുന്നു. 

നാടകത്തിന് പുറമെ തോപ്പില്‍ ഭാസിയുടെ 'ഒരു സുന്ദരിയുടെ കഥ' എന്ന സിനിമയില്‍ എസ് പി പിള്ളയുടെ ഭാര്യയായും 'ഏണിപ്പടികള്‍' എന്ന ചിത്രത്തില്‍ മധുവിന്റെ സഹോദരിയായും  അഭിനയിച്ചു. 'കാലം മാറുന്നു' എന്ന ചിത്രത്തില്‍ ഒരു നൃത്തവേഷവും അവതരിപ്പിച്ചു. പുതിയ സംവിധായകരുടെ ചിത്രങ്ങളിലും വേഷമിട്ടു. രാജീവ് രവിയുടെ 'അന്നയും റസൂലും', ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ആമേന്‍', ആഷിക് അബുവിന്റെ 'ഇടുക്കി ഗോള്‍ഡ്' എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളുണ്ടായിരുന്നു. രണ്ടു കാലഘട്ടത്തിലെ ചലച്ചിത്ര പ്രതിഭകളുമായി സഹകരിക്കാന്‍ അവസരം ലഭിച്ചതിലും ബിയാട്രിസ് തൃപ്തയാണ്. 

അങ്കമാലി പൂജയുടെ 'ദേശവിളക്ക്' എന്ന നാടകത്തില്‍ കുട്ടിമാളു അമ്മ എന്ന പ്രധാന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം 98ല്‍ ബിയാട്രിസിനെ തേടിയെത്തി. 88–ല്‍ പൂഞ്ഞാര്‍ നവധാരയുടെ 'അക്ഷയമാനസം' എന്ന നാടകത്തിലെ അഭിനയത്തിന് പിഒസി പുരസ്കാരവും ലഭിച്ചു. അരങ്ങിലേക്കുള്ള ബിയാമ്മയുടെ പ്രവേശനത്തെ പോലും എതിര്‍ത്തവരായിരുന്നു പിഒസിക്ക് നേതൃത്വം നല്‍കുന്ന സമുദായം എന്നതും അപ്പോഴേക്കും ചരിത്രം മാത്രമായി മാറിയിരുന്നു.  നാടകരംഗത്തെ സംഭാവനകളെ അധികരിച്ച് ഇസ്ക്രയുടെ എഡ്ഡിമാസ്റ്റര്‍ പുരസ്കാരം 2008ല്‍  ലഭിച്ചു. ഒട്ടേറെ സംഘടനകളുടെ ആദരവും തേടിവന്നു. അതിന്നും തുടരുന്നു.  

ശാരീരിക അവശതകളാല്‍ നാടക രംഗത്തുനിന്ന് അകന്നുവെങ്കിലും അഭിനയം വിടാന്‍   തയ്യാറല്ലെന്ന് ബിയാമ്മ പറയുന്നു. "കാലുകളുടെ വേദനയും രക്തസമ്മര്‍ദവും മൂലം ദീര്‍ഘയാത്ര വയ്യാത്തതിനാലും കുറേനേരം നില്‍ക്കുവാന്‍ ആകാത്തതിനാലുമാണ് നാടകാഭിനയത്തോട് തല്‍ക്കാലം വിട പറഞ്ഞത്. നാടകത്തോളം ആയാസം ആവശ്യമില്ലാത്ത സിനിമയില്‍ പറ്റിയ റോളുകള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ ഒരുക്കമാണ്.''

ഇന്നോളമുള്ള തന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മുന്നോട്ടു നയിച്ചത് പ്രധാനമായും അരങ്ങില്‍ നിന്നുള്ള വരുമാനമായിരുന്നുവെന്ന് ബിയാട്രിസ് പറയുന്നു. "ചേച്ചിയുടെ വിവാഹം കഴിഞ്ഞ് 28–ാം ദിവസം അച്ഛന്‍ മരിച്ചു. പിന്നീട് ഒരുപാടുനാള്‍ സ്വയം കുടുംബം നോക്കേണ്ടിവന്നു. രണ്ടു മക്കളുടെയും വിദ്യാഭ്യാസവും വിവാഹവും നടത്തിയതും ഈ വരുമാനം കൊണ്ടാണ്. മട്ടാഞ്ചേരി കൂവപ്പാടത്ത് സ്വന്തമായി വീട് വാങ്ങിയെങ്കിലും ഇത് മൂത്ത മകള്‍ ആശയ്ക്ക് നല്‍കുകയായിരുന്നു. ആശയും ഭര്‍ത്താവ് നെല്‍സണും മക്കളുമാണ് അവിടെ താമസം. ഇളയമകള്‍ ബിന്ദുവും ഭര്‍ത്താവ് ഗായകന്‍ കൂടിയായ ബെന്നിയും (തരാന ബെന്നി) മക്കളുമാണ് പട്ടാളത്ത് താമസം. ഇരുവീടുകളിലുമായി മാറിമാറി കഴിയുകയാണ്.'' കലാരംഗത്തെ സംഭാവനയ്ക്ക് സര്‍ക്കാരില്‍നിന്നും ലഭിക്കുന്ന പെന്‍ഷനാണ്  ഇപ്പോഴത്തെ വരുമാനം.
പകല്‍ സമയങ്ങളില്‍ ബിയാമ്മ തനിച്ചാണ്. അപ്പോഴൊക്കെ അരങ്ങില്‍ താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ജീവന്‍പൂണ്ട് കൂട്ടുവരും. അവരോട് ഇണങ്ങിയും പിണങ്ങിയും ഇവര്‍ സമയത്തെ തോല്‍പ്പിക്കും .

(ദേശാഭിമാനി വാരികയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top