31 May Wednesday

മൊഗേറിലേക്ക് ...അനിത തമ്പി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 26, 2021

അനിത തമ്പി ലിസ്‌ബനിലെ വാസ്‌കോഡ ഗാമയുടെ സഞ്ചാര ഭൂപടത്തിന്‌ സമീപം

ബെർലിൻ, റോം, മിലാൻ സന്ദർശനങ്ങൾ കഴിഞ്ഞ് ലിസ്‌ബനിൽ വന്നിരിക്കയാണ് ഞാൻ. ഇനിയെങ്ങോട്ട്? ഇനി മൊഗേറിലേക്ക് പോകണം. മൊഗേർ? അതെ. അത് സ്പെയിനിലാണ്. ഒരു അൻഡലൂഷ്യൻ നാട്ടിൻ‌പുറം. ചെറുപട്ടണം...അനിത തമ്പി എഴുതുന്നു

സൂര്യൻ കൊടികുത്തിവാഴുന്ന ആകാശനീല. അതിനെ അതേപടി കവർന്നു പെരുക്കുന്ന കടൽനീല. ഒരു പടമെടുക്കാൻപോലും കണ്ണയയ്ക്കാൻ കഴിയാത്ത വിധം പ്രകാശത്തിൽ കുളിച്ചുനിൽക്കുന്നിടം. ലിസ്‌ബനിൽനിന്ന് രണ്ട് മണിക്കൂർ അകലെ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറേ അറ്റത്ത്, അറ്റ്‌ലാന്റിക്ക്  തീരത്ത് സിൻട്ര എന്ന സ്ഥലം. എന്റെയുള്ളിൽ അന്നോളമുള്ള നാട്ടുകടൽനീലകൾ, ആകാശനീലകൾ എല്ലാം അവിടെ സമർപ്പിച്ച്, കണ്ണഞ്ചിക്കുന്ന ഒരു പകൽ ചെലവഴിച്ച് തിരികെ ലിസ്‌ബനിൽ എത്തിയതേയുള്ളു ഞാൻ. നേരം ഇരുട്ടിയിട്ടില്ല. സൂര്യനസ്തമിക്കാൻ രാത്രി ഒമ്പതു  മണിയെങ്കിലും ആകും. പകൽ ഇനിയും ധാരാളം ബാക്കി. ഒറ്റയ്ക്കുള്ള വിദൂരയാത്രകളിലാണ് പകലിന്റെ ശരിയായ വില വെളിപ്പെടുക.

കുന്നിൻപള്ളകളിൽ തങ്ങിത്തങ്ങി പല തട്ടുകളായി നിറപ്പകിട്ടോടെ ഇറങ്ങിവരുന്ന ലിസ്‌ബൻ നഗരത്തിന്റെ  താഴത്തെ വക്കിൽ തേഗസ് നദിയുടെ ദീർഘമായ തീരപാത, കയ്‌ഷ് ദ് സോദ്രെ. അവിടം പക്ഷെ രാത്രിജീവിതത്തിനു പേരുകേട്ട ഇടമാണ്. പത്തുപതിനഞ്ചു കൊല്ലം മുൻപുവരെ സഞ്ചാരികൾക്ക് സുരക്ഷിതമല്ലായിരുന്നു ലിസ്‌ബന്റെ ദരിദ്രമായ ഈ പ്രദേശം. അന്ന് കയ്‌ഷ് ദ് സോദ്രെ എന്നുപറഞ്ഞാൽ മയക്കുമരുന്നും വേശ്യാലയങ്ങളും ഇരുണ്ട ബാറുകളും എന്നായിരുന്നു അർഥം. ഇന്ന് അത്‌ പാടേ നവീകരിക്കപ്പെട്ട് മുഴുവൻ ലിസ്‌ബനും സഞ്ചാരികളും വൈകുന്നേരങ്ങളും രാത്രികളും ചെലവഴിക്കാനെത്തുന്നിടമായി മാറി.

അവിടെ വെറുതേ നടന്നു. അങ്ങനെ നടക്കുമ്പോൾ വെളുത്ത ബാനറിൽ ചുവന്ന ചായംകൊണ്ടുള്ള എഴുത്ത് - മൊഹീതൊ. ക്യൂബൻ കോക്‌ടെയിൽ. ഹെമിങ്‌വേയുടെ ഇഷ്ടപാനീയം. രണ്ട് ചെറുപ്പക്കാർ ഒരു തട്ടുവണ്ടിയിൽ ബോർഡ് വച്ച്  കച്ചവടം നടത്തുകയാണ്. അവിടെ നിന്നു കഴിക്കണോ? വേണ്ട. ഒറ്റയ്ക്കുള്ള യാത്രയിൽ അത് സുരക്ഷിതമല്ല. അപരിചിതമായ സ്ഥലം. എന്തെങ്കിലും വല്ലായ്ക പറ്റിയാൽ പ്രശ്നമാകും. ചില്ലുകുപ്പിയിൽ കുലുക്കിക്കുത്തി അവർ മൊഹീതൊ ഉണ്ടാക്കുന്നത് നോക്കിക്കൊണ്ട് നിന്നു. കേരളം അവർക്കറിയാം. കോവളത്ത് വന്നിട്ടുണ്ട്. അടുത്ത വരവിൽ ഈ കച്ചവടം കേരളത്തിൽ ഉടനീളം നടത്താവുന്നതാണെന്ന് ഞാൻ ഉപദേശിച്ചു. ആളുകൾ ക്യൂ നിൽക്കും. ഉറപ്പ്. നിങ്ങളുടെ റെസിപ്പി  എന്താണ്? ഹവാനാ ക്ലബ്ബ് റം, ഓറഞ്ച് നീര്, നാരങ്ങ നീര്, പുതിനയിലകൾ, പഞ്ചസാര, ഐസ്. അവരത് കുപ്പിയിൽ നന്നായി കുലുക്കിച്ചേർത്ത് കൈയിൽത്തന്നു. മൊഹീതോയ്ക്ക് ലോകമെങ്ങും പല പ്രാദേശികഭേദങ്ങളും ഉണ്ട്. കേരളത്തിൽ വോഡ്‌കയിൽ ഉണ്ടാക്കുന്ന മൊഹീതൊക്കാണ് പ്രിയം എന്ന് തോന്നുന്നു. രാഷ്ട്രീയശീലങ്ങളാലാവാം. ‘മൊഹീതൊ പാട്ട്’ എന്നൊരു കവിത ഞാൻ എഴുതിയിട്ടുണ്ട്. അത് പരിഭാഷപ്പെടുത്തിയ ജർമൻ കവി ഒസോല്യാ കലാഷ് ഞാൻ കവിതയിൽ പറയുന്ന ചേരുവയായ വോഡ്ക താൻ പരിഭാഷയിൽ ചേർക്കുകയില്ല എന്നുറപ്പിച്ചു പറഞ്ഞു. വോഡ്‌കയിൽ മൊഹീതോ ഉണ്ടാക്കുന്നുവെന്ന് ജർമനിയിൽ കവിതയിൽപ്പോലും എഴുതാൻ സാധ്യമല്ലത്രെ. കവിയുടെ മാനം പോകും. കവിത അവർ റമ്മിലേക്ക് മാറ്റി. കവിതയിലായാലും വസ്തുതകൾ കൃത്യമായിരിക്കണം. വസ്തുതകൾ എന്നാൽ ഒന്നാം‌കൈ വസ്തുതകൾ; അവയുടെ രണ്ടും മൂന്നും കൈമറിഞ്ഞ പ്രാദേശിക ഭേദങ്ങൾ, സർഗാത്മക വ്യതിയാനങ്ങൾ, മാറ്റപ്പണികൾ, അവയൊന്നും അതിൽപ്പെടില്ല. വസ്തുതകളുടെ ആധികാരികത അവയുടെ ഉറവിടങ്ങളിലാണോ ഉറപ്പിച്ചിരിക്കുന്നത്?

ഇങ്ങനെയൊക്കെയുള്ള  മഹത്തായ മൊഹീതൊ ഇതാ രണ്ട് പയ്യന്മാർ വഴിയരികിൽ ഉന്തുവണ്ടിത്തട്ടിൽ പുല്ലുപോലെ ഉണ്ടാക്കി വിൽക്കുകയാണ്. ആധികാരികതകളെ വെല്ലുവിളിക്കുന്ന കുലുക്കിക്കുത്ത്‌ മൊഹീതൊ പതിയെ കുടിച്ചുനോക്കുമ്പോൾ പിന്നിൽ ഒരു മലയാളം വാക്ക് കേട്ടതുപോലെ. ഒന്നു തിരിഞ്ഞുനോക്കി. ഒരു പെൺകുട്ടി. അവൾ ചോദിച്ചു: “മലയാളം”? കേരളത്തിൽനിന്നാണോ എന്നല്ല, ഒറ്റ വാക്കു മാത്രം, മലയാളം. മൊഹിതൊ മാറ്റാതെ ഞാൻ തലകുലുക്കിച്ചിരിച്ചു. അവൾ കൂട്ടുകാരനെയും അടുത്തേക്ക് വിളിച്ചു. മലയാളികൾതന്നെ. തൃശൂരുകാരൻ വിനോദും കോഴിക്കോട്ടുകാരി പ്രവീണയും. ലിസ്ബനിൽ ഐടി ഉദ്യോഗസ്ഥരാണ്. നഗരത്തിൽ കറങ്ങാനും ഭക്ഷണം കഴിക്കാനും ഇറങ്ങിയതാണ്. ഏതാണ്ട് ഒരുമാസത്തോളമായി എന്റെ യാത്രയിൽ ആദ്യമായി മലയാളം വഴിവക്കിൽനിന്ന് കേട്ടതിന്റെ ഉൾത്തരിപ്പ്.

പിന്നെ നടപ്പ് അവർക്കൊപ്പമായി.
പേര്, ഊര്, യാത്രയുടെ പശ്ചാത്തലം ഒക്കെപ്പറഞ്ഞു. ബെർലിൻ, റോം, മിലാൻ സന്ദർശനങ്ങൾ കഴിഞ്ഞ് ലിസ്ബനിൽ വന്നിരിക്കയാണ് ഞാൻ. ഇനിയെങ്ങോട്ട്? ഇനി മൊഗേറിലേക്ക് പോകണം. മൊഗേർ? അതെ. അത് സ്പെയിനിലാണ്. ഒരു അൻഡലൂഷ്യൻ നാട്ടിൻ‌പുറം. ചെറുപട്ടണം.
ഞങ്ങൾ അങ്ങനെയൊരു സ്ഥലം കേട്ടിട്ടേയില്ല. എങ്ങനെ പോകും?

അത്, ഇവിടുന്ന് ബസ്സൊക്കെ കാണുകില്ലേ? ബസ്‌സ്റ്റാൻഡിൽ ചെന്ന് നാളെ ഒരു ടിക്കറ്റെടുത്ത് കയറിപ്പോകാം. മൊഗേറിൽ ഒരു ഹോട്ടലിൽ ഓൺ‌ലൈനായി മുറി ബുക്ക് ചെയ്തിട്ടുണ്ട്.

തമ്പാനൂരിൽ ചെന്ന് എറണാകുളത്തിനോ മറ്റോ ബസ് പിടിക്കുന്നതുപോലെയൊരു ഏർപ്പാടെന്നാണ് ഞാൻ കരുതിയത്. പക്ഷെ അത് നടപ്പില്ല എന്ന് വിനോദ് ചിരിച്ചുകൊണ്ട്  മുന്നറിയിപ്പുതന്നു.  ഫോണിൽ ബസ് വിവരങ്ങൾ നോക്കി, ആ വഴിക്ക് ദിവസം ഒറ്റ ബസ്സേയുള്ളു. അത് രാത്രിയിലാണ്. ബസ്‌സ്റ്റേഷനിൽ പോയി നേരത്തേ ടിക്കറ്റ് എടുക്കണം. നാളത്തേക്ക് ടിക്കറ്റ് കിട്ടുമോ എന്ന് ചെന്നാലേ അറിയാൻ കഴിയൂ. അപ്പോൾതന്നെ ഞങ്ങൾ സ്റ്റേഷനിൽ പോയി, പിറ്റേന്ന് രാത്രിയിലേക്ക് ടിക്കറ്റ് കിട്ടി. ഒന്നാന്തരമൊരു റസ്റ്ററന്റിൽനിന്ന് ഒന്നിച്ച് ഇന്ത്യൻ ഭക്ഷണം കഴിച്ച്, പിറ്റേന്ന്  കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു. പക്ഷെ കേരളത്തിൽ നിന്നു വന്ന് ഇത്ര ക്ലേശിച്ച് ആരും കേട്ടിട്ടില്ലാത്ത ഈ ഓണംകേറാമൂലയായ മൊഗേറിലേക്ക് പോകുന്നതെന്തിനാണെന്ന്  രണ്ടാൾക്കും സംശയം.

എനിക്ക് വേണ്ടപ്പെട്ട ഒരു കവിയുണ്ട് അവിടെ.
കവിയോ? ലോകത്തിന്റെ ഈ മൂലയ്ക്കോ?അറിയിച്ചിട്ടുണ്ടോ എത്തുമെന്ന്?
അറിയിച്ചിട്ടുണ്ട്.
നേരിൽ കാണുമോ?
പ്രയാസമായിരിക്കും. കവി മരിച്ചിട്ട് 58 വർഷമായി.

1958ൽ മരിച്ച കവിയുടെ ഏറ്റവും പ്രസിദ്ധമായ പുസ്തകം എന്റെ കൈയിലെത്തുന്നത് 2003ൽ ഒരു വൈകുന്നേരത്താണ്. പുസ്തകത്തിന്റെ പേര് Platero and I: An Andalusian Elegy - ‘പ്ലാറ്ററൊയും ഞാനും: ഒരു ആൻഡലൂഷ്യൻ വിലാപം’ . ശീർഷകത്തിലെ ‘ഞാൻ’ കവി തന്നെ. പ്ലാറ്ററൊ കവിയുടെ കഴുതക്കുട്ടൻ. മഞ്ഞത്താളുകളുള്ള വളരെ പഴയ ഒരു കുഞ്ഞു ന്യൂ അമേരിക്കൻ ലൈബ്രറി എഡിഷൻ. ഇംഗ്ലീഷ് പരിഭാഷ. കവി, 1881ൽ പിറന്ന് 1958 ൽ മരിച്ച യുവാൻ റാമൊൺ ഹിമനേസ്. സ്പെയിനിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധനും പ്രിയപ്പെട്ടവനുമായ കവി. സെർവാന്റസിന് സമശീർഷനെന്ന് പരിഗണിക്കപ്പെടുന്ന കവി. ‘The Complete Perfectionist’. പുസ്തകം തുറന്ന് ഞാൻ വായിച്ചുതുടങ്ങി. കവിയും കഴുതക്കുട്ടിയും ആൻഡലൂഷ്യൻ നാട്ടിൻപുറത്തുകൂടെ, അതിന്റെ നിത്യജീവിതത്തിന്റെ വിശദാംശങ്ങളിലൂടെ  അനേകം ചെറുയാത്രകൾ നടത്തുകയാണ്. അവയിലൂടെ മനുഷ്യജീവിതത്തിന്റെ കാലാതീതമായ ഏകാന്തതയും വിഷാദവും കവിതയായ ഗദ്യത്തിൽ പകർത്തുകയാണ്. ഭാവതീവ്രതയുടെ മലനിരകളിൽ ഓടിക്കളിക്കുന്ന, അനേകം ചെറുഖണ്ഡങ്ങളുള്ള ഒരു ദീർഘകാവ്യം. കഴുതയോടൊപ്പമുള്ള തന്റെ നടത്തയിൽ കവി ഓരോ ദിനവും ചുറ്റുപാടുകളിൽനിന്ന് പെറുക്കിയെടുത്ത് അരുവിയിലെ തെളിനീരിൽ അപ്പപ്പോൾ കഴുകിയെടുക്കുകയാണോ വാക്കുകൾ എന്നു തോന്നിപ്പോകും. അത്രമാത്രം ലളിതം, നിഷ്‌്കളങ്കം, സുതാര്യം. അതേസമയം ആഴങ്ങൾക്കു മാത്രമുള്ള തരം ഏകാഗ്രത, ഉയരങ്ങൾക്കു മാത്രമുള്ള വിധം ഏകാന്തത. ചിത്രകാരനും സംഗീതപ്രവീണനുമായിരുന്നു കവി. അതിനാലാവണം ഏതു വർണങ്ങളിലും ഏതൊരു ശ്രുതിയിലും എഴുതാൻ കഴിഞ്ഞിരുന്നു. 1905 മുതൽ ആറു വർഷങ്ങളിലാണ് കവി ‘പ്ലാറ്ററൊയും ഞാനും’ എഴുതിയത്. കാർലോ കൊളോഡിയുടെ ‘പിനോക്യോ’എന്നപോലെ കുട്ടികളുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ട ക്ലാസിക്കാണ് പ്ലാറ്ററോയും. ബഷീറിന്റെ പാത്തുമ്മയുടെ ആടിനെയും പ്ലാറ്ററൊയുടെ ഒരു വിദൂര കൂടപ്പിറപ്പായി കരുതാം.

പുറംചട്ടയിലെ കഴുതയെ അവതരിപ്പിച്ചുകൊണ്ട് ‘പ്ലാ‌റ്ററൊ’ എന്ന ശീർഷകത്തിൽ തന്നെയാണ്‌ പുസ്തകത്തിന്റെ ആദ്യഖണ്ഡം ആരംഭിക്കുന്നത്. ഞാനത് മലയാളത്തിലേക്ക്  പകർത്തിത്തുടങ്ങി:

മൊഗേറിലെ പ്ലാറ്ററൊയുടെ പ്രതിമ

മൊഗേറിലെ പ്ലാറ്ററൊയുടെ പ്രതിമ

പ്ലാറ്ററൊ ഒരു കുഞ്ഞനാണ്, നനുത്ത രോമങ്ങൾ പൊതിഞ്ഞ മിനുത്ത തുണിക്കെട്ടുപോലെ, എല്ലുകളേയില്ലെന്ന് തോന്നിപ്പോവും, അത്ര പതുപതുപ്പാണ് തൊടുമ്പോൾ. കണ്ണുകളുടെ അഞ്ജനക്കണ്ണാടികൾ മാത്രം സ്ഫടികക്കരിവണ്ടുകൾ പോലെ കടുത്തത്.
ഞാൻ അഴിച്ചുവിടുമ്പോൾ അവൻ പുൽ‌മൈതാനത്തിലേക്കോടും; പതിയെ, തൊട്ട് തൊടാതെ,  പാടലവും ആകാശനീലയും സ്വർണവുമായ കുഞ്ഞുപൂക്കളിൽ മൂക്കുരുമ്മും. ഞാനവനെ മെല്ലെ വിളിക്കും: “പ്ലാറ്ററൊ?” അന്നേരം ചിരിച്ചുല്ലസിക്കുംപോലെ എന്റെ അടുത്തേക്കവൻ ഇമ്പമോടെ ചടപടാ കുതിച്ചോടിയെത്തും.

ഞാൻ കൊടുക്കുന്നതെല്ലാം അവൻ തിന്നും. മധുരനാരങ്ങകൾ അവനിഷ്ടമാണ്, മുഴുവനും പൊൻ‌മഞ്ഞയായ മധുരമുന്തിരികൾ, ചെന്നീലയായ അത്തിപ്പഴങ്ങൾ, അവയുടെ തുഞ്ചത്തെ സ്ഫടികത്തേൻ‌ തുള്ളിയും.

അവൻ ഒരു കിളുന്തു പയ്യനെപ്പോലെ, കിളുന്തു പെൺ‌കിടാവിനെപ്പോലിരുന്നു; പിഞ്ചായും അൻ‌പോടെയും, എന്നാൽ ശിലപോലെ ബലമാർന്നും ഉറച്ചും. ഞായറാഴ്ചകളിൽ ഞാൻ നഗരപ്രാന്തത്തിലെ നടവഴികളിലൂടെ അവന്റെ പുറത്ത് സവാരി ചെയ്യുമ്പോൾ, വൃത്തിയായ വേഷം ധരിച്ച് സാവധാനം നടന്നുപോകുന്ന നാട്ടിൻ‌പുറത്തുകാർ അനക്കമറ്റ് അവനെ നോക്കിനിൽക്കും.

“ഉരുക്കിൽ തീർത്തതു പോലെ”.
അവൻ ഉരുക്കിൽ തീർത്തതുതന്നെ. ഉരുക്കും രസവുംകൊണ്ട്.

    •
ഹിമനേസും പ്ലാറ്ററോയും

ഹിമനേസും പ്ലാറ്ററോയും

ബോംബെയിൽ താമസിച്ചിരുന്ന കാലത്താണ് പ്ലാറ്ററൊ മൊഴിമാറ്റിത്തുടങ്ങിയത്. രാത്രികളിലാണ് എഴുതിയിരുന്നത്. പകൽ ഉറക്കം. വൈകുന്നേരം ഉണർന്ന്  രണ്ട് കിലോമീറ്റർ ദൂരെ പോയി ദോശയും ചായയും, പഴങ്ങളും രാത്രി തിന്നാനുള്ള കടലയും മറ്റും വാങ്ങി, പിന്നെ സൈക്കിളിലോ നടന്നോ ഒരു മണിക്കൂർ ചുറ്റിയിട്ട് മടക്കം. തിരികെ എത്തിയാൽ ഭക്ഷണം തയ്യാറാക്കികഴിക്കും, പിന്നെ രാത്രി മുഴുവൻ പ്ലാറ്ററൊയും ഞാനും. വാക്കുവാക്കായി, വരിവരിയായി കവിക്കും കഴുതക്കുട്ടിക്കുമൊപ്പം ഞാൻ ആ നാട്ടിൻപുറത്തുകൂടി അങ്ങനെ നടക്കുകയാണ്. ആഴ്ചകളോളം അതുമാത്രം. മറ്റൊന്നുമില്ല. ലോകമില്ല, മറ്റ് മനുഷ്യരില്ല, ഒച്ചയും ബഹളവുമില്ല. മൊഗേറിൽ പാർപ്പ്. കവിക്കും കഴുതക്കുട്ടിക്കും ഒപ്പം നടപ്പ്. മെല്ലെ മെല്ലെ കാലം അയഞ്ഞു, സമയം എനിക്കുചുറ്റും മറ്റൊരു വിധത്തിൽ നടപ്പായിത്തുടങ്ങി; സകലവും മെല്ലെയായി. പൈപ്പിലെ വെള്ളം വീഴുന്നതുപോലും മെല്ലെ, മരത്തിൽ ഇലകൾ മെല്ലെ മെല്ലെ അനങ്ങുകയായി, ചില്ലകളിലെ കുരങ്ങന്മാർ മെല്ലെ മാത്രം ചാടിനടന്നു. താഴെ കാറുകൾ മെല്ലെയോടി. ആളുകൾ ഉറുമ്പിനെക്കാൾ മെല്ലെ നടന്നുപോയി. നൂറുകൊല്ലം അപ്പുറത്തെ മൊഗേർ എന്റെ ലോകത്തെ നൂറിരട്ടി പതുക്കെയാക്കി. സ്ഥലകാലങ്ങളെ അട്ടിമറിച്ച് എക്കാലത്തേക്കുമായി എന്നെ കീഴടക്കിയ ആ മൊഗേറിലേക്കാണ് ലിസ്ബനിലെ ഈവൈകുന്നേരത്തുനിന്നും ഞാനിപ്പോൾ പോകുന്നത്.
•   
രാത്രി പത്തു മണിക്കാണ് ബസ്. ഉയെൽ‌വ എന്ന നഗരത്തിലൂടെ  ബസ് കടന്നുപോകും. തെക്കു പടിഞ്ഞാറൻ സ്പെയിനിലെ തുറമുഖനഗരമാണ് ഉയെൽ‌വ. അവിടെ ഇറങ്ങണം. അവിടുന്നാണ് മൊഗേറിലേക്ക് പോകേണ്ടത്. വൈകുന്നേരത്ത്, ലിസ്ബനിൽ താമസിച്ചിരുന്ന ഹോസ്റ്റലിൽനിന്ന് ചെക്കൗട്ട് ചെയ്ത് ഇറങ്ങാനൊരുങ്ങുമ്പോൾ പെരുമഴ. ഒരു ചുവർ മുഴുവൻ ചില്ലു ജനാലയുള്ള സ്വീകരണമുറിയിൽ ചായകുടിച്ചുകൊണ്ട് മഴ തോരാൻ കാത്തിരിക്കുമ്പോൾ ഒപ്പമിരുന്നിരുന്നവൾ പുറത്തേക്ക് നോക്കി,‘ഇതേത് മരം?’ ഹോസ്റ്റൽ നടത്തിപ്പുകാരൻ പറഞ്ഞു, ‘റബ്ബർ’. റബ്ബറെന്ന് കേട്ടപ്പോൾ ഉയർന്ന അതിശയശബ്ദങ്ങൾ കേട്ട് ഞാൻ തലയുയർത്തി നോക്കി. അല്ല, ആ മരം റബ്ബറല്ല.  വീട്ടുമുറ്റങ്ങളിൽ കാണുന്ന പ്ലാസ്റ്റിക് ഇലകളുള്ള ഒരു അലങ്കാരമരം. ഫൈക്കസ്. അത് റബ്ബറല്ല, ഞാൻ പറഞ്ഞു.
“എങ്ങനെ അറിയാം?”
“റബ്ബർ തോട്ടങ്ങളുടെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്”.അഞ്ചാറ് പേർ, ചുറ്റുംകൂടി, എല്ലാവരും യാത്രികർ.
 “മാത്രമല്ല, റബ്ബർപാലിൽനിന്ന് ഗർഭനിരോധന ഉറകൾ നിർമിക്കലാണ് വർഷങ്ങളായി എന്റെ ജോലിയും”.
റബ്ബർകൃഷി, ടാപ്പിങ്‌, ഷീറ്റടി തുടങ്ങി ഫാക്ടറിയിലെ ഉറകളുടെ നിർമാണം വരെയായപ്പോൾ മഴ തോർന്നു. ഏഴരമണി. അരമണിക്കൂർ നേരത്തെ റബ്ബർ‌ സുഹൃത്തുക്കളോട് യാത്ര പറഞ്ഞിറങ്ങി. രണ്ട് ബസ് മാറിക്കയറി ഓറിയന്റിലെ ബസ്‌സ്റ്റോപ്പിൽ എത്തി.

പത്തുമണിക്ക് പോകാനുള്ള ബസ് ഒമ്പതേമുക്കാലിന് വന്നു. കൃത്യം പത്തിനുതന്നെ പുറപ്പെട്ടു. ബംഗളൂരു - കേരളാ ബസ്സുകൾ പോലെ തന്നെ. പക്ഷെ സിനിമയും പാട്ടും ബഹളവും ഇല്ല. ഉറങ്ങാം. രാത്രിയിൽ പുറംകാഴ്ചകൾ ഒന്നും കാണാൻ വയ്യ. വെളുപ്പിന് നാലരയ്ക്കാണ് ഉയെൽ‌വയിൽ എത്തുക, വിളിക്കാൻ ഡ്രൈവറോട് പറഞ്ഞേൽ‌പ്പിച്ച് ഉറങ്ങി. ഡ്രൈവർ വിളിച്ചു, പക്ഷെ മൂന്നുമണി കഴിഞ്ഞിട്ടേയുള്ളൂ. ഉയെൽ‌വ എത്തിയോ? എത്തി. വേഗം ഇറങ്ങൂ. ഒരു മണിക്കൂറിലധികം നേരത്തെ എത്തിയോ? അതെങ്ങനെ? ഉയെൽ‌വയിൽ ഒരാൾ കൂടി ഒപ്പം ഇറങ്ങി. അയാളോട് മൊഗേറിലേക്ക് ബസ് കിട്ടുമോ എന്ന് തിരക്കി. ഇം‌ഗ്ലീഷ് ഇല്ല. എസ്പാനിയോൾ മാത്രം. അയാൾ ഒരു കെട്ടിടത്തിലേക്ക് കൈചൂണ്ടി എന്തോ പറഞ്ഞു. ഒരു കാർ വന്ന് അയാളെ കൊണ്ടുപോയി. ബസ്‌സ്റ്റോപ്പിൽ ഇരിക്കുകയേ വഴിയുള്ളൂ. എല്ലുതുളയ്ക്കുന്ന തണുപ്പ്. വഴിവിളക്കിന്റെ വെളിച്ചമുണ്ട്. പല അടരുകളായി കമ്പിളിയുടുപ്പുകൾകൊണ്ട് പൊതിഞ്ഞിട്ടും കിടുകിടുക്കുകയാണ്. റോഡിലെങ്ങും ആരുമില്ല. വല്ലപ്പോഴും ഒരു കാർ മാത്രം കടന്നുപോകും. മൂന്ന് മണിക്കൂർ കൂനിപ്പിടിച്ചു മയങ്ങിയും ഉണർന്നും ഇരിക്കെ സ്റ്റോപ്പിൽ ഒരാൾ വന്നു. നേരം വെളുത്തുതുടങ്ങിയിട്ടുണ്ട്. അയാളോട് ചോദിക്കാം. ഇംഗ്ലീഷ് കൊണ്ട് കാര്യമില്ല. പൂർണഭാഷ ഫലിക്കാത്തിടത്ത് ഒറ്റവാക്കുകൾ മതി. അതേ പാടുള്ളൂ. ഞാൻ മൊഗേർ എന്ന് ആരാഞ്ഞു. അയാൾ റോഡിന് എതിരെയുള്ള കെട്ടിടത്തിലേക്ക് കൈചൂണ്ടി. നോക്കുമ്പോൾ അവിടെ ഒരു കട കാണാം. അതിന്റെ ചില്ലിനുള്ളിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു. റോഡ് മുറിച്ചുകടന്ന്‌ ചെല്ലുമ്പോൾ കൗണ്ടറിൽ രണ്ട് പെൺ‌കുട്ടികൾ. കെട്ടിടത്തിന്റെ  അകത്തുകടന്നു. അപ്പോഴാണ് മനസ്സിലായത്. അതൊരു സാമാന്യം വലിയ ബസ്‌സ്റ്റാൻഡ്‌ തന്നെ ആയിരുന്നു. അതിന്റെ ഭാഗമായ റസ്റ്ററന്റ്  ആണിത്. അകത്ത് ധാരാളം ബഞ്ചുകൾ. രാത്രി അകത്തു കടന്നിരുന്നെങ്കിൽ നടുവ് ചായ്ക്കാമായിരുന്നു. കഷ്ടം. ഒരു കട്ടൻ‌കാപ്പിവാങ്ങി. പെൺ‌കുട്ടിയോട് മൊഗേറിലേക്കുള്ള ബസ് ചോദിച്ചു. അവൾ ഓടിപ്പോയി അന്വേഷിച്ചു വന്നു. ഒമ്പതര മണിക്കാണ് ആദ്യബസ്. അത് ഞാൻ തീരെ പ്രതീക്ഷിച്ചതല്ല. മണി ആറര ആയിട്ടേയുള്ളു. ഇനി മൂന്നര മണിക്കൂർ വീണ്ടും കാക്കണം.

കുട്ടിക്കാലത്ത് ഞങ്ങൾ താമസിച്ചിരുന്ന ഹരിപ്പാട്ടുനിന്നും അച്ഛന്റെ  നാടായ എണ്ണയ്ക്കാട്ടേയ്ക്ക് പോകുന്ന അവധിക്കാല യാത്രകൾ ഓർമ വന്നു.  ആദ്യം ബസ്സിൽ ഹരിപ്പാട്ടു നിന്ന് മാവേലിക്കരയ്ക്ക് . മാവേലിക്കരനിന്ന് തിരുവല്ലാ റൂട്ടിൽ കോയിക്കൽമുക്കിൽ ഇറങ്ങി, പിന്നെ ഒരു മണിക്കൂറിലധികം നടന്ന്, മണിമലയാറിന്റെ കൈവഴിയായ എണ്ണയ്ക്കാട്ടാറ്റിൽ കുട്ടമ്പേരൂർ കടത്തുകടന്ന്, എണ്ണയ്ക്കാട്ട് ചന്തയും അമ്പലവും കൊട്ടാരവുംകടന്ന് അച്ഛന്റെ വീട്ടിലേക്കുള്ള യാത്ര. അതൊരു വലിയ യാത്രയായിരുന്നു. അക്കാലത്ത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയതും ഏറ്റവും പ്രധാനപ്പെട്ടതുമായ യാത്ര. ഈ ആൻഡലൂഷ്യൻ ചെറുപട്ടണം മൊഗേർ ഇപ്പോഴും എണ്ണയ്ക്കാടിനേക്കാൾ ഉൾ‌പ്രദേശം. ടാക്സിയിൽ പോയാലോ. പെൺ‌കുട്ടിയോട്  ചോദിച്ചു. കൗണ്ടറിലെ പണിക്കിടയിൽ അവൾ വീണ്ടും ഓടിപ്പോയി വഴിയിൽ നിർത്തിയിരിക്കുന്ന ഒരു ടാക്സിക്കാരനോട് ചോദിച്ചുവന്നു. ഇരുപത് കിലോമീറ്റർ ദൂരം. ത്രിയന്റ – മുപ്പത്‌ യൂറോ കൂലി... പോകണോ? വേണ്ടെന്നു തോന്നി. മൂന്നു മണിക്കൂർ പോട്ടെ. ഉയെൽ‌വ പട്ടണത്തിൽ നേരം വെളുക്കുന്നതും പകൽ തുടങ്ങുന്നതും കാണാം. കാപ്പി കുടിക്കാം. ഒൻ‌പതരയുടെ ബസ്സിൽ പോയാൽ മതി. വൈഫൈ കണക്ട്‌ ചെയ്യണം. ഫോൺ ചാർജ് ചെയ്യാൻ  ഏൽ‌പ്പിച്ചു. പെട്ടിസാമാനങ്ങളും. ടോയ്‌ലെറ്റിൽ പോയി, പല്ലുതേച്ച്, കൈകാൽമുഖം കഴുകി മുടിയൊതുക്കി ‘ഫ്രഷ്’ ആയി മടങ്ങിവന്നു. ഒരു കാപ്പികൂടി പറഞ്ഞു, ഇത്തവണ പാൽ‌ക്കാപ്പി. നമ്മുടെ നാടൻ ചില്ലുചായക്കപ്പുകൾ മൊത്തി, ടെലിവിഷൻ നോക്കി നാലഞ്ച് പേർ. ചുവരിലെ ക്ലോക്കിൽ സമയം എട്ടേകാൽ. ഇവിടെ ഒരു മണിക്കൂർ മുന്നിലാണോ സമയം? കഴിഞ്ഞയാഴ്ച റോമിൽവച്ച് വേനൽ‌പ്പകലുകൾ കൂടുതൽ കിട്ടാൻ ഒരു മണിക്കൂർ പിന്നിലേക്ക് വച്ച സമയം സ്പെയിനിൽ തിരികെക്കിട്ടിയിരിക്കുന്നു. അതിർത്തി കടന്നപ്പോൾ ഒരു മണിക്കൂർ ലാഭം. അങ്ങനെയെങ്കിൽ മൊഗേറിലേക്കുള്ള ബസ്സിന് ഇനി മുക്കാൽ മണിക്കൂറേ ബാക്കിയുള്ളു. പുറത്തേക്ക് നോക്കിയിട്ട് എട്ടുമണി കഴിഞ്ഞ മട്ടില്ല. ആറ് ആറര മണിയുടെ ചേലേ കാണുന്നുള്ളു. സൂര്യൻ എത്തിയിട്ടില്ല. വെയിൽ വരാൻ ആലോചിക്കുന്നുപോലുമില്ല. ഇന്നലെ ലിസ്‌ബനിൽ എട്ടൊമ്പതു മണിക്ക് എന്തൊരു പൊൻ‌വെയിലായിരുന്നു.

യാത്രക്കിടയിൽ

യാത്രക്കിടയിൽ

റസ്റ്ററന്റിലെ ടെലിവിഷനിൽ ഒരു സീരിയൽ ഓടുകയാണ്. കടുത്ത മെലോഡ്രാമയെന്ന് വെറുതേ കണ്ണയച്ചാൽത്തന്നെ അറിയാം. മലയാളം, ഹിന്ദി സീരിയലുകളുടെ അതേ ഭാവഹാവാദികളോടെ ഒരു പുരുഷനും സ്ത്രീയും സംസാരിക്കുകയാണ്. അല്ലാ, രണ്ട് സ്ത്രീകൾ ഒരു പുരുഷനോട് സംസാരിക്കുകയാണ്. ഷോട്ട്, ഫ്രെയിമുകൾ, ക്യാമറാചലനം, ലൈറ്റിങ്‌, ഒച്ചയുടെ ഏറ്റക്കുറച്ചിലുകൾ എല്ലാം അതേ മട്ട്. പൊതുവേ സ്പാനിഷ് സോപ് ഒപെറാകൾ ഇമ്മാതിരി കൊടിയ മെലോഡ്രാമയ്ക്ക് പേരുകേട്ടവയാണ്. ലോകമെങ്ങും പങ്കുവയ്ക്കപ്പെടുന്ന ഒരു ഭാവുകത്വം അതിലുണ്ട്. ദേശ, സംസ്‌കാര, ഭാഷാഭേദമെന്യേ മിക്കവാറും മനുഷ്യർക്ക്  ദൈനംദിന മെലോഡ്രാമയോടുള്ള ഈ അഭിനിവേശം എന്തുകൊണ്ടാവാം? ജീവിതത്തിലെ മെലോഡ്രാമയെക്കാൾ സ്ക്രീനിലെ മെലോഡ്രാമയാണ് ഭേദം എന്നു തോന്നിയിട്ടാകുമോ?

ഒരൊറ്റ ബസ്സേയുള്ളൂ മൊഗേറിലേക്ക്. മൂന്നുമണിക്കൂർ ഇടവിട്ട്  പകൽ നേരത്ത് മാത്രമുള്ള ഒരു സർക്കുലർ ബസ്. മുക്കാൽ മണിക്കൂർ യാത്ര. ടിക്കറ്റെടുത്തു കയറി. എണ്ണയ്ക്കാട്ടേയ്ക്കുവന്ന ആദ്യ ബസ്സുകൾപോലെ തന്നെ. ഡ്രൈവറെ എല്ലാവർക്കും അറിയാം. അഭിവാദ്യം ചെയ്ത് കുശലം പറഞ്ഞാണ് വണ്ടിയിൽ കയറുന്നതുതന്നെ. എല്ലാവരും വസ്ത്രധാരണത്തിലും ചലനങ്ങളിലും ഗ്രാമീണർ. ബസ് നീങ്ങി. വെളുത്തുതടിച്ച് നിഷ്‌കളങ്കമുഖവുമായി ഒരു മധ്യവയസ്കൻ സംസാരം തുടങ്ങി. പേര് അലക്സാണ്ടർ എന്ന് പറഞ്ഞു, അതോ അലക്സാണ്ട്രോ എന്നോ? ഒരക്ഷരം പിടികിട്ടുന്നില്ല. ഇം‌ഗ്ലീഷിനും സ്പാനിഷിനും ഇടയിലെവിടെയോ ഒരിടത്ത് ചിലതൊക്കെ ആംഗ്യം കൊണ്ടും മുഖചലനങ്ങൾ കൊണ്ടും മനസ്സിലായും മനസ്സിലാകാതെയും ഞങ്ങൾ സംസാരിച്ചു. ഇരുവശത്തും കണ്ണഞ്ചുന്ന വെള്ള. മണ്ണും ആകാശവും ഇത്ര വെളുത്ത് മിന്നുന്ന ഒരിടം വേറേ കണ്ടിട്ടില്ല. ഇടതുഭാഗത്ത്  ചൂണ്ടി അലക്സാണ്ട്രോ അത്യാവേശത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്. ‘ബാകോ’ എന്നോ മറ്റോ പറഞ്ഞു, കൊളംബസ് എന്നും പറഞ്ഞു എന്നുതോന്നി. അറിയാത്ത ഭാഷയിൽ കേൾക്കുന്നതെന്തും അറിയുന്ന ഭാഷയിലെ വാക്കുകളുമായി ചേർത്ത് കേൾക്കാനുള്ള പ്രവണതയുണ്ടാവും. അതുകൊണ്ടാവാം. കൊളംബസ് ഇവിടെ കേൾക്കേണ്ട കാര്യമില്ല. ഞാൻ ചിരിച്ച് തലകുലുക്കിക്കൊണ്ടിരുന്നു. എനിക്ക് സ്പാനിഷ് അറിയില്ല എന്ന് പറഞ്ഞെങ്കിലും അത് അലക്സാൻഡ്രോയ്ക്ക് അത്ര ബോധ്യപ്പെട്ടില്ല. താൻ ആവുന്നത്ര ഉച്ചത്തിൽ പറഞ്ഞാൽ എനിക്ക് എങ്ങനെയെങ്കിലും മനസ്സിലാവും എന്ന മട്ടിലാണ് ആളിന്റെ സംസാരം.

വലതുഭാഗത്ത് നീണ്ടുപരന്നുകിടക്കുന്ന തരിശുകളിലായിരുന്നു എന്റെ കണ്ണ്. വെളുത്ത അനവധി കൂനകൾ, നിരനിരയായി കൂനകൾ. അതെന്താണ്? ഉപ്പുകൂനകളോ? അല്ല, സ്‌ട്രോബെറികൾ. വെള്ളക്കൂടാരങ്ങളിൽ സ്‌ട്രോബെറി കൃഷിയാണ്.  ഒക്‌ടോബർ മുതൽ ജൂൺ വരെയാണ് സ്‌ട്രോബെറിക്കൃഷിക്കാലം. ഉയെൽ‌വയാണ് യൂറോപ്പിൽ സ്‌ട്രോബെറി ഉത്പാദനത്തിൽ ഒന്നാമത്, ഒന്നാന്തരവും. അത് പിന്നീട് മനസ്സിലാക്കിയതാണ്, കണ്ണെത്താ ദൂരത്തോളം പരന്ന വെള്ളകൂടാരനിരകൾ നോക്കിയിരുന്നു. പിന്നീടു മനസ്സിലാക്കിയ മറ്റൊരു കാര്യം, 1492ൽ കൊളംബസ് അമേരിക്കയിലേക്ക്‌ പുറപ്പെട്ട മൂന്നു കപ്പലുകളിൽ രണ്ടും നിർമിച്ചുനൽകിയത്  മൊഗേറാണ്. മൊഗേറിലെ പ്രമുഖരുടെ സഹായം ആ യാത്രയ്ക്കുണ്ടായിരുന്നു. ഒപ്പം ചില നാവികരെയും നൽകി. മൊഗേറിൽ പ്രസിദ്ധമായ കൊളംബസ് സ്മാരകവുമുണ്ട്. പാവം അലക്സാണ്ട്രോ മൊഗേറിലേക്കുള്ള ബസ് യാത്രയിലുടനീളം കൊളംബസ് എന്നുതന്നെയായിരുന്നു എന്നോടു പറയാൻ ശ്രമിച്ചത്!
മൊഗേർ: ഒരു കാഴ്‌ച

മൊഗേർ: ഒരു കാഴ്‌ച


ബസ് മൊഗേറിലെത്തി. എല്ലാവരും ഇറങ്ങി. എനിക്ക് പോകാനുള്ള ഹോട്ടലിന്റെ വിലാസം കടലാസിൽ എഴുതിയത് അലക്സാൺഡ്രോയെ കാട്ടി. ഹോട്ടൽ പ്ലാസാ എസ്ക്രിബാനോ. യാത്രയിലുടനീളം എല്ലാ നഗരങ്ങളിലും ചെലവു കുറഞ്ഞ ഹോസ്റ്റലുകളിലും മറ്റുമാണ് തങ്ങിയത്. ജോലിയും വരുമാനവും ഇല്ലാതിരുന്ന കാലമായിരുന്നു അത്, ചെലവാക്കാൻ പണം തീരെക്കുറവ്. യാത്ര ഒറ്റയ്ക്കായിരുന്നു. പലതരം യാത്രികർ കൂട്ടമായി വന്നുപോവുന്ന ഹോസ്റ്റലുകളാണ് സുരക്ഷിതം, അന്നന്നത്തെ യാത്രയെപ്പറ്റിയുള്ള  വിവരങ്ങൾ കിട്ടാൻ അതാണ് നല്ലതും എളുപ്പവും. പക്ഷെ മൊഗേറിൽ അത്തരം ഇടങ്ങളൊന്നും തിരച്ചിലിൽ കണ്ടില്ല. എത്തിയിട്ട് തിരഞ്ഞാൽ ചില പെൻ‌ഷ്യോനുകൾ (ചെറിയ സത്രങ്ങൾ) ഉണ്ടായേക്കാം, പക്ഷെ ഒരിടം ഉറപ്പിച്ചിട്ട് പോകുന്നതാണ് ബുദ്ധി എന്നു തോന്നി. നെറ്റിൽ തിരഞ്ഞുതിരഞ്ഞ് കണ്ടെത്തിയതാണ് പട്ടണത്തിനുള്ളിൽ തന്നെയുള്ള പ്ലാസാ എസ്ക്രിബാനൊ. മൂന്ന് വിശേഷണങ്ങളാണ് ഹോട്ടലിന് നൽ‌കിയിട്ടുള്ളത്. ഒന്ന്, വച്ചുകെട്ടുകളൊന്നുമില്ലാത്ത ഹോട്ടൽ, രണ്ട്, പട്ടണമധ്യത്തിൽ, എല്ലാ പ്രധാന ഇടങ്ങളിലേക്കും നടന്നുപോകാവുന്ന ദൂരം മാത്രം, മൂന്ന്, ഹിമനേസിന്റെ ഓർമയിൽ, കവിയോടുള്ള സ്നേഹത്തിൽ ഒരുക്കിയെടുത്ത അന്തരീക്ഷം. അപ്പോഴേ ബുക്ക്‌ ചെയ്തു.

ബസ്സിറങ്ങി അലക്സാണ്ട്രോ ഹോട്ടലോളം ഒപ്പം വന്നു. കൊച്ചു ചതുരക്കരിങ്കല്ലുകൾ പാകിയ വഴികളിലൂടെ പെട്ടി വലിച്ചുനടക്കാൻ പ്രയാസപ്പെട്ടു. വഴിയിൽ നിരനിരയായി ഒറ്റനില, ഇരുനിലക്കെട്ടിടങ്ങൾ. എല്ലാറ്റിനും വെള്ളനിറം. എല്ലാം അടഞ്ഞുകിടക്കുന്നു. മാർച്ചിലെ തെളിഞ്ഞ പകൽ, തെളിനീല ആകാശം. വീടുകളുടെ മട്ടുപ്പാവുകളിൽ തൂക്കിയ പാത്രങ്ങളിൽ, പലനിറപ്പൂക്കൾ, സ്‌ട്രോബറിയുടെ പടംവച്ച് എഴുതിയ ചെറിയ വിൽപ്പന ബാനറുകൾ. വൈൻ ആയിരിക്കാം. ആളുകളെ കാണാനേയില്ല. അവകാശപ്പെട്ടിരുന്നതു പോലെതന്നെ അധികചമയങ്ങളൊന്നുമില്ലാത്ത ഹോട്ടൽ. പക്ഷെ നല്ല ഭംഗിയും വൃത്തിയും. ഡസ്കിലെ പെൺ‌കുട്ടി കമ്പ്യൂട്ടറിൽ നോക്കി ബുക്കിങ് ഉറപ്പാക്കി, താക്കോൽ തന്നു, ഒപ്പം വന്ന് മുറി തുറന്നുതന്നു. നടുമുറ്റത്തിനോട് ചേർന്ന തിണ്ണയിലേക്ക് തുറക്കുന്ന നല്ല സൗകര്യങ്ങളുള്ള മുറി. ഒറ്റയാൾക്ക് പാർക്കാനുള്ളത്. മേൽ‌കഴുകി, ഉടുപ്പുമാറി,അടുക്കളയെന്നോ തീൻ‌മുറിയെന്നോ പറയാവുന്നിടത്ത് കിട്ടിയ റൊട്ടിയും കാപ്പിയും ആപ്പിളും കഴിച്ച്, മൊഗേറിന്റെ മാപ്പ് വാങ്ങി ഒന്നു പഠിച്ച് അപ്പോഴേ പുറത്തിറങ്ങി. ഡസ്കിലെ പെൺ‌കുട്ടിക്കും ഇംഗ്ലീഷ് അറിയില്ല. വീണ്ടും ആംഗ്യവും ഒറ്റവാക്കു ഭാഷയും!

നടന്നു. അവിശ്വസനീയവും അയഥാർഥവുമായ നടപ്പ്. സത്യത്തിൽ ഞാൻ മൊഗേറിൽ എത്തിയിരിക്കുന്നു. ഒരു വർഷം മുൻപ് ബോംബെയിലെ ക്യാമ്പസ് മുറിക്കുള്ളിൽ അടച്ചിരുന്ന് കവിക്കും കഴുതക്കുട്ടിക്കുമൊപ്പം ഞാൻ നിത്യം സഞ്ചരിച്ചിരുന്ന അതേ മൊഗേർ ഇതാ എനിക്കു മുന്നിൽ ക്യാൻവാസിലെ വെളുത്ത പട്ടണത്തിന്റെ ചിത്രം പോലെ നിവർന്നുകിടക്കുന്നു. നിശ്ശബ്ദചിത്രം. നിശ്ചലചിത്രം. സത്യത്തിൽ ഞാനവിടെ എത്തിയിരിക്കുന്നു. കല്ലുപാകിയ അതിന്റെ തെരുവിലൂടെ ഞാൻ നടക്കുന്നു, സത്യത്തിൽ. ഇരുവശവും വീടുകൾ അടഞ്ഞുകിടക്കുന്നു. വഴിയിലെങ്ങും ആരുമില്ല. ഉണ്ടാവില്ല. ഹോട്ടലിലെ പെൺ‌കുട്ടി പറഞ്ഞിരുന്നു, ഇന്ന് ഞായറാഴ്ചയാണ്. ആരുമുണ്ടാവില്ല. ഒരു കടയും തുറക്കുകയില്ല.  അവൾ നിവർത്തിയ  മാപ്പിൽ വിരൽ ചൂണ്ടി. കവിയുടെ വീട് ഇതാ ഇവിടെ. മ്യൂസിയം ഇവിടെ. ഈ അറ്റത്ത്  പള്ളിയും സെമിത്തേരിയും. അതിനപ്പുറമോ? അതിനപ്പുറം ഒന്നുമില്ല. ഒന്നും? പുഴയുണ്ട്, പുൽ‌മേടുകളുണ്ട്. കവിയും പ്ലാറ്ററൊയും നടന്ന പുൽമേടുകൾ!

കഫേ ടാഗോർ

കഫേ ടാഗോർനടന്ന് നടന്ന് പട്ടണക്കവലയിലെത്തി. അവിടവിടെ ചില ആളുകൾ. ഒരു കഫേ തുറന്നിരിപ്പുണ്ട്. കഫേ ടാഗോർ. സ്പാനിഷിൽ ടാഗോർ എന്നൊരു വാക്കുണ്ടെന്ന് വിചാരിച്ചിട്ടില്ല. എന്തായിരിക്കും ആ വാക്കിനർഥം? അകത്തേക്ക് കടന്നു. ബാറാണ്. പലതരം വീഞ്ഞും മദ്യങ്ങളും നിരത്തിയ കൗണ്ടർ. ആളൊഴിഞ്ഞ മേശകളും കസേരകളും. അകത്തു കയറി. ഒന്നോ രണ്ടോ പേർ മാത്രം അവിടവിടെ ഇരുന്ന്  ബിയർ മോന്തുന്നുണ്ട്. ചുവരിൽ,വെളുത്തുനീണ്ട താടിയും അയഞ്ഞ കുപ്പായവും ശാന്തമായി ചിരിക്കുന്ന കണ്ണുകളുമായി സാക്ഷാൽ ടാഗോർ! ഫ്രെയിം ചെയ്തു തൂക്കിയ അനേകം ടാഗോർ ചിത്രങ്ങൾ. കൗണ്ടറിലെ പയ്യനോട് അന്വേഷിച്ചു, ആംഗ്യസമൃദ്ധമായ ഒറ്റയൊറ്റ വാക്കുകളുടെ ഭാഷയിൽത്തന്നെ.

മനസ്സിലാക്കാൻ രണ്ടുപേരും കഷ്ടപ്പെട്ടു. വഴിമുട്ടിയ ഒരു ഘട്ടത്തിൽ ഡസ്കിലെ കമ്പ്യൂട്ടറിൽ കണ്ണുതടഞ്ഞു. ഗൂഗിൾ ട്രാൻസ്ലേറ്റിൽ ചോദ്യം ടൈപ്പ് ചെയ്തു, സ്പാനിഷ് പരിഭാഷ പ്രത്യക്ഷപ്പെട്ടു. പയ്യന്റെ  മറുപടികൾ മറുടൈപ്പിങ്ങിൽ മണിമണിയായി വന്നു. സെനോബിയയും ഹിമനേസും ടാഗോറിനെ ആരാധിച്ചിരുന്നു. അവർക്ക് ടാഗോറുമായി  തുടർച്ചയായ കത്തിടപാടുകൾ ഉണ്ടായിരുന്നു. സെനോബിയ ടാഗോറിന്റെ ‘ക്രസന്റ് മൂൺ’  ‘ല ലൂണാ നുയേവ’ എന്ന പേരിൽ സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തുന്ന കാലത്താണ് ഹിമനേസിനെ പരിചയപ്പെടുന്നത്. 1913ൽ. ടാഗോറിന് നൊബേൽ സമ്മാനം കിട്ടിയ വർഷം. ആ പരിഭാഷയിലൂടെ സെനോബിയയും ഹിമനേസും ഉറ്റ സൗഹൃദത്തിലായി. അക്കാലത്ത് പരസ്പരമുള്ള കത്തുകളിലും ടാഗോർ നിറഞ്ഞുനിന്നു. അവർ വിവാഹിതരാവുന്നത് 1916 ലാണ്.  1919ൽ സെനോബിയ ടാഗോറിനെഴുതിയ കത്തിൽ അദ്ദേഹം തങ്ങളുടെ ‘സ്പിരിച്വൽ കമ്പാനിയൻ’ ആണെന്ന് എഴുതി. സെനോബിയ ഒറ്റയ്ക്കും ഹിമനേസിനൊപ്പവും  ചേർന്ന് ടാഗോറിന്റെ ഇരുപത്തഞ്ചോളം കൃതികൾ സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹിമനേസും സെനോബിയയും 1921ൽ ടാഗോറിനെ സ്പെയിനിലേക്ക് ക്ഷണിച്ചിരുന്നു. യാത്രയ്ക്കുള്ള സ്വീകരണത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് അവർ നടത്തിയത്. ക്ഷണിതാക്കൾ ചില്ലറക്കാരായിരുന്നില്ല. ഹൊസേ ഒർതേഗ ഇ ഗാസെ,    അന്തോനിയോ മച്ചാദോ, ലോർക്ക, ബുനുവൽ, ദാലി തുടങ്ങിയവർ.
മൊഗേറിലെ  ഹിമനേസിന്റെ മ്യൂസിയം

മൊഗേറിലെ ഹിമനേസിന്റെ മ്യൂസിയം

ആ സമയത്ത് യൂറോപ്പിലുണ്ടായിരുന്ന ടാഗോർ പക്ഷെ പുറപ്പെടുന്നതിനു തലേന്ന് കാരണമൊന്നും പറയാതെ യാത്ര റദ്ദാക്കി. പിന്നീടും ടാഗോർ സ്പെയിനിൽ ഒരിക്കലും പോയിട്ടില്ല. കഫേയിലെ പയ്യന് ഇനിയും ദീർഘമായി പറയാനുള്ള കഥകൾ അറിയാം. സെനോബിയ-‐ഹിമനേസ്-‐ടാഗോർ ബന്ധം പഠിപ്പിച്ചിട്ടാണോ കഫേ ടാഗോറിൽ പണിക്ക്  ആളെ എടുക്കുക! എങ്കിൽ അതു ന്യായം. പക്ഷെ നേരം വൈകുന്നു. ഒന്നാന്തരം ഒരു കാപ്പി കുടിച്ച് ഞാൻ ഇറങ്ങിനടന്നു. ഏതായാലും, കൊള്ളാവുന്ന ഒരു പണിക്കും തൊടാൻ പാടില്ലാത്തതെന്ന് അന്നോളം ഗൂഗിൾ ട്രാൻസ്ലേറ്റിനെ പരിഹസിച്ചു പോന്ന ഞാൻ തിരുത്തി, ഗൂഗിൾ ട്രാൻസ്ലേറ്റാണ് താരം. അതിന് സ്വന്തമായി പല തെറ്റുകുറ്റങ്ങളും ഉണ്ടെങ്കിലും അവയിൽ പലതും പരിഹാസ്യമാണെങ്കിലും ഉപയോഗിക്കുന്നവർക്ക് ഭാഷാബോധവും യുക്തിയുംശ്രദ്ധയും കുറച്ചു മനോധർമവും ഉണ്ടെങ്കിൽ അനുഗ്രഹമായിമാറുന്ന ഒരു ടൂൾ എന്ന് പിന്നീട് ചില മൊഴിമാറ്റങ്ങളിൽ തിരിച്ചറിയുകയുംചെയ്തു.

വിജനമായ നടപ്പാതകൾ, ഇരുവശവും വെളുവെളുത്ത വീടുകൾ, വെളുത്തു മിന്നുന്ന വാനം. കാലത്തിൽ ഘനീഭവിച്ചതുപോലെ,  അത്രമേൽ അയഥാർഥം. നടന്നുനടന്ന് പട്ടണത്തിന്റെ അറ്റത്തെത്തി. അവിടെ ഒരു പഴയ പള്ളി. അതിനു മുന്നിൽനിന്ന് വഴി ഇടത്തേക്കു തിരിഞ്ഞ് അകലെ ഒരു പാതയിലേക്ക് പോകുകയാണ്. അതിനപ്പുറം പരന്നുകിടക്കുന്ന പച്ചമൈതാനം. പള്ളി ചെറുതാണ്. യൂറോപ്പിലെ പുരാതനവും ഗംഭീരവുമായ പള്ളികളിലൊന്നല്ല, നാട്ടിലെ ഇടത്തരം പള്ളികൾ പോലെയൊന്ന്. പള്ളിയുടെ ഒരു വശത്ത് വലിയ കിണർ. ചുറ്റും കൽക്കെട്ടുണ്ട്. വെള്ളം വലിക്കുന്ന കിണറാണ്, തൊട്ടിയും തടികൊണ്ടുള്ള വലിയ ചെണ്ടക്കപ്പിയും. കുറേനേരം ആ കിണറ്റുകരയിൽ നിന്നു. കിണറിനുള്ളിലേക്ക് എത്തിനോക്കി. വെള്ളത്തിന്റെ ചെറുവട്ടം. ഒരു കല്ലെടുത്ത് വെള്ളത്തിലേക്കിടാനാഞ്ഞു. പിന്നെ വേണ്ടെന്നുവച്ചു. മെല്ലെ പള്ളിയുടെ പിന്നിലേക്ക് നടന്നു. എങ്ങും ആരുമില്ല. പൂർണമായും വിജനം. പൂർണമായും നിശ്ശബ്ദം. പള്ളിയുടെ പിന്നിൽ ഒരു ചെറിയ കവാടം. അതിലൂടെ അപ്പുറം കടന്നു. അലങ്കരിച്ച കല്ലറകൾ നിറഞ്ഞ ഒരു സെമിത്തേരി. വെളുത്ത ചുവരുകൾ, പലപല തട്ടുകൾ. അനേകം മാർബിൾ കൽ‌പ്പാളികൾ, ഫലകങ്ങൾ, അനേകമനേകം പൂക്കൾ, പൂങ്കുലകൾ. നിരനിരയായി കല്ലറകൾ. വൃദ്ധരും യുവാക്കളും കുട്ടികളുമായവരുടെ സ്മാരകശിലകൾ. ആ ചെറിയ നാട്ടിൻ‌പുറപ്പട്ടണത്തിൽ ജനിച്ചു ജീവിച്ചു മരിച്ച മനുഷ്യർ. അവർക്കൊപ്പം ഏകാകിയായി ഞാൻ. അവ്യക്തമായ ഒരു മറുലോകത്തിന്റെ സാമീപ്യത്തിൽ ഒന്നു പതറി. വെള്ളച്ചുവരുകൾ കടന്ന് തിരിച്ചിറങ്ങി.

സെനോബിയ

സെനോബിയ

കല്ലറകൾ നോക്കിനോക്കിപ്പോകുമ്പോൾ അൽ‌പ്പം അകന്നുമാറി ഒരിടത്ത് അതാ, സെനോബിയ എന്ന പേര്. Zenobia Camprubi Aymar,ജനനം:31 August 1887, മരണം:25 October 1956. അടുത്തുചെന്നു.  സെനോബിയയുടെ കല്ലറയോട്  ചേർന്ന് കവിയുടെ കല്ലറ.  Juan Ramon Jimenez,  ജനനം: 23 ഡിസംബർ 1881, മരണം: 29 മെയ് 1958.  കവിക്ക് നൊബേൽ സമ്മാനം കിട്ടുന്നത് 1956ലാണ്, “ആത്മീയതയുടെയും കലാനിർമലതയുടെയും ദൃഷ്ടാന്തമായി  ലോകത്തെ പ്രചോദിപ്പിച്ചതിന് ”. കവിക്കതിൽ ആനന്ദിക്കാൻ കഴിഞ്ഞില്ല. സമ്മാനപ്രഖ്യാപനം കഴിഞ്ഞ് മൂന്നു ദിവസത്തിൽ, ക്യാൻ‌സർ ബാധിതയായിരുന്ന ഭാര്യ സെനോബിയ മരിച്ചുപോയി. ആ മരണം കവിയെ തകർത്തുകളഞ്ഞു. നാല്പതുകൊല്ലം ഒന്നിച്ചു ജീവിക്കുക മാത്രമായിരുന്നില്ല, അവർ. സെനോബിയ കവിയുടെ നിത്യസഹചാരിയായിരുന്നു. എഴുത്തിലും ജീവിതത്തിലും കവിയെ പൂർണമായും പുണർന്ന, എല്ലാറ്റിനും ഒപ്പമുണ്ടായ പങ്കാളി. കവിയും പരിഭാഷകയുമായിരുന്നു സെനോബിയ. ജീവിതത്തിലുടനീളം അവർ കവിയോടു പറഞ്ഞു: നിങ്ങൾ എഴുതുക മാത്രം ചെയ്യൂ. എഴുതുക മാത്രം. കവി എഴുതി. എഴുതിക്കൊണ്ടേയിരുന്നു. സെനോബിയ ഇല്ലാതെ കവിക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല. ഒന്നരവർഷം കൂടി വിധുരനായി ജീവിച്ച് കവിയും മരിച്ചു. രണ്ടുപേരുടെയും ശവകുടീരങ്ങൾ അടുത്തടുത്ത് ഇതാ എനിക്കു മുന്നിൽ.

ആ ശവകുടീരങ്ങളിലേക്കുറ്റുനോക്കി ഞാനങ്ങനെ നിന്നുപോയി. എന്റെ ആ നിൽപ്പുതന്നെ അവിശ്വസനീയമായിരുന്നു. ജീവിച്ചിരുന്നെങ്കിൽ നൂറ്റിമുപ്പത്തിയാറ് വയസ്സുണ്ടാകുമായിരുന്ന ഒരു കവി. എനിക്കറിയാത്ത ഭാഷയിൽ എനിക്കറിയാത്ത ലോകത്തിന്റെ ഒരു മൂലയിൽ പുലർന്നവൻ. കവിതയുടെ വിളിയിൽ ഞാൻ തിരഞ്ഞുവന്ന് ആരും വഴികാണിക്കാതെ ആ കല്ലറയുടെ മുമ്പിൽ ഈ ത്രിസന്ധ്യയിൽ ഒറ്റയ്ക്ക് വന്നു നിൽക്കുകയാണ്.  കല്ലറയോടു ചേർന്ന ചെടികൾ അനക്കമറ്റു നിൽക്കുന്നു. അവയിലെ പൂക്കൾ ധ്യാനത്തിൽ നിന്നുണർന്നെന്നവണ്ണം മെല്ലെ ഇമകളനക്കി. വിഷാദത്തിന്റെ തണുത്ത പുതപ്പ്  മെല്ലെമെല്ലെ ആ കല്ലറകളെയും അതിനുള്ളിലുറങ്ങുന്നവരെയും എന്നെയും പൊതിഞ്ഞു മൂടിപ്പരന്നു.
... അസ്തമയം, ചെന്നീലനിറത്തിൽ, സ്ഫടികവെളിച്ചക്കീറുകളാൽ മുറിവേറ്റ്, എല്ലാടവും ചോരയൊലിപ്പിച്ച്... അതിന്റെ പ്രഭയിൽ പച്ചപ്പൈൻ‌മരത്തോട്ടം ചെറുചോപ്പായിമാറുന്നു; തെളിവാർന്ന് തിളങ്ങുന്ന കുറ്റിച്ചെടികളും കുഞ്ഞിപ്പൂക്കളും ഈ സ്വച്ഛമുഹൂർത്തത്തെ തുളഞ്ഞു മിനുങ്ങുന്ന ഈറൻ‌ സുഗന്ധത്താൽ പൂരിതമാക്കുന്നു.
സെനോബിയയുടെ ശവകുടീരം

സെനോബിയയുടെ ശവകുടീരം


സാന്ധ്യശോഭയിൽ ഞാൻ പരമാനന്ദത്തിലാണ്ടു. പ്ലാറ്ററൊ, അന്തിവെട്ടത്തരികൾ വീണ കറുത്ത കണ്ണുകളോടെ, രക്തനിറത്തിൽ, പാടലത്തിൽ, വയലറ്റിൽ നിറഞ്ഞുകിടക്കുന്ന ജലാശയത്തിലേക്ക് സൗമ്യനായി നടക്കുന്നു; അവൻ തൊടുന്നേരം ഒഴുകാൻ തുടങ്ങുന്നുവെന്ന് തോന്നിക്കുന്ന കണ്ണാടികളിലേക്ക് മെല്ലെ മുഖം താഴ്ത്തുന്നു; അവന്റെ ആ വലിയ കണ്ഠനാളത്തിലൂടെ ഇരുണ്ട ചോരച്ച ജലം കുടുകുടാ ഒഴുകിയിറങ്ങുന്നു.

പരിചിതമായ ഇടം, പക്ഷെ ഈ മുഹൂർത്തം അതിനെ ആകെ തകിടം മറിക്കുന്നു, ഇടിഞ്ഞുപൊളിഞ്ഞ ഏതോ അപരിചിതമായ കൊട്ടാരം പോലെയാക്കുന്നു. ഓരോ നിമിഷവും വിജനമായ ഏതോ ഒരു പുരാതനസ്മാരകം കണ്ടെത്താൻ പോകുന്നുവെന്നപോലെ... അന്തി സ്വയം കവിഞ്ഞ് നീളുകയാണ്, അപാരതയുടെ സ്പർശമേറ്റ ഈ വേള, അറ്റമില്ലാതെ, ശാന്തമായി, അളവറ്റ്. . .

 “പോകാം, പ്ലാറ്ററൊ” .

(ദേശാഭിമാനി ഓണം വിശേഷാൽപ്രതിയിൽ നിന്ന്‌)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top