01 June Thursday

ബുദ്ധ സ്മരണകളുടെ ധ്യാനലീനങ്ങളിൽ...

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

1025മുതൽ1235വരെ, 210 വർഷംജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു തിബറ്റൻ സന്യാസിയുടെ വസ്ത്രംധരിച്ച ജറ്റ്സൺമേലാ രസ്പ,ഗെലൂപസ്കൂളിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ ജറ്റ്്സൺ സോങ്പ എന്നിവരുടെപ്രതിമ അടുത്തടുത്ത് സ്ഥാപിച്ചിട്ടുണ്ട്.1357ൽ ജനിച്ച് 1419ൽ നിർവാണം പ്രാപിച്ച സോങ്പയ്ക്ക് ബുദ്ധിസ്റ്റ് വ്യാഖ്യാതാവ് എന്നവിശേഷണമുണ്ടായിരുന്നു.പ്രതിമകളിൽ അടുത്തത് ഷെൻ ഷെൻ ബോധിസത്വയുടേതാണ്. പിന്നെ തിബറ്റൻ ബുദ്ധിസത്തിന്റെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന പത്മസംഭവയുടെ അവതാര സങ്കൽപ്പമായ ലോപോൺ റിംപോച്ചെ.

ഞങ്ങൾ താമസിക്കുന്ന മൂൺവാലി റസ്റ്റോറന്റ് എന്ന് പേരുള്ള ഹോംസ്റ്റേയിൽ നിന്ന് പുറത്തിറങ്ങി നടന്നു. തവാങ് നഗരത്തിൽ തന്നെയാണ് ബുദ്ധ പാർക്ക്. തീരെ ചെറുതല്ലാത്ത രണ്ടു കുന്നുകൾ നടന്നുകയറണം. സബ് പോസ്റ്റോഫീസിനു മുന്നിലൂടെയുള്ള വഴികടന്ന് കുന്നിലേക്ക് കയറാം. തവാങ്ങിന്റെ ഹൃദയഭാഗത്താണ് നെഹ്റു മാർക്കറ്റ്. അതിനുള്ളിലൂടെ ചെറിയൊരു വഴിയുമുണ്ട്. വഴിയുടെ പകുതി പിന്നിടുമ്പോൾത്തന്നെ അകലെ  തണുത്ത കാറ്റ് വീശിയടിക്കുന്നതിനാൽ കുന്നുകയറ്റത്തിന്റെ ക്ഷീണം കാര്യമായില്ല. വഴിയുടെ ഇരുവശവും ചുവരുകളിൽ ബുദ്ധചിത്രങ്ങളും സൂക്തങ്ങളുമുണ്ട്. തവാങ് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ വഴിക്കിടയിലാണ്. പുലർച്ചെതന്നെ ഓഫീസ് തുറന്നു വെച്ചിട്ടുണ്ട്,  ഒരു ജീവനക്കാരനുമുണ്ട്.  സവിശേഷതകൾ വിവരിക്കാൻ അയാൾ തിടുക്കംകാട്ടി. നഗരത്തിലെ പ്രധാന താമസയിടം കൂടിയാണിത്. റോഡിന് ഇരുവശവും വീടുകളും ഫ്ളാറ്റുകളും നിരവധിയുണ്ട്. പിഡബ്ല്യുഡി കോളനി എന്നാണ് ഇവിടം അറിയപ്പെടുന്നത്. സർക്കാർ മിഡിൽ സ്‌കൂളും ഇവിടെയാണ്. തവാങ് മോൻപ എംപ്ലോയീസ് സൊസൈറ്റി സ്ഥാപിച്ച മോൻപ ഗ്രാമീണന്റെ പ്രതിമ വഴിക്കുനടുവിലുണ്ട്.  കുന്നുകയറുന്തോറും മനംമയക്കുന്ന കാഴ്ചകൾ. വീടുകളുടെ മട്ടുപ്പാവിൽ ചിരിച്ചു നിൽക്കുന്ന പല വർണപ്പൂക്കൾ. അങ്ങകലെ, കുന്നുകൾക്കകലെ തവാങ് മൊണാസ്ട്രി. ബുദ്ധാവതാരങ്ങൾ നിറഞ്ഞുനിൽക്കുന്ന ബോധി സ്തൂപം വഴിയിലൊരിടത്ത് സ്ഥാപിച്ചിട്ടുണ്ട്. റിംപോച്ചെയായ ടെൻസിങ്‌ ജംപേൽ വാങ്‌ചുവിന്റെ സ്മരണയ്ക്കായി 2014 നിർമ്മിച്ചതാണിത്. ബുദ്ധന്റെ അവ്താർസംഖ് സൂത്രയിൽ പ്രവചിക്കപ്പെട്ടയാളത്രെ വാങ്‌ചുക്.

 മൊണാസ്‌ട്രിക്കുള്ളിൽ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ

മൊണാസ്‌ട്രിക്കുള്ളിൽ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ


   കിഴക്ക് ദർശനമുള്ള സഹായ സ്തൂപങ്ങളും ചുറ്റും പ്രാർഥനാ ചക്രങ്ങളും ഉറപ്പിച്ച ചെറിയൊരു പ്രദേശത്തിനു മുകളിലാണ് ബുദ്ധപാർക്ക്. പുലർച്ചെതന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ  അതിനുചുറ്റും  പ്രാർഥനയിലാണ്. സ്തൂപ സമുച്ചയത്തിൽ ബുദ്ധനുചുറ്റും ഇരിക്കുന്ന ശിഷ്യഗണങ്ങളുടെ പ്രതിമയാണ്. ഓരോ ശിഷ്യന്റെയും പേരുവിവരം തൊട്ടടുത്തുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആനന്ദനും അവലോകിതേശ്വരനുമെല്ലാം കൂട്ടത്തിലുണ്ട്. കൂറ്റൻ ബുദ്ധപ്രതിമ നിർമ്മിച്ചിരിക്കുന്നത് ഒരു മന്ദിരത്തിനു മുകളിലാണ്.  ചൂണ്ടുവിരൽ മാത്രം ഉയർത്തി, മറുകൈയിൽ ഭിക്ഷാപാത്രവുമായി കണ്ണുതുറന്ന് മന്ദഹസിക്കുന്ന ബുദ്ധൻ. ആടയാഭരണങ്ങൾ ഒന്നുമില്ലാതെ അർധനഗ്നൻ. വ്യാളീരൂപങ്ങൾ നാലുവശവും താങ്ങിനിർത്തിയ മന്ദിരത്തിനു മീതെയാണ് ബുദ്ധന്റെ ഇരിപ്പ്. അതിനുചുവട്ടിലെ പടിക്കെട്ടുകൾ കയറി ഉള്ളിലെത്തുമ്പോൾ ചെറിയൊരു ബുദ്ധക്ഷേത്രം. അതിനുമീതെയാണ് ഉല്ലാസ ബുദ്ധൻ. 2016 ജൂൺ 20ന് പത്മശ്രീ തെഗ്സെ റിംപോചെയാണ് ഈ മന്ദിരം നാടിന് സമർപ്പിച്ചത്.

ക്ഷേത്രത്തിനുള്ളിലെ ചുവരിൽ ചിത്രങ്ങളായും കൊത്തുപണികളായും ബുദ്ധചരിത്രമാകെയുണ്ട്. ബോധിസത്വരൂപമാണ് പ്രധാന കാഴ്ച. ശിഷ്യന്മാരാൽ ചുറ്റപ്പെട്ടാണ് ബോധിസത്വ ബുദ്ധന്റെ ഇരിപ്പ്, കർണമുദ്ര കാട്ടിയാണ്. തെറ്റുകൾ ചെയ്യുന്നവരെയും പിശാചുക്കളെയും നിയന്ത്രിച്ചുനിർത്താൻ കഴിയുന്നതാണത്രേ കർണമുദ്ര. ബുദ്ധവിചാരമനുസരിച്ച്,  മിഴിവാർന്ന ചിന്തകളിലേക്ക് മനസ്സിനെ കൊണ്ടുപോകാനുള്ള അടയാളം കൂടിയാണ് നാടിനെയാകെ നിയന്ത്രിക്കുന്ന കൈമുദ്ര. 1025 മുതൽ 1235 വരെ, 210 വർഷം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു തിബറ്റൻ സന്യാസിയുടെ വസ്ത്രം ധരിച്ച ജറ്റ്്സൺ മേലാ രസ്പ, ഗെലൂപ സ്കൂളിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ ജറ്റ്്സൺ സോങ്പ എന്നിവരുടെ പ്രതിമ അടുത്തടുത്ത് സ്ഥാപിച്ചിട്ടുണ്ട്. 1357ൽ ജനിച്ച് 1419ൽ നിർവാണം പ്രാപിച്ച സോങ്പയ്ക്ക് ബുദ്ധിസ്റ്റ് വ്യാഖ്യാതാവ് എന്ന വിശേഷണമുണ്ടായിരുന്നു. പ്രതിമകളിൽ അടുത്തത് ഷെൻ ഷെൻ ബോധിസത്വയുടേതാണ്. പിന്നെ തിബറ്റൻ ബുദ്ധിസത്തിന്റെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന  പത്മസംഭവയുടെ അവതാര സങ്കൽപ്പമായ ലോപോൺ റിംപോച്ചെ. തൊട്ടടുത്ത്  അദ്ദേഹത്തിന്റെ സമകാലികനും തിബറ്റ് ഭരണാധികാരിയുമായിരുന്ന ത്രിസോങ് ടെറ്റ്്സൺ.

തവാങ് മൊണാസ്‌ട്രിയുടെ പ്രധാന കവാടം

തവാങ് മൊണാസ്‌ട്രിയുടെ പ്രധാന കവാടം


  അനർഗളമായ ബുദ്ധജീവിതത്തിന് അടയാളമിടുന്ന അമിതായുസ്സും അവലോകിതേശ്വര ബുദ്ധന്റെ പകർപ്പായ വെളുത്തതാരയും നേർത്ത ഇരുട്ടിൽ തിളങ്ങിനിൽക്കുന്നു. എല്ലാ പ്രഭാതവും തവാങ്ങിന് സമ്മാനിക്കുന്ന തിളക്കമുള്ള കാഴ്ചയാണ് ഈ കൂറ്റൻ ബുദ്ധപ്രതിമ. ബുദ്ധചരിത്രത്തിന്റെ എല്ലാമെല്ലാം സാധാരണക്കാരനുപോലും മനസ്സിലാകുംവിധം ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ബുദ്ധപ്രതിമ.  അതുവരെ ക്ഷേത്രത്തിനുള്ളിൽ നടന്നുവന്ന പ്രഭാത പ്രാർഥന അവസാനിച്ചു. മന്ദിരത്തിനുള്ളിൽനിന്ന് കുന്തിരിക്കത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും മണവും  തീർഥവും വാതിലിനു പുറത്തേക്ക് ഒഴുകിവരുന്നു. രണ്ടു സ്ത്രീകൾ കവാടം അടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനിയും കൂടുതൽ സമയം അതിനുള്ളിൽതങ്ങാനാവില്ലെന്ന് അവർ പറഞ്ഞു.

 തവാങ് പട്ടണത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ തവാങ് മൊണാസ്ട്രിയിലേക്ക്. ഏറിയാൽ ഒന്നരമണിക്കൂർ നടക്കണം. ഊടുവഴികളുമുണ്ട്.  എന്നാലും ഒരു ടാക്സിയിൽ അവിടെ എത്താനായിരുന്നു തീരുമാനം. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം കാണാനുള്ള വ്യഗ്രതയായിരുന്നു അതിന് പ്രധാന കാരണം. ഇന്ത്യയിലെ ഏറ്റവും വലുത് എന്നതിനൊപ്പം ലോകത്തിലെ രണ്ടാമത്തേത് എന്ന ബഹുമതിയും തവാങ്ങിനുണ്ട്.
 
തവാങ്പുഴയുടെ ലാളനമേൽക്കുന്ന താഴ്വരകൾക്കും കുന്നുകൾക്കുമിടയിൽ സസ്യാഭമായ സ്വർഗം.  തിബത്തൻ ഭാഷയിൽ ഗേദൻ നംങ്യാൽ ലാസെ എന്നാണ് തവാങ് മൊണാസ്ട്രി അറിയപ്പെടുന്നത്. തെളിഞ്ഞ രാത്രിയിലെ ദിവ്യമായ സ്വർഗം എന്നൊക്കെ ഭാഷാന്തരം നൽകാം. മഹായാന ബുദ്ധിസത്തിന്റെ സർവജ്ഞപീഠമാണ് തവാങ്. ഗെലൂഗ് ശാഖയുടെ സർവകലാശാല. ത‐എന്നാൽ കുതിര എന്നർഥ. വാങ്‐തെരഞ്ഞെടുത്തത് എന്നും. കുതിര തെരഞ്ഞെടുത്ത സ്ഥലമെന്നാണ് തവാങ് എന്ന വാക്കിനർഥം. ഇതുമായി ബന്ധപ്പെട്ട് നിരവധി  കഥകൾ ഓരോ കാലത്തിനും അനുസരിച്ച് രൂപപ്പെട്ടിട്ടുണ്ട്. അഞ്ചാം ദലൈലാമയുടെ നിർദേശമനുസരിച്ച് പുതിയൊരു മൊണാസ്ട്രി സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ചതാണ് മേരാ ലാമ ലോദ്രേ ഗീസ്തോ. കുതിരപ്പുറത്ത് കുന്നുകളായ കുന്നുകളും താഴ്വരകളും കയറിയിറങ്ങിയിട്ടും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല. പരിക്ഷീണനായ മേരാ ലാമ തൊട്ടടുത്തുകണ്ട ഒരു ഗുഹയിൽ കയറി ഇത്തിരിനേരം ധ്യാനത്തിലേർപ്പെട്ടു. ഇതിനിടെ ഒരു കുന്നിൻതലപ്പ്  മനസ്സിലൂടെ മിന്നിമറഞ്ഞു. എന്തായാലും മനസ്സിൽ തോന്നിച്ച സ്ഥലം കണ്ടെത്താമെന്നുറച്ച് അദ്ദേഹം ഗുഹയ്ക്ക് പുറത്തിറങ്ങി. അതുവരെ തനിക്കൊപ്പമുണ്ടായിരുന്ന കുതിരയെ കാണാനില്ലെന്ന് അപ്പോഴാണ്  ബോധ്യപ്പെട്ടത്. തിരിച്ചിറങ്ങാൻ കാൽനട തന്നെയാകും ശരണമെന്ന് ഉറപ്പാക്കിയെങ്കിലും, കുതിരയെ തെരയാതെ മടങ്ങാൻ മനസ്സ് അനുവദിച്ചില്ല.  തേടിത്തേടി എത്തുമ്പോൾ ഒരു കുന്നിൻമുകളിൽ കുതിര നിൽക്കുന്നു. താന മന്ദേഖങ് എന്ന് ഗ്രാമീണർ വിളിക്കുന്ന ആ കുന്നിൻപ്രദേശം, കാല വാങ്പോ രാജാവിന്റെ പുരാതന കൊട്ടാരം സ്ഥിതി ചെയ്ത ഇടം കൂടിയായിരുന്നു.  കുതിര കണ്ടെത്തിയ സുന്ദരഭൂമിയായതിനാൽ അവിടെ ബുദ്ധാശ്രമം സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. 1681ൽ തവാങ്ങിൽ െമാണാസ്ട്രി  ഉയർന്നു.

ലാസയിലെ രാജകുമാരന് ഒരു വെളുത്ത കുതിര ഉണ്ടായിരുന്നു. കുന്നുകളിൽ നിന്ന് കുന്നുകളിലേക്ക് പറക്കാനും താഴ്വരകളുടെ മുഗ്ധ സുഗന്ധം നുകരാനും എപ്പോഴും കുമാരന് ഒപ്പമുണ്ടായിരുന്നു കുതിര. ഒരുനാൾ കുതിരയെ കാണാതായി. തെരഞ്ഞു ചെല്ലുമ്പോൾ മോൻപകളുടെ ജീവിത ഇടങ്ങൾക്കരികിലെ ഒരു കുന്നിൽ അതിനെ കണ്ടെത്തി. ദിവ്യശക്തിയുള്ള കുതിരയെ കണ്ടെത്തിയ സ്ഥലം പിൽക്കാലത്ത് ആരാധന കേന്ദ്രമായി. അതാണത്രേ തവാങ്. ഇനിയുമുണ്ട് കഥ.

ഇളകിപ്പറിഞ്ഞ സീറ്റുള്ള ഒരു മാരുതി വാനിലാണ് ഞങ്ങൾ തവാങ് മൊണാസ്ട്രിയിലേക്കുള്ള കുന്ന് കയറിയത്.  പിന്നിൽ ഒരു നിര സീറ്റ് മാത്രമേയുള്ളൂ. അതിനും മുൻസീറ്റിനുമിടയിൽ തറയിൽ ഇരുന്നാണ് ഗ്രാമീണർ യാത്രചെയ്യുന്നത്. പരമാവധി ആൾക്കാരെയും സാധനങ്ങളുമെല്ലാം കുത്തിനിറച്ചു പോകുന്ന ടാക്സികാറുകളാണിവ. കിട്ടിയ സ്ഥലത്ത് ഒരു പരുവത്തിൽ ഇരുന്ന് ഞങ്ങൾ കുന്നുകളിൽ നിന്ന് കുന്നുകളിലെ കടന്നു. 

ഹിന്ദുദൈവമായ കാളിയുമായി ബന്ധപ്പെട്ടതാണത്. മനുഷ്യക്കുരുതി മാത്രം ഇഷ്ടപ്പെട്ടിരുന്ന ശ്രീലങ്കൻ രാജാവിന് ഒപ്പമായിരുന്നു കാളി. കുരുതിയിൽ മനംനൊന്ത് ഒരുനാൾ കോവർകഴുതയുടെ പുറത്തേറി കാളി അവിടെനിന്ന് സ്ഥലംവിട്ടു.  പിന്തുടർന്ന രാജാവ് കാളിക്കുനേരേ അമ്പുതിർത്തു. എന്നാൽ കോവർ കഴുതയുടെ പിന്നിലാണ് അമ്പ് തറച്ചത്. അമ്പുതറച്ചുണ്ടായ വലിയ വിടവിലൂടെ ബുദ്ധനെയും അദ്ദേഹത്തിന്റെ അവതാര സവിശേഷതകളെയും കാണാനായി. അവിടെ, കോവർകഴുത നിന്നയിടത്ത് സ്ഥാപിച്ചതാണ് തവാങ് മൊണാസ്‌ട്രി.

 മൊണാസ്‌ട്രിയിലേക്കുള്ള ഇടനാഴി

മൊണാസ്‌ട്രിയിലേക്കുള്ള ഇടനാഴി


   ഇളകിപ്പറിഞ്ഞ സീറ്റുള്ള ഒരു മാരുതി വാനിലാണ് ഞങ്ങൾ തവാങ് മൊണാസ്ട്രിയിലേക്കുള്ള കുന്നുകയറിയത്.  പിന്നിൽ ഒരു നിര സീറ്റ് മാത്രമേയുള്ളൂ. അതിനും മുൻസീറ്റിനുമിടയിൽ തറയിൽ ഇരുന്നാണ് ഗ്രാമീണർ യാത്രചെയ്യുന്നത്. പരമാവധി ആൾക്കാരെയും സാധനങ്ങളുമെല്ലാം കുത്തിനിറച്ചു പോകുന്ന ടാക്സികാറുകളാണിവ. കിട്ടിയ സ്ഥലത്ത് ഒരു പരുവത്തിൽ ഇരുന്ന് ഞങ്ങൾ കുന്നുകളിൽ നിന്ന് കുന്നുകളിലെ കടന്നു. ഉത്സവ ഛായയാണ് കുന്നുകൾക്ക്. താഴ്വരയിലേക്ക് നീണ്ടുപോകുന്ന കാട്. കൂറ്റൻ വർണക്കൊടികൾ മലഞ്ചെരിവിൽ ഉയർത്തിയിട്ടുണ്ട്. അവയ്ക്കിടയിൽ താഴ്വരയിൽനിന്ന്  താഴ്വരകളിലേക്ക് പറന്നുല്ലസിക്കുന്ന തോരണങ്ങൾ.

ജനനം, മരണം പോലുള്ളവയുടെ അറിയിപ്പും വിശ്വാസ നേർച്ചയുമാണ് കൂറ്റൻ കൊടികൾ. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ സൂചകമായും വർണക്കൊടികൾ സ്ഥാപിക്കാറുണ്ട്. അവയിൽ രേഖപ്പെടുത്തിയിട്ടുള്ള സൂക്തങ്ങൾ കാറ്റിനൊപ്പം പറന്ന് എല്ലായിടവും വ്യാപിക്കുമെന്നാണ് വിശ്വാസം. കാവുകൾ നിറഞ്ഞ ഒരു കവലയിൽ വാഹനം നിർത്തി,ഞങ്ങളെ ഇറക്കി ഡ്രൈവർ മടങ്ങി. മരങ്ങൾക്കിടയിൽ ഒരു പൗരാണിക മന്ദിരത്തിന്റെ എടുപ്പുകൾ ഉയർന്നുകാണാം. തവാങ് മൊണാസ്ട്രി യുടെ കവാടമാണെന്ന് ആദ്യനോട്ടത്തിൽത്തന്നെ വ്യക്തം. തൊട്ടുമുന്നിൽ ഒരു കൂറ്റൻ പ്രാർഥനാചക്രം. അത് ഉറപ്പിച്ചിരിക്കുന്ന ചെറിയ മന്ദിരത്തിന് പൗരാണിക മണം. തൊട്ടരികിൽ തൊടിയും മൃഗങ്ങളും പക്ഷികളും എല്ലാം കൊത്തിവച്ച പഗോഡ. താഴ്വര നോക്കി പറക്കുന്ന കാറ്റിൽ ഇളകുന്ന പ്രാർഥനാചക്രത്തിന്റെ മുഴക്കം. സഞ്ചാരികളായി എത്തുന്ന ഭൂരിഭാഗംപേരും ചക്രം വലംവച്ച് മണിപത്മേ മന്ത്രമുരുവിട്ടാണ് ഉള്ളിലേക്കുള്ള ഇടനാഴിയിൽ പ്രവേശിക്കുന്നത്.
  നമ്മൾ കടക്കുന്നത് ചെറിയൊരു മന്ദിരത്തിലേക്കാണ്. ഇരുനില മാളിക. മുകളിലത്തെ നിലയ്ക്ക് ജനാലകളും കൊത്തുപണികളുമൊക്കെയുണ്ട്. അതിന്റെ ചുവട്ടിലൂടെയാണ് മുന്നിലേക്കുള്ള വഴി. ആർച്ച് പോലെ രൂപപ്പെടുത്തിയ ഉപമുറി കടക്കുമ്പോൾ പ്രധാനകവാടമായി. മൂന്നു നിലയുള്ള കൂറ്റൻ കെട്ടിടം മുന്നിലുണ്ട്. സംസ്കാര പഠനകേന്ദ്രം തവാങ് മൊണാസ്‌ട്രി എന്നാണതിന്റെ പേര്.  മൂന്നാം നിലയിൽ വിശാലമായ ലൈബ്രറി ഉണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും താഴത്തെ നില ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. വിവിധ ഭക്ഷ്യവസ്തുക്കളും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങൾ ഉൾപ്പെടെ വാങ്ങാൻ കിട്ടും. പുറത്തുള്ളവരെക്കാൾ ബുദ്ധക്കുട്ടികളാണ് പ്രധാന ഉപയോക്താക്കൾ. നോട്ട്‌ബുക്കും പെൻസിലും റബറുമൊക്കെ വാങ്ങുന്ന തിരക്കിലാണ് കുറെ കുട്ടികൾ. നെറുകയിൽ തൊട്ടുതലോടാൻ തോന്നിപ്പിക്കുന്ന മൊട്ടത്തലയന്മാർ. പാതിതുറന്ന കണ്ണുകളിൽ ഉജ്വലമായ പ്രകാശധാര ഒളിപ്പിക്കുന്നവർ. ശരീരമാകെ മൂടിയ ചുവന്ന തുണിക്കുള്ളിൽ ബ്രഹ്മത്തെ അടക്കിനിർത്തുന്നവർ. ചിലർ ഞങ്ങളെ നോക്കി ചിരിച്ചു. ചിലർ കണ്ടഭാവം ഇല്ലാതെ ബിസ്ക്കറ്റ് കടിച്ച്,  സിപ്പപ്‌ നുണഞ്ഞ് നടന്നു. ഇത്തിരി കഴിഞ്ഞപ്പോൾ ആടയാഭരണ വിഭൂഷിതനായ മധ്യവയസ്കൻ,  കണ്ടാൽ മൊണാസ്ട്രിയിലെ പ്രമാണിയെന്ന തോന്നിക്കുന്നയാൾ പുറത്തേക്കുവന്നു. അതുവരെ സ്വകാര്യതയിൽ മുഴുകിയിരുന്ന ബുദ്ധക്കുട്ടികൾ ആട്ടിൻപറ്റത്തെപ്പോലെ ഒതുങ്ങി.  പിന്നെ അയാൾ കണ്ണുകാണിച്ച ഭാഗത്തേക്ക് നിശബ്ദമായി നടന്നുമറഞ്ഞു.

മൊണാസ്‌ട്രിക്കുള്ളിലെ ബുദ്ധപ്രതിമ.  പതിനാലാം ദലൈലാമയാണ്‌ ഇത്‌ അനാച്ഛാാനം ചെയ്‌തത്‌

മൊണാസ്‌ട്രിക്കുള്ളിലെ ബുദ്ധപ്രതിമ. പതിനാലാം ദലൈലാമയാണ്‌ ഇത്‌ അനാച്ഛാാനം ചെയ്‌തത്‌


   എവിടെ തിരിഞ്ഞാലും ബുദ്ധനാണ്; തൂണിലും തുരുമ്പിലും. എല്ലാവരും പ്രാർഥനാലീനരാണ്. പടിക്കെട്ടുകളിലും കല്ലുപാകിയ തറയിലും വിശ്രമിക്കുന്നവരുടെ വലതുകൈയിൽ കണ്ണാടി മാലകളുണ്ട്. അതിലെ ഓരോ മുത്തുമണിയും ഉരുവിട്ട് എണ്ണുകയാണ് അവർ. ചെറിയ വഴിയിലൂടെ മുന്നിലെത്തുമ്പോൾ ഇടുങ്ങിയ പടിക്കെട്ട്. അത് കയറിയെത്തുന്നത് വിശാലമായ കോൺക്രീറ്റ് വഴിയിലാണ്. ലൈബ്രറിക്ക് മുന്നിലേക്കുള്ള വഴി. എല്ലാം അംശത്തിലും ബുദ്ധിസ്റ്റ് കരകൗശലത്തികവ്. ജനാലപ്പടികളും തൂവാനയും എല്ലാം തികഞ്ഞ പൗരാണിക ആശ്രമ നിയമമനുസരിച്ചുള്ള നിർമിതി.  ബുദ്ധിസ്റ്റ് വാസ്തുശില്പകലയുടെ ഇന്ത്യയുടെ ആസ്ഥാനമാണ് തവാങ്. കോട്ടയുടെ രീതിയിൽ നിർമിച്ചിട്ടുള്ള മൊണാസ്ട്രി സ്ഥിതിചെയ്യുന്നത് 10000 അടി ഉയരത്തിലാണ്. പുറത്തെ മതിൽക്കെട്ടിനുതന്നെ 925 അടി ഉയരമുണ്ട്. വിശാലമായ പ്രാർഥനാ മന്ദിരവും 65ലേറെ വലുതും ചെറുതുമായ മന്ദിരസമുച്ചയവുമാണ് ഇവിടെ ഉള്ളത്.  450 പേരെ ഒരേ സമയം ഉൾക്കൊള്ളാനാകും. താങ്ക ചിത്രകലയും ബുദ്ധിസ്റ്റ് അടയാളങ്ങളും തുന്നിയ തിളങ്ങുന്ന അളകങ്ങൾ കാഴ്ചയിൽ അനുഭൂതി ഉണർത്തും. 18 അടി ഉയരമുള്ള ബുദ്ധചിത്രമാണ് അത്യാകർഷകം. അഞ്ചാം ദലൈലാമ സമ്മാനിച്ചതാണിത്.  ഇടതുവശത്ത് ആശുപത്രിയാണ്. അത്യാധുനിക സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും മോൻപ വർഗത്തിന്റെ പാരമ്പര്യ ചികിത്സയ്ക്ക് പേരുകേട്ട ഇടമാണിത്. മേരാ ലാമ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നാണ് അതിന്റെ പേര്. നൂറുകണക്കിന് ചെരാതുകൾ നിറഞ്ഞുകത്തുന്ന ചെറിയൊരു പ്രാർഥനാലയം സമീപമുണ്ട്. ചോർട്ടൻ(ഓർമ്മസ്തൂപം) മാതൃകയിൽ പണികഴിപ്പിച്ച അതിനുള്ളിൽ 14‐ാം ദലൈലാമയുടെയും മറ്റ് ലാമാരുടെയും ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നിറങ്ങളുടെ സമ്മേളനമാണ് ചുവരുകളിൽ. എല്ലാം കടുംനിറങ്ങൾ. നീലയും കറുപ്പും ചുവപ്പും സ്വർണവും എല്ലാം ചേർത്തിട്ടുണ്ട്. യാക്കിന്റെ രോമം കൊമ്പുകൾപോലെ മെടഞ്ഞുണ്ടാക്കിയ  പ്രത്യേകതരം തൊപ്പിധരിച്ചയാളാണ് അതിനുള്ളിലെ പരിചാരകൻ. നൂറിൽ കുറയാത്ത പ്രായം വരും. എന്തു ചോദിച്ചിട്ടും മറുപടി നൽകാതെ ചിരിക്കുന്നയാൾ. ക്യാമറ ഫ്ളാഷിൽ മുഖം പൊത്തി അകത്തേക്ക് നോക്കി നിന്നു.

പടിക്കെട്ട് കയറിച്ചെല്ലുന്നത് അടുത്ത ഇടനാഴിയിലേക്ക്. ജനാലകൾക്കുപകരം ചെറിയ ദ്വാരങ്ങൾ മാത്രമുള്ള മന്ദിരത്തിലെ ചുവര് കോട്ട പോലെ ഉയർന്നു നിൽക്കുന്നു. ഉണങ്ങിയ വിറകു കഷ്ണങ്ങൾ ധാരാളം അടുക്കിവച്ചിട്ടുണ്ട്. ഈ കെട്ടിടത്തിനുള്ളിലാണ് ലാമമാരും ശിഷ്യന്മാരും എല്ലാം പാർക്കുന്നത്. അഭിമുഖമായി നിൽക്കുന്ന കൂറ്റൻ മൂന്നുനില മന്ദിരമാണ് ബുദ്ധപഠനത്തിന്റെ സർവകലാശാലയായ ബുദ്ധസംസ്കാര പഠനകേന്ദ്രം. കേന്ദ്രത്തിലെ ചുമതലക്കാരനായ ലാമ ഉമ്മറത്ത് ഒരു കസേരയിൽ ഇരിപ്പുണ്ട്. നന്നേ പ്രായം തോന്നുന്ന ബുദ്ധഭിക്ഷു. വിദേശരാജ്യങ്ങളിൽ നിന്നുപോലും ഗവേഷണത്തിനും പഠനത്തിനും നിരവധിപേർ ഇവിടെ എത്തുന്നതായി അദ്ദേഹം പറഞ്ഞു. മഹായാന ബുദ്ധിസത്തിന്റെ പിരിവുകളെക്കുറിച്ച് ഗവേഷണം നടത്തുത്തുന്ന അന്താരാഷ്ട്ര കേന്ദ്രം കൂടിയാണിത്. പഠിതാക്കൾക്കല്ലാതെ മറ്റാർക്കും അതിനുള്ളിൽ പ്രവേശനം നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
  തവാങ്ങിന്റെ തിരുമുറ്റത്തേക്ക് കാലെടുത്തുവച്ചു. വിശാലമായ മുറ്റത്തിന് നാലുവശവും മന്ദിരങ്ങൾ. അകലെ തവാങ് പട്ടണവും കൂറ്റൻ ബുദ്ധപ്രതിമയും കാണാം. നഗര താഴ്വരയിലൂടെ പൊട്ടിത്തെറിച്ച് ഒഴുകുന്ന തവാങ് നദി.  മൊണാസ്ട്രിയുടെ വിശാലമായ മുറ്റത്ത് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന കൂറ്റൻ കൊടിമരം. കൊടിമരത്തോളം ഉയരമുള്ള പതാക ഉഗ്രശബ്ദത്തോടെ പാറിപ്പറക്കുന്നു. അതിനുമുന്നിൽ ആശ്രമ ജീവികളായ നിരവധി പേരുണ്ട്. മുറ്റത്തെ പുൽപ്പായയിൽ റാഗിയും മറ്റു ധാന്യങ്ങളും വെയിൽ കായുന്നു. ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയ പഴയ മൊണാസ്ട്രിയുടെ മട്ടുപ്പാവിൽ പൂവൻകോഴികൾ നിറഞ്ഞുനിൽക്കുന്നു, താഴെ തറയിൽ വിരിച്ചിരിക്കുന്ന ധാന്യമണികൾ ഒന്നുനോക്കുക പോലും ചെയ്യാതെ. 1997 ഒക്ടോബർ 15ന് പതിന്നാലാം ദലൈലാമ പ്രാർഥിച്ച് വിശുദ്ധപ്പെടുത്തിയ പുതിയ പ്രാർഥനാലയം മുന്നിലുണ്ട്. അതിനോട് ചേർന്ന ചുവരുകളിൽ ബുദ്ധ കല്പനകൾ ഇംഗ്ലീഷിലും ടിബറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന തണുത്തകാറ്റിന്  തികച്ചും പൗരാണിക മണം.

മൊണാസ്‌ട്രിയുടെ കവാടത്തിനരികിൽ തദ്ദേശീയരായ സ്‌ത്രീകൾ

മൊണാസ്‌ട്രിയുടെ കവാടത്തിനരികിൽ തദ്ദേശീയരായ സ്‌ത്രീകൾ


  മൊണാസ്ട്രിക്കുള്ളിൽ പഠനം പുരോഗമിക്കുന്നു. അഞ്ചു വയസ്സു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ഭൂരിഭാഗവും. മുഖാമുഖം മൂന്ന് നാലുവരി ആയിട്ടാണ് എല്ലാവരുടെയും ഇരുപ്പ്. മുന്നിൽ സ്വർണം പൂശിയ ബുദ്ധപ്രതിമ. ഇരുണ്ട വെളിച്ചമാണ് മൊണാസ്ട്രിക്കുള്ളിൽ. പ്രാർഥനാഹാളിലാണ് കുട്ടികൾ ഇരിക്കുന്നത്. അജ്ഞാതമായ ഏതോ ലോകത്ത് എത്തിയ പ്രതീതി. ബുദ്ധനുതാഴെ ചെറിയൊരു മേശക്കരികിൽ ഒരാൾ ഇരിപ്പുണ്ട്. ചുറ്റിലും 16 വയസ്സിനു മേൽ പ്രായം തോന്നുന്ന കുറെ കൗമാരക്കാർ. അവരുടെ മുന്നിൽ താളിയോല പോലുള്ള ഗ്രന്ഥങ്ങൾ തുറന്നുവച്ചിട്ടുണ്ട്. അത് നോക്കി ഉച്ചത്തിൽ ജപിക്കുന്നു, ഇടയ്ക്ക് സംഗീതാത്മകമായി മൊഴിയുന്നു. നടുവിൽ ഇരിക്കുന്നയാൾ മുഖ്യശിക്ഷകനാണ്.  അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാണ് എല്ലാം. നാട്ടിൻപുറത്തെ പ്രൈമറി ക്ലാസിലെ ദൃശ്യമാണ് മുന്നിൽ. ചുവന്നവസ്ത്രമെല്ലാം വാരിച്ചുറ്റി ഇരിക്കുന്ന കുഞ്ഞു മൊട്ടത്തലയന്മാർ. പഠന മൊന്നും കാര്യമാക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് മുതിർന്ന കുട്ടികൾ വലിയ ബക്കറ്റ് താങ്ങിപ്പിടിച്ചുവന്ന് കൂരവുപോലുള്ള ഭക്ഷണം വിളമ്പുന്നു. വസ്ത്രത്തിനുള്ളിൽ അതുവരെ ഒളിപ്പിച്ചുവച്ച ചെറിയ പിഞ്ഞാണങ്ങൾ പുറത്തേക്ക് നീട്ടി  കുട്ടികൾ അത് സേവിക്കുന്നുണ്ട്. ഇത്തിരികഴിയുമ്പോൾ വേറെ ഭക്ഷണം വരുന്നു. ഇതൊക്കെ വാങ്ങിക്കഴിച്ച് അടുത്തിരിക്കുന്നവന്റെ വിരൽ പിടിച്ചു വലിക്കുകയാണ് ഒരാൾ. മറ്റൊരുത്തൻ പിന്നിലിരിക്കുന്നവനെ വിരലിട്ടു കുത്തി  ആസ്വദിക്കുന്നു. ചില കുട്ടികൾ ഉറങ്ങി വീഴുന്നുണ്ട്. അവരെ താങ്ങിയിരുത്തുകയാണ് സഹപാഠികൾ. കണ്ടുനിൽക്കാൻ ആകെ രസം.  ആടയാഭരണങ്ങളൊക്കെ ധരിച്ച ഒരാൾ പെട്ടെന്ന് പ്രാർഥനാമന്ദിരത്തിന്റെ വാതിലിൽ പ്രത്യക്ഷപ്പെട്ടു.  അതുവരെ ആടിക്കുഴഞ്ഞിരുന്ന കുട്ടി സന്യാസിമാർ നിശബ്ദരായി. പിന്നെ ഭയപ്പെട്ട പോലെ മൃദുവായി എന്തോ ഉരുവിട്ടു. കുട്ടികൾക്കിടയിലെ ഓരോ വരിക്കിടയിലൂടെയും പ്രധാന ലാമ നടക്കുകയാണ്. പ്രാർഥനാലീനരായിരിക്കുന്ന കുട്ടിക്കുറുമ്പന്മാർ ഒളികണ്ണിട്ട് നോക്കുന്നുണ്ട്. അയാൾ അടുത്ത വരിയിലേക്ക് കടന്നപ്പോൾ പിന്നിട്ട വഴിയിൽ അമർത്തിപ്പിടിച്ച നിശ്വാസങ്ങൾ. പ്രധാനാധ്യാപകനായ ലാമയാണ്‌ വന്നുപോയത്. നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ പഴയപടി. ഭക്ഷണം വരുന്നു, ആർത്തിയോടെ അതിനു പിന്നാലെ കുട്ടികൾ.

പുറത്തേക്ക് ഇറങ്ങിവന്ന ലാമ പ്രാർഥനാഹാളിനുള്ളിൽ ചിത്രം എടുക്കുന്നതിനുള്ള അനുവാദം നൽകി. പിന്നെ വളരെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്. ക്യാമറാക്കണ്ണിലേക്ക് നോക്കി കണ്ണുരുട്ടുകയും വിവിധ ആംഗ്യങ്ങൾ കാട്ടുകയും ചെയ്യുന്ന വിരുതന്മാർ. ചിലർ തൊട്ടടുത്തിരിക്കുന്നവരുടെ മേൽവസ്ത്രം ഉയർത്തിക്കാണിക്കുന്നു.

പുറത്തേക്ക് ഇറങ്ങിവന്ന ലാമ പ്രാർഥനാഹാളിനുള്ളിൽ ചിത്രം എടുക്കുന്നതിനുള്ള അനുവാദം നൽകി. പിന്നെ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്. ക്യാമറാക്കണ്ണിലേക്ക് നോക്കി കണ്ണുരുട്ടുകയും വിവിധ ആംഗ്യങ്ങൾ കാട്ടുകയും ചെയ്യുന്ന വിരുതന്മാർ. ചിലർ തൊട്ടടുത്തിരിക്കുന്നവരുടെ മേൽവസ്ത്രം ഉയർത്തിക്കാണിക്കുന്നു.  അതിനടിയിൽ ഒളിച്ചുവച്ച ഒന്നിലധികം പിഞ്ഞാണങ്ങൾ. കുസൃതിച്ചിരിയോടെ ഞങ്ങളെ നോക്കുന്ന നിഷ്കളങ്കബാല്യം. പൗരോഹിത്യത്തിന്റെ പിന്മുറക്കാർ. ഈ കുഞ്ഞുലാമമാരിൽ ബുദ്ധൻ ഉറങ്ങാതിരിക്കുന്നു. മണിമുഴങ്ങി. ഒരു നിമിഷം എല്ലാം നിശബ്ദം. ഹാളിൽനിന്ന് ഓരോരുത്തരായി തങ്ങളുടെ പാത്രങ്ങളും താങ്ങിപ്പിടിച്ച് പുറത്തേക്കുപോകുന്നു. ഊർന്നുവീഴുന്ന ഉത്തരീയം താടി ചേർത്ത് തോളിൽ ഉറപ്പിച്ചുവയ്‌ക്കാൻ ചിലരുടെപെടാപ്പാട്.

പടിക്കുപുറത്ത് നിരയായി അടുത്ത ക്ലാസിലേക്ക് കുട്ടികൾ എത്തുന്നു. നേരത്തെ പ്രധാന ഗുരുവിനു ചുറ്റും ഒത്തുകൂടിയിരുന്ന മുതിർന്ന ശിഷ്യരിൽ ഒരാൾ ഉച്ചത്തിൽ പ്രാർഥിക്കുന്നു.  അതിനൊപ്പം അധ്യാപകൻ പുതിയ ഗ്രന്ഥം തുറക്കുകയാണ്. കുട്ടികൾ നിറഞ്ഞുകഴിഞ്ഞപ്പോൾ ഒരാൾ 10 രൂപയുടെ ചൂടുമാറാത്ത നോട്ടുകെട്ടുമായെത്തി. ഓരോ വിദ്യാർഥിക്കും അതിൽ ഓരോ നോട്ടുവീതം നൽകി. ഭയഭക്തി ബഹുമാനത്തോടെ കുട്ടികൾ അത് ഏറ്റുവാങ്ങി ഉടുമുണ്ടിന്റെ മുന്തിയിൽ  തിരുകി പ്രാർഥന തുടങ്ങുന്നു. ഗ്രന്ഥങ്ങൾ മുന്നിലേക്ക് നീക്കിവച്ച് കുട്ടികൾ കണ്ണടച്ചു. നേരത്തെ കണ്ടതിനേക്കാൾ മുതിർന്നവരാണിവർ.  വ്യാകരണമാണ് പഠനവിഷയം. ഗുരു മൊഴിയുന്നത് ശ്രദ്ധയോടെ കേട്ട് പകർത്തുന്നതിനിടെ ഭക്ഷണവും ഉണക്കമുന്തിരിയുമൊക്കെ എത്തുന്നു. എല്ലാ ചുവരിലും ബുദ്ധ സൂക്തങ്ങളും ചിത്രങ്ങളും ഇരുണ്ട വെളിച്ചത്തിൽ തിളങ്ങുന്നു. ചിത്രങ്ങൾ മിക്കതും റിംപോച്ചെമാരുടെ വീരകൃത്യങ്ങളാണ്. എല്ലാ മൂലയിലും പ്രാർഥനാചക്രങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. വൃദ്ധയായ ഒരു സ്ത്രീ ഇടയ്ക്കിടെവന്ന് പ്രാർഥനാചക്രങ്ങൾ നേർത്ത തുണികൊണ്ട് തടവി വൃത്തിയാക്കുന്നു.

തവാങ്്‌ മൊണാസ്‌ട്രിയിലെ ബുദ്ധ സർവകലാശാല

തവാങ്്‌ മൊണാസ്‌ട്രിയിലെ ബുദ്ധ സർവകലാശാല


 നടുമുറ്റത്തിനരികിൽ തന്നെയാണ് തവാങ് മൊണാസ്ട്രി മ്യൂസിയം.  തവാങ് ഗേദൻ നംഗ്യൽ ലാത്സെ മൊണാസ്ട്രി മ്യൂസിയം എന്നാണ് പൂർണ പേര്.  2009 നവംബർ 16ന് ദലൈലാമയാണ് ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. മ്യൂസിയത്തിനുപുറത്ത് വൃദ്ധനായ ഒരു സന്യാസി ഇരിപ്പുണ്ട്. 20 രൂപയുടെ ടിക്കറ്റ് നൽകലാണ് അദ്ദേഹത്തിന്റെ പ്രധാന പണി. മ്യൂസിയത്തിനുള്ളിൽ കാര്യങ്ങൾ വിശദീകരിച്ചുതരാൻ പ്രത്യേകിച്ച് ആരുമില്ല. പക്ഷേ, വിശദമായ കുറിപ്പ് എല്ലാത്തിനുമരികിൽ ഉള്ളതിനാൽ അതിന്റെ ആവശ്യമില്ല. രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന ചുപ്പ എന്നറിയപ്പെടുന്ന നീളമുള്ള വസ്ത്രങ്ങളുടെ പ്രദർശനമാണ് മ്യൂസിയത്തിന്റെ ഒരുമൂലയിൽ. പതിനേഴാം നൂറ്റാണ്ടിൽ ചൈനയിൽനിന്ന് കൊണ്ടുവന്നവയാണ് ഇത്. അതോടൊപ്പം ആയുധങ്ങൾ, വിളക്ക്,  ആനക്കൊമ്പ്, വിവിധ രൂപങ്ങൾ, വ്യാളി മുഖങ്ങൾ,  വലിയപാത്രങ്ങൾ തുടങ്ങിയവയെല്ലാം ശേഖരത്തിലുണ്ട്. മറ്റു പലയിടത്തും ഉള്ളതുപോലെ പാത്രങ്ങളിൽ നാണയങ്ങളും കറൻസികളും കൂടിക്കിടക്കുന്നു. ശബ്ദമുണ്ടാക്കുന്ന ചെണ്ടപോലുള്ള ഉപകരണം പകുതി തുകൽ പൊതിഞ്ഞ് മൂലയ്ക്ക് ഇരിപ്പുണ്ട്. വിരൽകൊണ്ട് ഒന്നു തൊട്ടതേയുള്ളൂ. മുറിയിലാകെ മുഴങ്ങുന്ന ശബ്ദം. ചിത്രങ്ങളുടെ, പ്രത്യേകിച്ചും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളുടെ പ്രദർശനമുണ്ട്. ചരിത്രം സ്പന്ദിക്കുന്ന ചിത്രങ്ങൾ. 1959ൽ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ സാധാരണക്കാരനെപ്പോലെ വസ്ത്രം ധരിച്ച് തിരക്കിലൂടെ നടക്കുന്ന 14‐ാം ദലൈലാമയുടെ ചിത്രം ആരെയും പിടിച്ചുനിർത്തും.

 മ്യൂസിയത്തിന് പുറത്ത് കലപില ശബ്ദം. പുറത്തിറങ്ങിനോക്കുമ്പോൾ, കുട്ടിക്കൂട്ടം തകർപ്പൻ ജോലിയിലാണ്. പായയിൽ വിതറിയിരുന്ന ധാന്യമണികൾ അവർ കുട്ടയിൽ വാരിയെടുക്കുന്നു. അതും കണ്ടുനിൽക്കാൻ രസമാണ്. തിക്കിലും തള്ളിലും മുഖമടിച്ച് വീഴുന്നവരുടെ തുടുത്ത കവിളിൽ ധാന്യമണികളുടെ മുഖക്കുരു. തവാങ്ങിൽ വെയിൽ കടുക്കുന്നു. നടുമുറ്റത്ത് ചവിട്ടാൻപോലും ആകുന്നില്ല. ഞങ്ങൾ വിശ്വവിഖ്യാതമായ തവാങ് മൊണാസ്ട്രിയുടെ പടിയിറങ്ങുന്നു. ചൂടുകാറ്റിനൊപ്പം കുന്തിരിക്കത്തിന്റെയും ദേവദാരുവിന്റെയും മണം പുറത്തേക്കൊഴുകുന്നു. പുറത്തിറങ്ങി ആദ്യംകണ്ട കടയ്ക്കുമുന്നിൽ എത്തുമ്പോൾ ഇതാ കലപിലകൂട്ടി കുട്ടിക്കൂട്ടം.  അതിലൊരുത്തന്റെ മൊട്ടത്തലയിൽ വെറുതെ തലോടി. ചിരിച്ചുകൊണ്ട് അവനെന്തോ മൊഴിയുന്നുണ്ട്, പക്ഷേ, എനിക്കൊന്നും മനസ്സിലായില്ല.  ഉണ്ണിക്കുട്ടാ, എന്ന് വിളിക്കാൻ തോന്നുന്ന മൊട്ടത്തലയന്മാർ . (തുടരും)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top