അങ്ങനെയാണ് ഞാനാ ആനയെ കണ്ടുപിടിച്ചത്. കുന്നിൻ ചെരിവിൽ കുറ്റിക്കാടു പോലുള്ള ഒരിടത്ത് അത് കൊമ്പുകൾ നീട്ടിവെച്ച് പാതി കിടക്കുന്നതു പോലെയായിരുന്നു. മുന്നിലേക്കു പോയ വണ്ടി,പുറകിലേക്ക് നിരങ്ങി നിരങ്ങി നിന്നു. ഒരല്പം ദൂരെ, വഴിയോരം ചേർന്നു കിടക്കുന്ന ചെറിയൊരു മൈതാനവും കഴിഞ്ഞാണ് കുന്ന്. ക്യാമറക്കണ്ണുകൾക്ക് ഒപ്പാൻ ഒരു വഴിയുമില്ലാത്ത ഇടത്ത്. അരികെ വേറെ രണ്ടാനകളുടെ നിഴൽ ....
ചെറിയ മഴയും, നല്ല തണുപ്പും, കട്ടി മഞ്ഞും വകഞ്ഞ്, ആതിരപ്പള്ളിയിൽ നിന്ന് വാഴച്ചാൽ മലക്കപ്പാറ ഷോളയാർ വാൾപ്പാറ അയ്യർ പാഡി വഴി കോയമ്പത്തൂരിലേക്കായിരുന്നു ഞങ്ങൾ.വഴിയരികിലെ കൂറ്റൻ മുളങ്കാടുകൾക്കുള്ളിലും, ചവിട്ടിയരച്ചിട്ട ഈറ്റക്കാടുകൾക്കിടയിലും, വെള്ളക്കുഴികൾക്കരികിലും ഞങ്ങൾ ആർത്തിയോടെ അവരെ തിരയുകയായിരുന്നു. വഴി നീളെ ആന പിണ്ടങ്ങൾ, ചവച്ചു തുപ്പിയ മുളങ്കൂമ്പുകൾ, കാണുമ്പോഴൊക്കെ ഞങ്ങൾ വണ്ടി നിർത്തിയിരുന്നു. ആനത്താരകൾ എന്ന് എഴുതി വെച്ച ബോർഡുകൾ കാണുമ്പോഴെല്ലാം, അടുത്ത നിമിഷത്തിൽ സംഭവിച്ചേക്കാവുന്ന എന്തോ ഒന്നിന് ഞങ്ങൾ തയ്യാറായി ഇരുന്നിരുന്നു. നമ്മൾ ഈ വണ്ടിയിൽ ഇങ്ങനെ പോകുമ്പോൾ, ഒരു ആനക്കൂട്ടം വഴി മുറിച്ചു കടന്നിരുന്നെങ്കിൽ എന്തു രസമായിരുന്നേനെ എന്ന് ഇടക്കിടെ പറഞ്ഞിരുന്നു. ഓരോ വളവിലും വന്നു പെട്ടേക്കാവുന്ന ആ അസുലഭ കാഴ്‌ച കൾക്കായി ക്യാമറകൾ ഒരു വിരലിന്ററ്റത്ത് കൂർപ്പിച്ച് നിർത്തിയിരുന്നു.
തിരനോട്ടത്തിന് തിരശീല പിടിക്കുന്നവനെപ്പോലെ മുന്നിൽ നില്ക്കുന്ന കനത്ത മഞ്ഞിനെ ആട്ടിപ്പായിക്കാൻ ഞങ്ങൾ ആവോളം ശ്രമിച്ചു. അട്ടിയിട്ട കൂറ്റൻ മരങ്ങൾ മുതുകിലേറ്റി, കിതച്ച് കുരച്ച് മല കയറുന്ന ലോറികൾ മറഞ്ഞ് ആനകളെ കാണാതാവുമോ എന്ന് ഉറക്കെ ശകാരിച്ചു. മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ നിന്ന് പൊങ്ങുന്ന കോടയിൽ ചില നിഴലുകൾ അനങ്ങുന്നത് കണ്ട് വീർപ്പടക്കി ഇരുന്നു . രാവിലെ ആറു മണിക്കാണ് ആതിരപ്പള്ളിയിൽ നിന്ന് യാത്ര തുടങ്ങിയത് . ഈ നേരത്ത് ഈ വഴി വന്നിട്ടു പോലും ഒന്നിനേയും കണ്ടില്ലല്ലോ എന്ന നിരാശയിലാണ്, കുന്നിൻ ചരിവിൽ പാതി കിടക്കുന്ന അവസ്ഥയിൽ അവനെ കണ്ടത്. പക്ഷേ ആനക്കൂട്ടം ഞങ്ങൾക്കു മുന്നിലൂടെ മന്ദംമന്ദം റോഡ് മുറിച്ചു കടക്കുന്നതും, വലതു വശത്തെ ചെങ്കുത്തായ ഇറക്കങ്ങൾ നിരങ്ങിയിറങ്ങുന്നതും, ഞങ്ങളുടെ ക്യാമറക്കണ്ണുകൾക്ക് വേണ്ടുവോളം വിരുന്ന് ഏകുന്നതുമായിരുന്നല്ലോ ഞങ്ങളുടെ ആവശ്യം !!!
മലക്കപ്പാറയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് സുലേഖാത്തയുടെ ചായക്കട. കണ്ണാടിക്കൂടിനുള്ളിൽ വിടർന്ന മുഖവുമായി ഇരിക്കുന്ന പരിപ്പുവടകളാണ് ആദ്യം കണ്ടത് . ആതിരപ്പള്ളി വിട്ട ശേഷം ആദ്യമായി തെളിഞ്ഞു കണ്ട ഒരിടമാണിത്. ചെറിയ മുറിയിൽ രണ്ടു ബെഞ്ചും ഡസ്കും. അടുക്കളയിലേക്കു തുറക്കുന്ന ചതുര ജനാലക്കൽ അവരുടെ മുഖം കണ്ടു. ചൂടു ചായ ചില്ലു ഗ്ളാസുകളിൽ എത്തുമ്പോഴേക്കും, കണ്ണാടിക്കൂട്ടിലെ പരിപ്പുവട തീർന്നു. നല്ല വൃത്തിയുള്ള ടോയ്ലറ്റ് അവർ ഞങ്ങൾക്ക് തുറന്നു തന്നു . അടുക്കളത്തട്ടിൽ ചിട്ടയോടെ അടുക്കി വെച്ചിരിക്കുന്ന കറിമസാല കുപ്പികളും, ഭംഗിയായി മുറിച്ച് അട്ടത്തു തൂക്കിയിട്ടിരിക്കുന്ന വിറകു കെട്ടുകളും, ചുവരിലെ ആണിയിൽ കൊളുത്തിയിരിക്കുന്ന വെള്ളുള്ളിക്കുടങ്ങളും നല്ല ഐശ്വര്യമുള്ള ആ അടുക്കള കണ്ടു നില്ക്കുമ്പോൾ, വലതു വശത്തെ കുഞ്ഞു മുറിയിൽ നിന്ന് ഇറങ്ങിയോടി വന്ന കുഞ്ഞും,സ്വർണ നിറമുള്ള പൂച്ചകളും ..... അവൻ പൂക്കളുള്ള വലിയ സ്വെറ്റർ ഇട്ടിരുന്നു, പൂത്തിരി കത്തിച്ച കണ്ണുകളിലും, ചിരിയടങ്ങാത്ത ചുണ്ടുകളിലും ദൈവത്തിന്റെ കയ്യൊപ്പുകൾ ഉണ്ടായിരുന്നു. ഞങ്ങൾക്കു നടുവിൽ നിന്ന് അവൻ വിടർന്നു ചിരിച്ചു , മാമ അമ്മ അക്ക എന്ന് ഓരോരുത്തരെയും ചൂണ്ടിപ്പറഞ്ഞു. അവന്റെ അമ്മ പ്രസവത്തിനായി ദൂരെ ഗ്രാമത്തിൽ പോയിരിക്കുന്നു, അച്ഛൻ എസ്റ്റേറ്റിലെ പണിയിടത്തേക്കും. അമ്മൂമ്മ സുലേഖത്തയും , തൊട്ടടുത്ത കടയിൽ ചായപ്പൊടി വില്ക്കുന്ന അവരുടെ സഹോദരനുമാണ് കുഞ്ഞിനെ നോക്കുന്നത് . ഇവിടെ പ്രസവാശുപത്രിയിൽ സൗകര്യങ്ങൾ കുറവ് , ഇവന്റെ അമ്മ പോയിട്ട് അഞ്ചു മാസമായി , അവർ പറഞ്ഞു . ഇതിനകം അവനും പൂച്ചകളും ഞങ്ങളോട് മത്സരിച്ചു കളിക്കാൻ തുടങ്ങിയിരുന്നു . പാമ്പുകളുണ്ട് , കുട്ടിയെ പുറത്തു വിടാൻ കഴിയില്ല , ചെന്നായകൾ കോഴിയെ പിടിക്കാൻ ഉച്ചനേരത്തു പോലും വരുന്നുണ്ട് , പൂച്ചകളേയും പിടിക്കും ... അവർ പറഞ്ഞു കൊണ്ടേയിരുന്നു . കഴിഞ്ഞ മാസം മകൻ ടി വി യിൽ ക്രിക്കറ്റും കണ്ടു കൊണ്ട് മുൻവശത്തെ മുറിയിൽ രാത്രി കിടക്കുകയായിരുന്നു . ക്ഷീണം കൊണ്ടവൻ ഉറങ്ങിപ്പോയി. മുൻവശത്തെ വാതിലിൽ ആരോ തട്ടുന്നത് കേട്ട് ഞെട്ടിയുണർന്നപ്പോൾ , വലിച്ചു തുറന്ന വാതിലിലൂടെ നീണ്ടു വരുന്ന തുമ്പിക്കൈ. മകൻ അനങ്ങാതെ കിടന്നു , മൂലയിൽ സൂക്ഷിച്ചിരുന്ന രണ്ടു ചാക്ക് അരി തുമ്പിക്കൈ വലിച്ചെടുത്തു . ചുവരിൽ തല കൊണ്ട് ഒന്നാഞ്ഞടിച്ചെങ്കിലും , പിന്നീട് അവർ അരിച്ചാക്കും കൊണ്ട് തിരിച്ചു പോയി .... അതും പറഞ്ഞ് ആ അമ്മ നെഞ്ചത്തു കൈ ചേർത്ത് കണ്ണടച്ചു നിന്നു. ഒരു തുമ്പിക്കയ്യിന് പരതാൻ മാത്രം വലിപ്പമുള്ള ആ കുഞ്ഞു മുറിയും, അതിൽ വീർപ്പടക്കി കിടക്കുന്ന ചെറുപ്പക്കാരനും , അകമുറിയിലെ തൊട്ടിലിൽ ഉറങ്ങുന്ന അവന്റെ കുഞ്ഞും, ദൂരെ ഗ്രാമത്തിലെ ഗർഭിണിയും,
പ്രാർത്ഥിച്ചു നില്ക്കുന്ന അമ്മയും ....
ഇന്ന് രാവിലെ മുതൽ, സുരക്ഷിതമായി വണ്ടിക്കകത്തിരുന്നു കൊണ്ട്, വെറും ഒരു കമ്പത്തിൻ മേൽ, ആനക്കൂട്ടങ്ങളെ തേടിക്കൊണ്ടിരുന്ന ഞങ്ങളുടെ ചേഷ്ടകളെല്ലാം അശ്ളീലമായി തോന്നി. ഒട്ടും ഉറപ്പില്ലാത്ത വാതിലുകളാൽ ബന്ധിച്ച , മച്ചു താഴ്ന്ന ആ വീട്ടിനകത്തെ ഭയവും വേവും , ഞങ്ങളുടെ വെറും കൗതുകങ്ങൾക്കു മുകളിൽ ആവി പടർത്തി . കുഞ്ഞു മര സ്റ്റാൻഡിൽ , പൊത്തിലിരിക്കുന്ന എലിയെപ്പോലെ തല നീട്ടുന്ന, ഒരു സ്ലേറ്റിന്റെ വലിപ്പം പോലുമില്ലാത്ത ടി വി എന്നെ വല്ലാതെ പൊള്ളിച്ചു . കൈ നിറയെ കുട്ടികൾ നല്കിയ ബിസ്ക്കറ്റുമായി ചിരിച്ചു തുള്ളുന്ന കുഞ്ഞും , മടിയിലിരുന്ന് ഉറക്കം തൂങ്ങുന്ന പൂച്ചകളും ,കോടമഞ്ഞ് പൊതിഞ്ഞ ആ ചെറിയ വീടും , അതിനകത്തെ പച്ച തേയില മണമുള്ള ശ്വാസവും , കാട് എന്ന കാല്പനീയതയിൽ നിന്ന് , ജീവിതം എന്ന യാഥാർഥ്യത്തിലേക്ക് ഞങ്ങളെ അതിവേഗം തിരിച്ചു കൊണ്ടു വന്നു . യാത്ര പറയുമ്പോൾ , പൂച്ചകൾ വാതിൽക്കൽ വന്നു നിന്നു , കുഞ്ഞ് ഒരു കയ്യിൽ പന്തുമായി റ്റാ റ്റാ പറഞ്ഞു , പരിപ്പുവടയൊഴിഞ്ഞ കണ്ണാടിക്കൂട്ടിൽ സുലേഖത്ത പുതിയ കടലാസ് വിരിക്കുകയായിരുന്നു .....
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..