23 January Wednesday

പാഞ്ചാലിമേട്ടിൽ ഗൈഡഡ് ട്രക്കിങ്ങും ഓഫ്‌ റോഡ് സവാരിയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

പാഞ്ചാലിമേട്ടിലേക്കുള്ള പ്രവേശന കവാടം

 ഇടുക്കി> വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന പാഞ്ചാലിമേട്ടിൽ പുതുവത്സരത്തോടനുബന്ധിച്ച‌് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. നട്ടുച്ചയ‌്ക്കും കോടമഞ്ഞിന്റെ കുളിര‌് തൂവുന്ന പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ‌്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ചയും ആസ്വദിക്കാൻ ഇവിടെയെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത‌്. സഞ്ചാരികളെ വരവേൽക്കാൻ മികച്ച പ്രവേശന കവാടം, നടപ്പാത, കൽമണ്ഡപങ്ങൾ, വിശ്രമകേന്ദ്രം, റെയിൻ ഷെൽട്ടർ, ഇരിപ്പിടങ്ങൾ, കോഫി ഷോപ്പ്, ടോയ്‌ലറ്റ് സൗകര്യം, സോളാർ വിളക്കുകൾ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട‌്. 
 
മലനെറുകയിലുള്ള പാഞ്ചാലിമേട്ടിൽനിന്നാൽ തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. ഇവിടെ നിർമിച്ചിരിക്കുന്ന പഴയകാല ഓർമ പുതുക്കുന്ന ഏറുമാടത്തിൽ സഞ്ചാരികൾക്ക് കയറാനും ഫോട്ടോ എടുക്കാനും കഴിയും. വിനോദ സഞ്ചാര കേന്ദ്രമെന്നതിന‌് പുറമെ മഹാഭാരതവുമായി ബന്ധപ്പെട്ട് പാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട‌്.
 
   പഞ്ചപാണ്ഡവർ ഇരുന്നുവെന്ന് കരുതുന്ന കൽപാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമൻ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാൻ കാരണമെന്നും കരുതപ്പെടുന്നു. വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ക്രിസ‌്മസ്‐ പുതുവത്സരം മുൻനിർത്തി ഗൈഡഡ് ട്രക്കിങ‌് ആരംഭിക്കുമെന്ന‌് ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. 
 
   ഇതോടൊപ്പം പാഞ്ചാലിമേടും അനുബന്ധ പ്രദേശങ്ങളും സന്ദർശിക്കുന്നതിനായി ഓഫ് റോഡ് ജീപ്പ് സവാരിയും ഏർപ്പെടുത്തും. മകരവിളക്ക് ദർശനത്തിന് പാഞ്ചാലിമേട്ടിൽ എത്തുന്നവർക്കായി കുടിവെള്ളം, വെളിച്ചം, ടോയ്‌ലറ്റ് സംവിധാനം, പാർക്കിങ‌് സൗകര്യം, അനൗൺസ്‌മെന്റ് സംവിധാനം തുടങ്ങിയവ സജ്ജീകരിക്കുമെന്ന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അറിയിച്ചു.  
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top