27 September Wednesday

ടിപ്പുവിനെ കണ്ടു! ഖബറിൽ (കുഴിമാടം) തൊട്ടു!...കെ ടി ജലീൽ എഴുതുന്നു

ഡോ. കെ ടി ജലീൽUpdated: Wednesday Feb 1, 2023

ഖിലാഫത്ത് സമരത്തിൽ പിടിക്കപ്പെട്ട് 12 വർഷം ബെല്ലാരി ജയിലിലടക്കപ്പെട്ട വലിയുപ്പയുടെ ഓർമ്മകൾ തേടിയുള്ള യാത്രക്കിടയിൽ ടിപ്പുവിനെ കണ്ടു. മഅദനിയുമായി സംസാരിച്ചു. വലിയുപ്പ കിടന്ന ജയിൽ മുറി തേടിയുള്ള യാത്രയുടെ വർത്തമാനങ്ങൾ പങ്കുവെക്കുകയാണ് ഡോ:കെ.ടി.ജലീൽ. രണ്ട് ഭാഗങ്ങളായി എഴുതിയ കുറിപ്പിന്റെ ഒന്നാം ഭാഗം.

മുൻരാഷ്ട്രപതിയും ബഹിരാകാശ ഗവേഷകനുമായ ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ അമേരിക്കൻ സന്ദർശന അനുഭവങ്ങൾ പങ്കുവെക്കുന്ന"Wings of Fire" എന്ന പുസ്തകം വർഷങ്ങൾക്ക് മുമ്പാണ് വായിച്ചത്. മനസ്സിൽ ഉടക്കി നിന്ന രചനയാണത്. അതിലെ ഓരോ വരികളും വായനക്കാരന് നൽകുന്ന പ്രതീക്ഷയും ആത്മവിശ്വാസവും വിവരണാതീതമാണ്. അദ്ദേഹം എഴുതി:

"എന്റെ യാത്രയുടെ അവസാനം ഞാൻ പോയത് കിഴക്കൻ തീരത്തുള്ള വെർജീനിയായിലെ വാലോപ്സ് ദ്വീപിലേക്കാണ്. അവിടെയാണ് നാസയുടെ റോക്കറ്റ് പദ്ധതികളുടെ കേന്ദ്രം. അവിടുത്തെ സ്വീകരണ മുറിയിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്ന ഒരു ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു യുദ്ധ രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാതലത്തിൽ റോക്കറ്റുകൾ പറക്കുന്നത് വ്യക്തമായി കാണാം.

നമ്മുടെ നാട് മഹാനായ ആ ഭാരത പുത്രനെ മറന്നുവെങ്കിലും അങ്ങകലെ ഏഴാം കടലിനക്കരെ നാസയുടെ കെട്ടിടത്തിൽ ആവിഷ്കരിച്ചിട്ടുള്ള പെയിൻ്റിംഗിൽ ടിപ്പു സുൽത്താന്റെ പട്ടാളം  ബ്രിട്ടീഷുകാർക്കെതിരെ  വിജയകരമായി റോക്കറ്റുകൾ ഉപയോഗിച്ചതാണ് പ്രതിപാദിച്ചിരിക്കുന്നത്.

അതിന് നേതൃത്വം നൽകിയ  ഇന്ത്യക്കാരനായ ടിപ്പുവിന്റെ മഹത്വവും ഉൽഘോഷിച്ചിട്ടുണ്ട്. ഇത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി".
ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്താണ് ടിപ്പുവിന്റെ ശവകുടീരവും കോട്ടയും സമ്മർ പാലസും ടിപ്പു വെടിയേറ്റ് മരിച്ച് കിടന്ന സ്ഥലവുമെല്ലാം സ്റ്റഡി ടൂറിന്റെ ഭാഗമായി പോയി കണ്ടത്. അതിന് ശേഷം മൈസൂരിലൂടെ പല തവണ കടന്ന് പോയിട്ടുണ്ടെങ്കിലും ടിപ്പു സുൽത്താന്റെ 'ഖബറിടം' സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല.

ടിപ്പു ജയന്തി മഹോൽസവം കർണ്ണാടകയിലെ ബി.ജെ.പി സർക്കാർ വേണ്ടെന്ന് വെച്ചതും ആഘോഷം കേവലമൊരു ചടങ്ങിലൊതുക്കിയതും കേട്ടപ്പോൾ ഒരിക്കൽ കൂടി അവിടം സന്ദർശിക്കണമെന്ന് തോന്നി. ലണ്ടനിലെ റോയൽ മിലിട്ടറി മ്യൂസിയത്തിൽ ബ്രിട്ടീഷുകാർ ടിപ്പുവിൽ നിന്ന് മൂന്നാം മൈസൂർ യുദ്ധത്തിൽ പിടിച്ചെടുത്ത റോക്കറ്റുകൾ പ്രദർശനത്തിന് വെച്ച കാര്യം ഡോ: പി.കെ. സുകുമാരൻ രചിച്ച "ടിപ്പു സുൽത്താൻ സ്വഭാവഹത്യയുടെ രക്തസാക്ഷി"എന്ന ഗ്രന്ഥത്തിൽ വായിക്കാനിടയായത് നിത്യശാന്തിയിലാണ്ട ടിപ്പുവിനെ കാണാനുള്ള ആഗ്രഹം കലശലാക്കി.

അപ്പോഴാണ് ബാഗ്ലൂരിലും ബെല്ലാരിയിലും പോകാൻ സൗകര്യം ഒത്തുവന്നത്. ആദ്യംശ്രീരംഗപട്ടണത്ത് പോയി മൈസൂർ സിംഹം നിത്യനിദ്ര പൂകിയത് കാണണം. അതുകഴിഞ്ഞ് ബാഗ്ലൂരിൽ പോയി അബ്ദുൽനാസർ മഅദനിയെ കണ്ട് സംസാരിക്കണം.

1921 ലെ ഖിലാഫത്ത് സമര കാലത്ത് ബ്രിട്ടീഷ് പട്ടാളം പിടികൂടി 12 വർഷം തുറുങ്കിലടക്കപ്പെട്ട വലിയുപ്പ കിടന്ന ബെല്ലാരി ജയിലിലുമൊന്ന് പോകണം. ഈ മൂന്ന് ഉദ്ദേശങ്ങളും സഫലമാക്കാൻ ലക്ഷ്യമിട്ടാണ് വീട്ടിൽ നിന്ന് രാവിലെ പത്ത് മണിയോടെ യാത്ര ആരംഭിച്ചത്.

ജനതാദൾ ദേശീയ കൗൺസിൽ അംഗം ഫൈസൽ തങ്ങളും ഗൺമാൻ പ്രജീഷും കൂടെയുണ്ടായിരുന്നു. നിലമ്പൂർ വഴി നാട്കാണിച്ചുരം കയറി ഗൂഡല്ലൂർ വഴിയാണ് ശ്രീരംഗപട്ടണത്തേക്ക് പുറപ്പെട്ടത്. ചുരം റോഡ് റബറൈസ് ചെയ്ത് കുട്ടപ്പനാക്കിയിട്ടുണ്ട്. ജുമുഅക്ക് ഗൂഡല്ലൂരിലെ യതീംഖാന മസ്ജിദിൽ കൂടി. മലപ്പുറം ജില്ലയിൽ നിന്ന് ജോലി തേടി കുടിയേറിയ നിരവധി കുടുംബങ്ങൾ ഗൂഡല്ലൂരിൽ താമസിക്കുന്നത് നേരത്തേ അറിയാം.

പിൽക്കാലത്ത് ബിസിനസ്സുകാരായും കുറേ പേർ അങ്ങോട്ട് ചേക്കേറിയിട്ടുണ്ട്. പള്ളി പിരിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വൈലത്തൂർ കുറ്റിപ്പാല സ്വദേശി ജംഷീർ കാത്ത് നിന്നിരുന്നു. ഒരഭ്യർത്ഥനയേ അദ്ദേഹത്തിനുള്ളൂ. അവർ നടത്തുന്ന ബേക്കറിയിൽ ഒന്ന് കയറണം. ക്ഷണം നിരസിക്കാനായില്ല. ഒരു കിലോമീറ്റർ സഞ്ചരിച്ച് ഷോപ്പിലെത്തി. അവിടെ ഉണ്ടാക്കുന്ന ഒരു പ്രത്യേക പലഹാരം (ഊട്ടി വർക്കി) രുചിക്കാൻ തന്നു.

നല്ല സ്വാദ്. ഗൂഢല്ലൂരിൽ പോയി മടങ്ങുമ്പോൾ ജംഷീറിന്റെ കടയിൽ നിർത്തി സ്പെഷൽ പലഹാരം ഒട്ടുമിക്ക പേരും വാങ്ങാറുണ്ടെന്ന് ഡ്രൈവർ മുനീർ പറഞ്ഞു.

ഗൾഫിലായിരുന്ന ജംഷീർ അടുത്ത കാലത്താണ് ഗൂഡല്ലൂരിലെത്തി പുതിയ സംരഭം തുടങ്ങിയത്. അവരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. അരമണിക്കൂർ കഴിഞ്ഞില്ല വൈലത്തൂരിൽ നിന്ന് ജലാൽ തങ്ങളുടെ ഒരു വാട്സ് അപ്പ് സന്ദേശം വന്നു. "ജംഷീറിന്റെ കടയിൽ പോയ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടു. ആള് മര്യാദക്കാരനാണ്".

ഉച്ച ഭക്ഷണത്തിനായി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. കൈ കഴുകി ഭക്ഷണത്തിന് ഇരുന്നപ്പോഴാണ് മലയാളിയുടെ റസ്റ്റോറൻ്റാണെന്ന് അറിഞ്ഞത്. പേര് രാജഗോപാൽ. തിരുവനന്തപുരമാണ് സ്വദേശം. അൻപത് കൊല്ലം മുമ്പ് ഗൂഡല്ലൂരിൽ എത്തിയതാണ്. ഭാര്യ പത്തനംതിട്ട സ്വദേശിനി. ഇരുവരും ചേർന്ന് ഹോട്ടൽ നടത്തുന്നു. കോവിഡിന് ശേഷം കച്ചവടം ഭേദപ്പെട്ട് വരുന്നതായി അവർ പറഞ്ഞു.

നല്ല മത്തി വറുത്തതും ചീരയും പരിപ്പും ചേർത്തുണ്ടാക്കിയ കറിയും നന്നേ ബോധിച്ചു. നാലാളുകൾക്ക് 390 രൂപ. യാത്രകളിൽ ചെറിയ ഭോജന ശാലകളാണ് ഉത്തമം. ഭക്ഷണം നന്നാവും. വില മിതവും.  മാനുകളും കുരങ്ങൻമാരും നിറഞ്ഞ മുതുമല  കാട്ടിലൂടെയുള്ള ഉച്ച നേരത്തെ യാത്ര ഹരം പകരുന്നതായി. കുരങ്ങൻമാരുടെ വികൃതികൾ കാണാൻ നല്ല രസം.

നാലര മണിയോടെ ശ്രീരംഗപട്ടണത്തെത്തി. ഗൂഗിൾ മാപ്പാണ് വഴി കാട്ടിയത്. അഞ്ച് മണിയോടെ ടിപ്പു സുൽത്താനും പിതാവ് ഹൈദരലിയും മാതാവ് ഫാത്തിമയും അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരത്തിലെത്തി. ശ്രീരംഗപട്ടണത്തിന്റെ പഴയ പ്രതാപമൊക്കെ എങ്ങോ പൊയ്മറഞ്ഞ പോലെ. ചരിത്ര സ്മാരകത്തിലേക്കുള്ള റോഡുകൾ നന്നാക്കിയിട്ട് കാലം കുറേ ആയിട്ടുണ്ടാകും.

ഒരു കാലത്ത് ബ്രിട്ടീഷുകാരെ വിറപ്പിച്ച മൈസൂർ സിംഹത്തോട് അധികൃതരുടെ അവഗണന പ്രത്യക്ഷത്തിൽ പ്രകടമാണ്. ഇൻഡോ-പേർഷ്യൻ ശൈലിയിൽ ഉയർത്തിയ ഭീമൻ കവാടം ശവകുടീരത്തിന്റെ ഗംഭീര്യം വിളിച്ചോതി.

ഏക്കർ കണക്കിന് സ്ഥലം ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. ദർഗ്ഗയോട് ചേർന്ന "മസ്ജിദുൽ അഖ്സ"യുടെ നടത്തിപ്പു കമ്മിറ്റിയാണ്  ദൈനംദിന കാര്യങ്ങൾ നോക്കുന്നതത്രെ. നാനാജാതി മതസ്ഥരും ദേശക്കാരുമായ ധാരാളം പേർ ശവകുടീരം കാണാനായി എത്തിയിട്ടുണ്ട്.

ഒരുപാട് മലയാളികളെയും കണ്ടു. തവനൂർ മണ്ഡലത്തിലെ എടപ്പാൾ ദാറുൽ ഹിദായ വനിതാ കോളേജിലെ കുട്ടികളെ പരിചയപ്പെട്ടു. അവർ സ്റ്റഡി ടൂർ വന്നതാണ്. നീണ്ട വീതികൂടിയ നടപ്പാത താണ്ടി ഖബറുകളുടെ അടുത്തെത്തിയപ്പോൾ എന്നിലെ ചരിത്രാന്വേഷി ഉണർന്നു. ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളുടെ ഇന്നലെകൾ മനസ്സിൽ മിന്നിമറഞ്ഞു.

ദർഗ്ഗാ സൂക്ഷിപ്പുകാരൻ 

പള്ളിയുടെ മുൻഭാഗത്തിരുന്ന് പറഞ്ഞ ചരിത്ര കഥകൾ കേട്ട് വിസ്മയിച്ചു. ഭഗ്‌വാൻ എസ് ഗിദ്വാനി രചിച്ച ചരിത്ര നോവലായ "The Sword of Tippu"വും പി.ക ബാലകൃഷ്ണന്റെ "ടിപ്പുസുൽത്താൻ" എന്ന അന്വേഷണാത്മക ഗ്രന്ഥവും വായിച്ച് കിട്ടിയ അറിവുകൾ കാലഭേദം മറന്ന് മനസ്സിലേക്ക് എങ്ങുനിന്നോ പറന്നെത്തി.

ബ്രിട്ടീഷ് വിരുദ്ധരായ രണ്ട് ധീരൻമാരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ ഗതകാല സ്മരണകൾ ആർത്തലച്ച് ഓർമ്മയുടെ തീരത്തെ പ്രക്ഷുബ്ധമാക്കി.

"ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ് നൂറുകൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിലും മഹത്തരം". ടിപ്പു സുൽത്താന്റെ  വാക്കുകളാണ്. അത് അക്ഷരംപ്രതി അന്വർത്ഥമാക്കിയാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത്.

1750 നവംബർ 20 ന് ജനിച്ച ടിപ്പു ബ്രിട്ടീഷ് പട്ടാളവുമായി പോരാടി 1799 മെയ് 4ന് തന്റെ നാൽപ്പത്തിഒൻപതാം വയസ്സിൽ അടർക്കളത്തിൽ വെടിയേറ്റ് വീഴുന്നത് വരെ സിംഹമായിത്തന്നെ ജീവിച്ചു. പണ്ഡിതനും കവിയും യോദ്ധാവും മികച്ച ഭരണാധികാരിയും അടിമുടി ബ്രിട്ടീഷ് വിരുദ്ധനുമായിരുന്ന ടിപ്പുവിനെ ചതിപ്രയോഗത്തിലൂടെയാണ് ശത്രുക്കൾ വകവരുത്തിയത്.

1789 ൽ നടന്ന മഹത്തായ ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ആവേശമുൾക്കൊണ്ട  ടിപ്പു ഫ്രാൻസിനോട് അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചു. നിരവധി റോഡുക്കും ജലാശയങ്ങളും  തുറമുഖങ്ങളും തന്റെ രാജ്യത്ത് ഉണ്ടാക്കി. വിദേശ വ്യാപാരം പ്രോൽസാഹിപ്പിച്ചു. പട്ടാള ആക്രമണത്തിന് ലോകത്താദ്യമായി  റോക്കറ്റ് ഉപയോഗിച്ചു.

ഒന്നും രണ്ടും മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ വിജയം നേടിയത് അങ്ങിനെയാണ്. നാലാം മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ റോക്കറ്റുകൾ പിടിച്ചെടുത്തു. അവ പരിഷ്കരിച്ച് വെള്ളക്കാർ ഇംഗ്ലണ്ടിൽ  യഥേഷ്ടം ഉപയോഗിച്ചു.

അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള നാട്ടുരാജ്യമായിരുന്നു ഹൈദരലിയുടെയും ടിപ്പുവിന്റെയും അധീനതയിലെ പ്രദേശങ്ങൾ. മൈസൂരിലെ ജനങ്ങളുടെ ശരാശരി വരുമാനം മാറ്റിടങ്ങളിലെ ജനങ്ങളുടേതിനെക്കാൾ അഞ്ചിരട്ടിയായിരുന്നു.

ഇംഗ്ലണ്ട്, നെതർലാൻ്റ് എന്നീ രാജ്യങ്ങളിലെ ആളോഹരി പ്രതിശീർഷ വരുമാനത്തെക്കാൾ അധികം. (Parthasarathi Prasannan, 2011, "Why Europe Grew Rich and Asia Did Not: Globel Economic Divergence, 1600-1850, Cambridge University Press, p 45) മൈസൂരിൽ പട്ടുവ്യവസായം ആദ്യമായി ആരംഭിച്ചത് ടിപ്പുവിന്റെ കാലത്താണെന്ന് ചരിത്രം പറയുന്നു.

മലബാറിൽ ജാതി സമ്പ്രദായത്തിന്റെ കടക്ക് കത്തിവെച്ചത് ടിപ്പുവാണ്. നായർ പടയാളികൾക്ക് വഴിയിൽ കണ്ട് അയിത്തമാക്കുന്ന  കീഴ്ജാതിക്കാരെ വകവരുത്താൻ അവകാശം നൽകുന്ന ക്രൂര നിയമം ടിപ്പു നിരോധിച്ചു. അയിത്താചാരം ലംഘിക്കേണ്ടി വരുമെന്ന് ഭയന്ന് പല സവർണരും തിരുകൊച്ചിയിൽ അഭയം തേടി.

നിർബന്ധിത മതംമാറ്റം പേടിച്ചാണ് നാടുവിട്ടതെന്ന് അവർ കള്ളപ്രചരണം നടത്തി. മലബാറിലെ പിന്നോക്ക ഹിന്ദുക്കളായ ഈഴവർ ഉൾപ്പടെ ആരും എങ്ങോട്ടും ഓടിപ്പോയില്ല. അവരെ ആരും മതം മാറ്റിയുമില്ല.  യാതൊരു നിയന്ത്രണവുമില്ലാതെയുള്ള സവർണ്ണരുടെ സംബന്ധം ടിപ്പു വിലക്കി. ഭൂമിയുടെ ഉടമസ്ഥാവകാശ ശ്രേണിയിൽ നിന്ന്  ഇടനിലക്കാരെ ഒഴിവാക്കി. ഭൂമി കർഷകർക്ക് വിതരണം ചെയ്തു. ഭൂനികുതി നേരിട്ട് നിശ്ചയിക്കുകയും ശേഖരിക്കുകയും ചെയ്തു.

ഉന്നത ജാതിക്കാരാണ് എന്നതിന്റെ പേരിൽ ഒരു വിഭാഗം അനുഭവിച്ചിരുന്ന പ്രത്യേകാവകാശങ്ങൾ നിർത്തലാക്കി. ഒന്നും ചെയ്യാതെ സുഖലോലുപരായി കഴിയുന്ന ഇടപ്രഭുക്കളെ കഠിനാദ്ധ്വാനിയായ ടിപ്പു ഇഷ്ടപ്പെട്ടില്ല. ഇതെല്ലാം അദ്ദേഹത്തെ ഹിന്ദു വിരുദ്ധനാക്കി ചിത്രീകരിക്കാൻ ഒരുവിഭാഗം കുലീനർക്ക് മതിയായ കാരണമായി.

അക്കാലത്ത് മലയാള നാട്ടിലെ രാജാക്കൻമാരുടെ പടയാളികൾ നായർ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. സൈന്യങ്ങൾ ഏറ്റു മുട്ടുമ്പോൾ സ്വാഭാവികമായും നായർ പട്ടാളക്കാരെ ടിപ്പുവിന് എതിരിടേണ്ടിയും കൊല്ലേണ്ടിയും വന്നു. ടിപ്പുവിന്റെ ഹിന്ദു വിരുദ്ധ നിലപാടിന് ഉദാഹരണമായി ഇതിനെ ഉയർത്തിക്കാട്ടാനാണ് തൽപ്പരകക്ഷികൾ ശ്രമിച്ചത്.

യുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ മതം നോക്കി എതിർ ചേരിയിലെ രാജാവ് ആ മതക്കാർക്കെതിരായിരുന്നു എന്ന് പറയുന്നത് എന്തുമാത്രം വസ്തുതാ വിരുദ്ധമാണ്. തിരുവിതാംകൂർ മഹാരാജാവ് എട്ടുവീട്ടിൽ പിള്ളമാരോട് ചെയ്ത സമാനതകളില്ലാത്ത ക്രൂരതകൾക്ക് എന്തേ ആരും മതത്തിന്റെയും ജാതിയുടെയും നിറം നൽകിയില്ല?

ടിപ്പു സവർണ്ണ ഹിന്ദുക്കളെ മതം മാറ്റിയപ്പോൾ എന്തിനാണ് അവർണ്ണ ഹിന്ദുക്കളെ ഒഴിവാക്കിയത്? ഇന്നും മലബാറിൽ അവർണ്ണർക്കാണ് ജനസംഖ്യയിൽ മേധാവിത്വം. കേരളത്തിൽ ജാതി മേൽക്കോയ്മ മലബാറിൽ താരതമ്യേന കുറവാണ്.

ജാതി സംഘടനകൾക്ക് ശക്തിയും കുറവാണ്. ജാതി സംഘടനാ നേതാക്കളുടെ രാഷ്ട്രീയ ആഹ്വാനങ്ങൾക്കും മലബാറിൽ ആരും വില കൽപ്പിക്കാറില്ല. ജാതിബോധം ക്ഷയിപ്പിക്കുന്നതിൽ അത്തരം സംഘടനകൾക്കൊന്നും തിരുകൊച്ചിയിലെന്ന പോലെ എടുത്തു പറയത്തക്ക പങ്ക് മലബാറിൽ വഹിക്കേണ്ടി വന്നിട്ടില്ല. 

ടിപ്പുവിന്റെ സവർണ്ണ വിരുദ്ധ നടപടികളും നിയമങ്ങളും അതിന്റെ കാരണങ്ങളിൽ മുഖ്യമാണ്. 1930 കൾക്ക് ശേഷം കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകളും  പ്രധാനമാണ്.

ടിപ്പു 156 ക്ഷേത്രങ്ങൾക്ക് പതിവായി സംഭാവന നൽകിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ശ്രീരംഗപട്ടണത്തെ  കേളികേട്ട രങ്കനാഥസ്വാമി ക്ഷേത്രവും അതിൽ ഉൾപ്പെടുന്നു. (Bhupendra Yadav, 1990, "Tipu Sulthan: Giving 'The Devil' His Due", Economic and Political Weekly). ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയ ഭൂ ഉടമസ്ഥാവകാശത്തെ  കീഴ്മേൽ മറിച്ച് മധ്യകാല കേരളത്തിൽ ജാതിയെ മൂലക്കിരുത്തിയത്  ടിപ്പുവിന്റെ  കാലത്താണ്.

സ്വാതന്ത്ര്യ സമരത്തിന്റെ  തീച്ചൂള രൂപപ്പെടാത്ത നാളുകളായിരുന്നു അത്. പല രാജാക്കന്മാരും ബ്രിട്ടീഷ്  ആശ്രിതൻമാരായി മാറിയപ്പോൾ ടിപ്പു  അവരോട് സന്ധി ചെയ്തതേയില്ല. ഇഞ്ചോടിഞ്ച് വെള്ളക്കാരോട് അദ്ദേഹം പൊരുതി നിന്നു.മറ്റു പല രാജാക്കൻമാരെയും പോലെ ടിപ്പു പിതാവ് ഹൈദരലിയുടെ പിൻതുടർച്ചക്കാരനായാണ് രാജ്യാധികാരം ഏറ്റത്. അദ്ദേഹം യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. മനുഷ്യരെ കൊന്നിട്ടുണ്ട്. രാജാവ് എന്ന നിലയിൽ രാജ്യം സംരക്ഷിക്കാനും രാജ്യാതിർത്തി വികസിപിക്കാനുമായിരുന്നു അവയെല്ലാം. അല്ലാതെ ഏതെങ്കിലും മതത്തെ രക്ഷിക്കാനോ മറ്റേതെങ്കിലും മതത്തെ ശിക്ഷിക്കാനോ ആയിരുന്നില്ല.

ഇടതുപക്ഷ ചരിത്രകാരനായ ഇർഫാൻ ഹബീബ് എഡിറ്റ് ചെയ്ത "Confronting Colonialism: Resistance and Modernisation under Haidar Ali and Tipu Sultan" എന്ന പുസ്തകം ഹൈദരലിയുടെയും ടിപ്പുവിന്റെയും പുരോഗമന ഭൂപരിഷ്കരണങ്ങളെ കുറിച്ച സമഗ്രമായ അപഗ്രഥനമാണ്.

ടിപ്പു മതഭ്രാന്തനായിരുന്നില്ല. പുതിയ നൂറ്റാണ്ടിലെ മാപിനി ഉപയോഗിച്ച് ഒരു ഫ്യൂഡൽ രാജാവിന്റെ ജനാധിപത്യ ബോധം അളക്കുന്നതിൽ അർത്ഥമില്ലല്ലോ? ടിപ്പു കൂർഗും മംഗലാപുരവും ആക്രമിച്ചത് ആ പ്രദേശക്കാർ ബ്രിട്ടീഷുകാരെ പിന്തുണച്ചത് കൊണ്ടാണ്.

ടിപ്പുവിന്റെ എതിരാളികളിൽ പ്രമുഖൻ ഹൈദരബാദ് നൈസാമായത് അദ്ദേഹം ഹിന്ദുവായത് കൊണ്ടല്ല. കോട്ടവാതിൽ തുറന്നിട്ട് കൊടുത്ത് ടിപ്പുവിനെ ചതിച്ച് കൊല്ലാൻ കളമൊരുക്കിയത് മന്ത്രിയും ഭാര്യാ സഹോദരനുമായ മിർസാദിഖാണ്. മുഖ്യ ഉപദേശി പൂർണ്ണയ്യ മിർസാദിഖിനൊപ്പം ചേരുക മാത്രമാണ് ചെയ്തത്. നേരിട്ട് തോൽപ്പിക്കാൻ കഴിയാത്ത ടിപ്പുവിനെ  ഭാര്യാ സഹോദരനെ പാട്ടിലാക്കി വെടിവെച്ച് കൊന്ന വാർത്ത കേട്ടപ്പോഴാണ് ബ്രിട്ടീഷുകാർ ആഹ്ളാദ നൃത്തം ചവിട്ടിയത്.

"ഇനി ഇന്ത്യ വെള്ളക്കാരുടേതാണെന്ന്" ഉറക്കെ വിളിച്ചു പറഞ്ഞത്. ടിപ്പുവിന്റെ മരണം ആഘോഷിക്കാൻ അന്നേ ദിവസം ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അങ്ങിനെയൊരു ധീരനായ ഇന്ത്യക്കാരനെയാണ് സംഘ് പരിപാവരങ്ങൾ താറടിച്ച് കാണിക്കാനും തമസ്കരിക്കാനും ശ്രമിക്കുന്നത്.  

1782 ൽ ടിപ്പുവിന്റെ പിതാവ് ഹൈദരലി സ്വാഭവിക മരണം പ്രാപിച്ചു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ 1783 ൽ ഉമ്മ ഫാത്തിമാ ബീഗം ഫഖ്റുന്നിസയും ഇഹലോക വാസം വെടിഞ്ഞു. ഇരുവരെയും മറവ് ചെയ്തിടത്ത് 1784 ൽ ഗാംഭീര്യം സ്ഫുരിക്കുന്ന ശവകുടീരം പണിതു. തന്റെ മാതാവിന്റെയും പിതാവിന്റെയും അടുത്ത് തനിക്കും അന്ത്യവിശ്രമത്തിനായി ആറടിമണ്ണ് ടിപ്പു കരുതിവെച്ചു. മഖ്ബറക്കടുത്ത് അതേ വർഷം തന്നെ ഒരു പള്ളിയും പണിതു. 'മസ്ജിദ് അഖ്സ'.

മസ്ജിദ് ആല

മസ്ജിദ് ആല18 വർഷം വീതമാണ്  ഹൈദരലിയും ടിപ്പുവും നാട് ഭരിച്ചത്. 230 വർഷം മുമ്പ് വരച്ച പെയിൻ്റിംഗുകൾ ഇന്നും കേടുപാടുകൾ വരാതെ ശവകുടീരത്തിനകത്ത് നിൽക്കുന്നത് ആരിലും അൽഭുതമുളവാക്കും.

ദിവസവും 3000 സന്ദർശകരാണ് ടിപ്പുവിന്റെ ശവകുടീരത്തിൽ കാഴ്ചക്കാരായി എത്തുന്നതെന്ന് ഗൈഡ് പറഞ്ഞു. ഒഴിവുദിനങ്ങളിൽ അത് ആറായിരം കവിയാറുണ്ടത്രെ. എല്ലാ ബലിപെരുന്നാളിന്റെയും 10 ദിവസം മുമ്പാണ് മഖ്ബറയിലെ നേർച്ച അഥവാ ഉറൂസ് നടക്കാറ്. നവംബർ 10  ടിപ്പു ജയന്തി ദിനമാണ്. വലിയ ആഘോഷമായിട്ടാണ് സർക്കാർ തന്നെ മുൻകയ്യെടുത്ത് ജയന്തി കൊണ്ടാടിയിരുന്നത്.

പതിറ്റാണ്ടുകളായി നടന്നുവന്നിരുന്ന ടിപ്പു ജയന്തി ആഖജ വന്നപ്പോൾ ഇല്ലാതാക്കി. അത് കേവലം ചടങ്ങിലൊതുക്കി. ഇപ്പോൾ ശ്രീരംഗപട്ടണം തഹ്സിൽദാർ പേരിനൊന്ന് വരും. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ദർഗ്ഗ കമ്മിറ്റി ഭാരവാഹികൾ 'ഫാതിഹ'(ഖുർആനിലെ ആദ്യ അദ്ധ്യായം) ഓതി പിരിയും.

ടിപ്പു കൊല്ലപ്പെട്ട ശേഷം ശേഷിച്ച കുടുംബക്കാരെ ഇന്ത്യയുടെ പല ദിക്കിലേക്കുമായി ബ്രിട്ടീഷുകാർ നാടുകടത്തി. സാമ്രാജ്യം നാലായി പകുത്ത് ഹൈദ്രബാദ് നൈസാമും മറാഠി രാജാവും മൈസൂർ രാജാവും ഈസ്റ്റ് ഇൻഡ്യ കമ്പനിയും  ഭാഗിച്ചെടുത്തു. ഈ നാൽവർ സഖ്യമാണ് ടിപ്പുവിന്റെ കഥ കഴിച്ചത്.

ഭഗ്വാൻ എസ് ഗിദ്വാനിയുടെ ചരിത്ര നോവലിനെ ആസ്പദിച്ച് നിർമ്മിച്ച ടിപ്പുവിനെ കുറിച്ച സീരിയൽ 60 എപ്പിസോഡുകളായി ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ദൂരദർശൻ സംപ്രേക്ഷണം ചെയ്തത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരപൂർവ്വ സംഭവമാണ്. അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. ഇന്നാണെങ്കിൽ ഒരിക്കലുമത് നടക്കില്ല.

ശ്രീരംഗപട്ടണത്തിലെ ടിപ്പു പാലസ് ബ്രിട്ടീഷുകാർ മുഴുവനായും തകർത്തു. വലുത് എന്നർത്ഥം വരുന്ന 'മസ്ജിദ് ആല' ടിപ്പു ജാമിയ മസ്ജിദ് എന്നാണ് അറിയപ്പെടുന്നത്. അവിടെ എത്തിയപ്പോൾ സന്ധ്യാ പ്രാർത്ഥനയുടെ സമയമായിരുന്നു.

ഒരുപാടാളുകൾ പ്രാർത്ഥനക്ക് എത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് "മസ്ജിദ് ആല"ത്തിലേക്ക് ഒരുപറ്റം സംഘ് പരിവാർ പ്രവർത്തകർ  തള്ളിക്കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയത്.

ക്ഷേത്രം പള്ളിയാക്കി എന്നാരോപിച്ചാണ് അതിക്രമം കാട്ടിയത്. ഒരു മാസം മുമ്പും ഇത്തരമൊരു ശ്രമം നടന്നത്രെ. അതേ തുടർന്ന് പത്തോളം പോലീസുകാരെയാണ് പള്ളിക്ക് മുന്നിൽ കാവൽ നിർത്തിയിരിക്കുന്നത്.

ഞങ്ങൾ പള്ളിയും പരിസരവും നടന്ന് കണ്ടു. കർണ്ണാടക കോടതികളിൽ പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് കാവൽക്കാരനായ പോലീസുകാരൻ പറഞ്ഞു.

ടിപ്പു വെടിയേറ്റ് വീണു കിടന്ന സ്ഥലത്തും പോയി. കൊടും ചതിയുടെ ആക്രോശങ്ങൾ കാതിൽ വന്ന് അലക്കുന്ന പ്രതീതി. മിർസാദിഖിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയല്ലാതെ ആർക്കും അവിടം വിട്ട് പോരാൻ കഴിയില്ല.

ധീരൻമാർ വാഴ്ത്തപ്പെടും ചതിയൻമാർ ശപിക്കപ്പെട്ടുകൊണ്ടേയിരിക്കും. ശാപവാക്കുകളേറ്റ് മിർസാദിഖിന്റെ ആത്മാവിന്റെ അലമുറ ചുറ്റുവട്ടത്ത് നിന്നെല്ലാം കർണ്ണപടങ്ങളിൽ പതിച്ചു. ധീരതയുടെ വിപരീത പദം ഭീരുത്വമല്ല, ചതിയാണെന്ന് മനസ്സ് മന്ത്രിച്ചു.

(നാളെ - ഭാഗം 2, "ബെല്ലാരിയിൽ കേട്ട തേങ്ങൽ")


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top