ഹിമാലയത്തിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് താദാത്മ്യം അഥവാ ആംഗലത്തിൽ പറഞ്ഞാൽ അക്ലിമറ്റൈസേഷൻ. അതതിടത്തെ പ്രകൃതിയും കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നുമാത്രമേ അർഥമുള്ളൂ. വ്യത്യസ്തമായ കാലാവസ്ഥയിൽനിന്ന് ഹിമാലയത്തിലേക്ക് മണിക്കൂറുകൾക്കുള്ളിൽ എത്തുന്ന നമ്മുടെ ശരീരം അവിടവുമായി പൊരുത്തപ്പെടുന്ന അവസ്ഥയാണത്.
ഈ യാത്രയിലെന്നല്ല, ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഹിമാചൽ ഗ്രാമമാണ് കൽഗ. ഞങ്ങൾ മൂന്ന് രാത്രിയും രണ്ടുപകലും ജീവിച്ചു രസിച്ച സ്വർഗ ഭൂമി. പാർവതി വാലിയുടെ മുഗ്ധ സൗന്ദര്യം തുടങ്ങുന്നത് ഇവിടെ നിന്നാവണം. പൈൻമരങ്ങൾ ചരസിൻ കുളിരിൽ മയങ്ങുന്ന ഗ്രാമം. തടിവീടുകൾക്കരികിലെ നിരന്ന വെളിമ്പ്രദേശങ്ങളിൽ ചരസുചെടികൾ തളിർക്കുകയും ഉയർന്നുപൊങ്ങി പൂത്തുചിരിക്കുകയും ചെയ്യുന്നു.
സമുദ്രനിരപ്പിൽനിന്ന് 8200 അടി ഉയരം.പാർവതി വാലിയെ 360 ഡിഗ്രിയിൽ കാണാൻ പറ്റുന്ന പ്രദേശം. ബുൻബുനിയും ഖീർഗംഗയും ഉൾപ്പെടെ കുന്നിൻ മുകളിലേക്ക് നടക്കാൻ ഊർജം പകരുന്ന കൽഗ.
കൽഗയിലേക്കുള്ള നടവഴിക്ക് അരികിലാണ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. അതുകഴിഞ്ഞാൽ പാറമടപോലെ തോന്നിക്കുന്ന കുത്തുകയറ്റമാണ്. മഴക്കാലത്ത് ചുവന്ന പൂക്കളുമായി വളരുന്ന ചിക്കന്റെ മണവും രുചിയുമുള്ള ചെടിയാണ് കൽഗ. സോയാബീൻപോലെയുള്ള ഒരിനം. ചെടിക്ക് ഈ നാടുമായി വല്ല ബന്ധമുണ്ടോ എന്ന് അറിയില്ല.പലരോടും ചോദിച്ചിട്ടും വ്യക്തമായ ഉത്തരമില്ല.
കൽഗയിലേക്കുള്ള നടവഴിക്ക് അരികിലാണ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. അതുകഴിഞ്ഞാൽ പാറമടപോലെ തോന്നിക്കുന്ന കുത്തുകയറ്റമാണ്. മഴക്കാലത്ത് ചുവന്ന പൂക്കളുമായി വളരുന്ന ചിക്കന്റെ മണവും രുചിയുമുള്ള ചെടിയാണ് കൽഗ. സോയാബീൻപോലെയുള്ള ഒരിനം. ചെടിക്ക് ഈ നാടുമായി വല്ല ബന്ധമുണ്ടോ എന്ന് അറിയില്ല.പലരോടും ചോദിച്ചിട്ടും വ്യക്തമായ ഉത്തരമില്ല. കുന്നുകയറി എത്തുമ്പോൾ പൈൻമരക്കാടിനോട് ചേർന്ന് സന്തോഷിന്റെ പർണശാല. ചരസ് ചെടികൾ മുറ്റിനിൽക്കുന്ന ചെറിയ പാടത്തിന് നടുവിലൂടെയാണ് വഴി.
തടിയിൽ തീർത്ത ഇരുനില കെട്ടിടമാണ് മുന്നിൽ. ഒന്നാം നിലയിലെ അവസാന മുറി ഞങ്ങൾക്കായി തുറന്നു. ഭാരമുള്ള ബാഗുകളെല്ലാം ഗ്രിഗറി മുറിയിൽ എത്തിച്ചു. ആപ്പിൾ മരങ്ങൾ ചുറ്റുമുണ്ടെങ്കിലും കാര്യമായ ഫലമില്ല. ഒന്നോ രണ്ടോ എണ്ണം ചുവന്നുണങ്ങി നിൽപ്പുണ്ട്. സീസൺ അവസാനിച്ചതിന്റെ ലക്ഷണമാണ്. കാര്യമായ തണുപ്പുണ്ട്. ക്ഷീണം തീർക്കാൻ നൽകിയ കട്ടൻചായക്കുതന്നെ ഒരു ലഹരി സുഖം. നമ്മുടെ നാട്ടിലെ മിന്റ് പോലുള്ള ഒരിനം ഇലയാണ് തേയിലക്കുപകരം ഉപയോഗിക്കുന്നത്. സന്തോഷിന്റെ ഹോംസ്‌റ്റേക്കുചുറ്റും അത് തഴച്ചുവളരുന്നുണ്ട്.
പത്തുവർഷംമുമ്പ് വടക്കൻ മലബാറിൽനിന്ന് ഒരു യുവാവ് ഹിമാലയം കാണാനിറങ്ങി. അന്ന് അയാൾ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. ഹിമാലയം കണ്ടുകണ്ട് ഹിമാചലിൽ എത്തിയപ്പോൾ തിരികെ പോകാൻ തോന്നിയില്ല. ജിപ്സികൾക്കും തദ്ദേശീയരായ ചിലർക്കുമൊപ്പം കൂടി. എന്തൊക്കെയോ തൊഴിലെടുത്തു. ഒഴിവുവേളകളിൽ ഹിമാചലിന്റെ ഉൾത്തുടിപ്പുറങ്ങുന്ന ഗ്രാമങ്ങളിലേക്ക് നടന്നു. അങ്ങനെ നടക്കുന്നതിനിടെ ഒരു പെൺകുട്ടി അയാളുടെ ഉള്ളിലേക്ക് കടന്നു. പിന്നെ വിവാഹിതരായി. തദ്ദേശീയനായ ഒരാളിൽനിന്നും ഇരുനില കെട്ടിടം പാട്ടത്തിനെടുത്തു. ഒപ്പം സമീപത്തെ കൃഷിയിടത്തിൽ വിളവിറക്കി. പാടങ്ങളിലെ ചെറുചെടികൾപോലെ അയാളും അവിടെ പച്ചപിടിച്ചു. സന്തോഷിന്റെ ജീവിതമാണിത്. മകനും ഭാര്യക്കുമൊപ്പം ഹിമാചലിൽ തന്നെയാണ് താമസം.
കൽഗയിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ് സന്തോഷ്. ഒപ്പം ഒരു ടീം തന്നെ ഉണ്ട്. യാത്രയ്ക്ക് വഴികാട്ടാനും ഭക്ഷണം ഉണ്ടാക്കാനും ഭാരം ചുമക്കാനുമെല്ലാം. അവർ സന്തോഷിന്റെ ജീവനക്കാരല്ല. എല്ലാവരും ബിസിനസ് പങ്കാളികൾ. ഇറ്റലിക്കാരനായ ഒരു സഞ്ചാരി നിർമിച്ചതാണ് ഞങ്ങൾ താമസിക്കുന്ന തടി വീട്. ഒന്നോ രണ്ടോ വട്ടം തീപിടുത്തമുണ്ടായി കുറെ നശിച്ചു. പിന്നെ ഇറ്റലിക്കാരൻ ഹിമാചൽ ഉപേക്ഷിച്ചുപോയപ്പോൾ നാട്ടുകാരിൽ ഒരാൾ ചെറിയ തുക നൽകി അത് വാങ്ങി. അയാളിൽ നിന്നാണ് സന്തോഷ് പാട്ടത്തിനെടുത്തത്.
കൈവരിയുള്ള നടവഴിയിൽനിന്ന് നോക്കിയാൽ മുറിഞ്ഞുവീണ പൈൻമരക്കുറ്റി കാണാം. തീപിടുത്തത്തിൽ നശിച്ചുപോയതാണ്. കരുവാളിച്ച ആ മരക്കുറ്റിക്കുമീതെ അതിജീവനത്തിന്റെ പച്ചപ്പുമായി കുറ്റിച്ചെടി കാറ്റിലുലയുന്നു. മരക്കുറ്റിയിൽ കാലംതന്നെ ശിൽപ്പം പണിതിട്ടുണ്ട്. വന്നുപോയ സഞ്ചാരികളിൽ ആരോ അതിനുമീതെ നിറവും ചാലിച്ചിട്ടുണ്ട്. കാൽപ്പാദങ്ങളാണ് സന്തോഷിന്റെ ട്രക്കിങ് ഗ്രൂപ്പിന്റെ അടയാളം. ചുമരിലും പടിക്കെട്ടിലുമെല്ലാം അത് വരച്ചുവെച്ചിട്ടുണ്ട്.
തടിവീട്ടിൽ കുറേ താമസക്കാരുണ്ട്. പലരും രണ്ടുമൂന്നു ദിവസമായി തങ്ങുന്നവർ. അതിൽ മലയാളികളുമുണ്ട്. ഗ്രിഗറിയെപ്പോലെ മുടി ജടകെട്ടിയ യുവാവ് ഒരു മൂലയിൽ തിരക്കിട്ട ജോലിയിലാണ്. ചരസ് ചെടിയുടെ ഇലകൾ നുള്ളിക്കളഞ്ഞ് കൊഴുന്നുപോലുള്ള പൂക്കൾമാത്രം
സംഭരിക്കയാണയാൾ. അഹമ്മദാബാദിൽ നിന്നെത്തിയ അയാൾ സന്തോഷിന്റെ സുഹൃത്താണ്. എറണാകുളത്തുകാരൻ പ്രശോഭ് അയാൾക്കൊപ്പം ഇരിപ്പുണ്ട്. പറിച്ചെടുത്ത ചരസിൻപൂവ് കൈവെള്ളയിൽ തിരുമ്മിപ്പിടിപ്പിക്കുകയാണ് ഗുജറാത്തി.
പൂവിന്റെ കറ അയാളുടെ കൈകളിൽ ഇരുണ്ട പച്ചനിറത്തിൽ പറ്റിപ്പിടിക്കുന്നുണ്ട്. പരമാവധി കറ ശേഖരിച്ചശേഷം ചെറിയ ചൂട് കൈവെള്ളയിൽ കൊടുക്കുമ്പോൾ അത് അരക്കിന്റെ രൂപത്തിൽ ഇളകിത്തുടങ്ങും. ഇതിനെ തുണിയിൽ പൊതിഞ്ഞ് വായ്ക്കുള്ളിലെ ചൂടുനൽകുമ്പോൾ ലഹരി ഉറയുന്ന ചരസായി രൂപ പരിണാമം സംഭവിക്കുന്നു.
കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും നിർമാണത്തിന് ഒരുപാട് സമയവും ബുദ്ധിമുട്ടും വേണം.
പുറത്തെ മരബെഞ്ചിൽ മഞ്ഞുതുള്ളികൾ വീണുതുടങ്ങി. മുറ്റത്തിനുനടുവിൽ അടുപ്പുകൂട്ടാനുള്ള പരിശ്രമത്തിലാണ് സന്തോഷും ഗ്രിഗറിയും. ഇതിനിടെ സിഗററ്റ് നിർമിക്കുന്ന കടലാസ് ചുരുളുകളിൽ ലഹരി നിറഞ്ഞുകഴിഞ്ഞു. ആഴിയിൽ തീപടർന്നതിനൊപ്പം പലരുടെയും ചുണ്ടുകളിൽ ചരസ് പുകഞ്ഞുതുടങ്ങി. ആഴിയുടെ മധ്യത്തിലെ കെറ്റിലിൽ വെള്ളം തിളക്കുന്നു. അതിന്റെ കൈയിലൂടെ പുറത്തേക്കുവരുന്ന ചൂടിൽ കൈകൂപ്പി ഇരിപ്പാണ് ഗുജറാത്തി.
കൽഗയിലെ സൂര്യകാന്തിപ്പൂക്കൾ
കൈയിൽ ഒട്ടിപ്പിടിച്ച അരക്ക് ഇടക്കിടെ ചുരണ്ടി എടുക്കുന്നുണ്ട്. സപ്പോട്ടപോലുള്ള ഒരു മരം അരികിൽ പന്തലിച്ചുനിൽക്കുന്നു. നിറയെ കായ്കളുണ്ട്. നമ്മുടെ നാട്ടിലെ ജാതിക്കായുടെ മണമാണ്. അച്ചാറിനും വൈനിനും ഏറെ മെച്ചപ്പെട്ടതാണെന്ന് സന്തോഷ് പറഞ്ഞു. രാത്രി ഭക്ഷണത്തിനൊപ്പം വിളമ്പിയ കഷണങ്ങളിൽ ചിലത് ആ കായയുടേതായിരുന്നു. ഗുജറാത്തി യുവാവ് വെറും സഞ്ചാരിയല്ല. തടിവീടിനുള്ളിലും പുറത്തും ചിത്രങ്ങൾവരച്ചത് അയാളാണ്. മിക്കതും ഹിമാലയവുമായി ബന്ധപ്പെടുത്തിയുള്ളത്.
സന്തോഷിന്റെ പാടത്ത് അവിടവിടെ സൂര്യകാന്തിപ്പൂക്കൾ ചിരിക്കുന്നു. ചരസ് ചെടിക്കിടയിലെ സൂര്യകാന്തി കൃഷിയെക്കുറിച്ച് ചോദിക്കുമ്പോൾ മൂലയിലെ ചാക്കിലേക്ക് ചൂണ്ടി. അതുനിറയെ സൂര്യകാന്തിയുടെ വിത്താണ്. മഞ്ഞുകാലം കഴിയുമ്പോൾ വിതയ്ക്കാൻ ഉള്ളത്. ചരസിന്റെ വിത്തും ആവശ്യത്തിന് സംഭരിച്ചിട്ടുണ്ട്. വലിയൊരു കന്നാസിൽ ആപ്പിൾ കഷണങ്ങൾ അഴുകി വീർത്തുകിടക്കുന്നു. ഓരോ ദിവസവും രണ്ടും മൂന്നും ആപ്പിൾവീതം അതിലേക്ക് മുറിച്ചിട്ടും. വിനാഗിരി ഉണ്ടാക്കാനാണ് അത്. കൽഗയിലെ ഗ്രാമീണരുടെ പ്രധാന ഉൽപ്പന്നങ്ങളിൽ ഒന്നാണ് ആപ്പിൾ വിനാഗിരി. പൊതുമാർക്കറ്റിൽ കാര്യമായി വില കിട്ടുന്ന ഐറ്റം.
സന്തോഷിന്റെ ഹോട്ട്‌റൂമിലെ ചിത്രവും ചിത്രകാരനും
റൊട്ടിയും ചോറും കറികളും എല്ലാം കഴിച്ച് സന്തോഷിന്റെ ഹോട്ട്‌റൂമിലേക്ക് ഞങ്ങൾ കടന്നു. എത്ര തണുപ്പായാലും ആ മുറിക്കുള്ളിൽ കിടന്നുറങ്ങാം. നാലടിവരെ ഉയരത്തിൽ മഞ്ഞുവീഴുന്ന ഗ്രാമമാണ് കൽഗ. ഒട്ടുമിക്ക വീടുകളിലും ഇത്തരം റൂമുകൾ സജ്ജമാക്കാറുണ്ട്. ചുവരിനോടുചേർന്ന് ചെറിയ വലിപ്പത്തിൽ തടിക്കഷണങ്ങൾ കീറി ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. നടുവിൽ ഇരുമ്പിൽ തീർത്ത ചെറിയൊരു അടുപ്പ്. അതിൽ ഭക്ഷണം ഉണ്ടാക്കാം. അടുപ്പിൽനിന്ന് മേൽക്കൂര കടന്ന് പുറത്തേക്ക് പോകുന്ന ഇരുമ്പുപൈപ്പ്. അടുപ്പിനുചുറ്റും വിരിച്ചിട്ട കമ്പിളിപ്പുതപ്പുകൾ. ചരസിന്റെ മണം വല്ലാതെ നിറഞ്ഞുനിൽക്കുന്നു.
ചുവരിൽ ഗുജറാത്തിയുടെ ചിത്രങ്ങളാണ്. സ്ത്രീ രൂപത്തിലുള്ള ശിവനാണ് അതിൽ പ്രധാനം. മുലകളും ജടയുമുള്ള നഗ്നനായ ശിവൻ. കാൽ പിണച്ച് അടുപ്പിച്ച് സ്ത്രീത്വം മറച്ചിട്ടുണ്ട്. പാതിയടഞ്ഞ കണ്ണുകളിൽ ധ്യാനത്തിന്റെ സൗന്ദര്യമുണ്ട്. തലയ്ക്കുചുറ്റും ചുവന്ന ആകാശവും താഴെ നീല കടലും. ഓറപോലെ തോന്നുന്ന ചുവപ്പ് നിറത്തിന് ബോർഡർ ആയി ചരസിൻ തണ്ടുകൾ.
പിന്നിൽ അകലേക്ക് നീണ്ടുപോകുന്ന ഇരുണ്ട കാട്. ശിവമൂലിപ്പുകയുടെ ഉന്മാദത്തിൽ റൂമിലെ ഇളംചൂടിൽ അവർ ഉറങ്ങാൻ തുടങ്ങുകയാണ്. തംബുരുപോലുള്ള വാദ്യോപകരണത്തിൽ ഗുജറാത്തി താളം പിടിച്ചുതുടങ്ങി. താളം മുറുക്കി, അവർ ലഹരിയുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾ പുറത്തിറങ്ങി. മുകളിൽ ഞങ്ങളുടെ മുറിയിൽ രജായി വിരിക്കാൻ ഗ്രിഗറി സഹായിയായി. തണുപ്പ് വല്ലാതെ നോവിക്കുന്നു. ഉറക്കം മെല്ലെ തഴുകിത്തുടങ്ങുന്നു. ഗുജറാത്തിയുടെ ദമരു അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു.
പിറ്റേന്ന് പുലർച്ചെ ബുൻബുനിയിലേക്ക്നടക്കാൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി.
ഹിമാലയ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത പുലർച്ചെയുള്ള നടത്തമാണ്. അതിന് കുറേ കാരണങ്ങളുണ്ട്.എവിടെയായാലും വൈകിട്ട് നാലുമണിക്കുശേഷം യാത്ര ചെയ്യുന്നത് അത് ഉചിതമല്ല. ഇരുട്ട് വീഴും എന്നതുമാത്രമല്ല, പ്രകൃതിയുടെ പൊതു പ്രകൃതത്തിൽ കാര്യമായ മാറ്റം വരും.തപ്പിത്തടഞ്ഞുപോകേണ്ടതായിരിക്കും പല വഴികളും. അവിടെ ശാരീരികം മാത്രമല്ല മാനസികമായും നമുക്ക് തളർച്ച നേരിടും.
ഹിമാലയ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത പുലർച്ചെയുള്ള നടത്തമാണ്. അതിന് കുറേ കാരണങ്ങളുണ്ട്.എവിടെയായാലും വൈകിട്ട് നാലുമണിക്കുശേഷം യാത്ര ചെയ്യുന്നത് അത് ഉചിതമല്ല. ഇരുട്ട് വീഴും എന്നതുമാത്രമല്ല, പ്രകൃതിയുടെ പൊതു പ്രകൃതത്തിൽ കാര്യമായ മാറ്റം വരും.തപ്പിത്തടഞ്ഞുപോകേണ്ടതായിരിക്കും പല വഴികളും. അവിടെ ശാരീരികം മാത്രമല്ല മാനസികമായും നമുക്ക് തളർച്ച നേരിടും. രാത്രി 7 മണിക്ക് നന്ദാദേവിയിലേക്ക് യാത്രചെയ്തതും അനുഭവിച്ച ദുരിതങ്ങളും ഇപ്പോഴും മറക്കാതെ മനസ്സിൽ എത്തുന്നു.
പുലർച്ചെ നടന്നുതുടങ്ങിയാൽ ഉള്ള പ്രധാന നേട്ടം നമ്മുടെ മനസ്സ് ശരീരത്തെ ഭരിക്കും എന്നതുതന്നെ. ഒരു കട്ടൻ ചായയോ റൊട്ടിയോ എന്തെങ്കിലും ലഘുവായി കഴിച്ച് ആറുമണിക്ക് യാത്ര തുടങ്ങിയാൽ ഉച്ചയെത്തുംമുമ്പ് നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് ചെന്നെത്തും. ഭക്ഷണം ഉണ്ടാക്കാനും ടെന്റടിക്കാനും ഒക്കെ മതിയായ സമയം കിട്ടും. സാധാരണ കാൽനടയാത്രയിൽ ഉണ്ടായേക്കാവുന്ന ക്ഷീണം പകുതിയോളം കുറയും. മറ്റൊന്ന് യാത്രയുടെ സൗന്ദര്യമാണ്. കാടുകളിലും കുന്നുകളിലും സാവധാനം നടക്കുമ്പോൾ പ്രകൃതി നമുക്കായി ഒരുക്കിവച്ചതെല്ലാം ഉണർന്നുതുടങ്ങുകയേയുള്ളൂ. ചിമിഴ്പൊട്ടിയ കാഴ്ചകൾ ഓരോന്നായി നമ്മളെ അനുഭവിപ്പിച്ചുകൊണ്ടേയിരിക്കും.
ഇളംമഞ്ഞും വെയിലും നനുത്ത കാറ്റും എത്ര പറഞ്ഞാലും തീരാത്ത സ്വാഗതമോതി ഒപ്പം ചേരും. കാട്ടുജന്തുക്കൾ കൗതുകത്തോടെ നോക്കിയിരിക്കും. ചോലകൾ ഒഴുകാൻ തുടങ്ങുംമുമ്പ് അവരുടെ പ്രണയം നമുക്കായി മാറ്റി വെച്ചിട്ടുണ്ടാവും. കൽഗയിലെ രാത്രിയിലെപ്പോഴോ സ്വപ്നങ്ങൾ കാമുകിയെപ്പോ ലെ വന്നുപോയി. യാത്രയിലെ ആദ്യ രാത്രി പൊഴിയുന്നു.
ഉറക്കമെണീറ്റ് സന്തോഷിന്റെ അടുക്കളയിൽ കട്ടൻചായക്ക് ചെല്ലുമ്പോഴാണ് പ്രശ്നം. യാത്രയിൽ കൊണ്ടുപോകാൻ തലേന്ന് രാത്രിതന്നെ ഗ്രിഗറിയും സംഘവും കെട്ടിവെച്ച ടെന്റും സ്ലീപ്പിങ് ബാഗും ഉൾപ്പെടെ ഉള്ളതെല്ലാം നനഞ്ഞുകുതിർന്ന് ഇരിപ്പാണ്. അപ്രതീക്ഷിതമായി രാത്രി മഴ വന്നുതോർന്നു. പൈൻമരക്കാടായതിനാൽ മുകളിലേക്കുള്ള വഴി അത്ര സുഗമമല്ല. കൊഴിഞ്ഞ ഇലയും പശയുള്ള മണ്ണും മഴയിലലിഞ്ഞ് കിടപ്പാണ്. എവിടെ ചവിട്ടിയാലും തെന്നിപ്പോവും. മാനം മൂടിക്കെട്ടി നിൽക്കുന്നു. മഴ വീണ്ടും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. ഗുജറാത്തി വരച്ച കുരങ്ങിൻ ചിത്രം പല്ലിളിക്കുന്നു. എന്തായാലും അന്ന് യാത്ര നടക്കില്ലെന്ന് ഉറപ്പായി. അത് ഒരു തരത്തിൽ അനുഗ്രഹം കൂടിയാണ്.
ഹിമാലയത്തിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് താദാത്മ്യം അഥവാ ആംഗലത്തിൽ പറഞ്ഞാൽ അക്ലിമറ്റൈസേഷൻ. അതതിടത്തെ പ്രകൃതിയും കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നുമാത്രമേ അർഥമുള്ളൂ. വ്യത്യസ്തമായ കാലാവസ്ഥയിൽനിന്ന് ഹിമാലയത്തിലേക്ക് മണിക്കൂറുകൾക്കുള്ളിൽ എത്തുന്ന നമ്മുടെ ശരീരം അവിടവുമായി പൊരുത്തപ്പെടുന്ന അവസ്ഥയാണത്. ഒരുദിവസം കൽഗയിൽ തങ്ങുന്നതോടെ താദാത്മ്യം വരുമെന്ന് ഉറപ്പായി.
മഴ യാത്ര മുടങ്ങിയെങ്കിലും ഉച്ചയോടെ ഞങ്ങൾ ഗ്രാമം കാണാനിറങ്ങി. പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന പേര് അന്വർഥമാക്കുന്നതാണ് മിക്കയിടവും. പ്ലാസ്റ്റിക് കുപ്പികളും മറ്റും ഉപയോഗത്തിലുണ്ട്. എന്നാൽ വലിച്ചെറിയാതെ കരുതലോടൈവക്കും. അതുമാത്രമല്ല ബിസ്കറ്റ്, മിഠായി കവറുകൾവരെ ഇവിടത്തുകാർ സംഭരിക്കുന്നു. അവയെല്ലാം പ്ലാസ്റ്റിക് കുപ്പികളിൽ കുത്തിനിറച്ച് സൂക്ഷിക്കുന്നു. ചുവർ, തറ നിർമാണത്തിന് കല്ലുകൾക്കും തടികൾക്കുമൊപ്പം പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കും. കുനിഞ്ഞുതൂങ്ങിയ ആപ്പിൾ മരങ്ങൾക്കും ചരസ് ചെടികൾക്കുമിടയിലെ ഗ്രാമമെന്ന് കൽഗയെ വിളിക്കാം.
ആകാശം മുട്ടുന്ന കുന്നുകൾക്കുതാഴെ പൈൻ മരക്കാടുകൾ. നടുവിൽ കുറ്റിച്ചെടികൾക്കിടയിലെ പച്ചത്തുരുത്ത്. അവിടവിടായി ആകാശക്കാഴ്ചക്കായി ഒരുക്കിയിട്ടതുപോലെ വിശാലമായ പുൽമേടുകൾ.
ഇരുനില വീടുകളാണ് മിക്കതും. ഭൂരിഭാഗവും തടിയും തകരവുംകൊണ്ട് നിർമിച്ചത്. അഞ്ചടിയിലേറെ മഞ്ഞടിയുന്നതിനാൽ മഞ്ഞുകാലം ആകുമ്പോൾ ഇവിടത്തുകാർ താമസം ഒന്നാം നിലയിലേക്ക് മാറ്റും. കന്നുകാലികൾ ഉൾപ്പെടെയുള്ളവയ്ക്കും സൗകര്യമുണ്ട്. പൂക്കളുടെ ഗ്രാമമെന്ന് വിളിക്കാനാവില്ല. എങ്കിലും കടുംനിറത്തിൽ ചിരിക്കുന്ന ചെടികൾ ഓരോ വീട്ടുമുറ്റത്തും തൊടിയിലും കണ്ടു.
ആപ്പിൾ കൃഷിയിലും കാലിവളർത്തലിലും ശ്രദ്ധാലുക്കളാണ് ഇവർ. സഞ്ചാരസാധ്യത പരമാവധി വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിരവധി ഹോംസ്‌റ്റേകളും ഗ്രാമത്തിലുണ്ട്. കൽഗക്ക് അടുത്തുള്ള ഗ്രാമമാണ് ഫുൽക. സൂര്യവെട്ടമേൽക്കാത്ത നാട് എന്നാണ് ഫുൽക അറിയപ്പെടുന്നത്. കൂറ്റൻ പൈൻമരങ്ങൾ ആകാശം മറച്ചുനിൽക്കുന്ന കാടിന്റെ നാട്. ബുൻബുനിയും ഖീർഗംഗയും കയറി തിരികെയെത്തുന്നത് ഫുൽകയിൽ ആയതിനാൽ അവിടേക്ക് സന്ദർശനം തൽക്കാലം വേണ്ടെന്നുവച്ചു.
സന്തോഷിന്റെ തടി വീട്ടിലെ ഉച്ചഭക്ഷണം മോഹിപ്പിക്കുന്നതായിരുന്നു. റൊട്ടിയും ചോറും ചിക്കനും പച്ചക്കറികളും എല്ലാം നിറഞ്ഞ ഭക്ഷണം. ഗ്രാമത്തിൽനിന്ന് പൊട്ടിച്ചെടുത്ത കുമിൾ പ്രത്യേകതരത്തിൽ വരട്ടി ഉണ്ടാക്കിയ കറിയുടെ സ്വാദ് ഇപ്പോഴും നാവിലുണ്ട്.
വിശ്രമം കഴിഞ്ഞെത്തുമ്പോൾ കടല മാവിൽ മുക്കി വറുത്തെടുത്ത കത്തിരിക്കാ ബജിയും ചായയുമായി ഗ്രിഗറി മുന്നിലുണ്ട്. പിന്നെ ഇരുട്ടുവോളം പാട്ടും ഭക്ഷണവും. കടലമാവ് കുറുക്കിയ പുളിശ്ശേരി കറി ഗ്രിഗറിയുടെ സ്പെഷ്യൽ മെനുവായിരുന്നു .(തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..