25 March Saturday

പോർബന്തറിലെ വസന്തം...കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം മൂന്നാംഭാഗം

ഡോ.കെ ടി ജലീൽUpdated: Wednesday Jan 18, 2023

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ
ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

കാലത്ത് 9 മണിക്ക് ലോഡ്ജ് ഒഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസത്തെ വാടക കൂടി കൊടുക്കേണ്ടി വരും. അത്കൊണ്ട് തണുപ്പ് വകവെക്കാതെ പെട്ടന്ന് എഴുനേറ്റു. റൂം ഒഴിഞ്ഞു. ലൈൻ ബസിൽ ഗാന്ധിധാമിലേക്ക് പുറപ്പെട്ടു. ഒരു കുട്ടി ബസ്സിലായിരുന്നു യാത്ര. വഴി നീളെയുള്ള അങ്ങാടികളിലെല്ലാം നിർത്തി ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ശാന്തമായ ഗ്രാമങ്ങൾ. വിളഞ്ഞ് നിൽക്കുന്ന ധാന്യങ്ങൾ. യഥേഷ്ടം പശുക്കൾ. ജോലിയിൽ വ്യാപൃതരായ ഗ്രാമീണർ. അലസമായി സെറ്റ് കൂടി നടക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങളെ എവിടെയും കണ്ടില്ല. തെരുവുകളിൽ ശബ്ദഘോഷങ്ങൾ കുറവാണ്. സമീപത്തിരുന്നയാളോട് മദ്യം നിരോധനത്തെ കുറിച്ച് ചോദിച്ചു. ചിരിയായിരുന്നു ആദ്യ മറുപടി. പിന്നെ വസ്തുത വെളിപ്പെടുത്തി. ഗുജറാത്തിൽ വ്യാജവാറ്റ് വ്യാപകമാണത്രെ. പോരാത്തതിന് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മദ്യത്തിന്റെ ഒഴുക്കും.  കഞ്ചാവും സുലഭമാണ്.  രാജ്യത്തെ ഞെട്ടിച്ച മദ്യദുരന്തങ്ങളിൽ പലതും നടന്നത് മദ്യം നിരോധിച്ച ഗുജറാത്തിലാണ്. അതിൽ ഏറ്റവും അവസാനത്തേതാണ് 2022 ജൂലൈ 25 ന് ബാവ് നഗറിൽ നടന്നത്. അതിൽ നാൽപ്പത് പേർ മരിച്ചു.

 ഗാന്ധിധാമിലെ അയ്യപ്പ ക്ഷേത്ര ഭാരവാഹികൾക്കൊപ്പം

ഗാന്ധിധാമിലെ അയ്യപ്പ ക്ഷേത്ര ഭാരവാഹികൾക്കൊപ്പം


കൊയിലാണ്ടിക്കാരൻ ശശിയുടെ നിർബന്ധപൂർവ്വമായ സ്നേഹത്തിൽ ചാലിച്ച ആതിഥേയത്വം സ്വീകരിച്ചാണ് ഗാന്ധിധാമിൽ പതിനൊന്ന് മണിയോടെ എത്തിയത്. അദ്ദേഹവും മകനും ഞങ്ങളെ ബസ് സ്റ്റോപ്പിൽ കാത്തു നിന്നിരുന്നു. ഞങ്ങൾ നേരെ പോയത് ഗാന്ധിധാമിലെ അയ്യപ്പ ക്ഷേത്രത്തിലേക്കാണ്. അവിടെ ക്ഷേത്രഭാരവാഹികളായ പി.പി സത്യനും രാജൻ പയ്യന്നൂരും സഹപ്രവർത്തകരും ഞങ്ങളെ എതിരേറ്റു. പ്രസിഡണ്ട് ഡോ: മുരളി സ്ഥലത്തുണ്ടായിരുന്നില്ല. എത്താൻ കഴിയാത്തതിലെ വിഷമം അദ്ദേഹം ഫോണിൽ അറിയിച്ചു. എല്ലാവരും വർഷങ്ങളായി ഗുജറാത്തിലെ താമസക്കാരാണ്. ജോലിക്കായും കച്ചവടക്കാരായും എത്തിയവർ. കുറേസമയം നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. സാധാരണക്കാരായ ഗുജറാത്തികളുടെ ഒരുപാട് നൻമകൾ അവർ പങ്കുവെച്ചു. പട്ടണത്തിലെ മലയാളികളാണ് ശ്രീ അയ്യപ്പന്റെ പ്രതിഷ്ഠയോടെ ഒരു ക്ഷേത്രം 1979 ൽ പണിതത്. അയ്യപ്പ സേവാ സമിതി ട്രസ്റ്റാണ് ക്ഷേത്ര പരിപാലികർ. ഓരോ വർഷവും ഇവിടെ ഉൽസവം നടക്കാറുണ്ട്. ട്രസ്റ്റ് ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യുന്നു. മലയാളി സമാജം നടത്തുന്ന കൈരളി ഇംഗ്ലീഷ് മീഡിയം സ്കൂളും സന്ദർശിച്ചു. സ്കൂളിന്റെ സ്ഥാപകരിൽ പ്രമുഖനും ഇപ്പോഴത്തെ പ്രസിഡണ്ടുമായ മാത്യൂസ് സാറും ഭാര്യ ഗ്രേസിയും സെക്രട്ടറി ഡി.സി ശേഖറും പ്രിൻസിപ്പലും ഗാന്ധിധാമിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സംക്ഷിപ്തം വരച്ചുകാട്ടി.

സ്കൂളിൽ അധികവും ഗുജറാത്തി കുട്ടികളാണ്. സർക്കാർ സ്കൂളുകളിലേക്ക് സാധാരണക്കാർ പോലും കുട്ടികളെ പറഞ്ഞയക്കാൻ ഇഷ്ടപ്പെടുന്നില്ല. ഗുണനിലവാരത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. 1300 ഓളം കുട്ടികളാണ് കൈരളി സ്കൂളിൽ പഠിക്കുന്നത്. ഗുജറാത്തിൽ പല സ്ഥലങ്ങളിലും വിവിധ കൃസ്ത്യൻ സഭകൾ മികച്ച സ്കൂളുകൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ കൃസ്ത്യൻ സഭകളുടെ ഏറ്റവും മാതൃകാപരവും അനുകരണീയവുമായ പ്രവർത്തനമാണിത്. ക്രൈസ്തവ സമുദായം നാടിന് എന്ത് ചെയ്യുന്നു എന്നുള്ളതിന്റെ ഉത്തരം രാജ്യത്ത് അവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
കൈരളി സ്‌കൂളിൽ

കൈരളി സ്‌കൂളിൽ

ഒരു നാടിനെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവരെ എങ്ങിനെ ആട്ടിയോടിക്കാനും ഉപദ്രവിക്കാനും കഴിയും. രാജ്യത്തിന്റെ വൈജ്ഞാനിക ചരിത്രം വലിയ അളവിൽ കടപ്പെട്ടിരിക്കുന്നത് ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാലയങ്ങളോടാണ്. ആരും എത്തിപ്പെടാത്ത കുഗ്രാമങ്ങളിൽ പോലും കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളുണ്ട്. അവരുടെ ത്യാഗത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു. ഒരു ജനവിഭാഗത്തിന്റെ പങ്കിനെ നിഷേധിച്ചും ഇന്ത്യക്ക് മുന്നോട്ടു പോകാനാവില്ലെന്ന് പറയുന്നത് ഭംഗിവാക്കല്ല. വസ്തുതയാണ്.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വരുമാനമുള്ള പോർട്ടാണ് കണ്ട്ല ദീൻ ദയാൽ തുറമുഖം. മുൻകൂട്ടി അനുമതി വാങ്ങാതെ സാധാരണഗതിയിൽ തുറമുഖം സന്ദർശിക്കാനാവില്ല. ക്ഷേത്ര കമ്മിറ്റിയിലെ കൊല്ലം സ്വദേശികളായ രണ്ട് പേരുടെ സ്വാധീനം ഉപയോഗിച്ചാണ് ഞങ്ങളുടെ പോർട്ട് സന്ദർശനം ഉറപ്പാക്കിയത്. യാത്രക്കിടയിലെ വീണുകിട്ടിയ ഭാഗ്യമായിരുന്നു അത്. കടലിൽ നിന്ന് 6 കിലോമീറ്റർ ഉള്ളിലേക്കായിട്ടാണ് തുറമുഖം സ്ഥാപിച്ചിട്ടുള്ളത്. കൃത്രിമ കപ്പൽ ചാലുകൾ തീർത്താണ് കപ്പലുകളുടെ വരവ് സാദ്ധ്യമാക്കിയത്. വേലിയേറ്റ സമയത്താണ് കപ്പലുകൾ തുറമുഖത്തടുക്കുന്നത്. വേലിയിറക്ക സമയത്ത് പുറംകടലിൽ നങ്കൂരമിട്ട് കാത്ത് കിടക്കും. അഞ്ചും ആറും വലിയ ക്രൈനുകൾ സ്ഥാപിച്ച പടുകൂറ്റൻ ചരക്കു കപ്പലുകൾ നിരനിരയായി കയറ്റിറക്ക് നടത്തുന്നത് അൽഭുതകരം തന്നെ. ഒരേസമയം ഒരു ഭാഗത്ത് 13 കപ്പലുകളും മറ്റൊരു ഭാഗത്ത് 6 കപ്പലുകളും നിരനിരയായാണ് നിൽക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഇറക്കുമതിയും കയറ്റുമതിയും നടക്കുന്ന തുറമുഖമാണിത്. രാജ്യത്ത് കെമിക്കൽ സംഭരണ സൗകര്യത്തിന്റെ കാര്യത്തിൽ ദീൻദയാൽ പോർട്ടിന് ഒന്നാം സ്ഥാനമാണത്രെ. കപ്പലിൽ നിന്ന് നേരിട്ട് വലിയ പൈപ്പുകളിലൂടെയാണ് വിവിധ കെമിക്കൽ ദ്രാവകങ്ങൾ സമീപ പ്രദേശങ്ങളിലുള്ള പടുകൂറ്റൻ ടാങ്കുകളിൽ എത്തുന്നത്. സ്വകാര്യ സ്ഥാപനങ്ങളാണ് വൻ ടാങ്കുകൾ തുറമുഖത്തിന്റെ സ്ഥലം ലീസിനെടുത്ത് സ്ഥാപിച്ചിരിക്കുന്നത്. ദൂരെനിന്ന് ഈ കൂറ്റൻ ടാങ്കുകൾ കണ്ടാൽ വലിയ ഫ്ലാറ്റുകൾ ഉയർന്ന് നിൽക്കുന്നത് പോലെ തോന്നും. 'ടാങ്ക് സിറ്റി' എന്നും ഈ പ്രദേശം അറിയപ്പെടും.
കണ്ട്‌ല തുറമുഖത്ത്‌

കണ്ട്‌ല തുറമുഖത്ത്‌


365 ദിവസവും പ്രവർത്തന ക്ഷമമായ രാജ്യത്തെ ഏക തുറമുഖമാണ് കണ്ട്‌ല തുറമുഖം. കഴിഞ്ഞ 30 വർഷമായി  ഷിപ്പിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കൊല്ലം പത്തനാപുരം സ്വദേശികളായ സതീശ് നായരും രാജേഷ് പിള്ളയുമാണ് പാസ്സെടുത്ത് ഞങ്ങളെ പോർട്ടിലേക്ക് അനുഗമിച്ചത്. മുൻമന്ത്രിയും എം.എൽ.എയുമായ ഗണേഷ്കുമാറിന്റെ പരിചയക്കാർ. പ്രേമചന്ദ്രൻ എം.പിയുമായും നല്ല അടുപ്പം. ലോജിസ്റ്റിക്ക് കമ്പനികൾ നടത്തുകയാണ് ഇരുവരും. തുറമുഖം കറങ്ങി നടന്ന് കാണാൻ കുറച്ചധികം സമയം വേണ്ടിവന്നു. അവരുടെ സാന്നിദ്ധ്യം ഒരനുഗ്രഹമായി.

അതിനാൽ ഉച്ചഭക്ഷണം വൈകി. മൂന്ന് മണിയോടടുത്താണ് പൂഞ്ഞാർ സ്വദേശി ദിലീപിന്റെ ഹോട്ടലിലെത്തിയത്. പുറമെ ബഹളങ്ങളില്ലെങ്കിലും അകത്ത് സീറ്റുകൾ ഫുള്ളാണ്. ശശി നേരത്തെതന്നെ ഞങ്ങൾ വരുന്ന കാര്യം ദിലീപിനോട് പറഞ്ഞിരുന്നു. അൽപസമയം പുറത്ത് കാത്തിരുന്നു. ഞങ്ങൾക്കായി സീറ്റുകൾ ഒരുക്കി അകത്തേക്കിരുത്തി. ആഹാരം പറഞ്ഞു. വൈകാതെ ഭക്ഷണമെത്തി. വിഭവ സമൃദ്ധമായ മാംസാഹാരം. അതുകൊണ്ടാവണം ഹോട്ടലിൽ നല്ല തിരക്ക് അനുഭവപ്പെട്ടത്. ഭക്ഷണം കഴിക്കാൻ നല്ല തിരക്കുള്ള ഹോട്ടലിലേ കയറാവൂ. നാവിന് രുചിയുള്ള ആഹാരം തേടി വിഷമിച്ചാണെങ്കിലും ആളുകൾ എത്തും. അത്തരം സ്ഥലങ്ങൾ എപ്പോഴും ജനനിബിഡമാകും.

രാജ്കോട്ടിലേക്ക് ഗുജറാത്ത് ട്രാൻസ്പോർട്ടിന്റെ സ്ലീപ്പർ വോൾവോക്കാണ് സീറ്റ് ബുക്ക് ചെയ്തത്. ഒരാൾക്ക് 395 രൂപ. 195 കിലോമീറ്ററാണ് ദൂരം. സ്ഥലത്തിന് പഞ്ഞമില്ലാത്തതിനാൽ വിശാലമായ ഭേദപ്പെട്ട ഹൈവേ റോഡുകളാണ് ബസ് യാത്രയിൽ കണ്ടത്. കേന്ദ്ര സർക്കാരിന്റെ നിർലോഭ പിന്തുണയാണ് ഗുജറാത്തിന് കിട്ടുന്നത്. കേന്ദ്ര കേബിനറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരായ മോദിയുടെയും അമിത്ഷായുടെയും സംസ്ഥാനമെന്ന പദവി കേന്ദ്ര ഫണ്ടുകളുടെ പമ്പിംഗിന് ഏറെ സഹായകമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കയ്യയഞ്ഞ് സഹായിക്കുന്നു. എന്നാൽ മറുഭാഗത്ത് കേരളമുൾപ്പടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ ഞെക്കി ഞെരുക്കുന്നു. ഒരു ഫെഡറൽ വ്യവസ്ഥിതിയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഈ വിവേചനം. ഗുജറാത്തിൽ മുഖ്യമന്ത്രിക്ക് പോലും വലിയ അധികാരമില്ലെന്നാണ് ജനങ്ങളുടെ അടക്കം പറച്ചിൽ. എന്തിനും ഏതിനും മോദിയോ അമിത്ഷായോ വരണം. വികസന പദ്ധതികളുടെ ഉൽഘാടനങ്ങൾ അവരുടെ സാന്നിദ്ധ്യത്തിലല്ലാതെ നടക്കുന്നത് അപൂർവ്വം.

വൈകുന്നേരം 5.30 നാണ് ഗാന്ധിധാമിൽ നിന്ന് രാജ്കോട്ടിലേക്കുള്ള ബസ്സ് പുറപ്പെടുക. ശശി അതുവരെ ചെലവിടാൻ തെരഞ്ഞെടുത്തത് സ്റ്റാൻ്റിനടുത്തുള്ള നൂറി മസ്ജിദാണ്. സൂഫി ഗെബൻഷ പീറിന്റെ ദർഗ കൊണ്ട് പ്രസിദ്ധമാണ് ഈ പള്ളിയങ്കണം. നാനാജാതി മതസ്ഥരായ തീർത്ഥാടകരാണ് ആഗ്രഹലബ്ധിക്കായി ഇവിടെ എത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണത്രെ ആളുകളുടെ വരവ്. മസ്ജിദിന്റെ മുൻഭാഗത്തും പിൻഭാഗത്തും വലിയ കവാടങ്ങൾ കാണാം. വലിയ കോട്ടക്കുള്ളിൽ പണിത മസ്ജിദെന്നാണ് പ്രഥമദൃഷ്ട്യാ കരുതുക. ആയിരക്കണക്കിന് ആളുകൾക്ക് നമസ്കരിക്കാൻ സൗകര്യമുള്ള മുറ്റത്തോട് കൂടിയ വലിയ പളളിയാണ് നൂറി മസ്ജിദ്. ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് പേരറിയാത്ത ഏതോ സൂഫിയാണ്. 'ഗെബൻഷ' എന്ന വാക്കിന്റെ അർത്ഥം അറിയപ്പെടാത്തയാൾ, അജ്ഞാതൻ എന്നൊക്കെയാണ്. ഇതേപേരിൽ മറ്റു പല സ്ഥലങ്ങളിലും ശവകുടീരങ്ങൾ ഉണ്ടത്രെ. സാധാരണ വെള്ളിയാഴ്ചകളിൽ ചുരുങ്ങിയത് അയ്യായിരം പേരെങ്കിലും ജുമുഅക്ക് (കൂട്ടമായുള്ള ഉച്ച പ്രാർത്ഥന) ഉണ്ടാകുമെന്ന് പള്ളിയിലെ ഇമാം പറഞ്ഞു. പള്ളിയുടെ കോമ്പൗണ്ടിൽ രണ്ട് കടകൾ പ്രവർത്തിക്കുന്നു. സാധാരണ തീർത്ഥാടന കേന്ദ്രങ്ങളിൽ കാണാറുള്ള വസ്തുക്കളെല്ലാം അവിടെ ലഭ്യമാണ്. ഇമാമുമായി ശശിക്ക് അടുത്ത ബന്ധമുണ്ടെന്ന് സംഭാഷണത്തിൽ മനസ്സിലായി. ഏതാണ്ട് രണ്ട് മണിക്കൂറോളം വിശാലമായ പള്ളിമുറ്റത്ത് കഴിച്ചുകൂട്ടി. ഇമാമിന് പോലും ദർഗ്ഗയുടെ ചരിത്രം വ്യക്തമായി പറഞ്ഞ് തരാൻ കഴിയുന്നില്ല. കാലാകാലക്കളായി വിശ്വസിച്ച് പോരുന്ന കേട്ടുകേൾവികളല്ലാതെ. രാജ്കോട്ടിലേക്കുള്ള ബസ് കാത്തു നിൽക്കവെ നേരത്തെ പരിചയപ്പെട്ട രമേശൻ നായരുടെ വിളി വന്നു. അദ്ദേഹമാണ് രാജ്കോട്ടിലെ ബഷീർ നിസാമിയെ പരിചയപ്പെടുത്തിയത്.

തിരൂർക്കാരനനായ ശിഹാബിന്റെ സാനിറ്ററി ഫാക്ടറിയുടെ സി.ഇ.ഒ കൂടിയാണ് ബഷീർ നിസാമി. കാന്തപുരം എ.പി അബുബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന കാരന്തൂർ മർക്കസിന് കീഴിൽ സൗരാഷ്ട്ര മേഖലയിൽ പ്രവർത്തിക്കുന്ന 13 സ്കൂളുകളുടെയും 2 ഹോസ്പിറ്റലുകളുടെയും മേൽനോട്ട ചുമതല നിസാമിക്കാണ്. കണ്ണൂർ പയ്യാവൂർ സ്വദേശിയാണ് അദ്ദേഹം. കുടുംബ സമേതം രാജ്കോട്ടിൽ താമസിക്കുന്നു. രാജ്കോട്ടിലെത്തിയ ഞങ്ങളെ വരവേൽക്കാൻ ബഷീർ നിസാമി വന്നു. സ്വദേശിയായ ഒരു പൗരപ്രമുഖനെ വഴിയിൽ വെച്ച് കണ്ട്മുട്ടി. 2002 ലെ ഗുജറാത്ത് കലാപത്തിൽ അയാളുടെ വീട് കത്തിച്ച് കൊള്ളയടിച്ച കാര്യം അദ്ദേഹം ഓർമ്മിച്ചു. ഹിന്ദു ഗല്ലിയോട് ചേർന്നാണത്രെ അദ്ദേഹം താമസിച്ചിരുന്നത്.  കലാപകാരികൾ വീടിന് തീയ്യിട്ട് തകർത്തു. യഥാസമയം പോലീസ് എത്തി രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ അവരെല്ലാം ചുട്ടെരിക്കപ്പെടുമായിരുന്നു എന്ന് ഭാവപ്പകർച്ചയോടെ അദ്ദേഹം വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന സർവസ്വവും കൊള്ളയടിക്കപ്പെട്ടു. അക്രമകാരികളിൽ പകുതിയോളം പേർ അയൽവാസികളായിരുന്നു എന്നും അദ്ദേഹം വേദനയോടെ അനുസ്മരിച്ചു. ആളറിയാതിരിക്കാൻ അവർ മുഖം മൂടി ധരിച്ചിരുന്നുവത്രെ. 2002 ലെ കലാപത്തിന്റെ പൊട്ടലും ചീറ്റലും അനുഭവപ്പെട്ട പ്രദേശമായിരുന്നു രാജ്കോട്ട്. എടുത്തുപറയത്തക്ക ജീവഹാനികളൊന്നും സംഭവിച്ചില്ലെന്നേയുള്ളൂ. കലാപാനന്തരം അയാളും കുടുംബവും  മുസ്ലിം മേഖലയിലേക്ക് മാറിത്താമസിച്ചു.

പുകക്കുഴലുകളുടെ നഗരമെന്നാണ്  രാജ്കോട്ട് അറിയപ്പെടുന്നത്. രാജ്കോട്ടിലെ കറങ്ങൽ അവസാനത്തിലേക്ക് മാറ്റിവെച്ച് ഗാന്ധിജിയുടെ ജൻമസ്ഥലം കാണാനാണ് ആദ്യം പോയത്. ബഷീർ നിസാമിയും അദ്ദേഹത്തിന്റെ സുഹൃത്ത് വയനാട് തരുവണ സ്വദേശി ഹാഫിസ് ജുനൈദുമാണ് പിന്നീടങ്ങോട്ട് ഞങ്ങളെ നയിച്ചത്. ജുനൈദ് യു.എ.ഇയിലാണ് ജോലി ചെയ്യുന്നത്. അയോധനകലയിലെ ആശാനാണ്. ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയിട്ടുമുണ്ട്. ബഷീർ നിസാമിയുടെ ക്ഷണപ്രകാരം വന്നതാണ്. ഒരുമാസം കഴിഞ്ഞ് തിരിച്ച് പോകും. കാറിലായിരുന്നു തുർന്നുള്ള യാത്ര. ഡ്രൈവിംഗിലും മിടുക്കനാണ് ജുനൈദ്. ആദ്യമായാണ് ഞങ്ങൾ കാണുന്നതെങ്കിലും ഒരുപാടുകാലം പരിചയമുള്ളവരെ പോലെയാണ് ഇരുവരും പെരുമാറിയത്. യാത്രകൾക്ക് സന്തോഷം കിട്ടണമെങ്കിൽ ആരും ആർക്കും ഭാരമാകാതെ നോക്കണം. ബഷീർ നിസാമിയുടെയും ജുനൈദിന്റെയും സമയവും സേവനവും ഞങ്ങൾക്കൊരു നിധിയായിരുന്നു. ഉറ്റവരെപ്പോലെ അവർ ഞങ്ങളെ ശ്രദ്ധിച്ചു. കിലോമീറ്ററുകൾക്കപ്പുറമുള്ള പോർബന്തറിലേക്കാണ് കാറ് വിട്ടത്. വഴിക്ക് രാജ്കോട്ടിലെ
മുഹമ്മദ് ഇബ്രാഹിം തുർക്കി ബാബയുടെ ദർഗ്ഗയിൽ കയറി. അടിയന്തിരാവസ്ഥക്കാലത്ത് കുടുംബാസൂത്രണത്തിനെതിരെ ഇന്ദിരാഗാന്ധിക്ക് കത്തെഴുതി പേരെടുത്തയാളാണ് മുഹമ്മദ് ഇബ്രാഹിം തുർക്കി. 1992 ൽ ഇഹലോകവാസം വെടിഞ്ഞു. തുർക്കിയിൽ നിന്ന് വന്നവരാണത്രെ ബാബയുടെ മുൻതലമുറ. വരാവലിലാണ് ദീർഘകാലം താമസിച്ചത്. മരണത്തിന് പത്ത് പർഷം മുമ്പ് രാജ്കോട്ടിലെത്തി. അവിടെ ആയിഷ മസ്ജിദ് പണിതു. കൂടാതെ മതപാഠശാലയും സ്ഥാപിച്ചു.

തുർക്കി ബാബയുടെ മരണശേഷം ദർഗ്ഗ നടത്തിപ്പിന്റെ ചുമതല വഹിച്ചിരുന്ന സമ്പന്ന കുടുംബം പള്ളിയോട് ചേർന്ന് ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. അത് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായപ്പോൾ സ്ഥാപന സമുച്ഛയത്തിന്റെ നടത്തിപ്പ് എ.പി ഉസ്താദിന്റെ സംഘത്തെ ഏൽപ്പിച്ചു. ഡോ: ഹക്കിം അസ്ഹരി നേരിട്ടെത്തിയാണ് ഇതിനുള്ള ഏർപ്പാടുകൾ ചെയ്തതത്രെ. അങ്ങിനെയാണ് ബഷീർ നിസാമിയെ ഗുജറാത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനാക്കിയത്. കോളേജ് പഠനവും അദ്ദേഹം സ്ഥാപനത്തിൽ ആരംഭിച്ചു. തൊട്ടടുത്തുള്ള കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കിയും വിദൂര വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിച്ചുമാണ് ഉന്നതവിദ്യാഭ്യാസ പഠനം ആത്മീയ പഠനത്തോടൊപ്പം കേമ്പസിൽ സാദ്ധ്യമാക്കിയത്. ഗുജറാത്തിൽ നടന്ന വർഗ്ഗീയ കലാപങ്ങൾക്കു ശേഷം ഇരകൾ വിദ്യാഭ്യാസം ആർജ്ജിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് നിസാമി പറഞ്ഞു. അകഘഠ എന്നാണ് മർക്കസ് ഏറ്റെടുത്ത ശേഷം കേമ്പസിന് പേര് നൽകിയിരിക്കുന്നത്.  (Advanced Institute of Learning Technology). മതപഠനവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചാണ് ഇവിടെ നൽകുന്നത്.  പ്രദേശവാസികളായ ഉദാരമതികളാണ്  സാമ്പത്തികമായി സ്ഥാപനത്തെ സഹായിക്കുന്നത്. രാജ്കോട്ടിനും പോർബന്തറിനുമിടയിൽ അജിഡാമിലാണ് സ്ഥാപനം നിൽക്കുന്നത്.

പരുത്തി കൃഷിയിടം

പരുത്തി കൃഷിയിടം


കിലോമീറ്ററുകൾ നീണ്ട് കിടക്കുന്ന കൃഷി സ്ഥലങ്ങളും അവിടെ വിളഞ്ഞ് നിൽക്കുന്ന വിവിധ ഇനം ഉൽപന്നങ്ങളും മനം കുളിർപ്പിക്കും. പരുത്തി കൃഷി ആദ്യമായാണ് കാണുന്നത്. വെള്ളപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന പോലെ തോന്നിച്ച ചെടികകളുടെ പാരാവാരം കണ്ടപ്പോൾ രജ്ഞിതാണ് പരുത്തിയാണതെന്ന് പറഞ്ഞത്. ഉടനെ വണ്ടി നിർത്തി ജിജ്ഞാസയോടെ പരുത്തിപ്പാടത്തിറങ്ങി.

ചോളം, ഗോതമ്പ്, കടല, ആവണക്ക്, കരിമ്പ്, കട്ക്, പൊതിന, കരിമ്പ്, ഉള്ളി, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യുന്ന വിശാല ഇടങ്ങൾ റോഡിന്റെ ഇരുഭാഗങ്ങളിലും കണ്ടു. ദേശീയ പാതാ വികസനം നന്നായി നടന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഭൂമി ഏറ്റെടുക്കലാണല്ലോ റോഡ് വികസനത്തിന്റെ ആദ്യ കടമ്പ. യഥേഷ്ടം സ്ഥലമുള്ളതിനാൽ സ്ഥലമെടുപ്പ് ഗുജറാത്തിൽ ഒരു പ്രശ്നമേയല്ല. അത്രക്ക് ഭൂവിസ്തൃതി ഈ സംസ്ഥാനത്തിനുണ്ട്.കേരളത്തെ പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനമല്ല ഗുജറാത്ത്. കേരളത്തിന്റെ എത്രയോ ഇരട്ടിയാണ് ഗുജറാത്തിന്റെ വിസ്തീർണം. എന്നാൽ ജനസംഖ്യ കഷ്ടി ഒരിരട്ടി മാത്രം. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്ന പ്രക്രിയ കേരളത്തിൽ കീറാമുട്ടിയായിരുന്നു.  പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നത് വരെ സംസ്ഥാനത്ത് ആകെ നേഷണൽ ഹൈവെ ആറുവരിപ്പാതയാക്കാൻ ഏറ്റെടുത്തത് വെറും 86 ഏക്കറാണ്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ പിൻബലത്തിലാണ് 1070 ഹെക്ടർ ഭൂമി ദേശീയ പാതക്കായി ഏറ്റെടുത്തത്. എൻ.എച്ച് അതോറിറ്റിക്ക് താമസംവിനാ ഭൂമി കൈമാറുകയും ചെയ്തു. പിണറായി മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ നാനാവിധ എതിർപ്പുകളെ തൃണവൽക്കരിച്ച്  ഇത്രയധികം സ്ഥലം ഏറ്റെടുത്ത് നൽകി ദേശീയപാത വികസനം യാഥാർത്യമാക്കാൻ ഇപ്പോഴും കഴിയുമായിരുന്നില്ല. കേരളമൊഴികെയുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കൽ ഒരു പ്രശ്നമേയല്ല. അതിന്റെ നേട്ടം ഗുജറാത്ത് ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങൾക്കും കുറച്ച് നേരത്തെ കിട്ടി.

ഉച്ചഭക്ഷണം, ബഷീർ നിസാമി, വഴിക്കുള്ള ഒരു പൗരപ്രമുഖന്റെ വീട്ടിലാണ് ഏർപ്പാടാക്കിയിരുന്നത്. ഗുജറാത്തിലെ ഒരു വീട്ടിൽ നിന്നുള്ള ആദ്യ ഭക്ഷണമായിരുന്നു അത്. കലാപകാലത്ത് പോർബന്തറിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഗാന്ധിജിയുടെ ജൻമം കൊണ്ടനുഗ്രഹിതമായ മണ്ണിൽ വർഗ്ഗീയ വിഷം കുത്തിവെക്കാനുള്ള നീക്കം ഇതുവരെയും വിജയിച്ചിട്ടില്ല. കോൺഗ്രസ് തകർന്നടിഞ്ഞ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോർബന്തറിൽ ജയിച്ചത് കോൺഗ്രസ്സാണ്. നേരത്തെ പത്ത് വർഷം ബി.ജെ.പി പ്രതിനിധിയാണ് ജയിച്ചിരുന്നത്.
പഴയ കെട്ടിടങ്ങൾ നിറഞ്ഞ സാമാന്യം ജനത്തിരക്കുള്ള തെരുവിലൂടെ യാത്ര ചെയ്താണ് ഗാന്ധിജിയുടെ ജൻമഗ്രഹത്തിലെത്തിയത്. അക്കാലത്ത് ധനശേഷിയുള്ള കുടുംബത്തിലാണ് മഹാത്മജിയുടെ ജനനമെന്ന് പ്രൗഢിയുള്ള വീട് വിളിച്ചോതി. ഗാന്ധി കുടുംബം ബനിയാ ജാതിയിൽ പെട്ടവരാണ്. പേരുകേട്ട പലചരക്കു വ്യാപാരികൾ. എന്നാൽ അവസാനത്തെ മൂന്നു തലമുറകളായി ഗാന്ധിജിയുടെ മുത്തച്ഛൻമാർ കത്ത്യവാറിലെ വിവിധ നാട്ടുരാജ്യങ്ങളിൽ പ്രധാനമന്ത്രിമാരായിരുന്നു. ഗംഭീര പടിപ്പുരയോടെയുള്ള വീട് ഒരു കൊട്ടാരം തന്നെയാണ്. ഒരു കച്ചവടത്തെരുവിലെ തിരക്കുകൾക്കിടയിൽ പഴക്കം ചെന്ന നിരവധി കെട്ടിടങ്ങൾക്ക് നടുവിൽ റോഡിന്റെ ഓരത്താണ് വീടിന്റെ സ്ഥാനം.

ഗാന്ധിജിയുടെ വസതി

ഗാന്ധിജിയുടെ വസതി

വീടല്ലാതെ മറ്റു അധിക സമ്പാദ്യമൊന്നും കാരണവൻമാർ വിട്ടേച്ചിട്ടില്ലെന്നാണ് ഗാന്ധിജി തന്നെ തന്റെ ആത്മകഥയിൽ പറയുന്നത്. ഷൂ അഴിച്ച് ''കീർത്തി മന്ദിറി"ലേക്ക് കടന്നപ്പോൾ അനിർവചനീയമായ അനുഭൂതി മനസ്സ് നിറച്ചു. ഗാന്ധിജിയെ പ്രസവിച്ച റൂമിലേക്ക് പ്രവേശിക്കുമ്പോൾ ജിജ്ഞാസ അതിന്റെ പാരമ്യതയിലെത്തി. 1869 ലാണ് മഹാത്മജിയുടെ ജനനം. പ്രസവ സമയത്ത് കമലദേവി കിടന്ന സ്ഥലവും ഗാന്ധിജി പിറന്നു വീണ ഇടവും ചുവന്ന സ്വസ്തിക് ചിഹ്നമിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ നടുമുറ്റം വിശാലമാണ്. വലിയ തൂണുകൾ തലയെടുപ്പോടെ നിൽക്കുന്നു. മുകളിലത്തെ ഹാളിൽ പ്രദർശിപ്പിച്ച പഴയ ഫോട്ടോകൾ ചിന്തകളെ നൂറ്റാണ്ടു പിന്നിലേക്ക് കൊണ്ടു പോയി. ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിലേക്ക് കേസുകൾ വാദിക്കാൻ കൊണ്ടുപോയത് നാട്ടുകാരൻ കൂടിയായ പ്രമുഖ വ്യാപാരി ദാദാ അബ്ദുല്ലയാണ്. അദ്ദേഹവും ഗാന്ധിജിയും ഇരിക്കുന്ന വലിയ ഫോട്ടോ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ആ ഫോട്ടോ സ്ഥാപിച്ചതെന്ന് കൂടെയുണ്ടായിരുന്ന പോർബന്തർ മുനിസിപ്പൽ കൗൺസിലർ കൂടിയായ കോൺഗ്രസ് പ്രാദേശിക നേതാവ് ഫാറൂഖ് ബായ് പറഞ്ഞു. ഇപ്പോഴത്തെ പോർബന്തർ എം.എൽ.എ കോൺഗ്രസ്സുകാരനായ അർജുൻ മോദ് വാഡിയയാണ്. കഴിഞ്ഞ പത്തുവർഷത്തെ ബി.ജെ.പി ആധിപത്യം തകർത്താണ് അദ്ദേഹം ജയിച്ചത്. ഫാറൂഖ് ബായ് എം.എൽ.എയെ ഫോണിൽ വിളിച്ച് എനിക്ക് തന്നു. ക്ഷേമാന്വേഷണങ്ങൾ നടത്തി. ഹൈദരാബാദിൽ എന്തോ ആവശ്യത്തിനായി പോയതാണെന്ന് പറഞ്ഞു. ഇനി വരുമ്പോൾ കാണാമെന്ന പ്രതീക്ഷ പങ്കുവെച്ച് സംസാരം ചുരുക്കി.

ദാദാ അബ്ദുല്ല 1887 ൽ  നാട്ടിലെ കുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ചു. 2100 വിദ്യാർത്ഥികളാണ് അവിടെ പഠിക്കുന്നത്. ന്യൂനപക്ഷപദവി നഷ്ടപ്പെടുമെന്ന ആശങ്കയെ തുടർന്ന് സർക്കാർ സഹായം സ്വീകരിക്കുന്നത് സ്കൂൾ മാനേജ്മെൻ്റ് നിർത്തിയതായി സെക്രട്ടറി പറഞ്ഞു.
1920 ൽ ദാദാ അബ്ദുല്ല മരിച്ചു. ഷിപ്പ്യാർഡിൽ ട്രാൻസ്പോർട്ട് കമ്പനി നടത്തുകയായിരുന്നു അദ്ദേഹം. ഇന്നും അദ്ദേഹത്തിന്റെ പേരമക്കൾ ഡർബണിലെ വൻ ബിസിനസുകാരാണ്. 1903 ൽ മഹാത്മാ ഗാന്ധി ദാദാ അബ്ദുല്ല സ്ഥാപിച്ച സ്കൂൾ സന്ദർശിച്ചു. "ങ്യ ഋമൃഹ്യ ഘശളല" എന്ന പുസ്തകത്തിൽ ദാദാ അബ്ദുല്ലയുമായുള്ള ആത്മബന്ധം ഗാന്ധിജി ഓർമിക്കുന്നുണ്ട്.

പോർബന്തറിൽ നിന്ന് 122 കിലോമീറ്റർ മാഗ്രോൾ വഴിയുള്ള റോഡ് യാത്ര രസകരമാണ്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് വിശാലമായ ഗോതമ്പ് പാടങ്ങളും. അടുത്ത് പണി കഴിഞ്ഞ റോഡായതിനാൽ യാത്ര സുഖകരമായിരുന്നു.

മാഗ്രോൾ നിവാസിയായ  ഫിഷിംഗ് മേഖലയിൽ ബിസിനസ് ചെയ്യുന്ന ബഷീർ നിസാമിയുടെ പരിചയക്കാരന്റെ  വീട്ടിൽ ചായ കുടിക്കാൻ  കൊണ്ടു പോയി. കലാപകാലത്ത് മാഗ്രോൾ പ്രദേശം ശാന്തമായിരുന്നെന്നും ഇവിടെ ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നും തദ്ദേശവാസിയായ അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. നാല് മക്കളാണ് അയാൾക്ക്. 2 ആൺകുട്ടികളും 2 പെൺകുട്ടികളും. ആൺമക്കൾ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് ബിസിനസ്സിൽ ഏർപെട്ടിരിക്കുന്നു. ഇടുങ്ങിയ ഗല്ലികളിലൂടെ അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്താൻ ഏറെ ബുദ്ധിമുട്ടി.

ട്രക്കുകളും ട്രൈലറുകളും കടലിൽ ബോട്ടുകൾ ഒഴുകുന്നത് പോലെയാണ് റോഡുകളിലൂടെ സദാസമയം ഒഴുകിപ്പോകുന്നത്. ദീൻദയാൽ തുറമുഖവും മുദ്ര തുറമുഖവും ഉൾപ്പടെ 41 തുറമുഖങ്ങളാണ് ഗുജറാത്തിലുള്ളത്. അവിടങ്ങളിൽ നിന്ന് ചരക്കുകൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്ത സാധനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തിക്കാനും വൻ കണ്ടയ്നർ ലോറികൾ തന്നെ വേണം. ഇതിനു പുറമെയാണ് ആയിരക്കണക്കിന് വ്യവസായ ശാലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വഹിച്ച് പോകുന്നവ. സമയ ബന്ധിതമായി ഈ ചരക്കുകളെല്ലാം  എത്തിക്കാൻ നല്ല പശ്ചാതല വികസനം സാദ്ധ്യമാക്കണം. മറിച്ചായാൽ ഗുജറാത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് തകരുക.

യാത്രാമദ്ധ്യെ പോർബന്തറിലെ കടൽ മൽസ്യ കയറ്റുമതി നടത്തുന്ന രണ്ടു കമ്പനികളിൽ കയറി. അറുപതോളം "Sea Food Exporting" കമ്പനികളാണ് അവിടെ പ്രവർത്തിക്കുന്നത്. ഇരുനൂറും മുന്നൂറും പേരാണ് ഓരോ കമ്പനിയിലും ജോലി ചെയ്യുന്നത്. വലിയ മുസ്ലിം പ്രമാണിമാരാണ് ഇതിന്റെയെല്ലാം ഉടമസ്ഥർ. ദാദാ അബ്ദുല്ലയും ഈ ഗണത്തിൽ പെടുന്നയാളാണ്. അബ്ദുല്ലയും മഹാത്മജിയും തമ്മിലുള്ള ചെറുപ്പം മുതൽക്കുള്ള സൗഹൃദം ഇഴപിരിക്കാനാകാത്ത ഹിന്ദു-മുസ്ലിം ബന്ധമായി വളർന്നു. ലണ്ടനിൽ നിന്ന് ബാരിസ്റ്റർ ബിരുദം കഴിഞ്ഞ് നാട്ടിലെത്തിയ ഗാന്ധിയെ ബിസിനസ് സംബന്ധമായ കേസുകൾ നടത്താൻ ദാദാ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയി. സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായും ചെറുപ്പത്തിലേ ഇടപഴകാൻ അവസരം കിട്ടിയാൽ ഒരാളുടെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കും. വർത്തമാന ഇന്ത്യയിലെ പല നേതാക്കൾക്കും ഇല്ലാത്തതും ഈ ഊഷ്മളമായ ബാല്യകാല ചങ്ങാത്തങ്ങളാണ്.


വെരാവലിൽ എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പ് യൂസുഫ് ഭായിയുടെ വീട്ടിൽ കയറാമെന്ന് ബഷീർ നിസാമി പറഞ്ഞപ്പോൾ ഇത്ര പ്രയാസം അനുഭവിക്കുന്ന കുടുംബമാകും അവരുടേതെന്ന് സ്വപ്നമേവ കരുതിയില്ല. തകരഷീറ്റു കൊണ്ട് നിർമ്മിച്ച ചെറിയ വീട്ടിൽ അഞ്ചു മക്കളും യൂസുഫ് ഭായിയും ഭാര്യയും ഞെരുങ്ങി ജീവിക്കുന്നു. യൂസുഫ് ഭായിക്ക് 4 സഹോദരങ്ങളാണ്. എല്ലാവരും മൽസ്യം ഉണക്കുന്ന ജോലിയിൽ ഏർപ്പെടുന്നവർ. യൂസുഫ് ഭായിയുടെ രണ്ട് മക്കൾ രാജ്കോട്ടിൽ നിസാമിയുടെ  സ്കൂളിൽ പഠിച്ചിരുന്നു. ആ ബന്ധമാണ് നിസാമിക്ക് ഭായിയോട്. അദ്ദേഹത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ മർകസ് ഡയറക്ടർ ഹക്കീം അസ്ഹരി അയാൾക്ക് ഒരു വീട് വെച്ച് നൽകാൻ തീരുമാനിച്ചു. ആ വീടിന്റെ പണി പൂർത്തിയായി. അതിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ കൂടിയായിരുന്നു സന്ദർശനം. യൂസുഫ് ഭായിയുടെ കുടുംബം പുതിയ വീട്ടിലേക്ക് ഭാഗികമായി താമസം മാറ്റിയിട്ടുണ്ട്. ഭക്ഷണം വെപ്പ് പഴയ വീട്ടിലാണ്. എങ്കിൽ ആഹാരം അവിടെവെച്ച് കഴിക്കാമെന്ന് ഞാനാണ് പറഞ്ഞത്. ഇക്കാലമത്രയും തനിക്കും കുടുംബത്തിനും തണലേകിയ തകരഷീറ്റിട്ട വീടിനോട് യുസുഫ് ഭായിയുടെ കുടുംബം പുലർത്തുന്ന അടുപ്പം വാക്കുകൾക്കതീതമാണ്. ഭായിയുടെ പഴയ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങിനെയും ഒരു മുഖം ഗുജറാത്തിനുണ്ടെന്ന് തിരിച്ചറിഞ്ഞു. യൂസുഫ് ഭായിയും കുടുംബവും കാണിച്ച സ്നേഹത്തിന് മറ്റൊന്നും പകരമാവില്ല.  

കലാപകാലത്ത് ഈ മേഖലയിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അവർ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ നല്ല സൗഹാർദ്ദത്തിലാണ് കഴിയുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ കഴിയുന്നത് അവസാനിപ്പിച്ച് അവരെ ഇടകലർന്ന് ജീവിക്കാൻ ഭരണകൂടം അവസരമൊരുക്കാത്തെടത്തോളം കാലം സംഘർഷങ്ങളും കലാപങ്ങളും തുടർ കഥകളാകും. പരസ്പരം അവിശ്വാസിക്കുമ്പോൾ ഭയപ്പാടും സംശയവും അതിന്റെ ഉപോൽപന്നമായി വളരും. തമ്മിലടിപ്പിച്ച് വോട്ട് ചോർത്തുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കപ്പെടാത്തെടത്തോളം ഹിന്ദു-മുസ്ലിം അകൽച്ച നിലനിൽക്കും. മത-ജാതി വകഭേദമില്ലാതെയുള്ള മനുഷ്യരുടെ ജീവിതം ഗുജറാത്ത് പരിചയിക്കണം. ഒരുമാസം കേരളത്തിൽ വന്ന് ഗുജറാത്തിലെ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും താമസിച്ചു പഠിച്ച് സ്വന്തം നാട്ടിൽ അത് പ്രാവർത്തികമാക്കിയാൽ തീരുന്ന മത-സാമൂഹ്യ പ്രശ്നങ്ങളേ ഗാന്ധിജിയുടെ ജൻമ ഗേഹത്തിൽ നിലനിൽക്കുന്നുള്ളൂ. യൂസുഫ് ഭായിയുടെ കൂരയിൽ നിന്ന് കഴിച്ചത് ഭക്ഷണമായിരുന്നില്ല. സ്നേഹത്തിൽ കടഞ്ഞെടുത്ത അത്യധികം ഹൃദയ ബന്ധമുള്ള എന്തോ ആയിരുന്നു. അവരോട് യാത്ര പറയുമ്പോൾ വർഷങ്ങളായി അടുത്ത് പരിചയിച്ച ബന്ധുമിത്രാതികളെ വിട്ട് പിരിയും പോലെ തോന്നിയത് സ്വാഭാവികം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top