28 May Sunday

ഗവിയിലും മേയുന്നു വരയാടിൻ കൂട്ടം

സ്വന്തം ലേഖകൻUpdated: Thursday Mar 31, 2022

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വരയാടിൻ കൊക്കയിൽ ഉയർന്ന മലമുകളിൽ കണ്ടെത്തിയ വരയാടുകളുടെ കൂട്ടം

ഗവി > ഗവിയുടെ വന്യഭംഗിക്ക് ഇരട്ടി മധുരമായി വരയാടിൻ കൂട്ടങ്ങൾ. ഗവി വനമേഖലയിലെ പെരിയാർ കടുവാസങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ കീഴിലുള്ള പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വരയാടിൻ കൊക്കയിലാണ് വരയാടിൻ കൂട്ടത്തെ കാണുന്നത്. മൂഴിയാർ ഗവി റോഡിൽ പമ്പ ഐ സി ചെക്ക് പോസ്റ്റിനു സമീപത്ത്‌ നിന്ന് ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് മാറിയാണിത്. ഇവിടം വലിയ കൊക്കയായതിനാൽ സുരക്ഷിതമായി വരയാടുകൾക്ക് കഴിയാനാവും.
 
വംശനാശ ഭീഷണിയുള്ള വരയാടുകൾ മൂന്നാറിൽ ഏറെ കാണാറുണ്ടങ്കിലും പെരിയാർ കടുവാസങ്കേതത്തിൽ ഒരേ സമയം ഇത്രയധികം വരയാടുകളെ കാണുന്നത് ഈ അടുത്ത കാലത്താണ്. ഇവിടെ വരയാടുകളുടെ സെൻസസ് നടന്നട്ടില്ല. എന്നാൽ എണ്ണത്തിൽ കാര്യമായ   വർദ്ധനവുണ്ടായതായി സൂചനയുണ്ട്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ പച്ചക്കാനം സ്റ്റേഷൻ പരിധിയിലായിരുന്ന ഈ സ്ഥലം 2013 ലാണ് പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ ഭാഗമായത്.
 
59 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനഭൂമിയിലെ ചെങ്കുത്തായ മലയുള്ള പ്രദേശമാണ് വരയാടുകളുടെ ആവാസ മേഖല. അതിരാവിലെയും വൈകുന്നേരവുമാണ് ഇവയെ കാണുക. ആളനക്കമുണ്ടായാൽ പാറയിടുക്കുകളിൽ ഓടിയൊളിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് പ്രജനനകാലം.  വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കിഴക്കാം തൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് പ്രസവിക്കുന്നത്. ഗർഭകാലം 180 ദിവസമാണ്. നീലഗിരി താർ എന്നാണ് ശാസ്ത്രീയ നാമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top