03 October Tuesday

ഒരു ഹിമാലയൻ ഏകാന്തതയിൽ...ഭൂട്ടാനിലൂടെ

പ്രസാദ്‌ അമോര്‍Updated: Friday Nov 15, 2019

പ്രസാദ്‌ അമോര്‍

പ്രസാദ്‌ അമോര്‍

ക്ഷീണിച്ച മനുഷ്യമുഖങ്ങളും ഗ്രാമങ്ങളുടെ നിരാലംബതയും എല്ലാം ഭൂട്ടാനികളുടെ ദുരിത ജീവിത സാഹചര്യങ്ങളുടെ സൂചകങ്ങളാണ്.ഗ്രാമങ്ങളിൽ നിന്ന് ലൈംഗിക തൊഴിലിലേയ്ക്ക് ആകർഷിക്കപ്പെടുന്ന പെൺകുട്ടികൾ പിന്നിട് ഇന്ത്യയിലെ വൻ നഗരങ്ങളിലേയ്ക്ക് കുടിയേറുന്നു.തൊഴിലില്ലായ്മയും ദാരിദ്ര്യവും  ഭീകരമായ യാഥാർഥ്യമായി ഈ രാജ്യത്തെ ആക്രമിക്കുകയാണ്. ഒരപൂർവ സംസ്‌കൃതിയുടെ ഭാവാദികൾ പരിപാലിക്കുന്ന ലോകത്തിലെ ഏക ബുദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാനിലൂടെ പ്രസാദ്‌ അമോര്‍ നടത്തിയ യാത്ര .നാലുഭാഗങ്ങളിലായി വായിക്കാം.

ഞാൻ ഒരു നനഞ്ഞ ലോകം കാണാൻ പുറപ്പെട്ടിരിക്കുകയാണ്. കാലചക്രത്തിന്റെ തുടക്കം മുതൽ ഒടുക്കം മുതൽ വരെയുള്ള വൃത്താന്തങ്ങൾ വിവരിക്കുന്ന പുരാതന ബുദ്ധക്ഷേത്രങ്ങളിലൂടെയും ലാമാമാരുടെ ആസ്‌ഥാന നഗരങ്ങളിലൂടെയുമുള്ള ഒരു യാത്രയിൽ ലൗകിക ജീവിതത്തിനോട് നിസ്സംഗത കാണിക്കാൻ പാടുപെടുന്ന പുരാതന ചിന്തകൾ പേറുന്ന ഒരു കൂട്ടം മനുഷ്യരെ ഈ യാത്രയിൽ കാണുകയാണ്. ആവാസയോഗ്യമായ ഇടങ്ങളിലെല്ലാം വന്യത അന്യമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ലോകത്തിലെ സംസ്കാരങ്ങളുടെ വിപുലമായ ഇടകലരുകളിലും ചില ആശയങ്ങൾ സഹസ്രാബ്ദങ്ങളെ ഉല്ലംഘിക്കുന്ന കാഴ്ചകൾ നിങ്ങളെ അതിശയപ്പെടുത്തിയെന്നുവരാം.ദിവസത്തിൽ ഒരു മാത്രയുമെങ്കിലും ജീവിതത്തിലെ ഗതിവിഗതികളെയെല്ലാം ഒരു പുരാതന ചിന്തയുടെ ചട്ടക്കൂടിൽ അവർ വിവക്ഷിക്കുകയാണ്. ജീവിതം സന്തോഷിക്കാനും ആഹ്‌ളാദിക്കാനുമുള്ള എന്തോ ഒന്നിലാണ് എന്ന യുക്തിയിൽ പുലരുന്ന ഒരു നാടും ആളുകളും വസിക്കുന്ന ഒരു ഹിമാലയം.

ഏകാന്തതയുടെ യാഥാർഥ്യമാണ് ഭൂട്ടാൻ

ഏകാന്തമായി ജീവിക്കുക എന്നത് പലർക്കും വിഷമം പിടിച്ചതാണ്. എന്നാൽ ഏകാന്തതകൾ തേടിയിറങ്ങുന്ന മനുഷ്യരുണ്ട്.അവരെ പ്രലോഭിക്കുന്ന നിശബ്ദമായ ഇടങ്ങൾ ഇവിടെയുണ്ട്.ഇരുണ്ട പ്രഭാതങ്ങളിൽ പൈൻ മരങ്ങളുടെ ചുവട്ടിലൂടെ അതിന്റെ ഗാഢ പ്രകൃതിയിലുടെ നടക്കുമ്പോൾ നിങ്ങൾ ഒരു പക്ഷെ ഗദ്ഗദപ്പെടുകയില്ല.കാരണം നിങ്ങൾ സന്തോഷത്തിന് വേണ്ടി മുകളിലേയ്ക്ക് കണ്ണ് നടുമ്പോൾ ഒരു പക്ഷി വലിയ വൃത്തങ്ങൾ സൃഷ്ടിച്ചുകൊണ്ട് ആകാശത്തേയ്ക്ക് ചിറകടിച്ചു ഉയരുകയാണ്.നിങ്ങൾ ആവശ്യമില്ലെന്ന് കരുതി ഉപേക്ഷിച്ച സമയങ്ങളിലും സ്ഥലങ്ങളിലും സന്തോഷം നിലനിൽക്കുന്നു.ഇടതൂർന്നുണ്ടായ ഭിത്തികൾക്കിടയിലൂടെ വളർന്നു നിൽക്കുന്ന വൃഷങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ നുരഞ്ഞു പൊങ്ങി മറഞ്ഞു പോകുന്ന അരുവിയുടെ അലയൊടികളിൽ നിങ്ങളുടെ രോദനം അലിഞ്ഞില്ലാതാകുകയാണ്.

ഓരോ അരുവി പ്രവാഹത്തിന്റെയും വീചികൾ ഉയരുകയും വീഴുകയും ചെയ്യുന്നതുപോലെയുള്ള ബാഹ്യവിഷ്കാരങ്ങൾ മാത്രമാണ് ഒരേ ജീവിത മാത്രയും. ഒരു കിളിയുടെ കൂജനം, ഒരില, ഒരു സ്ഫടികപ്രവാഹം ഒരു സൂര്യ രശ്മി, ഒരു ശ്വാസഗതി എല്ലാം പ്രതിഭാസിക പ്രപഞ്ചത്തിന്റെ ഭാഗമായി അവിടെ നിമഗ്‌നമാകുകയാണ്. വർത്തമാന ജീവിതവുമായി സവിശേഷ ബന്ധം പുലർത്തികൊണ്ടുള്ള ജീവിത വ്യാപാരത്തിന്റെ ഗാഢാനുഭവങ്ങളിൽ നമ്മൾ സന്തോഷമായി ജീവിക്കുന്നു, തികഞ്ഞ പ്രശാന്തതയിൽ.


പുറത്തിറങ്ങാൻ പാകത്തിന് തണുപ്പ് മാറിയ നവംബർ മാസ മദ്ധ്യാഹ്നങ്ങളിൽ നിശബ്ദതയുടെ നീണ്ട മുഹൂർത്തങ്ങളിൽ ഞങ്ങൾ പോബ്‌ജിക താഴ്വാരത്തിലൂടെ നടന്നു,"നിങ്ങൾ ഒരിക്കലും ഇവിടെ വിഷമിക്കുകയില്ല". ലാമ ലിന്ഗപ പറഞ്ഞു.

"സന്ധ്യയ്ക്ക് നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്ന പക്ഷികൾ ഇപ്പോഴും ഇവിടെ അന്യം വന്നിട്ടില്ല.സായാഹ്നത്തിലെ നിഗൂഢതയായി അവർ ഇന്നും അവശേഷിക്കുന്നു".

മൂന്നുവർഷത്തെ ഒരു ഹ്രസ്വഇടക്കാലത്തിന് ശേഷം ഭൂട്ടാന്റെ വടക്ക് ഭാഗത്തേയ്ക്കുള്ള യാത്രയിലാണ് ഞാൻ.ആധുനിക നഗരങ്ങളിലെ നിർമ്മാണമേഖല ഭാവനാതീതമായ രീതിയിൽ അഭിവൃദ്ധിപ്പെടുകയും ഗ്രാമങ്ങൾക്ക് രൂപാന്തരം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ആഗോള സാഹചര്യത്തിൽ ഭൂട്ടാൻ ഒരു അപവാദമാണ്. ഇവിടത്തെ നാഗരികത ഒരിക്കലും വർണ്ണപൊലിമയിലല്ല. പക്ഷെ പഴയ ശീലങ്ങൾ സ്പഷ്ടമായും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.ഈ രാജ്യത്തിലെ സാമ്പത്തിക അഭിവൃദ്ധി ഒട്ടും സ്വാഗതാർഹമല്ല . നഗരവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഭൂട്ടാൻ ഒട്ടും ഉദാരമല്ല. സ്വാഭാവിക പ്രകൃതിക്കും പരിസ്ഥിതിക്കും നാശം വരുത്തുന്ന യാതൊരു വികസനപ്രവർത്തനത്തിനും ഭൂട്ടാൻ അനുകൂലമല്ല.ആകെ ഭൂവിസ്തൃതിയുടെ എഴുപത് ശതമാനവും സംരക്ഷിത വനമായി പരിപാലിക്കുന്ന ഈ രാജ്യം മൃഗീയമായ പ്രകൃതി സംരക്ഷണത്തിന്റെ മാതൃകയാണ് .ഗംഭീരമായ വീരകഥകളിലും പാരമ്പര്യത്തിലും പവിത്ര സ്ഥാനങ്ങളിലും എല്ലാം ജീവിതഗതിതേടുന്ന ഒരു പൗരാണിക സങ്കൽപം ഭൂട്ടാനികളെ വലയ്ക്കുകയാണ്.

ഈ രാജ്യത്തിലെ കാലാവസ്ഥയും ആവാസവ്യവസ്ഥയും നാടകീയ മാറ്റങ്ങൾക്ക് വിധേയമാകുന്നത് ആശങ്കയോടെ കാണുന്ന ഇവിടത്തെ മനുഷ്യരെ പുറമെനിന്ന് വരുന്ന യാത്രികർ ആദര്ശവല്ക്കരിക്കുന്നതിൽ അഭിമാനം കണ്ടെത്തുകയാണ് ഭൂട്ടാനികൾ. ബുദ്ധാംശങ്ങളെ സജീവമായി നിലനിർത്തുന്ന ഐതിഹ്യങ്ങളെയും തങ്ങളുടെ സുവർണ്ണ പ്രതാപത്തിന്റെയും കഥകളെയും സ്‌മരിച്ചുകൊണ്ടുള്ള ഒരു ജീവിതനിയോഗം ഇന്നും അവരെ വല്ലാതെ ആവേശിക്കുകയാണ്. ദാരിദ്ര്യം നടമാടിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം പഴയ പ്രതാപകഥകളും സംഭവങ്ങളും ഒട്ടും സ്വാഗതാർഹമാകുന്നില്ല.


ക്ഷീണിച്ച മനുഷ്യമുഖങ്ങളും ഗ്രാമങ്ങളുടെ നിരാലംബതയും എല്ലാം ഭൂട്ടാനികളുടെ ദുരിത ജീവിത സാഹചര്യങ്ങളുടെ സൂചകങ്ങളാണ്.ഗ്രാമങ്ങളിൽ നിന്ന് ലൈംഗിക തൊഴിലിലേയ്ക്ക് ആകർഷിക്കപ്പെടുന്ന പെൺകുട്ടികൾ പിന്നിട് ഇന്ത്യയിലെ വൻ നഗരങ്ങളിലേയ്ക്ക് കുടിയേറുന്നു.തൊഴിലില്ലായ്മയും ദാരിദ്രവും ഭീകരമായ യാഥാർഥ്യമായി ഈ രാജ്യത്തെ ആക്രമിക്കുകയാണ്. ഒരപൂർവ സംസ്‌കൃതിയുടെ ഭാവാദികൾ പരിപാലിക്കുന്ന ലോകത്തിലെ ഏക ബുദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാൻ അവസാനത്തെ ഷാ ഗ്രില്ലായെന്നു വിശേഷിപ്പിക്കുമ്പോൾ തന്നെ നേപ്പാളി ഭൂട്ടാനി വംശജർ വർഷങ്ങളായി നിലനിൽക്കുന്ന വൈര്യത്തിന്റെ മുറിപ്പാടുകൾ പേറുകയാണ്.

വിവേചനം കൂടാതെ മനുഷ്യരെയെല്ലാം സ്നേഹിക്കണമെന്നും എല്ലാവരോടും ക്ഷമ കാണിക്കണമെന്നും അനുശാസിച്ച ബുദ്ധന്റെ മിഴികൾ ഇനിയും തുറന്നിട്ടില്ല. പ്രാർഥനാനിരതവും ജപമണികളിലും ധ്യാനനിരതനായി ഇരിക്കുന്ന കുറെ മനുഷ്യർ തങ്ങളുടെ അന്തരാളങ്ങളിലെ ജന്മവാസനകളുമായി സംഘർഷത്തിലായിരിക്കാം.പകയുടെ അപ്രമേയമായ വിനിമയം നഷ്ടപെടുന്ന നിമിഷങ്ങളിൽ അവർ സ്നേഹത്തിന്റെയും അനുതാപത്തിന്റെയും സദ്ഭാവങ്ങളിലേയ്ക്ക് പ്രവേശിക്കാം. (അവസാനിക്കുന്നില്ല)




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top