12 August Friday

മോൻപകളും തവാങിന്റെ സ്പന്ദനവും...

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

സേലപാസിന്റെ കവാടത്തോടുചേർന്ന് ഒരു കഫെറ്റീരിയയുണ്ട്.പൗരാണികച്ചന്തമുള്ള ഭക്ഷണകേന്ദ്രം. പ്രഹാർട്ട് എന്നാണ് പേര്.മുന്നിലെ ചാരുബെഞ്ചിൽ വളരെ പ്രായം തോന്നുന്ന ഒരു വൃദ്ധൻ ഇരിപ്പുണ്ട്. മരം വെട്ടാനുതകുന്ന ചെറിയൊരു കൊടുവാളുമായാണ് ഇരുപ്പ്. തനി ഗ്രാമീണൻ.

തടാകം ചുറ്റിയാണ് സേലപാസ്. മഞ്ഞുമൂടാത്ത നിഴൽതടാകമാണ് സേല. ചുറ്റും കോൺക്രീറ്റിട്ട  നടവഴിയുണ്ട്. കമ്പിവേലിയും ഉറപ്പിച്ചിട്ടുണ്ട്. തടാകത്തിലിറങ്ങാൻ അനുമതിയില്ല. സേലയുടെ ഓർമ്മപോലെ പരിശുദ്ധമാണ് തടാകവും.  കുന്നുകൾക്കുനടുവിൽ താഴ്വരക്കുളിരിൽ സേല. 13,700 അടി ഉയരമുണ്ട് ഇവിടെ. തവാങ് ഫോറസ്റ്റ് ഡിവിഷനിലെ സേലാപാസ് നിർമ്മിച്ചത് 14‐ാം അതിർത്തി റോഡ് സുരക്ഷാവിഭാഗമാണ്. 1972 ഡിസംബർ 14ന് റോഡ് തുറന്നുകൊടുത്തതായി ശിലാഫലകം സൂചിപ്പിക്കുന്നു.  ഒപ്പം മനോഹരമായ വരികളും. 

സേലാപാസിന്റെ തുടക്കത്തിലുള്ള ഓർമസ്‌തൂപം

സേലാപാസിന്റെ തുടക്കത്തിലുള്ള ഓർമസ്‌തൂപം


 “ When you come to the end
of the road, oh my old friend
there is always a hill
to be climbed
just ahead at the end
of the track.
Though you feel turn your back
a valley and a peak
your spirit is lead.
There is fold of green and
a hush of snow
Which you must know
Where you must go.
So our blood and bone
our through earths mighty loard
and the end of your track
is the start of our road”
സേല‐നൂറാങ് വഴി തകർന്നനിലയിൽ

സേല‐നൂറാങ് വഴി തകർന്നനിലയിൽ


  ഈ വഴി വെറും സിമന്റും കോൺക്രീറ്റും കൊണ്ട് നിർമ്മിച്ചതല്ല.  ഇതിൽ ഞങ്ങളുടെ ചോരയുണ്ട്, പൊലിഞ്ഞുപോയ ജീവനുണ്ട്, മാതൃരാജ്യത്തെ എല്ലാ ഭാഗത്തുള്ളവരുടെയും. അതിർത്തിറോഡ് രക്ഷാസേനയുടെ വക നെഞ്ചിൽതട്ടുന്ന കുറിപ്പ് മറ്റൊരിടത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.
സേലപാസിന്റെ കവാടത്തോടുചേർന്ന് ഒരു കഫെറ്റീരിയയുണ്ട്. പൗരാണികച്ചന്തമുള്ള ഭക്ഷണകേന്ദ്രം. പ്രഹാർട്ട് എന്നാണ് പേര്. മുന്നിലെ ചാരുബെഞ്ചിൽ വളരെ പ്രായം തോന്നുന്ന ഒരു വൃദ്ധൻ ഇരിപ്പുണ്ട്. മരം വെട്ടാനുതകുന്ന ചെറിയൊരു കൊടുവാളുമായാണ് ഇരുപ്പ്. തനി ഗ്രാമീണൻ.  അരുണാചൽപ്രദേശിലെ മോൻപ വർഗക്കാരൻ. ഗ്രാമീണച്ചന്തം തോന്നിയതിനാൽ ഒപ്പമിരുന്ന് കുറെ ചിത്രങ്ങളെടുത്തു.
 വടക്കുകിഴക്കൻ പ്രദേശത്തെ ഏറ്റവും പൗരാണികമായ ആദിവാസി വിഭാഗമാണ് മോൻപ.  തവാങ്ങിൽ ജീവിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരും മോൻപ വംശജരാണ്. ഇടയവർഗം എന്നു പറയുന്നതാവും ഇവരെക്കുറിച്ച് കൂടുതൽ ശരി. കാലിവളർത്തലിൽ ഉപജീവനം കഴിക്കുന്ന ഇവർ സിക്കിമിൽ നിന്ന് കുടിയേറിയവരാണെന്ന് വിശ്വസിക്കുന്നു.  സിക്കിം വംശജരായ ഭൂട്ടിയ വിഭാഗക്കാരോട് ചേർന്നുനിൽക്കുന്നതാണ് ഈ സമൂഹം. സ്ഥിരം ആവാസ ഭൂമികയില്ലാതെ കാലികൾക്കൊപ്പം അലഞ്ഞുതിരിഞ്ഞവർ. പുത്തൻ ഭൂനിയമവും അതിർത്തി കെട്ടുപാടുകളും വന്നശേഷം തവാങ്ങിലും പരിസരങ്ങളിലും ഒതുങ്ങിപ്പോയതാണിവർ.  അരുണാചൽ പ്രദേശിന്റെ ജനസംഖ്യയിൽ 60,000 പേർ മോൻപകളാണ്.  ഇവരിൽ ഇരുപതിനായിരം പേർ തവാങ്ങിൽ മാത്രമുണ്ട്. തവാങ് ജനസംഖ്യയുടെ 77 ശതമാനം. ചൈനീസ് അധിനിവേശ മേഖലയിൽ 25000 പേരുണ്ടെന്നാണ് കണക്ക്.
സേല തടാകം

സേല തടാകം


ഭൂട്ടാനിലെ ഷാർചോപ്്സ് എന്ന വിഭാഗവുമായി വളരെ അടുപ്പമുള്ളവരാണ് മോൻപകൾ. തിബറ്റോ‐ ബർമൻ ഭാഷയാണ് ഇവരിൽ ഭൂരിഭാഗം പേർക്കും. അക്ഷരഭാഷ തിബത്തനാണ്. ഭാഷാടിസ്ഥാനത്തിൽ മോൻപകളെ ആറ് വിഭാഗമായി തിരിച്ചിട്ടുണ്ട്.  തവാങ് മോൻപ,   ദിരാങ് മോൻപ, ലിഷ് മോൻപ, ഭൂട്ട് മോൻപ, കലക്താങ് മോൻപ, പഞ്ചൻ മോൻപ എന്നിങ്ങനെ.
ഇവരിൽ ഭൂരിഭാഗവും ടിബറ്റൻ ബുദ്ധിസമാണ് പിന്തുടരുന്നത്. തവാങ് മൊണാസ്ട്രി മോൻപമാരുടെ പരമമായ ആരാധനായിടമാണ്. താങ്ക ചിത്രകലയും കരകൗശലവും ഉൾപ്പെടെയുള്ളതെല്ലാം ഈ വിഭാഗത്തിന്റെ സംഭാവനയാണ്.
  സുകുസോ മരത്തൊലി സംസ്കരിച്ച് കടലാസ് ഉണ്ടാക്കുന്നതിൽ വിദഗ്ധരാണ്. ബുദ്ധിസത്തിന്റെ പരമപവിത്രമായ സൂക്തങ്ങൾ പലതും നിറഞ്ഞുനിൽക്കുന്നത് ഇത്തരം കടലാസുകളിലാണ്. തവാങ് മൊണാസ്ട്രിയിലെ അച്ചടിശാലയിൽ

ഇപ്പോഴും ഇത്തരം കടലാസ് ഉപയോഗത്തിലുണ്ട്. കടലാസ് നിർമ്മാണത്തെയും അച്ചടിയെയുംകുറിച്ച് പിന്നാലെ പറയാം.

സേല തടാകം

സേല തടാകം


 അയാളുടെ ചിരിയിൽ മോൻപ വർഗത്തിന്റെ മനസ്സ് കാണാം. അന്യനാട്ടിൽ നിന്നെത്തിയ ഞങ്ങളെ വികാരവായ്പോടെയാണ് ആ മനുഷ്യൻ കഫെറ്റീരിയക്കുള്ളിലേക്ക് ക്ഷണിച്ചത്.  യഥാർത്ഥത്തിൽ അത് നടത്തുന്നത് ഇന്ത്യൻ പട്ടാളമാണ്. ഈ വൃദ്ധൻ അവരുടെ ആശ്രിതൻ മാത്രം. മഞ്ഞിലേക്ക് അയാളുടെ ചുണ്ടിൽനിന്ന് വളയംപൂണ്ട് കലരുന്ന ബീഡിപ്പുകയ്ക്ക്  കഞ്ചാവിന്റെ മണം.

കഫെറ്റീരിയക്കുള്ളിൽ ഞങ്ങളെ കാത്തിരുന്നത് അരുണാചലെന്ന സംസ്ഥാനം തന്നെയായിരുന്നു.  മാന്യമായി വസ്ത്രം ധരിച്ച ഒരു മധ്യവയസ്കനും ചെറുപ്പം വിട്ടുമാറാത്ത ഒരു സ്ത്രീയും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. ഞങ്ങളെപ്പോലുള്ള യാത്രികർ എന്ന ധാരണയിൽ അവരോട് കുശലം പറയാൻതുടങ്ങുമ്പോൾ അറിഞ്ഞു,  മുന്നിലിരിക്കുന്നയാൾ അരുണാചൽപ്രദേശിലെ ഗ്രാമവികസന‐പഞ്ചായത്ത് മന്ത്രിയാണ്, അലോലിബാങ്.-

 കഫെറ്റീരിയക്കുള്ളിൽ ഞങ്ങളെ കാത്തിരുന്നത് അരുണാചലെന്ന സംസ്ഥാനം തന്നെയായിരുന്നു.  മാന്യമായി വസ്ത്രം ധരിച്ച ഒരു മധ്യവയസ്കനും ചെറുപ്പം വിട്ടുമാറാത്ത ഒരു സ്ത്രീയും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. ഞങ്ങളെപ്പോലുള്ള

അരുണാചൽ ഗ്രാമവികസന മന്ത്രി അലോ ലിബാങ്്‌  അരുണാചൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ

അരുണാചൽ ഗ്രാമവികസന മന്ത്രി അലോ ലിബാങ്്‌ അരുണാചൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ

യാത്രികർ എന്ന ധാരണയിൽ അവരോട് കുശലം പറയാൻതുടങ്ങുമ്പോൾ അറിഞ്ഞു,  മുന്നിലിരിക്കുന്നയാൾ അരുണാചൽപ്രദേശിലെ ഗ്രാമവികസന‐പഞ്ചായത്ത് മന്ത്രിയാണ്, അലോ ലിബാങ്. ഒപ്പമുള്ളത് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ. പേമ ഖണ്ടു മന്ത്രിസഭയിലെ പ്രബലനാണ് അലോ ലിബാങ്. അരുണാചൽ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്കൊപ്പം ജീവിക്കുന്നയാൾ. നേരത്തെ നാഷണലിസ്റ്റ് കോൺഗ്രസ് പാർടി (എൻസിപി) നേതാവായിരുന്നു. 2009ൽ അസംബ്ലിയിലേക്ക് വിജയിച്ചിട്ടുമുണ്ട്. 2012ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2014ൽ യിങ്ക്യോങ് മണ്ഡലത്തിൽനിന്ന് എതിരില്ലാതെ വിജയിച്ചു.  2016ൽ ഡെപ്യൂട്ടി സ്പീക്കറുമായി. 2019ൽ കളം വീണ്ടും മാറ്റിച്ചവുട്ടി. ബിജെപിയിൽ ചേർന്ന് വീണ്ടും അതേ മണ്ഡലത്തിൽ വിജയിച്ച് മന്ത്രിയായി. ആരോഗ്യം, കുടുംബക്ഷേമം, പട്ടികവർഗം ഉൾപ്പെടെ പ്രധാന വകുപ്പുകൾ കൈാര്യം ചെയ്യുന്നു.

പത്രപ്രവർത്തകരുടെ ജിജ്ഞാസയോടെ ഞങ്ങൾ മന്ത്രിയോട് പലതും ചോദിച്ചു. എം  ഫ്ളിന്റ് മീഡിയക്കായി പി വി മുരുകൻ ഒരു അഭിമുഖം തന്നെ ക്യാമറയിൽ പകർത്തി. കേരളത്തിലെ ആരോഗ്യപരീക്ഷയും അതിനുള്ള സാധ്യതകളും അദ്ദേഹം ഞങ്ങളിൽനിന്ന് ചോദിച്ചറിഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനവും ചർച്ചയായി.  മന്ത്രിയുടെ വക ലഘുഭക്ഷണവും ചായയും ഞങ്ങൾക്കായി നിരന്നു. അദ്ദേഹവും ഉദ്യോഗസ്ഥസംഘവും തവാങ്ങിൽ നിന്ന് തലസ്ഥാനമായ ഇറ്റാനഗറിലേക്ക് മടങ്ങുകയാണ്. കുറെ സംസാരിച്ചിരുന്ന് ഞങ്ങൾ യാത്ര ചോദിച്ചു.  പുറത്തെ ചാരുബെഞ്ചിൽ ആ വൃദ്ധൻ അപ്പോഴും ബീഡിപ്പുക ഊതിക്കൊണ്ടിരുന്നു. മന്ത്രിയുമായുള്ള സംസാരത്തിനിടയിലാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ മോൻപ വർഗത്തെക്കുറിച്ച് പറഞ്ഞത്.
  മോൻപ വിഭാഗത്തിന് മറ്റുള്ളവരെക്കാൾ പ്രത്യേക പരിഗണന അരുണാചൽപ്രദേശ് നൽകുന്നുണ്ട്. അവരുടെ നാട്ടുക്കൂട്ടങ്ങൾക്ക് പ്രത്യേക അധികാരം പോലുമുണ്ട്. തുക്ഡ്രി എന്നറിയപ്പെടുന്ന ആറുപേരടങ്ങുന്ന  സമിതിക്കാണ് മോൻപ വിഭാഗത്തിന്റെ മേൽനോട്ടം. തുക്ഡ്രിമാരെ മന്ത്രിമാർക്കൊപ്പമാണ് പരിഗണിക്കുന്നത്. ഇവരുടെ കൂട്ടത്തെ കെൻപോ എന്നാണ് അറിയപ്പെടുന്നത്.
  തവാങ് മൊണാസ്റ്ററിയുടെ അധിപനാണ് കൂട്ടത്തിലെ പ്രമുഖൻ. ലാമമാരാണ് തുക്ഡ്രികൾ.  ഇതിൽ രണ്ടുപേരെ നേയ്ത്സാങ്ഗ് എന്നും വേറെ രണ്ടു പേരെ സോങ്പെൻ എന്നുമാണ് വിളിക്കുന്നത്.

പുരുഷകേന്ദ്രീകൃത കുടുംബ സംവിധാനമാണ് മോൻപ വിഭാഗത്തിനുള്ളത്. ക്രിസ്തുവിനും 500 വർഷം മുമ്പ് നിലനിന്ന ലോമോൺ എന്നും മോൻയൂൾ എന്നും വിളിക്കപ്പെട്ട രാജവംശത്തിലെ പിൻമുറക്കാരാണ് മോൻപകൾ. തിബറ്റിലെ ആറാം ദലൈലാമ സാങ്ഗ്യാങ് ഗ്യാസ്റ്റോയുടെ കാലത്ത് മോൻയൂൾ പ്രദേശം 32 ഭാഗമായി വിഭജിച്ചു.  ഇവ കിഴക്കൻ ഭൂട്ടാനിലും തെക്കൻ തിബത്തിലും തവാങ്‐ കമേങ് ജില്ലകളിലുമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ കേന്ദ്രീകരണം വന്നതോടെ മോൻയൂളിന്റെ ആസ്ഥാനമായി തവാങ് മാറി.
പതിനൊന്നാം നൂറ്റാണ്ടിൽ തവാങിലെ മോൻപകൾ ബുദ്ധിസത്തിൽ ആകൃഷ്ടരായി. 13 മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ബുദ്ധിസ്റ്റ് സിദ്ധാന്ത പകർച്ചയായ ദ്രുക്പയുടെ പ്രചാരകരും പ്രയോക്താക്കളുമായി ഈ വിഭാഗം മാറി. 1914ൽ മക്മോഹൻ അതിർത്തി രേഖ പ്രാബല്യത്തിൽ വന്നതോടെ മോൻപകളുടെ ആവാസകേന്ദ്രം വിഭജിക്കപ്പെട്ടു.  1962 ലെ ഇന്ത്യാ‐ചൈന യുദ്ധത്തോടെ കൂടുതൽ പ്രദേശം ചൈനയുടെ അധീനതയിലായി. അവശേഷിച്ച മോൻപമാർ തവാങ് പരിസരത്ത് കുടിയേറി. ആറാം ദലൈലാമ മുതൽ ഗ്രാമി അവാർഡ് ജേതാവ് ലാമ താഷി, അരുണാചൽ മുഖ്യമന്ത്രി ദോർജെ ഖണ്ടു, പേമ ഖണ്ടുവരെ ഉൾപ്പെടുന്ന വമ്പൻമാരാണ് മോൻപ വിഭാഗത്തിലുള്ളത്.

ഡെങ്ഡി സോങ് എന്നറിയപ്പെടുന്ന സംരക്ഷിത മേഖലയിലൂടെയാണ് യാത്ര. വംശനാശം നേരിടുന്ന അപൂർവ ജന്തു സസ്യജാലങ്ങളുടെ പ്രദേശമാണിത്. 107 ചതുരശ്ര കിലോമീറ്ററുള്ള ഇവിടം ഡബ്ലിയു ഡബ്ലിയു എഫിന്റെ പദ്ധതി പ്രദേശം കൂടിയാണ്. ചുവപ്പൻ പാണ്ട, ഹിമപ്പുലി, നീലക്കാള,  മൊണാൽ തുടങ്ങിയവയുടെ ആവാസയിടമാണ്.  2100 മുതൽ 4800 മീറ്റർ വരെ ഉയരമുള്ള ഈ ഹിമാലയൻ കുന്നുകളിൽ റോഡോഡെൻഡ്രോൺ സമൃദ്ധമായി വളരുന്നു. 
  സേല തടാകത്തിന്റെ എല്ലാ ചന്തവും ഒപ്പിയെടുത്ത്,  ദുർഘടമായ കയറ്റിറക്കങ്ങളിലേക്ക് തിരിക്കുകയാണ് ഞങ്ങൾ. തടാകം ചുറ്റി വാഹനം അടുത്ത കുന്നിലേക്ക് കടക്കുമ്പോൾതന്നെ തണുപ്പും ഒപ്പം നേർത്ത ഭയവും അരിച്ചിറങ്ങുന്നു. വളഞ്ഞുപുളഞ്ഞ് താഴ്വരയിൽ നിന്നും താഴ്വരയിലേക്ക് നീളുന്ന വഴി. ഇടത്ത് സേല നദി പൊട്ടിച്ചിരിച്ചും തട്ടിത്തകർന്നും ഒപ്പമുണ്ട്.

സേല പാസിന്റെ തുടക്കം

സേല പാസിന്റെ തുടക്കം

ചെറിയ അശ്രദ്ധ മതി, യാത്രയുടെ എല്ലാ സുഗന്ധവും തല്ലിത്തകർക്കാൻ. മഞ്ഞും മഴയും കൂട്ടിനുണ്ട്. താഴ്വരകൾ പിന്നിടുമ്പോൾ സേലതടാകം ആകാശത്തോളം ഉയർന്ന പട്ടം പോലെ തോന്നിച്ചു. ഇന്ത്യൻ പട്ടാളമാകെ ഈ വഴിയരികിലുണ്ടോയെന്ന് ആരും സംശയിക്കും, അത്രയ്ക്കുണ്ട് നമ്മുടെ സന്നാഹങ്ങൾ. അതിർത്തി അരികിലാണെന്ന തോന്നൽ ഓരോ സഞ്ചാരിയിലും ഉണർത്തുന്ന കാഴ്ചകൾ. വാക്കിലും വരികളിലുമെല്ലാം രാജ്യസ്നേഹസൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. നൂറാനങ്‌ ചെക്പോസ്റ്റിൽ വാഹനം നിന്നു. മിലിറ്ററി പരിശോധനാകേന്ദ്രമാണ്. അരുണാചൽ രജിസ്ട്രേഷനുള്ള വാഹനങ്ങൾ മിക്കവാറും അവർ പരിശോധിക്കാറില്ലെന്ന് ഡ്രൈവർ പറഞ്ഞു. യാത്രക്കാർ വിദേശികളാണെങ്കിൽ അവരുടെ രേഖകളുടെ ശരിപ്പകർപ്പുകൾ അവിടെ നൽകണം. സേല പാസ് വിപുലമാക്കുകയാണ്. വീതികൂട്ടലിന്റെ പ്രവൃത്തികൾ നടക്കുന്നു.  റോഡിനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം കോൺക്രീറ്റ് ചെയ്യുന്ന പണി ഏതാണ്ട് പൂർത്തിയായി. അതിനു മേലെ പ്ലാസ്റ്റിക് ഷീറ്റ് വിളിച്ചിട്ടുണ്ട്.  വാഹനങ്ങൾ കയറാതിരിക്കാൻ ചെറുതും വലുതുമായ കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

സേലയിൽനിന്ന് ഒപ്പംകൂടിയ കോടമഞ്ഞ് തൊട്ടുപിന്നാലെയുണ്ട്. സേലാനദി ഞങ്ങൾക്കൊപ്പം കൂടുന്നു. ഇടത്തേച്ചരുവിൽ കാറ്റിനൊപ്പം കഥകളൊക്കെ പറഞ്ഞാവണം പുഴയൊഴുകുന്നത്. ഉയരം താഴുന്തോറും പുഴ വെള്ളച്ചാട്ടമായി പൊട്ടിച്ചിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ വെടിവയ്ക്കാം, വാക്കുകൾ കൊണ്ടല്ല,  ക്യാമറകൊണ്ട്‐  വഴിയിൽ വ്യക്തമായ ഇംഗ്ലീഷ് അക്ഷരത്തിൽ ബോർഡ്. സംഗതി സത്യമാണ്. ആനയോളം വലിപ്പമുള്ള യാക്കുകൾ വഴിയിൽ അലസഗമനത്തിലാണ്. ഫോട്ടോഷൂട്ടിന് തയ്യാർ എന്ന നിലയിലാണ് ചിലരുടെ നിൽപ്പ്. ഡ്രൈവർ പറഞ്ഞു, ദയവായി പുറത്തിറങ്ങരുത്. ചിലപ്പോൾ പണി കിട്ടും.  ഈ വഴിയിലൂടെ വാഹനമോടിച്ച് പരിചയമുള്ള അയാളുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തേപറ്റൂ.  ഞങ്ങൾ പുറത്തിറങ്ങിയില്ല. ക്യാമറ ഫളാഷ് ഇടതടവില്ലാതെ മിന്നി. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഞങ്ങളുടെ വണ്ടി അയാൾ മുന്നോട്ടോടിച്ചു. പിന്നിലായി പോരാളികൾ വരുന്നു. ആനയോളം കരുത്തുള്ള യാക്കുകൾ.

തവാങ്ങിലേക്കുള്ള വഴിയിലാണ് ജസ്വന്ത് വാർ മെമ്മോറിയൽ. സേലയെ കണ്ട ഞങ്ങൾക്ക് നൂറയെക്കൂടി കാണാതെ എങ്ങനെ മുന്നോട്ടു പോകാനാവും.  ജങ് എന്ന ഗ്രാമത്തിൽ വാഹനം നിർത്തി. വഴിക്കരികിൽ ചെറിയൊരു ധാബയുണ്ട്. ഇവിടെനിന്ന് ഇടത്തോട്ടുള്ള വഴിയിൽ രണ്ട്‌ കിലോമീറ്റർ പോയാൽ നൂറാനങ് വെള്ളച്ചാട്ടത്തിന് അരികിലെത്താം. വഴി അത്ര നല്ലതല്ലെന്ന് പറഞ്ഞ് ഡ്രൈവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവിടെ പോയേതീരൂവെന്ന തീരുമാനത്തിൽ ഞങ്ങൾ ഉറച്ചുനിന്നു.  തികച്ചും കർഷക ഗ്രാമമാണ് ജങ്. കുന്നുകളിൽ കൃഷിയിറക്കി വിളവെടുക്കുന്ന രീതിക്ക് ഇവിടം പ്രസിദ്ധമാണ്. ചെറിയൊരു ചെക്ക്പോസ്റ്റും അരുണാചൽ ഗവൺമെന്റിന്റെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസും മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്.  കവലയിൽ നിരവധി ടൂർ ഓപ്പറേറ്റർമാരുടെ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സേല പാസിൽ ട്രെക്കിങ്‌ നടത്താൻ താല്പര്യമുള്ളവരെ ഉദ്ദേശിച്ചാണ് ബോർഡുകൾ. ചെറിയ വീടുകളാണെങ്കിലും പൂക്കളുടെ ഗ്രാമമെന്നുതോന്നിക്കുംവിധം എല്ലാത്തിലും നിറയെ ചിരിക്കുന്ന പൂക്കൾ.   വനംവകുപ്പിലെ ഒരു ഇക്കോ ഗസ്റ്റ്ഹൗസിന്റെ ബോർഡുണ്ട്. എന്നാലത് പ്രവർത്തിക്കുന്നില്ലെന്ന് ഗ്രാമീണർ പറഞ്ഞു. ജങിൽനിന്ന് തവാങ്ങിലേക്ക് 44 കിലോമീറ്ററുണ്ട്.

1999ൽ  നിർമ്മിച്ച ഒരു ഇരുമ്പുപാലം റോഡിനു കുറുകെയുണ്ട്.  ജയ്നാഥ് എന്നാണ് അതിന്റെ പേര്. ചുവട്ടിൽ നൂറാനങ്് നദി ഒഴുകുന്നു. ഇതും തവാങ് നദിയിലാണ് ചെന്നുചേരുന്നത്. പാലം കടന്നു രണ്ടുകിലോമീറ്റർ വാഹനമോടി. തകർന്നുതരിപ്പണമായ വഴി. യാത്ര മന്ദഗതിയിലാണ്. അടുത്തിടെ മണ്ണിടിച്ചിലുണ്ടായ ലക്ഷണമുണ്ട്. വഴിയിൽ ആകെ പാറയും മണ്ണും കൂടിക്കലർന്നു കിടക്കുന്നു. നൂറ എന്ന പെൺകുട്ടിയുടെ ഓർമ്മകൾ പേറുന്ന നൂറാനങ് വെള്ളച്ചാട്ടത്തിന് ബോങ്ബോങ് എന്നാണ് പഴയ പേര്. ജങ് വെള്ളച്ചാട്ടമെന്നും അറിയപ്പെടുന്നു. എത്ര നോക്കിനിന്നാലും മടുപ്പിക്കാത്ത വെള്ളച്ചാട്ടം. മഴവില്ലുകൾ വിരിഞ്ഞുനിൽക്കുന്നു. അത് എത്രയെണ്ണം ഉണ്ടാകുമെന്ന് കണക്കെടുക്കുക അത്ര എളുപ്പമല്ല. 100 മീറ്ററിലേറെ ഉയരമുള്ള വെള്ളച്ചാട്ടം രണ്ട് തട്ടായി നദിയിലേക്ക് പതിക്കുന്നു. സേലപാസിന്റെ വടക്കൻ ചരുവിൽ ഉത്ഭവിച്ച് ഒഴുകുന്നതാണ് നൂറാനങ് നദി. ചെറിയൊരു ജലവൈദ്യുത പദ്ധതിയും ഈ പുഴയിലുണ്ട്. വെള്ളച്ചാട്ടം കണ്ടുമടങ്ങുമ്പോൾ കനത്ത മഴ. ഞങ്ങളുടെ നിർബന്ധത്താൽ അതുവഴി വാഹനം ഓടിക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് ഡ്രൈവർ നീരസത്തോടെ പ്രകടിപ്പിക്കുന്നുണ്ട്.  വാഹനം വഴിയരികിൽ നിർത്തി. റോഡ് ഒന്നും പുറത്തുകാട്ടാതെ മഴ തിമിർത്തു പെയ്യുന്നു.

ജസ്വന്ത് വാർ മെമ്മോറിയലിനു മുന്നിലെ റോഡും തകർന്നു കിടപ്പാണ്. വാഹനങ്ങൾ ഓരോ കുഴിയിലും ഇറങ്ങിക്കയറുമ്പോൾ തെറിക്കുന്ന ചെളിവെള്ളം എല്ലാവരെയും അഭിഷേകം ചെയ്യുന്നുണ്ട്. തൊട്ടടുത്ത് ഇന്ത്യൻ പട്ടാളം നടത്തുന്ന ചെറിയ ഒരു ഹോട്ടലുണ്ട്. ഇഡ്ഡലിയും പൂരിയും സാമ്പാറും മോമോയുമൊക്കെ കിട്ടും. വിശപ്പ് വല്ലാതെ അതിക്രമിച്ചതിനാൽ ആദ്യം ഭക്ഷണമാകാമെന്ന് തീരുമാനിച്ചു. നമ്മുടെ നാട്ടിലെ ഇഡ്ഡലി ഒന്നുമല്ല ഇത്. അരി, ഉഴുന്നരച്ച് മാവ് നന്നായി പുളിപ്പിച്ചില്ലെങ്കിൽ ഇഡ്ഡലി ഉണ്ടാകില്ല. കൊടുംതണുപ്പും വല്ലപ്പോഴുമെത്തുന്ന വെയിലും മാത്രമുള്ള ഹിമാലയൻ പ്രദേശങ്ങളിൽ പുളിപ്പിക്കാൻ ശ്രമിച്ചാലും അത് നടക്കില്ലെന്ന് അറിയാമല്ലോ. സൗത്ത് ഇന്ത്യൻ ഭക്ഷണമെന്ന് ബോർഡ് തൂക്കിയ ഹിമാലയൻ ഹോട്ടലുകളിൽ കയറി ഭക്ഷണം ഉപേക്ഷിച്ചു പോകേണ്ടിവന്ന എത്രയോ സന്ദർഭങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവിടത്തെ ഇഡ്ഡലി, സാമ്പാറിൽ കാര്യമായ പ്രതീക്ഷ വച്ചുപുലർത്തിയില്ല. ജസ്വന്ത്ഘറിലേക്ക് കാലെടുത്തുവയ്‌ക്കുമ്പോൾ ചുവരിൽ മുന്നറിയിപ്പ്.  യുദ്ധത്തിൽ മരിച്ച പോരാളിയെക്കുറിച്ച് ഓർത്ത് വിലപിക്കരുത്. അവരെല്ലാം സ്വർഗത്തിൽ ആദരിക്കപ്പെടുന്നു .(തുടരും)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top