18 February Monday

കാൽപ്പന്ത‌ു ലഹരിയിൽ നാടും നഗരവും

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


കട്ടയ‌്ക്ക‌് കട്ട നിന്ന പോർച്ചുഗൽ‐സ‌്പെയിൻ പോരാട്ടം. മുൻ ലോക ചാമ്പ്യൻമാർ വിളറിയ ആദ്യ മത്സരങ്ങൾ. ലാറ്റിനമേരിക്കൻ കുതിപ്പിനെ ഏഷ്യൻ കാറ്റിൽ കറക്കിയ ജപ്പാൻ‐കൊളംബിയ ഏറ്റുമുട്ടൽ. മെസി, നെ‌യ‌്മർ, റൊണാൾഡോ, ഇപ്പോൾ ബൽജിയത്തിന്റെ ലുക്കാക്കയും. കളി ഏതുമാകട്ടെ, നായകരും. 21‐ാം നൂറ്റാണ്ടിലെ കാൽപ്പന്തുകളിയുടെ ലോക മത്സരം തത്സമയം വലിയ സ‌്ക്രീനുകളിൽ കാണാനെത്തുന്നവർക്ക‌് പ്രായഭേദമില്ല. ആൺ‐പെൺ വേർതിരിവുകളില്ല. നായകരുടെ മുന്നേറ്റങ്ങളിൽ പരിസരം മറന്ന‌് കൈയടിക്കും. പാഴ‌് നീക്കങ്ങളിൽ മുഖം വാടും. ഇഷ‌്ട ടീമിന്റെ ഗോൾവല കുലുങ്ങുമ്പോൾ നെഞ്ചരുകും. അപ്പോൾ അടുത്തിരിക്കുന്നവർ ഒന്നു തോണ്ടും. ഇപ്പോ എന്തായി എന്ന ചോദ്യത്തോടെ മുഖമുയർത്തും. അതുകൂടിയാകുമ്പോൾ ആധികൂടും.  ആർപ്പ‌ു വിളിച്ചും എതിരാളികളെ പോരിന‌് വിളിച്ചും ആ കളിയാരവം പുലർച്ചെവരയെത്തുന്നു. പിന്നെ കണ്ട കളിയുടെ വിശേഷണങ്ങൾ നിരത്തും. മാന്ത്രിക സ‌്പർശം മുറ്റി നിൽക്കുന്ന ചടുല നീക്കങ്ങൾ. മൈതാനത്തെ ഇഷ‌്ടതാരങ്ങളുടെ ശരീര ഭാഷ, മുടി ശൈലി.. ഇവയൊക്കെ പകർത്താനും തയ്യാർ.

ഇതൊരു കാർണിവൽതന്നെ. കാഴ‌്ചയുടെ മാത്രമല്ല, കൂട്ടായ‌്മയുടെയും കൂടി വിജയമാണത‌്. ചെറു ടെലിവിഷൻ സ‌്ക്രീനിൽ കളി കണ്ടവർ ഇപ്പോൾ തിയറ്ററിൽ സിനിമ കാണുന്നപോലെയാണ‌് ലോകകപ്പ‌് ഫുട‌്ബോൾ മത്സരങ്ങൾ വലിയ സ‌്ക്രീനുകളിൽ കാണുന്നത‌്. ചെറു കടമുറികൾക്ക‌് പകരം നിന്ന‌് നൂറുകണക്കിനാളുകൾക്ക‌് ഇരുന്ന‌ു കാണാൻ പാകത്തിന‌് പന്തലും ഹാളും ഒരുക്കുന്നു. അതിന്റെ പണച്ചെലവ‌് സ്വയം വഹിക്കുന്നു. പിരിവെടുത്തും സ‌്പോൺസർഷിപ്പിലൂടെയും പ്രൊജക‌്ടറും സ‌്ക്രീനും റെഡിയാക്കും. നാടും നഗരവും വ്യത്യാസമില്ലാതെ റഷ്യൻ മണ്ണിൽ ആദ്യമായി വിരുന്നെത്തിയ ഫുട‌്ബോൾ മാമാങ്കത്തെ വരവേറ്റു കഴിഞ്ഞു. കളിയാവേശം നിലനിർത്താൻ ലൈബ്രറികളും ഫാൻസ‌ുകാരും കളിക്കമ്പക്കാരും ക്ലബുകാരും റസിഡൻസ‌് അസോസിയേഷനുകളും മുന്നിൽതന്നെ. കളികാണാൻ കൈയും വീശിയെത്തിയാൽ മതി.

എൻഎപി ജങ‌്ഷൻ

കഴിഞ്ഞ ലോകകപ്പ‌് വരെ കടയുടെ വരാന്തയിലിരുന്നാണ‌് കലൂർ എൻഎപി ജങ‌്ഷനിലെയാളുകൾ പന്തുകളി കണ്ടത‌്. റോഡിനിരുവശത്തിരുന്നും നിന്നും വലിയ സ‌്ക്രീനിൽ കളി കണ്ട നാളുകൾക്ക‌് വിട നൽകിയാണ‌് ഇത്തവണ അവർ ലോകകപ്പിനെ വരവേറ്റത‌്. മഴയെ മുൻകൂട്ടി കണ്ട‌് തൊട്ടടുത്ത പറമ്പിൽ വലിയ പന്തലൊരുക്കി. ഒരുമാസത്തേക്ക‌് 80,000 രൂപ വാടക. എട്ടടി ഉയരത്തിൽ ബിഗ‌് സ‌്ക്രീൻ.  അർജന്റീനയുടെയും ബ്രസീലിന്റെയും കളികാണാനെത്തിയവർ 200ന‌് മുകളിൽ. ദിവസവും ശരാശരി 50ലേറെയാളുകൾ കളി കാണാനെത്തുന്നു. ആരാധകർ കൂടുതൽ അർജന്റീനയ‌്ക്കും ബ്രസീലിനുമാണെങ്കിലും മറ്റ‌് ടീമുകളുടെ കളി ആസ്വദിക്കാനും നിരവധിപേരുണ്ട‌്. മത്സരത്തിന‌് വീറും വാശിയും പകരാൻ സമീപവാസിയും കസ‌്റ്റംസ‌് ടീമംഗവുമായിരുന്ന കൊച്ചാണ്ടി എന്ന‌് നാട്ടുകാർ വിളിക്കുന്ന ആന്റണിയുമെത്തും. നാലു മത്സരങ്ങൾവരെ കണ്ട ദിവസമുണ്ട‌്.

ക്വാർട്ടർ മത്സരങ്ങൾ തുടങ്ങുന്നതോടെ ഗോളടി മത്സരവും സംഘടിപ്പിക്കും. വിജയികൾക്ക‌് ക്യാഷ‌് പ്രൈസും നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകുന്ന ഡ്രീംസ‌് സ്വയം സഹായ സംഘമാണ‌് ഫുട‌്ബോൾ ആവേശം നിലനിർത്താൻ വലിയ സ‌്ക്രീനും പന്തലുമൊരുക്കിയത‌്. ബിജു സേവ്യർ പ്രസിഡന്റും കുര്യൻ സെക്രട്ടറിയുമായി 20 അംഗങ്ങളുള്ളതാണ‌് സംഘം. വൈസ‌് പ്രസിഡന്റ‌് സേവ്യർ ജയനും അനിലുമാണ‌് ഫുട‌്ബോൾ പ്രദർശനത്തിന്റെ ചുമതലക്കാർ. രോഗികളെ സഹായിക്കുന്നത‌് കൂടാതെ എല്ലാവർഷവും ആഗസ‌്ത‌് അഞ്ചിന‌് അരി വിതരണവും നടത്തുന്നു.  കഴിഞ്ഞ വർഷം 7,000 കിലോ അരിയാണ‌് നിർധനർക്ക‌് കൈമാറിയത‌്.

റസിഡൻസ‌് അസോസിയേഷനും ഫ്രണ്ട‌്സ‌ും

പുല്ലേപ്പടിയിലെ ഗവ. ഹോമിയോ ആശുപത്രിക്ക‌് സമീപത്തെ വലിയ പന്തലിൽ സ‌്ത്രീകളുടെയും കുട്ടികളുടെയും ആരവമാണ‌്. ഫുട‌്ബോൾ ലഹരി തല‌യ‌്ക്ക‌ു പിടിച്ച നാട്ടുകാർ സംഘടിച്ചു. പിന്നെ 300ഓളം പേർക്കിരിക്കാവുന്ന പന്തലൊരുങ്ങി. പിന്നാലെ എൽസിഡി പ്രൊജക‌്ടറും സ‌്ക്രീനുമെത്തി. ദിവസവും കളികാണാൻ 100ന‌് മുകളിലാണ‌് ആൾക്കൂട്ടം. ഗവ.ഹോമിയോ ഹോസ‌്പിറ്റൽ റോഡ‌് റസിഡൻസ‌് അസോസിയേഷനാണ‌് തങ്ങളുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും സൗജന്യമായി ഫുട‌്ബോൾ മത്സരം കാണാൻ വേദിയൊരുക്കിയത‌്.  ഏറ്റവും ദൃശ്യഭംഗിയോടെയാണ‌് കളി സ‌്ക്രീനിൽ തെളിയുന്നത‌്. ശക്തമായ മഴയുണ്ടെങ്കിലും മത്സരം കാണാനെത്തുന്നവരെ അതൊന്നും ബാധിക്കാറില്ല. ഫുട‌്ബോളിന്റെ ചരിത്രവും കളിയിലെ പുത്തൻമാറ്റങ്ങളും വിശദീകരിക്കുന്നതിന‌് കളിയെഴുത്തുകാരെയും ഫുട‌്ബോൾ താരങ്ങളെയും അണിനിരത്തി ചർച്ചയും നടത്തുന്നുണ്ട‌്.

ഇടപ്പള്ളി ഫ്രണ്ട‌്സ‌് ലൈബ്രറിയിൽ കുട്ടികളാണ‌് താരങ്ങൾ. അവരെ കളി കാണാൻ വിടുന്നതിന‌് വീട്ടുകാർക്കും ആശങ്കയില്ല. കാരണം മിക്കവരും കുടുംബസമേതമാണ‌് മത്സരം കാണാനെത്തുന്നത‌്. സ‌്കൂളുകളിലെയും കോളേജകളിലെയും ഫുട‌്ബോൾ താരങ്ങളും ഇക്കൂട്ടത്തിലുണ്ട‌്. ആദ്യമായാണ‌് വായനശാല ലോകകപ്പ‌് മത്സരം തത്സമയം കാണിക്കുന്നത‌്. എട്ടടി ഉയരത്തിൽ പ്രത്യേകം നിർമിച്ച സ‌്ക്രീനിൽ പ്രൊജക‌്ടർ വച്ചാണ‌്  കളി കാണിക്കുന്നത‌്. മുൻ ലോക ചാമ്പ്യൻമാരുടെ കളികാണാനെത്തിയത‌് നൂറിലധികം പേരാണ‌്.  വായനശാലയോടനുബന്ധിച്ചുള്ള കുട്ടികളുടെ ക്ലബിലും സംഗീത ക്ലാസിലും നിരവധി കുട്ടികൾ പങ്കാളികളാണ‌്. സന്തോഷ‌് ട്രോഫി താരങ്ങളെ പങ്കെടുപ്പിച്ച‌് ചർച്ചയും സംഘടിപ്പിക്കുന്നുണ്ട‌്.

പ്രൊജക‌്ടറുകൾക്ക‌് നല്ല കാലം
സാധാരണ സ‌്കൂളുകളിലോ കോളേജുകളിലോ സെമിനാർ ഹാളുകളിലോ ഒതുങ്ങിക്കഴിഞ്ഞ എൽസിഡി പ്രൊജക‌്ടറുകൾക്ക‌് ലോകകപ്പ‌് ഫുട‌്ബോൾ വന്നതോടെ ആവശ്യക്കാർ വർധിച്ചു. പ്രൊജക‌്ടറുകളുടെ വിൽപ്പനയിൽ 10 ശതമാനത്തിന്റെ വർധനയാണ‌് കാൽപ്പന്ത‌് കളി സമ്മാനിച്ചത‌്. നേരിട്ട‌് വാങ്ങിയും വാടകയ‌്ക്ക‌് എടുത്തും നാട്ടിലെ കളിയാവേശത്തിന‌് മൂർച്ചകൂട്ടിയത‌് ‌എൽസിഡി പ്രൊജക‌്ടറുകളുടെ വലിയ സ‌്ക്രീനുകളുമാണ‌്. ഓൺലൈൻ വഴി വാങ്ങുന്നവരുമുണ്ട‌്.

പ്രമുഖ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക‌്28,000 മുതൽ ലക്ഷം രൂപവരെയാണ‌് വില. ഉപയോഗത്തിന്റെ പ്രത്യേകതനുസരിച്ച‌് പ്രൊജക‌്ടറുകളുടെ വിലയിലും മാറ്റംവരും. നല്ല റെസലൂഷനും മികച്ച ലൈറ്റിങ‌് പവറുമുള്ള പ്രൊജക‌്ടറുകളുടെ പ്രത്യേകതയാണ‌്. 3000 മുതൽ 10,000 രൂപയുടെ വരെ സ‌്ക്രീനുകൾ വിപണിയിലുണ്ട‌്. എട്ടടി ഉയരവും 12 അടി നീളവുമുള്ള സ‌്ക്രീനാണ‌് മിക്കവരും വാങ്ങുന്നത‌്. മൂന്നുവർഷംവരെയാണ‌് പ്രൊജക‌്ടറുകളുടെ കാലാവധി. 28 ശതമാനം ജിഎസ‌്ടി വന്നതോടെ വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ പറയുന്നു

പ്രധാന വാർത്തകൾ
 Top