ലൈംഗിക അതിക്രമത്തിനിരയാവുന്ന സ്ത്രീകൾക്ക് ധൈര്യവും പിന്തുണയും നീതിയും നൽകുകയെന്ന ലക്ഷ്യമായിരുന്നു ഓരോ തൊഴിലിടത്തിലേയും ആഭ്യന്തര സമിതികൾ അഥവാ ഇന്റേണൽ കമ്മിറ്റികൾ(ഐസി). എന്നാൽ ‘ഐസികൾ’ നാമമാത്രമേ ഉള്ളൂ. ഉള്ളയിടങ്ങളിൽ അവ നിഷ്പക്ഷമായി ഇടപെടാറുമില്ല. അംഗങ്ങളുടെ നിലപാട് ചില ഘട്ടങ്ങളിൽ ഇരകൾക്ക് എതിരാവുന്നുവെന്ന പരാതി വ്യാപകമാണ്.
സമീപകാലത്ത് ചർച്ചയായ സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രന്റെ കേസ് നോക്കുക. അതിക്രമം കാണിച്ച ആളെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഐസി നൽകിയതെന്ന് അതിജീവിതയായ അധ്യാപിക പറഞ്ഞു. ‘അന്വേഷണ ഘട്ടത്തിലൊന്നും ഐസി ആണ് എന്നുപോലും ബോധ്യപ്പെടുത്തിയിരുന്നില്ല. മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത ഐസി റിപ്പോർട്ട് കോടതിയും പരിഗണിച്ചു. കുറ്റാരോപിതന് ജാമ്യവും ലഭിച്ചു’. ഐസി റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് അതിജീവിത.
തൊഴിലിടത്തിൽ നിർബന്ധമായും നടപ്പാക്കേണ്ട സമിതികളെക്കുറിച്ച് ഉന്നത സ്ഥാനങ്ങളിലുള്ളവർക്ക് പോലും അറിയില്ല. പരാതി ഉയരുമ്പോൾ മാത്രം രൂപീകരിക്കുന്നതാണ് ഏറെയും. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തിനെതിരായ ‘പോഷ് ആക്ടി’ന്റെ നോഡൽ ഏജൻസിയായ വനിത–- ശിശു വികസന വകുപ്പ് 2021ൽ നടത്തിയ കണക്കെടുപ്പിൽ 8286 സ്ഥാപനങ്ങളിലാണ് സമിതി ഉള്ളതായി കണ്ടെത്തിയത്. സംസ്ഥാനത്ത് സ്വകാര്യ, സഹകരണ സ്ഥാപനങ്ങൾ നാല് ലക്ഷത്തിൽപരം വരും. സർക്കാർ ഓഫീസുകൾ വേറെയും. ‘സമിതി ഉണ്ടെന്നല്ലാതെ യോഗം പോലും ചേരുന്നില്ല. കടലാസിൽ മാത്രമാണ് ഐസികൾ’–-ജീവനക്കാരുടെ സംഘടനയുടെ വനിതാ നേതാവ്പറയുന്നു.
ഐസിയിലെത്തിയ പരാതികളുടെ ക്രോഡീകരിച്ച വിവരമൊന്നും ലഭ്യമല്ല. കമ്പനികൾ ഇത് സംബന്ധിച്ച റിപ്പോർട്ട് തൊഴിൽ വകുപ്പിന് നൽകുന്നില്ല. പരാതി നൽകുന്ന ജില്ലാ തല സമിതിയായ ലോക്കൽ കമ്മിറ്റിയും ഫലപ്രദമല്ല. തൊഴിലിട വിവേചനങ്ങൾ ഉൾപ്പെടെ വിശാല കാഴ്ചപ്പാടിൽ ഐസിയ്ക്ക് പരിഗണിക്കാവുന്നതാണെന്ന് ആസൂത്രണ ബോർഡ് അംഗവും കലിക്കറ്റ് യൂണിവേഴ്സിറ്റി സ്ത്രീ പഠന വിഭാഗം അധ്യാപികയുമായ പ്രൊഫ. മിനി സുകുമാർ പറഞ്ഞു. പക്ഷേ ലിംഗസമത്വം സംബന്ധിച്ച് ധാരണ വേണം. അതില്ലാത്ത സ്ത്രീകളും അംഗങ്ങളാകാറുണ്ട്. ഇങ്ങനെയുള്ളവരെ സമ്മർദം ചെലുത്തി തീരുമാനം മാറ്റാനാകും. ഇത് വിപരീത ഫലമാണുണ്ടാക്കുകയെന്നും അവർ പറഞ്ഞു.
ജാഗ്രതയില്ലാത്ത
ജാഗ്രതാസമിതി
വനിതാ കമീഷന്റെ പ്രാദേശിക തല സംവിധാനമാണ് ജാഗ്രതാ സമിതികൾ. പ്രദേശത്തെ തൊഴിലിടത്തിലെ സ്ത്രീകളുടെ പ്രശ്നവും പരിഗണിക്കാം. എന്നാൽ ഇതും സജീവമല്ല. പ്രവർത്തനം ഊർജിതമാക്കാൻ പുരസ്കാരം ഏർപ്പെടുത്തുകയാണ് കമീഷൻ. പരാതികൾ എവിടെ, എങ്ങനെ നൽകണമെന്ന അവബോധമില്ലായ്മയും വലിയ പ്രശ്നമാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ നേരത്തേ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തി പരാതികളെടുക്കാറുണ്ടായിരുന്നു. പുതിയ ഉത്തരവിൽ പരിശോധനകൾക്ക് നിയന്ത്രണമുണ്ട്.
ഐസിയെ
‘സിനിമയിലുമെടുത്തില്ല’
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് 2017ൽ സിനിമാരംഗത്ത് സമിതിയെക്കുറിച്ചുള്ള ചർച്ച സജീവമായത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഷൂട്ടിങ് സെറ്റുകളിൽ ഭാഗികമായി പോലും ഐസി രൂപീകരിക്കുന്നില്ല. മോണിറ്ററിങ് സമിതിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. നിർബന്ധമായി നടപ്പാക്കാനുള്ള സംവിധാനം ഇനിയുമായിട്ടില്ലെന്ന് നടി സജിത മഠത്തിൽ പറയുന്നു.
പോഷ് ആക്ട്
1992ൽ രാജസ്ഥാനിലെ ഗ്രാമീണ പരിവർത്തന ഏജന്റായ ഭൻവാരി ദേവി ബാലവിവാഹം തടഞ്ഞതിന് കൂട്ടബലാത്സംഗത്തിനിരയായി. തുടർന്ന് ‘വിശാഖ ’ വനിതാപ്രവർത്തകരുടെ കൂട്ടായ്മ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായി 1997ൽ സ്ത്രീകൾക്കുനേരെ തൊഴിലിടത്തുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്ന മാർഗനിർദേശങ്ങൾ വന്നു.
ഇതിന്റെ തുടർച്ചയായാണ് 2013ൽ പാർലമെന്റ് പോഷ് ആക്ട് –- (തടയൽ, നിരോധിക്കൽ , പരിഹാരം) വന്നത്. പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളിൽ കുറഞ്ഞത് നാലംഗങ്ങളുള്ള ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം. ഐസി രൂപീകരിച്ചെന്ന അറിയിപ്പ് പ്രദർശിപ്പിക്കണം. 10ൽ താഴെ ജീവനക്കാരുള്ള ഇടങ്ങൾ, അസംഘടിത മേഖല–-ഗാർഹിക തൊഴിലാളികൾ എന്നിവ ജില്ലാ തല സമിതിയായ ലോക്കൽ കമ്മിറ്റി(എൽസി)യെയാണ് സമീപിക്കേണ്ടത്. തൊഴിലുടമയ്ക്കെതിരായ പരാതി എൽസിയിലാണ് നൽകേണ്ടത്. ഐസി രൂപീകരിച്ചില്ലെങ്കിൽ 50,000 രൂപ വരെ പിഴ ഈടാക്കാം. 90 ദിവസത്തിനുള്ളിൽ പരാതി തീർപ്പാക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..