04 June Sunday

കാട്‌ കാക്കുന്ന കഥ...; അഞ്ച് വർഷത്തിനിടെ കേരളത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 106 പേർ

ജെ ആർ അനി jraniattingal@gmail.comUpdated: Sunday Apr 2, 2023

അഞ്ച് വർഷത്തിനിടെ കേരളത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 106 പേർ. കോട്ടയം സർക്കിളിൽമാത്രം 24 പേർ. മൂന്നാർ വനം ഡിവിഷനിലെ എലിഫന്റ്‌ മോണിട്ടറിങ്‌ ടീമിലെ അംഗമായിരുന്ന ശക്തിവേൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചത്‌ ഹൃദയഭേദകമായ വാർത്തയായി. വീമ്പിളക്കാതെയും വിളിച്ചുകൂവാതെയും വരുന്ന കാലം അടയാളപ്പെടുത്തുന്നതും പ്രകൃതിയുടെ കാവലാളുകളെന്ന് ഉച്ചൈസ്‌തരം ഘോഷിക്കുന്നതും ഇവരുടെയൊക്കെ പേരുകൾ തന്നെയായിരിക്കും. സംശയം വേണ്ട.

ഒരേയോരു ശക്തിവേൽ

തേയിലത്തോട്ടത്തിൽ കാട്ടാനയിറങ്ങി എന്ന വാർത്ത കേട്ട് അതിരാവിലെ എസ്എംഎസ് അലർട്ട് സന്ദേശം നൽകുന്നതിന്‌  സ്കൂട്ടറിൽ ആനകളുടെ താവളം തേടി ഇറങ്ങിയതായിരുന്നത്രേ ശക്തിവേൽ. ചെമ്മണ്ണിൽക്കുളിച്ച് ആനയിറങ്കലിൽ റോഡരികത്തുനിന്ന പത്തടിയോളം തലയെടുപ്പും ആറായിരം റാത്തലിനുമേൽ ഭാരവും വരുന്ന  കൊമ്പനോട് ‘ഡാ...കയറിപ്പോടാ...റോഡിൽ നിൽക്കല്ലെഡാ...!’, എന്ന് ശകാരിക്കാനുള്ള ആർജവം ശക്തിവേലിൽമാത്രമേ മൂന്നാറിലെ ജനങ്ങൾ കണ്ടിരുന്നുളളൂ. ചക്കക്കൊമ്പനും അരിക്കൊമ്പനും പടയപ്പയും നാടുവാഴുന്ന സാമ്രാജ്യത്തിൽ അവരുടെ സ്വൈരവിഹാരത്തിന് ഭീഷണിയായി എന്നും ആ ശബ്ദം ഉയർന്നിരുന്നു. മൂന്നാറിലെ കാടിന്റെ ചൂരും പേടിപ്പെടുത്തുന്ന വന്യതയുമായി നിൽക്കുന്ന മത്തഗജങ്ങളെ അനുസരിപ്പിക്കാൻ പോന്ന ധാർഷ്ട്യം, അതായിരുന്നു ശക്തിവേൽ.  

ആനയിറങ്കലിലും ചിന്നക്കനാലിലും കാടിറങ്ങുന്ന കുസൃതിക്കൊമ്പന്മാരെ കാട്ടിലേക്ക്‌ തിരികെ വിരട്ടിപ്പായിക്കുന്ന ശക്തിവേലിന്റെ വാക്കുകൾ ഓർമയിൽ വരുന്നു, ‘കാണാതിരുന്നാലേ എനിക്ക് ആനയെ പേടിയുള്ളൂ. കണ്ണിൽക്കണ്ടാൽപ്പിന്നെ പേടിയില്ല.’ അറം പറ്റിപ്പോയ വാക്കുകൾ. മഞ്ഞുമൂടിക്കിടന്ന തേയിലത്തോട്ടങ്ങളിൽ പതിയിരുന്നിരുന്ന അപകടം ശക്തിവേലിന്റെ കണ്ണുകളിൽത്തെളിഞ്ഞിട്ടുണ്ടാകില്ല. നേർക്കുനേർ നിന്നാൽ അയാളുടെ കണ്ണുകളിലെ തീക്ഷ്ണതയെ മറികടന്ന്, ശബ്ദത്തിലെ ആജ്ഞാശക്തി തൃണവൽഗണിച്ച് ഒരാനയ്ക്കും അയാളെ ആക്രമിക്കാനാകുമായിരുന്നില്ല.

 

വാച്ചറന്മാർ  

വനംവകുപ്പ് എന്നും ചിലരെ ഇങ്ങനെ കരുതിവയ്ക്കും. പാലിച്ചുപോരുന്ന ഉത്തരവാദിത്വങ്ങളിൽനിന്ന് ഒരിക്കലും ഒളിച്ചോടാത്തവർ. വന്യമൃഗങ്ങൾ കാടിറങ്ങുന്നത്‌ വർധിക്കുന്ന അവസരങ്ങളിലും ഭീതി വിതയ്ക്കുന്ന വിഷപ്പാമ്പുകളെ ഉൾപ്പെടെ പിടിച്ചു വനാന്തരങ്ങളിലേക്ക്‌ വിടുന്നതിലും വനംവകുപ്പിന്റെ അഭിമാനമായി വർത്തിക്കുന്ന വാച്ചറന്മാർ. ദ്രുതകർമസേനയിലും മയക്കുവെടി ഉൾപ്പെടെയുള്ള സന്നാഹങ്ങളിലും സഹായിക്കാനും കുങ്കിയാനകളുടെ പാപ്പാന്മാരായും ഒക്കെയായി  നിരവധി വാച്ചറന്മാരുണ്ട് .    

വനത്തിനുള്ളിൽ അനധികൃതമായി പ്രവേശിച്ച് വിറകുൾപ്പെടെയുളള വനവിഭവങ്ങൾ ശേഖരിക്കുന്നവർക്ക് എതിരുനിൽക്കുമ്പോഴും  മനുഷ്യ-–-വന്യജീവി സംഘർഷങ്ങളിൽ ഹതാശരാകുമ്പോഴും പരിസ്ഥിതി ലോല മേഖലയെന്നും ഇക്കോ സെൻസിറ്റീവ് സോണെന്നും തുടങ്ങി കുരുക്കഴിയാത്ത സമസ്യകളിൽക്കുരുങ്ങി സ്വത്വംപോലും നഷ്ടപ്പെട്ട സ്ഥിതിയിലെത്തി നിൽക്കുമ്പോഴും വനംവകുപ്പ് ആശ്രയിക്കുന്നത് ഇത്തരത്തിൽ ചിലരെയാണ്. അധികാരപദവികളും മേലങ്കികളും പാദുകങ്ങളുമില്ലെങ്കിലും ഇവരുടെ വിയർത്തൊട്ടിയ യൂണിഫോമിനുള്ളിലെന്നും ആത്മാർഥതയുടെ ഹൃദയമിടിപ്പുണ്ട്‌. കർത്തവ്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ നിറവേറ്റാൻ തുടിക്കുന്ന മനസ്സുണ്ട്‌.  

മായാത്ത ഓർമകൾ

തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിൽ അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് റേഞ്ചിൽ ‘കൊല കൊല്ലി’ എന്ന ചില്ലിക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൃഷ്ണേട്ടനെന്ന കൃഷ്ണപിള്ളയും കാടിനെമാത്രം സ്നേഹിച്ചു മരിച്ച തേക്കടിയിലെ താടിക്കണ്ണനും തൃശൂർ ഡിവിഷനിലെ വടക്കാഞ്ചേരി റെയിഞ്ചിൽ കാട്ടുതീയണയ്ക്കുന്ന ശ്രമത്തിനിടെ മരിച്ച ദിവാകരൻ, വേലായുധൻ, ശങ്കരൻ, കഴിഞ്ഞ വർഷം ചാലക്കുടി വനം ഡിവിഷനിലെ പാലപ്പള്ളി റേഞ്ചിൽ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിന്നിടയിൽ രക്തസാക്ഷിയായ റാപ്പിഡ് റെസ്പോൺസ് ടീമിലെ ഹുസൈൻ വരെയുള്ള പേരുകൾ മായാതെ കിടക്കുന്നു. മറയൂരിലെയും നിലമ്പൂരിലെയും ശെന്തുരുണിയിലെയും നെയ്യാറിലെയും പറമ്പിക്കുളത്തെയും തേക്കടിയിലെയും സൈലന്റ്‌ വാലിയിലെയും അട്ടപ്പാടിയിലെയും വയനാട്ടിലെയുമൊക്കെ വനംവകുപ്പ് വാച്ചറന്മാരുടെ കഥകൾ ശരിക്കും  അറിയേണ്ടിയിരിക്കുന്നു. നായാട്ടിലും അനധികൃത മരം മുറിയിലും ഉണക്കയിറച്ചിക്കച്ചവടത്തിലും വ്യാപൃതരായ പ്രതികളെ അന്വേഷിച്ചിറങ്ങുന്ന ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ സുരക്ഷയുടെ കവചമൊരുക്കുന്നത് എന്നും ഇവരാണ്. കാടിനുള്ളിൽ അനുവാദമില്ലാതെ പതിയുന്ന ഓരോ കാലടികളെക്കുറിച്ചും അവർ ബോധവാന്മാരാണ്. വേനലുകളിൽ കാട്ടുതീയുടെ കുഞ്ഞുനാമ്പുകൾ തലയെടുക്കും മുമ്പ്‌ ഓടിയെത്തി കെടുത്തുന്ന തദ്ദേശവാസികളായ അവർക്ക് ഓരോ വനം കുറ്റവാളിയെക്കുറിച്ചും ഉള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും അസൂയാവഹമായ കഴിവുണ്ട്‌. റെയ്ഡുകളിലും മറ്റും ‘ബ്ളാക്ക് ക്യാറ്റ് കമാൻഡോകളെ’ പോലെ മുന്നിൽ നിൽക്കുന്നവർ.  

അഭിമാനം

അഗസ്ത്യാർകൂടത്തിലേക്കുള്ള നടത്തത്തിനിടയിൽ 18 കിലോമീറ്റർ കൊടുങ്കാടിനകത്ത്‌ അതിരുമല ബേസ് ക്യാമ്പ്‌. ദൗർലഭ്യം നേരിടുന്ന സാധനങ്ങൾ വാങ്ങാൻ മാത്രമായി രാവിലെ എട്ടോടെ അവിടെനിന്ന്‌ കാൽനടയായി പേപ്പാറ റേഞ്ച് ഓഫീസിലെത്തുന്ന വാച്ചർമാർ. പിന്നെ ജീപ്പിൽ ഉദ്ദേശം പത്തുകിലോമീറ്റർ അകലെ വിതുരയിൽ പോയി സാധനങ്ങൾ വാങ്ങി സൂര്യപ്രകാശം പതിയാത്ത വനാന്തരങ്ങളിലൂടെ ഒറ്റയ്ക്ക് നടന്ന് ഇരുട്ട് പരക്കുമ്പോൾ മാത്രം അതിരുമലയിൽ തിരിച്ചെത്തുന്നവർ.  പേപ്പാറയിലെ പാണ്ടിപ്പത്തെന്ന ആന്റീ പോച്ചിങ്‌ ക്യാമ്പ് ഷെഡിലെ ഡ്യൂട്ടിക്കുശേഷം മടങ്ങുമ്പോൾ പുൽമേട്ടിൽ മരണച്ചുവടുകളോടെ വളഞ്ഞെത്തിയ ഏഴ് കാട്ടുനായ്ക്കളെ  കമ്പകത്തൈയിൽനിന്നും വെട്ടിയെടുത്ത വടി തലങ്ങും വിലങ്ങും ചുഴറ്റി അടിച്ചോടിച്ച അനുഭവം അവരിലൊരാൾ വിവരിച്ചപ്പോൾ ഞാനുൾപ്പെടുന്ന ഉദ്യോഗസ്ഥർ ശരിക്കും മരവിച്ചു പോയി.  

മറയൂരിലെ കാടുകളിൽ ചന്ദനക്കടത്തുകാരായ പ്രതികളെ അന്വേഷിച്ചിറങ്ങുന്ന അർധരാത്രികൾ. ആനക്കാടുകൾ നിറഞ്ഞ പാളപ്പെട്ടി തുടങ്ങിയ ഊരുകളിലേക്കുള്ള കയറ്റം ടോർച്ചുപോലും തെളിക്കാതെയാണ്‌. കട്ടപിടിച്ച ഇരുട്ടിനെ വകഞ്ഞു നടക്കുന്ന വാച്ചറന്മാർക്കൊപ്പം കയറുമ്പോൾ പലപ്പോഴും കാൽമുട്ടുകൾ നെഞ്ചിലിടിച്ച് ശ്വാസം മുട്ടും. ചന്ദനക്കടത്തിനായി എത്തിയ വണ്ടികളുടെ ടയർപ്പാടുകൾ നനുത്ത മേൽമണ്ണിൽ പതിപ്പിച്ച അടയാളങ്ങൾ സൂക്ഷ്മതയോടെ തിരഞ്ഞ് വഴി കണ്ടെത്തുന്നവർ.  അട്ടപ്പാടിയുടെ ദുർഘടങ്ങളായ നിബിഡവനങ്ങളിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന റെയിഡുകളിൽ കഞ്ചാവ് കൃഷിക്കാർ അറിയാതുപേക്ഷിച്ചു പോകുന്ന ഓരോ തുരുമ്പടയാളങ്ങളിലൂടെയും പിടിച്ചുകയറി വനാന്തരങ്ങളിലെ കഞ്ചാവ് തോട്ടങ്ങളിലെത്തുമ്പോഴും വാച്ചറന്മാരുടെ അസൂയാവഹമായ നൈപുണ്യത്തെ  മനസാ വണങ്ങിയിട്ടുണ്ട്. വേട്ടനായ്ക്കളുടെ ശൗര്യത്തോടെ കൊടും കാട്ടിനുള്ളിലേക്ക്‌ ഓടിക്കയറി കഞ്ചാവ് കൃഷിക്കാരെ കീഴടക്കുന്ന വാച്ചറന്മാരെ അത്ഭുത പരതന്ത്രനായി നോക്കി നിന്നിട്ടുമുണ്ട്.

ശെന്തുരുണിയിലെ ഉമയാറിലേക്കുള്ള ബീറ്റ് സഞ്ചാരത്തിനിടയിൽ ചാടിവീണ കരടിയുടെ കടി കാൽമുട്ടിലേറ്റിട്ടും അഞ്ച് മീറ്ററോളം അത് വലിച്ചുകൊണ്ടുപോയിട്ടും മനഃസ്ഥൈര്യം നഷ്ടപ്പെടാതെ പോരാടി നിന്നയാൾ. രാത്രിയിൽ ബൈക്കിൽ പേപ്പാറയിലേക്കുള്ള വഴിയിൽ വിലങ്ങനെ ചാടിയ കാട്ടുപോത്തിന്റെ വയറിലിടിച്ച് റോഡിൽ വീണ്‌ ശ്വാസമടക്കിപ്പിടിച്ച് ചത്തപോലെ കിടന്ന്  മഹിഷത്തിന്റെ  കൊമ്പുകളുടെ ‘വെട്ടേൽക്കാതെ’ രക്ഷപ്പെട്ടയാൾ. അനൽപ്പമായ ആദരവോടെ ഞാനവരോട്‌ സംസാരിച്ചിട്ടുണ്ട്.

യാത്രയിലുടനീളം വനാന്തരങ്ങളിൽ പതിയിരിക്കുന്ന അപകടകാരികളായ മൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടിയറിയാനും മുന്നിലെങ്ങാനും അറിയാതെ പെട്ടുപോയാൽത്തന്നെ അവറ്റകളുടെ ശ്രദ്ധ വ്യതിചലിപ്പിച്ച് സഹയാത്രികർക്ക് സുരക്ഷയൊരുക്കാനുമുള്ള അനുഭവസമ്പന്നരായ വാച്ചറന്മാരുടെ കഴിവ് വാക്കുകളിലൂടെ വിവരിക്കാനാവില്ല.

ഓരോ വനമേഖലയിലും ഇത്തരത്തിൽ കറയറ്റ ആത്മാർഥതയും മനഃസാന്നിധ്യവും താന്താങ്ങളുടെ വിസ്മയിപ്പിക്കുന്ന പാടവവും കൊണ്ട് അമരത്വം നേടിയ അനേകം പേരുണ്ട്‌.  ഏതു സാഹചര്യത്തിലും കർത്തവ്യബോധം വെടിയാത്ത, പ്രകൃതിയോടും ജനങ്ങളോടും നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുന്ന ഇവരിലൂടെയാണ് വനംവകുപ്പിന്റെ സ്വീകാര്യത കാലാതിവർത്തിയാകുന്നതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top