വയനാട്ടില്‍ സ്വന്തം കൃഷിയിടത്തില്‍ കടുവയുടെ ആക്രമണത്തില്‍ തോമസ് പുതുശ്ശേരി എന്ന കര്‍ഷകന്‍ മരിച്ചത് മനുഷ്യ-വന്യജീവി സംഘര്‍ഷം വരുംനാളുകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന പ്രശ്നം അതീവ ഗൗരവത്തോടെ കാണാന്‍ ഏവരെയും നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാന മനുഷ്യനെ ആക്രമിച്ച സംഭവം, പാലക്കാട് ധോണിയില്‍ രൂക്ഷമായ കാട്ടാന ശല്യം എന്നിവ ഈ വിഷയം ജനജീവിതത്തെ എത്രത്തോളം ഗൗരവമായി ബാധിക്കുന്നുവെന്നു ബോധ്യപ്പെടുത്തുന്നതാണ്.
തോമസ്സിന്റെ കുടുംബത്തിന് അടിയന്തര സഹായമായി പത്തു ലക്ഷം രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനപ്രകാരം നല്കി. കുടുംബത്തില്‍ ഒരു വ്യക്തിക്ക് ജോലി നല്കാന്‍ നടപടി സ്വീകരിച്ചു. അഞ്ചു ലക്ഷം രൂപ വായ്പയുടെ പലിശയും വായ്പയും ഏറ്റെടുക്കാന്‍ കേരള ബാങ്ക് തയ്യാറായി. ജലസേചന മന്ത്രി കൃഷ്ണന്‍കുട്ടി കുടുംബത്തെ സന്ദര്‍ശിച്ചു. കടുവയെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടി എടുത്തു.
സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയെ കണ്ടെത്തി പിടികൂടി കൂട്ടിലാക്കി. ധോണിയിലെ നിരന്തരമായി ശല്യമുണ്ടാക്കുന്ന കാട്ടാനയെയും പിടികൂടി .
അതിനായി വനം മന്ത്രി ശശീന്ദ്രന്‍ സത്വരമായി നടപടികള്‍ ഉറപ്പുവരുത്തി. ഈ വിഷയത്തിലെല്ലാം അതീവ ജാഗ്രതയോടെ, സംവേദനക്ഷമതയോടെ ഉചിതമായ നടപടികള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ വകുപ്പുകളും ജീവനക്കാരും തയ്യാറാകുന്നു എന്ന വസ്തുത ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുന്ന പക്ഷം ആര്‍ക്കും ബോദ്ധ്യപ്പെടുന്നതാണ്. സ്വന്തം ജീവരക്ഷ പോലും അവഗണിച്ചാണ് ബന്ധപ്പെട്ട ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

ധോണിയെ മയക്കു വെടിവെച്ചപ്പോൾ
മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണണം എന്ന വിഷയം കേരള കര്‍ഷക സംഘം നിരന്തരം ഉന്നയിച്ചിട്ടുണ്ട്. 2022 ജൂണ്‍ 28 നു ഡല്‍ഹിയില്‍ പാര്‍ലമെന്റിനുമുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയും യൂണിയന്‍ വനം പരിസ്ഥിതി മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്കുകയും ചെയ്തിട്ടുണ്ട്.
പ്രശ്നം രൂക്ഷമായി അനുഭവപ്പെടുന്ന എല്ലാ മേഖലകളിലും പ്രാദേശിക പ്രക്ഷോഭങ്ങളില്‍ കര്‍ഷക സംഘം സക്രിയമാണ്. എല്ലാ ജില്ലകളിലും മലയോര മേഖലയില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതിന് ശ്വാശ്വത പരിഹാരം കാണാനുള്ള കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം ഏറ്റെടുക്കാനും അതില്‍ പ്രത്യേകിച്ചും ഇതിന്റെ ദുരിതം നേരിടുന്ന മേഖലകളിലെ കര്‍ഷകരെ അണിനിരത്താനും അടിയന്തര നേതൃത്വം നല്‍കാന്‍ കര്‍ഷക പ്രസ്ഥാനത്തിന് സാധിക്കണം.
യൂണിയന്‍ സര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തില്‍ വരുന്ന വിഷയമാണ് വനവും പരിസ്ഥിതിയും. സ്വാഭാവികമായും മനുഷ്യþവന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതില്‍ നേതൃത്വപരമായ ചുമതല യൂണിയന്‍ സര്‍ക്കാരാണ്

ധോണിയെ ആനക്കൂട്ടിലേക്കു കൊണ്ടുപോകുന്നു
നിര്‍വഹിക്കേണ്ടത്. വനപരിപാലനത്തില്‍ നിര്‍ണ്ണായകമായ 1982 ലെ വന സംരക്ഷണ നിയമ പ്രകാരം വനപരിപാലനത്തില്‍ നിലവിലുള്ള ഗുരുതരമായ വീഴ്ചകള്‍ വിലയിരുത്തി വന്യമൃഗങ്ങള്‍ മനുഷ്യ ആവാസ കേന്ദ്രങ്ങളില്‍ കടക്കാതിരിക്കാന്‍ നടപടി ഉറപ്പുവരുത്തി മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ ഉചിതമായ നിയമ ഭേദഗതികള്‍ക്ക് യൂണിയന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്.
കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ മനുഷ്യ - വന്യജീവി സംഘര്‍ഷം രൂക്ഷമാണ്. ഓരോ വര്‍ഷവും ആയിരത്തിലേറെ മനുഷ്യജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും ആദിവാസികളും കര്‍ഷക തൊഴിലാളികളും ദരിദ്ര കര്‍ഷകരുമാണ്. ഇതില്‍ 300 ഓളം മരണം കാട്ടാനകളുടെ ആക്രമണത്തിലാണ് ഉണ്ടാകുന്നത്. ഓരോ വര്‍ഷവും മരണം വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മഹാരാഷ്ട്രയില്‍ 2017 ല്‍ 54 മരണമാണ് ഉണ്ടായത്. 2020 ല്‍ 88 ആയി വര്‍ദ്ധിച്ചു. 2021 ല്‍ കേരളത്തില്‍ 66 മരണമാണ് ഉണ്ടായത്. ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് പരിക്കേറ്റ് ജീവിതകാലം മുഴുവന്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. വനത്തിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ വന്യമൃഗ ഭീഷണി ഭീതിയും ആകാംഷയും മാനസിക സംഘര്‍ഷവും സൃഷ്ടിക്കുന്നു എന്നത് അതീവ ഗൗരവത്തോടെ പരിഗണിക്കാനാവണം. പാല്‍ കൊടുക്കാന്‍ സംഭരണ കേന്ദ്രത്തില്‍ പോകാനോ കുട്ടികള്‍ക്ക് സ്കൂളില്‍പോകാനോ പോലും സാധിക്കാത്ത സ്ഥിതി അത്യന്തം ഭീതിദമാണ്.
വന്യമൃഗ ഭീഷണിയുടെ യഥാര്‍ഥ കാരണങ്ങള്‍ വിലയിരുത്താനും പരിഹാരം കണ്ടെത്താനും തയ്യാറാകുന്നില്ല എന്നു മാത്രമല്ല തെറ്റായ വനപരിപാലന, വനവിഭവ ചൂഷണ നയങ്ങളിലൂടെ പ്രശ്നം രൂക്ഷമാക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. കൊല്ലപ്പെടുന്ന മനുഷ്യരുടെ അനാഥമായ കുടുംബങ്ങളെ സംരക്ഷിക്കാനും നഷ്ടപരിഹാരം നല്‍കാനുമുള്ള ഉത്തരവാദിത്തം യൂണിയന്‍ സര്‍ക്കാര്‍ നിര്‍വഹിക്കുന്നില്ല.
വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഭരണഘടനയുടെ 21 വകുപ്പ് പ്രകാരം സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കുടുംബത്തിന് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം മുംബൈ ഹൈക്കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. വന്യമൃഗ ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കാനും നിയമ ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യണം എന്നാണ് അഖിലേന്ത്യാ കിസാന്‍ സഭ, യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
യൂണിയന്‍ സര്‍ക്കാര്‍ വനമാണെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങള്‍ മുഴുവന്‍ വനമല്ല എന്ന അതീവ ഗുരുതരമായ സ്ഥിതി വ്യാപകമായി ചര്‍ച്ചചെയ്യപ്പെടണം. വനത്തിലെ സ്വാഭാവിക മരങ്ങള്‍ വെട്ടിമാറ്റി പകരം ഭാവിയില്‍ വില ലഭിക്കുന്ന വ്യാവസായിക ഇനത്തില്‍പ്പെടുന്ന തേക്ക്, മഹാഗണി, പൈന്‍, യൂക്കാലിപ്റ്റസ്, അക്കേഷ്യ അടക്കമുള്ള വിവിധ വാണിജ്യ പ്രാധാന്യമുള്ള മരങ്ങള്‍ വനത്തിനകത്ത് കൃത്രിമമായി വച്ചുപിടിപ്പിച്ചിരിക്കുകയാണ്.
ഈ നയം ഇപ്പോഴും തുടരുകയുമാണ്. അപരിഹാര്യമായ തീവ്ര പരിസ്ഥിതി പ്രശ്നങ്ങളാണ് ഈ നയം സൃഷ്ടിക്കുന്നത്. 1. തേക്ക്, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഇനങ്ങള്‍ വന്‍തോതില്‍ ജലം ആഗിരണം ചെയ്തു ബാഷ്പീകരിക്കുകയും അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവയാണ്. ഇത് വനത്തിനകത്തെ ജല സ്രോതസ്സുകളെ ഇല്ലാതാക്കുകയും അടിക്കാടുകളെ ബാധിക്കുകയും ചെയ്യുന്നു.
വന്യമൃഗങ്ങള്‍ക്ക് ലഭിക്കേണ്ട തീറ്റയും കുടിവെള്ളവും ഇല്ലാതാക്കുന്നു. 2. വനത്തിനകത്ത് അരിപ്പൂ അടക്കമുള്ള കളച്ചെടികള്‍ വ്യാപകമാണ്. ഇതും മൃഗങ്ങളുടെ തീറ്റയെയും കുടിവെള്ളത്തെയും സുഗമമായ സഞ്ചാരത്തെയും ഗുരുതരമായി ബാധിക്കുന്നു.
വന്യമൃഗ സങ്കേതം എന്ന നിലയില്‍ പ്രഖ്യാപിച്ചു സംരക്ഷിക്കുന്ന വനമേഖലകളില്‍ പോലും ഭൂരിപക്ഷം പ്രദേശവും വ്യാവസായിക ഇനത്തില്‍പ്പെട്ട ഏക ഇന തോട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. കോളനി രാജ്യങ്ങളിലെ വന വിഭവങ്ങള്‍ കവര്‍ന്നെടുത്ത് പ്രാകൃത മൂലധന സഞ്ചയത്തിലൂടെ ലാഭമുണ്ടാക്കുക എന്ന നയമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും കൈക്കൊണ്ടത്. എന്നാല്‍ സ്വാതന്ത്ര്യം നേടിയ ശേഷം അധികാരത്തില്‍ വന്ന വന്‍കിട മുതലാളിത്തത്തിന്റെ നേതൃത്വത്തിലുളള ഭരണ വര്‍ഗങ്ങള്‍ അതേ കൊളോണിയല്‍ ചൂഷണ നയം ഇന്നും തുടരുകയാണ്.
സ്വാഭാവിക വനങ്ങളില്‍ ഉള്ള മരങ്ങള്‍ വെട്ടിമാറ്റി വരുമാനം ഉണ്ടാക്കുകയും പകരം ഏകവിള തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു ഭാവിയിലും വരുമാനം ഉറപ്പുവരുത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഫലമായാണ് 1950-1982 കാലയളവില്‍ 41% വനം വയനാട് ജില്ലയില്‍ നഷ്ടമായത്. വനത്തിനകത്തെ കൃഷിയും തോട്ടവല്‍ക്കരണവും 107% വും 729% വും വീതം മേല്‍ക്കാലയളവില്‍ വര്‍ദ്ധിച്ചതായി 2002 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
1950-2012 കാലയളവില്‍ വനപ്രദേശത്തിന്റെ വിസ്തീര്‍ണ്ണം 51% കുറഞ്ഞതായും വനത്തിനകത്തെ തോട്ടങ്ങളുടെ വിസ്തീര്‍ണ്ണം 1329% വര്‍ദ്ധിച്ചതായും അതേ പഠനം ചൂണ്ടിക്കാട്ടുന്നു. 135 സ്ക്വയര്‍ കിലോ മീറ്റര്‍ വിസ്തൃതിയുള്ള നോര്‍ത്ത് വയനാട് വന്യമൃഗ സങ്കേതത്തില്‍ 103 സ്ക്വയര്‍ കിലോ മീറ്ററും തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങളാണ് എന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഏകവിള തോട്ടങ്ങള്‍ വികസിപ്പിച്ചതുവഴി വനത്തിന്റെ വൈവിധ്യം നഷ്ടപ്പെട്ടിരിക്കുകയാണ്. വന്യജീവികള്‍ക്ക് ആവാസയോഗ്യമല്ലാതെ ബ്ദ തീറ്റയും കുടിവെള്ളവും നിഷേധിക്കപ്പെട്ട പ്രദേശമായി വനത്തെ മാറ്റിയിരിക്കുകയാണ്.
ഈ വിഷയം കേരള വനം വകുപ്പ് വിലയിരുത്തി വനത്തിനകത്ത് തേക്ക്, അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ, പരിസ്ഥിതിക്ക് ദോഷകരമായ ഇനം മരങ്ങള്‍ ഭാവിയില്‍ നടേണ്ടതില്ല എന്ന തീരുമാനം എടുത്തതായി അറിയുന്നു.. അതോടൊപ്പം നിലവിലുള്ള നയം തിരുത്തി, കൃത്രിമതോട്ടങ്ങള്‍ ഘട്ടം ഘട്ടമായി വെട്ടിമാറ്റി പകരം സ്വാഭാവിക വനം വളര്‍ത്തിയെടുക്കാനും വനത്തിനകത്ത് വന്യജീവികള്‍ക്ക് തീറ്റയും വെള്ളവും ഉറപ്പു വരുത്താനും യൂണിയന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. അതിനു നിര്‍ബന്ധിതമാകുന്ന വിധം അതീവ വിപുലമായ ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുക്കേണ്ട സാഹചര്യം കര്‍ഷകരും ബഹുജനങ്ങളാകെയും ചര്‍ച്ചചെയ്യേണ്ടതുണ്ട്.
വയനാട്ടില്‍ വന്യമൃഗ സങ്കേതം 340 സ്ക്വയര്‍ കിലോ മീറ്റര്‍ ആണ് ഉള്ളത്. എന്നാല്‍ മുന്‍ കണക്കെടുപ്പ് പ്രകാരം തന്നെ 120 കടുവകള്‍ വയനാട്ടില്‍ ഉള്ളതായും നിലവില്‍ 160 ആയി അവയുടെ എണ്ണം വര്‍ദ്ധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 20 സ്ക്വയര്‍ കിലോ മീറ്റര്‍ സ്ഥലം ഒരു കടുവയ്ക്ക് ആവാസസ്ഥലമായി ആവശ്യമുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതായത് 20ല്‍ താഴെ കടുവകള്‍ക്ക് ജീവിക്കാനാവുന്ന പ്രദേശത്താണ് അതിന്റെ എട്ട് മടങ്ങ് കടുവകള്‍ ആവസിക്കുന്നത്.
ഈ സാഹചര്യത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം വരുംകാലങ്ങളില്‍ അതീവ രൂക്ഷമായ വിധം വര്‍ദ്ധിക്കുമെന്നു വ്യക്തമാണ്. ഈ ഗുരുതര സ്ഥിതി പരിഹരിക്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതാണ്. അധികമായ എണ്ണം കടുവകളെ ഇതര ആവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും കടുവകളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കാനും യൂണിയന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്.
വന്യമൃഗശല്യം മൂലം വനത്തിനടുത്ത നൂറുകണക്കിന് ഹെക്ടര്‍ കൃഷിഭൂമിയാണ് കര്‍ഷകര്‍ തരിശിടാന്‍ നിര്‍ബന്ധിതമാകുന്നത്. പ്രധാനമായും കാട്ടുപന്നി, മാന്‍, കുരങ്ങ് എന്ന താരതമ്യേന ചെറിയ മൃഗങ്ങളുടെ ശല്യമാണ് കൃഷിയെ ബാധിക്കുന്നത്. ഫലഭൂയിഷ്ഠമായ ഭൂമി കൃഷി ചെയ്യാത്തതുമൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയാല്‍ കോടിക്കണക്കിന് രൂപ വരും.
ഈ പ്രശ്നം പരിഹരിച്ചാല്‍ മൃഗ പരിപാലന ഫാമുകളടക്കം കോടിക്കണക്കിന് രൂപയുടെ അധികവരുമാനം കര്‍ഷക, കര്‍ഷക തൊഴിലാളി, ആദിവാസി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനാവും. ഈ സാധ്യതകളും വിപുലമായ ചര്‍ച്ചയ്ക്ക് വിധേയമാകണം.
മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ഹ്രസ്വ, ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനു അതതു സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് നേതൃത്വം നല്‍കേണ്ടത് യൂണിയന്‍ സര്‍ക്കാരാണ് എന്നത് വ്യക്തമാണ്. മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് പരമപ്രധാനമാണ്. ഉയര്‍ന്ന പരിഗണന നല്‍കി പരിഹരിക്കേണ്ടത് ആന, കടുവ എന്നിവയുടെ ഭീഷണിയാണ്.
പൗരാവകാശങ്ങളെ ആദരിക്കുന്ന രാഷ്ടങ്ങള്‍ സ്വീകരിച്ചിട്ടുള്ള രീതി കാടും നാടും വേര്‍തിരിക്കുക എന്നതാണ്. ഇരട്ട സംരക്ഷണം നല്‍കി വേണം ഇതുചെയ്യാന്‍. ആനയെ തടയാന്‍ ഏറ്റവും ഫലപ്രദവും ചെലവു കുറഞ്ഞതും ട്രഞ്ച് നിര്‍മ്മാണമാണ്. മണ്ണിന്റെ സവിശേഷത മൂലം അത് സാധിക്കാത്ത പ്രദേശങ്ങളില്‍ ആനമതില്‍ നിര്‍മ്മിക്കണം.
സിംഹം, കടുവ എന്നിവയ്ക്ക് ഉയരത്തില്‍ ചാടാന്‍ സാധിക്കുക 12 ഫീറ്റ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. 4 മീറ്റര്‍ ഉയരത്തില്‍ വയര്‍മെഷ് വലകള്‍ ഉള്ള വേലി സ്ഥാപിക്കുക വഴി അവയെ തടയാന്‍ സാധിക്കും. കാടിന്റെ ഭാഗത്ത് ട്രഞ്ച് / മതില്‍ എന്നിവയും നാടിന്റെ ഭാഗത്ത് 4 മീറ്റര്‍ വയര്‍മെഷും സ്ഥാപിച്ചാല്‍ സാധാരണ ഗതിയില്‍ വലിയ മൃഗങ്ങളെയും ചെറിയ മൃഗങ്ങളെയും തടയാന്‍ സാധിക്കും.
4 മീറ്റര്‍ വയര്‍മെഷ് വേലി സ്ഥാപിക്കാന്‍ വരുന്ന ചെലവ് ഒരു കിലോമീറ്ററിന് 45 ലക്ഷം രൂപ എന്നാണ് കണക്കാക്കുന്നത്. അതായത് 10 കിലോ മീറ്റര്‍ വേലി സ്ഥാപിക്കാന്‍ 4.5 കോടി രൂപ വരും. യൂണിയന്‍ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കോസ്റ്റല്‍ ഉള്‍പ്പെടുത്തി ഇത് നിര്‍മ്മിക്കേണ്ടതാണ്.
എവിടെയെല്ലാമാണ് വന്യമൃഗ ശല്യം മനുഷ്യജീവന് ഭീഷണിയാകുന്നത് എന്നു വിലയിരുത്തി അത്തരം മേഖലകളെ അപകട മേഖല എന്നു പ്രഖ്യാപിക്കാന്‍ യൂണിയന്‍ - സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണം.
അത്തരം പ്രദേശങ്ങളില്‍ കാടും നാടും വേര്‍തിരിച്ച് ഹ്രസ്വകാല പരിഹാരം ഉറപ്പുവരുത്തണം. അതിനു വരുന്ന ചെലവിനെക്കാള്‍ പല മടങ്ങ് വരുമാനം കര്‍ഷകര്‍ക്ക് കൃഷി ശക്തിപ്പെടുന്നതിലൂടെ ലഭ്യമാകുകയും അതിലൂടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കാനും സര്‍ക്കാരിന് വരുമാനം നേടാനും സാധിക്കും. ഈ ബദല്‍ വികസന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെക്കുന്നത്.
വന്യമൃഗ ഭീഷണി ശാശ്വതമായി പരിഹരിക്കാന്‍ കാട്ടിലെ കൃത്രിമ തേക്ക്, മഹാഗണി, യൂക്കാലിപ്റ്റസ്, അക്കേഷ്യ തോട്ടങ്ങള്‍ ഇല്ലാതാക്കി സ്വാഭാവിക വനം വളര്‍ത്തിയെടുക്കാന്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കണം.
മേല്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ പ്രചരണവും തുടര്‍ന്ന് പരിഹാരം കാണുന്നതുവരെയുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുക എന്നതാണ് കര്‍ഷക പ്രസ്ഥാനത്തിന് മുന്നിലുള്ള കടമ. ഈ ദിശയില്‍ കര്‍ഷകരെയും ജനങ്ങളെയും അണിനിരത്തി ശക്തമായ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളത്തിലെയും രാജ്യത്താകെയുമുള്ള കര്‍ഷക പ്രസ്ഥാനം മുന്നോട്ടുവരും.
(ചിന്ത വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..