23 May Monday

ഹൃദയങ്ങളിൽ മുദ്രചാർത്തിയ സഞ്ചാര ശിൽപ്പി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

നരേന്ദ്രൻ ഒരു യാത്രയ്ക്കിടയിൽ


കോഴിക്കോട്‌
യാത്ര അനുഭവവും അനൂഭൂതിയുമാക്കി സഞ്ചാരികളുടെ ഹൃദയത്തിൽ മുദ്രചാർത്തുകയാണ്‌, - അലോസരങ്ങളും അസ്വസ്ഥകളുമില്ലാതെ ആസ്വദിപ്പിക്കുന്ന  യാത്രാസംഘാടന ചാരുതയാൽ... സി നരേന്ദ്രൻ യാത്രയാകുമ്പോഴും ജനമനസ്സുകളിൽ നിറയുന്നത്‌ ഒരുപാട്‌ സുന്ദര മുഹൂർത്തങ്ങൾ.  നടൻ മോഹൻലാൽ മുതൽ വിശ്വസഞ്ചാരി  സന്തോഷ്‌ ജോർജ്‌ കുളങ്ങരവരെ  നരേന്ദ്രയാത്രാനുഭവത്തിന്റെ സ്‌നേഹസാക്ഷ്യങ്ങൾ.   ബാങ്ക്‌ ജീവനക്കാർക്കും അധ്യാപകർക്കും  പത്രപ്രവർത്തകർക്കുമെല്ലാം പ്രിയപ്പെട്ട ട്രാവൽസാക്കി വിവേകാനന്ദയെ മാറ്റിയ ആതിഥ്യമിടുക്കിന്റെ  പേരായിരുന്നു നരേന്ദ്രൻ എന്ന ബാലുശേരിക്കാരന്റേത്‌.

ഹിമവൽശൃംഗത്തിലും  കൈലാസത്തിലുമെത്തുമ്പോൾ അതിലുമേറെ ഉന്നതമായ അവിസ്‌മരണീയാനുഭവം സഞ്ചാരിക്ക്‌ സമ്മാനിക്കാൻ ഈ  സംഘാടകന്‌ കഴിഞ്ഞു.  ഭൂഭാഗങ്ങൾക്കൊപ്പം യാത്രികരുടെ മനസ്സിലേക്ക്‌ സഞ്ചരിക്കാനും ഇടംനേടാനും സദാ ചിരിതൂകിയ പ്രസന്നവദനനായ ഈ ചെറിയ മനുഷ്യന്‌ സാധിച്ചു. ശബരിമല മുതൽ കൈലാസം വരെ... കാശി, രാമേശ്വരം, വരാണസി തുടങ്ങി ഇന്ത്യയിലുടനീളം മൂന്ന്‌ പതിറ്റാണ്ടിലേറെ സഞ്ചാരികളെ നയിച്ച ചരിത്രം ബാക്കിവച്ചാണ്‌ നരേന്ദ്രന്റെ അവസാനയാത്ര.

അച്ഛൻ  നാരായണൻ നായരായിരുന്നു  ‘വിവേകാനന്ദ’ക്കും നരേന്ദ്രനും വഴികാട്ടി.   വിദേശത്തായിരുന്ന നരേന്ദ്രൻ നാട്ടിലെത്തി ചുമതലയേറ്റതോടെ വിവേകാനന്ദ ട്രാവൽസ്‌   ജനകീയമായി. കേരളത്തിലെ ആദ്യ  സമ്പൂർണ യാത്രാ മാഗസിൻ പിറവിയെടുത്തത്‌  വിവേകാനന്ദയിലൂടെയാണ്‌, ‘തീർത്ഥസാരഥി’ എന്നപേരിൽ.  പ്രമുഖ മാധ്യമങ്ങൾ ചിന്തിക്കുന്നതിന്‌ മുമ്പ്‌  മേനിക്കടലാസിൽ ബഹുവർണത്തിൽ സ്ഥലവിശേഷങ്ങളുമായി  പുറത്തിറങ്ങിയ മാസിക ആയിരങ്ങളെ യാത്രയിലേക്ക്‌ ആകർഷിച്ചു.

ആരും ശ്രദ്ധിക്കാതെ കിടന്ന ക്ഷേത്രങ്ങളെ തന്റെ ശബരിമല യാത്രാ പാക്കേജിൽ ഉൾപ്പെടുത്തി  പ്രശസ്‌തമാക്കി.  കശ്‌മീരിലായാലും സിംലയിലായാലും യാത്രക്കാരുടെ മനസ്സ്‌ മാത്രമല്ല നല്ല കേരളീയ ഭക്ഷണവും നൽകി അവരുടെ വയറ്‌ നിറയ്ക്കാനും  സാധിച്ചു. ഇതിനായി വടക്കെ ഇന്ത്യൻ യാത്രയിലുടനീളം മലയാളി പാചകസംഘത്തെ ഒപ്പംകൂട്ടി.  നേരിട്ട്‌ പോയി ക്ഷേമവും സുരക്ഷയും ഉറപ്പാക്കാതെ ഒരിടത്തേക്കും ഇദ്ദേഹം യാത്രികരെ കൊണ്ടുപോയിരുന്നില്ല. പുതിയ സഞ്ചാരപഥങ്ങളിൽ സൗഹൃദത്തിന്റെ പുഞ്ചിരിയുമായി ഒരുയാത്ര മറ്റൊന്നിന്റെ തുടക്കമാക്കുന്ന മഹായാത്രികനാണ്‌  അവസാനയാത്രയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top