20 May Monday

'സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥി'...വിശ്വനാഥ മേനോന് അങ്ങനെയും ഒരു സമരചരിത്രം

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

1997ല്‍ സ്വാതന്ത്ര്യദിനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ വിശ്വനാഥ മേനോന്‍ അടക്കം 1947 ലെ വിദ്യാര്‍ഥി സമരനേതാക്കളെയും കൊച്ചിയില്‍ ആദരിച്ചപ്പോള്‍

എറണാകുളം മഹാരാജാസ് കോളേജിന്റെ നടുമുറ്റത്ത് സ്വാതന്ത്ര്യപുലരിയില്‍ ദേശീയപതാക പറപ്പിച്ചതിന് കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട സമരചരിത്രവുമുണ്ട് വെള്ളിയാഴ്ച അന്തരിച്ച വി വിശ്വനാഥ മേനോന്. രാജ്യം സ്വതന്ത്രമായെങ്കിലും കൊച്ചി രാജ്യത്ത് മഹാരാജാവിന്റെ പതാക പാരിയാല്‍ മതി എന്ന നിലപാടിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. പ്രതിഷേധക്കാരുടെ മുന്‍നിരയില്‍ തന്നെ അന്ന് മഹാരാജാസ് വിദ്യാര്‍ത്ഥിയായ വിശ്വനാഥ മേനോനുണ്ടായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാജഭക്തി സമീപനത്തിനും കൂടി എതിരെയായിരുന്നു വിദ്യാര്‍ഥികളുടെ രോഷം.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അര്‍ധരാത്രി മഹാരാജാസില്‍ സ്വാതന്ത്ര്യദിനാഘോഷം പൊടിപൊടിക്കുകയായിരുന്നു. നാടകവും ഗാനമേളയും നൃത്തവുമൊക്കെ മെയിന്‍ഹാളില്‍ നടക്കുന്നു. കോളേജ് കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ കൊച്ചി വിദ്യാര്‍ഥി ഫെഡറേഷനും അഖില കൊച്ചി വിദ്യാര്‍ഥി കോണ്‍ഗ്രസും തീരുമാനിച്ചു. ആ സംഘടനയുടെ പ്രവര്‍ത്തകര്‍ കൊടിമരത്തിനടുത്ത് ചെന്നപ്പോള്‍ രാജാവിന്റെ കൊടിമാത്രം ഉയര്‍ത്തിയിരിക്കുന്നു. ഉടനെ തൊട്ടടുത്ത് മറ്റൊരു കൊടിമരം കുഴിച്ചിട്ട് ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ രാജഭക്തരുടെ ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു. രാജവാഴ്ച പൂര്‍ണമായി അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. ദേശീയപതാകയ്ക്കൊപ്പം രാജാവിന്റെ പതാകയും വേണമെന്നായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള കൊച്ചി രാജ്യമന്ത്രിസഭയ്ക്ക്.

ഏറ്റുമുട്ടലുകളും ബഹളവും കോളേജിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളെ അലങ്കോലമാക്കി. മര്‍ദനമേറ്റവര്‍ ആശുപത്രിയിലായി. രോഷാകുലരായ വിദ്യാര്‍ഥികള്‍ പുല്ലേപ്പടിയില്‍ പനമ്പിള്ളി താമസിക്കുന്ന വീട്ടിലേക്ക് പരാതി നല്‍കാന്‍ പോയി. തണുത്ത പ്രതികരണമാണുണ്ടായത്. പിറ്റേന്ന് രാവിലെ വിദ്യാര്‍ഥികള്‍ കോളേജ്നടുമുറ്റത്ത് യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ തലേന്ന് സ്ഥാപിച്ച കൊടിമരത്തില്‍ വിദ്യാര്‍ഥിനിയായ സുലോചന ഭാഗ്യനാഥ് ദേശീയപതാക ഉയര്‍ത്തി.
കൊടി ഉയര്‍ത്തിയശേഷം വിദ്യാര്‍ഥികള്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസില്‍ചെന്ന് രാജാവിനെ കണ്ട് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. 12 കിലോമീറ്റര്‍ ദൂരം പെണ്‍കുട്ടികള്‍ അടക്കം വലിയ ജാഥ നീങ്ങി. വഴിനീളെ ആളുകള്‍ അവര്‍ക്ക് വെള്ളവും പഴവും നല്‍കി പ്രോത്സാഹിപ്പിച്ചു. രാജാവില്‍നിന്ന് അനുകൂലമായ നടപടിയുണ്ടായില്ല.

രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ 17 പേരെ കോളേജില്‍നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍ ജി ആര്‍ നാരായണ അയ്യര്‍ ഓര്‍ഡര്‍ ഇറക്കി. പുറത്താക്കിയവരില്‍ വി വിശ്വനാഥമേനോനെ കൂടാതെ  വൈലോപ്പിള്ളി രാമന്‍കുട്ടിമേനോന്‍, ടി സി എന്‍ മേനോന്‍ (മുന്‍ എംപി), എന്‍ എ കരിം (പിന്നീട് പ്രോ-വൈസ് ചാന്‍സിലറായി), എന്‍ വി മാത്യു (ഹൈക്കോടതി അഭിഭാഷകനായി), കെ എ ചന്ദ്രഹാസന്‍, കെ കെ സത്യവ്രതന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.



 


പ്രധാന വാർത്തകൾ
 Top