25 May Monday

ശാസ്‌ത്രീയ വിവരങ്ങൾ ലഭ്യമാക്കാൻ ‘വിലോകന’

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2020


തിരുവനന്തപുരം
കോവിഡ്–- 19ന്റെ ശാസ്ത്രീയവിവരങ്ങൾ ലഭ്യമാക്കാനും പഠനങ്ങൾക്കുമായി പുതിയ സെർച്ചിൻ എൻജിൻ വികസിപ്പിച്ച്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്‌- കേരള (ഐഐഐടിഎം-കെ). നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സെമാന്റിക്‌ സെർച്ച്‌ എൻജിന്‌ ‘വിലോകന’  (www.vilokana.in) എന്നാണ്‌ പേര്‌. ‘കണ്ടെത്തുക’ എന്നർഥമുള്ള സംസ്‌കൃതപദമാണ്‌ വിലോകന. സെന്റർ ഫോർ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ആൻഡ് ന്യൂറോമോർഫിക് സിസ്റ്റംസ് (ന്യൂറോ എജിഐ) പ്രൊഫസർ ഡോ. എ പി ജെയിംസിന്റെ നേതൃത്വത്തിലാണ്‌ സെർച്ച് എൻജിന് രൂപം നൽകിയത്.

കോവിഡ്‌ സംബന്ധിച്ച ശാസ്ത്രീയവും കൃത്യവുമായ വിവരങ്ങൾ ഇതിലൂടെ കണ്ടെത്താനാകും. ശാസ്ത്രീയപഠനങ്ങളിലെ സങ്കീർണവും  സുപ്രധാനവുമായ വിവരങ്ങൾ ശാസ്ത്രജ്ഞർക്കും സാധാരണ ജനങ്ങൾക്കും ലഭ്യമാക്കാൻ ഇപ്പോൾ പ്രയാസമുണ്ട്‌. ഇത്‌ വിലോകന പരിഹരിക്കും. കീവേഡ് അടിസ്ഥാനത്തിലുള്ള തെരച്ചിലിനുപുറമെ വിശകലനത്തിനും പുതിയ വിവരം കണ്ടെത്താനും ശാസ്ത്രീയവിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാനും ഓപ്ഷനുണ്ട്. പുതിയ കീവേഡുകൾ കണ്ടുപിടിക്കുക, കൂടുതൽ ജനകീയമായ വിവരങ്ങൾ മനസ്സിലാക്കുകയും പഠനവിധേയമാക്കുകയും ചെയ്യുക, വിവരങ്ങൾ സംഗ്രഹിക്കുക, പുത്തൻ പ്രവണതകൾ മനസ്സിലാക്കുക എന്നിവയ്ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് സെർച്ച് എൻജിൻ.

കോവിഡിനെ പ്രതിരോധിക്കാനുള്ള നിർമിതിബുദ്ധി അധിഷ്‌ഠിത ടൂൾ എന്ന നിലയിൽ ആഴത്തിലുള്ള ശാസ്‌ത്രീയവിവരം ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്ന്‌ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒയും ഐഐഐടിഎം-കെ ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ശ്രീജിത് പഞ്ച, ഡോ. അക്ഷയ്‌മാൻ എന്നിവരും  സെർച്ചിൻ എൻജിൻ വികസിപ്പിച്ച സംഘത്തിലുണ്ട്‌.


പ്രധാന വാർത്തകൾ
 Top