20 April Tuesday

സ്‌നേഹത്തിന്റെ, നന്ദിയുടെ വാടാമലരുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റൻ എ വിജയരാഘവന് പലഹാരക്കൂട നൽകി കർഷകത്തൊഴിലാളി കോച്ചിയമ്മ ഫോട്ടോ: സുമേഷ് കോടിയത്ത്

പാലക്കാട്‌/തിരുവനന്തപുരം
ദുരിതങ്ങളുടെ മൂർധന്യതയിലും പട്ടിണികിടത്താതെ അന്നമൂട്ടിയ സർക്കാരിനും ജനങ്ങൾക്കൊപ്പംനിന്ന എൽഡിഎഫിനും കലവറയില്ലാത്ത പിന്തുണ. വികസന മുന്നേറ്റ ജാഥകൾ കേരളത്തിന്റെ ഹൃദയം കവർന്ന്‌ പ്രയാണം തുടരുന്നു. ഓരോ സ്വീകരണകേന്ദ്രങ്ങളിലും നിറയുന്ന ജനക്കൂട്ടത്തിന്റെ സാക്ഷ്യം ‘ഞങ്ങളുണ്ട്‌ കൂടെ’. കാർഷിക മേഖലയെ ചേർത്തുപിടിച്ച സർക്കാരിനെ‌ പാലക്കാട്‌ ജില്ല എങ്ങനെ മറക്കാനാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ ഗംഭീര വരവേൽപാണ്‌ ജില്ല നൽകിയത്‌. കൊടുംവെയിലിലും സമ്മാനിച്ചത്‌ നന്ദിയുടെ വാടാമലരുകൾ. കലാപ്രകടനങ്ങളും സ്വീകരണങ്ങൾക്ക്‌ മിഴിവേകി.

    കാർഷിക മേഖലകൂടിയായ ജില്ലയുടെ കിഴക്കൻ മേഖലയിലായിരുന്നു ബുധനാഴ്‌ചത്തെ പര്യടനം. കോങ്ങാട് മണ്ഡലത്തിൽനിന്നാണ് തുടങ്ങിയത്. ചിറ്റൂർ. നെന്മാറ, ആലത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വടക്കഞ്ചേരിയിൽ സമാപിച്ചു.  ജാഥാ ക്യാപ്‌റ്റന്‌ പുറമെ കെ പി രാജേന്ദ്രൻ, പി സതീദേവി, പി ടി ജോസ്‌, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്‌, കെ പി മോഹനൻ, ജോസ്‌ ചെമ്പേരി, കാസിം ഇരിക്കൂർ, ബിനോയ്‌ ജോസഫ്‌, എ ജെ ജോസഫ്‌ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയെ പ്ലാഴിയിൽ ജില്ലാ നേതാക്കൾ വരവേൽക്കും. ചേലക്കരയിലാണ് തൃശൂർ ജില്ലയിലെ ആദ്യ സ്വീകരണം. തുടർന്ന് വടക്കാഞ്ചേരിയിലും കുന്നംകുളം, ​ഗുരുവായൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നാട്ടിക, കയ്പമം​ഗലം മണ്ഡലങ്ങളിലെ സംയുക്ത സ്വീകരണം വലപ്പാട് ചന്തപ്പടിയിൽ നടക്കും.

ബിനോയ് വിശ്വം നയിക്കുന്ന‌ തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ മൂന്നു ദിവസത്തെ പര്യടനം പൂർത്തിയാക്കി തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു.  കുണ്ടറ, ചാത്തന്നൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തിരുവനന്തപുരം ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കടയിൽ വരവേറ്റു. വർക്കല റെയിൽവേ സ്‌റ്റേഷൻമുതൽ സ്വീകരണ വേദിയായ മൈതാനംവരെ ചെങ്കടൽ ആർത്തിരമ്പിയ പ്രതീതി. വർക്കലയിലെ സ്വീകരണശേഷം  ചിറയിൻകീഴ്‌ ശാർക്കര ക്ഷേത്രമൈതാനിയിൽ ജാഥയെ വരവേറ്റു. അവസാന സ്വീകരണ വേദിയായ കിളിമാനൂരിൽ തൊഴിലാളികളും കർഷകരുമടക്കം ആയിരങ്ങൾ വരവേറ്റു. 

സ്വീകരണവേദികളിൽ ജാഥാ ക്യാപ്‌റ്റനെ കൂടാതെ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ്‌ ചാഴിക്കാടൻ എംപി, സാബു ജോർജ്‌, വർക്കല ബി രവികുമാർ, മാത്യൂസ്‌ കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾ വഹാബ്‌, ഷാജി കടമല, ജോർജ്‌ അഗസ്‌റ്റിൻ എന്നിവരും സംസാരിച്ചു. വ്യാഴാഴ്‌ച രാവിലെ 10ന് കഴക്കൂട്ടം മണ്ഡലത്തിലെ ശ്രീകാര്യത്തുനിന്ന്‌ പ്രയാണം ആരംഭിക്കും.‌ 11ന് വാമനപുരം മണ്ഡലത്തിലെ‌ കല്ലറ, വൈകിട്ട് 4ന് അരുവിക്കരയിലെ ആര്യനാട് എന്നിവിടങ്ങളിലാണ് സ്വീകരണം. വൈകിട്ട്‌ 6ന്‌ കാട്ടാക്കടയിലെ മലയിൻകീഴിൽ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top