ചേർത്തല
ആൾബലത്താലും പേശീബലത്താലും നാട് അടക്കിവാണ കോൺഗ്രസിലെ നാട്ടുപ്രമാണിക്കെതിരെ മത്സരിച്ചത് അനുഭവങ്ങളിൽ മുതൽക്കൂട്ടായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 1963ൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായത് ജില്ലാ സെക്രട്ടറി വി എസ് അച്യുതാനന്ദന്റെ പ്രേരണയിൽ. കോൺഗ്രസിലെ സി വി കുഞ്ഞിക്കുട്ടൻ മുതലാളിയോട് 16 വോട്ടിന് പരാജയപ്പെട്ടെങ്കിലും സാമൂഹ്യപ്രവർത്തനത്തിന് ആ അനുഭവപാഠം ഊർജമായെന്നുംവെള്ളാപ്പള്ളി പറഞ്ഞു.
മുതലാളിയോട് മത്സരിക്കാൻ ആരും ധൈര്യപ്പെടാതിരുന്ന കാലം. എതിർത്താൽ തല്ലുറപ്പ്. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായത്. കുടം ചിഹ്നത്തിൽ മത്സരിച്ചു. വി എസ് അച്യുതാനന്ദൻ, കെ ആർ ഗൗരിയമ്മ, സുശീല ഗോപാലൻ തുടങ്ങിയ പ്രമുഖർ പ്രചാരണത്തിനെത്തി. കോൺഗ്രസ് ഗുണ്ടകൾ വീടുകൾക്ക് കാവലായതിനാൽ വോട്ട് അഭ്യർഥിച്ച് വീടുകയറാൻ കഴിഞ്ഞില്ല. ഇതോടെ മെഗാഫോണിൽ വോട്ടഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരുന്നില്ല. വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവരെ എതിരാളികൾ തടങ്കലിലാക്കി. വയർലെസ് സെറ്റുമായി പൊലീസ് കാവലേർപ്പെടുത്തിയ പോളിങ് ബൂത്ത് സംസ്ഥാനശ്രദ്ധ ആകർഷിച്ചു.
സ്കൂളിൽ കെഎസ്യു പ്രവർത്തകനായിരുന്നു. എ കെ ആന്റണിയോടൊപ്പം പ്രവർത്തിച്ചു. ഇതിനിടെയാണ് കമ്യൂണിസ്റ്റ് പാർടിയിൽ ആകൃഷ്ടനായത്. കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിലെ അനാചാരമായ വേലതുള്ളലിനോട് ശക്തമായ വിയോജിപ്പായിരുന്നു. ചാരായ ലഹരിയിൽ തുള്ളാനെത്തുന്നവർ ഏറ്റുമുട്ടി കൊലപാതകങ്ങൾ പതിവായതായിരുന്നു കാരണം. സിപിഐ എം മാത്രമാണ് അനാചാരത്തെ എതിർത്തത്. പാർടി നേതാവായിരുന്ന എം എസ് നടേശൻ ദേവസ്വം പൊതുയോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയിപ്പിച്ചത് പാർടിയാണ്. വേലതുള്ളൽ അവസാനിപ്പിച്ചു. ഇതിനിടെ കഞ്ഞിക്കുഴി ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനായി പാർടി നിയോഗിച്ചു–-വെള്ളാപ്പള്ളി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..