28 February Sunday

ഉണ്ണികൃഷ്ണൻ നമ്പൂതിരി ; ചരിത്രത്തിന്റെ കാവലാൾ

രാജേഷ് കടന്നപ്പളളിUpdated: Wednesday Jan 20, 2021


പുല്ലേരി വാധ്യാരില്ലം  മലബാറിലെ വിപ്ലവ പ്രവർത്തനത്തിന്റെ പ്രധാനകേന്ദ്രം. എ കെ ജി, എ വി, കെ പി ആർ, സി എച്ച്, നായനാർ, വി വി, സുബ്രഹ്മണ്യഷേണായ്, കേരളീയൻ, തുടങ്ങിയ നേതാക്കൾക്ക് അന്നവും അഭയവും നൽകി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അച്ഛൻ നാരായണവാധ്യാർ നമ്പൂതിരി ദേശീയ പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും ആരാധകൻ. ഭഗത്സിങ്ങിനെ തൂക്കിലേറ്റിയതറിഞ്ഞ് ആഹാരം കഴിച്ചില്ല. അബ്ദുറഹ്മാൻ സാഹിബ്, സി എച്ച് ഗോവിന്ദൻ നമ്പ്യാർ തുടങ്ങിയവരെല്ലാം ഇല്ലത്തു വന്നു.ആഭിജാത്യവുമായി ജീവിച്ച ഇല്ലത്ത് രാഷ്ട്രീയത്തിന്റെ നിഴലാട്ടം.
തന്ത്രികകർമങ്ങളിലും പൂജാവിധികളിലും പ്രാമാണികനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ദൈവവിശ്വാസിയാണ്.

അതേക്കുറിച്ച്  ചോദിച്ചപ്പോൾ മറുപടി: "ഞാൻ നൂറുശതമാനം കമ്യൂണിസ്റ്റും അത്രതന്നെ വിശ്വാസിയുമാണ്'. ദീർഘകാലം വരരുചിമംഗലം വിഷ്ണുക്ഷേത്രത്തിലെ പൂജാരിയുമായി. സിനിമാനടൻ എന്നതിനെക്കാൾ കമ്യൂണിസ്റ്റുകാരനായി  അറിയപ്പെടാനായിരുന്നു  ഇഷ്ടം. ഏതു വേദിയിലും അത് പ്രഖ്യാപിക്കാനും മടിച്ചില്ല. എ കെ ജിക്ക് അനുജനെപ്പോലെ. ജീവിതത്തിൽ നിധിപോലെ കാക്കുന്നത് "മൈ ഡിയർ ഉണ്ണി' എന്നെഴുതിയ അദ്ദേഹത്തിന്റെ കത്തുമാത്രം.എ കെ ജി  ഇങ്ങനെ എഴുതി:""ഉണ്ണിയെയും കുടുംബത്തെയും മറക്കാൻ സാധ്യമാണോ. മറക്കുന്നവർ മനുഷ്യരാണോ? അമ്മയെയൊന്ന് കാണണം.ഉടനെ സാധിക്കുമെന്ന് തോന്നുന്നു. ഞാനും സുശീലയും വരും.അവസാനമായി വീട്ടിൽ വന്ന ദിവസം  മറക്കാൻ വയ്യ. എന്റെ ജീവൻ നാടിനുവേണ്ടിയാണ്. അതിന്റെ ഒരുഭാഗം ഉണ്ണിക്കും അവകാശപ്പെടാം.'' ആ കൈപ്പടയിൽ കുറിച്ച കത്തുകൾ വായിക്കുമ്പോൾ ഉണ്ണി കണ്ണീർ പൊഴിക്കും.


 

1941 സപ്തംബറിൽ എ കെ ജിയുടെ വെല്ലൂർ ജയിൽചാട്ടം.അലഞ്ഞുതിരിഞ്ഞ്  ഇല്ലത്തെത്തി. കൊടക്കൽ കുഞ്ഞിക്കണ്ണൻ മാസ്റ്റരുടെകൂടെ അർധരാത്രിയെത്തി. കേശവൻ നമ്പൂതിരിയെയാണ് ആദ്യം വിവരമറിയിച്ചത്. ശബ്ദം കേട്ട് ഉണ്ണികൃഷ്ണനും മൂത്തജ്യേഷ്ഠൻ  വാസുദേവനും പുറത്തിറങ്ങി. ദൂരെ എ കെ ജിയെ കണ്ടപ്പോൾ എല്ലാവർക്കും ആശ്ചര്യം. മലമ്പനിയായതിനാൽ അവശൻ. സന്തോഷപൂർവം ഇല്ലം  ഏറ്റെടുത്തു. രോഗം ചികിത്സിച്ചു മാറ്റി. അവശത മാറുംവരെ അവിടെ താമസിച്ചു. എ കെ ജി വന്നിട്ടുണ്ട്. പുറത്താരും അറിയരുത്. അവശനിലയിലായ അദ്ദേഹത്തിന് ആവശ്യമായ പരിചരണം നൽകി. മലമൂത്ര വിസർജ്യങ്ങളടക്കം ഉണ്ണികൃഷ്ണൻ എടുത്തുമാറ്റി.

ഒരാഴ്ചകൊണ്ട് വീട്ടിലെ ഒരംഗത്തെപ്പോലെയായി. പഠിക്കാത്ത ഉണ്ണിയെ എ കെ ജി ശാസിക്കും. "ഉണ്ണി ഇങ്ങനെയൊന്നും ആയാപ്പോരാ.' പിന്നീട,് പലതവണ അദ്ദേഹം  ഇല്ലത്ത് വന്നു. കുടിയാന്മാർക്കെതിരെ അന്യായം കൊടുത്തുവെന്നറിഞ്ഞ്    ഉണ്ണിയെ വഴക്കുപറഞ്ഞു. വലിയ കഷ്ടപ്പാട് നേരിട്ടപ്പോഴാണ് അന്യായം നൽകിയത്. ദുരിതമായിരുന്നു. അതറിഞ്ഞ് എ കെ ജി വീണ്ടും ഇല്ലത്തെത്തി. കൂടെ സുശീലയും. പിറ്റേന്ന് പുലർച്ചെയാണ് പോയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top