16 April Friday

ചരിത്രമെഴുതി; നന്മയുടെ പൂക്കളം

സ്വന്തം ലേഖികUpdated: Sunday Sep 11, 2016

കോഴിക്കോട്> പെണ്ണൊരുമയുടെ മികവില്‍ വിരിഞ്ഞത് ചരിത്രപൂക്കളം. അതിനാകട്ടെ റെക്കോഡിന്റെ ശോഭയും. കോര്‍പറേഷന്‍ കുടുംബശ്രീ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്നേഹപാലിക–2016' പൂക്കളമാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടില്‍ 60,000 ചതുരശ്ര അടിയില്‍ ഒരുക്കിയ വേദിയിലാണ് പൂക്കളം തീര്‍ത്തത്. പതിനായിരത്തോളം മത്സരാര്‍ഥികള്‍ ചേര്‍ന്ന് 2,021 പൂക്കളം ഒരുക്കി. കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. 

കോര്‍പറേഷന്‍ കുടുംബശ്രീക്ക് കീഴിലെ രണ്ടായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്നാണ് ഭീമന്‍ പൂക്കളമൊരുക്കിയത്. സെറ്റ് സാരിയും മുല്ലപ്പൂക്കളും അണിഞ്ഞ് പതിനായിരത്തോളം സ്ത്രീകള്‍ വൈവിധ്യത്തിന്റെ പൂക്കളം തീര്‍ത്തു. രണ്ടായിരം പൂക്കളം തീര്‍ക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, കൂടുതല്‍ മത്സരാര്‍ഥികള്‍ എത്തിയതോടെ പൂക്കളത്തിന്റെ എണ്ണം വീണ്ടും വര്‍ധിച്ചു. രണ്ട് മണിക്കൂറായിരുന്ന മത്സരസമയം.

   മഞ്ഞയും ഓറഞ്ചും ചുമപ്പുമെല്ലാം വര്‍ണം വിതറിയ കുഞ്ഞു പൂക്കളങ്ങളാണ് ഓരോ യൂണിറ്റും ഒരുക്കിയത്. എല്ലാവിധ വിവേചനങ്ങള്‍ക്കുമപ്പുറം മനുഷ്യന്‍ ഒന്നാണെന്ന സന്ദേശമുണര്‍ത്തിയാണ് നാടിന്റെ പൂക്കളം തീര്‍ത്തത്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ വിരിഞ്ഞ ഒരുമയുടെ പൂക്കളം കാണാന്‍ നിരവധി പേരെത്തി. തൃക്കാക്കരപ്പന്‍ മുതല്‍ തെരുവുനായകള്‍ വരെ പൂക്കളത്തിന് വിഷയങ്ങളായി.  

ശനിയാഴ്ച രാവിലെ എട്ടോടെ രജിസ്ട്രേഷന്‍ ആരംഭിച്ചപ്പോഴേക്കും ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടില്‍ വനിതകള്‍ നിറഞ്ഞു. പൂക്കളം സന്ദര്‍ശിക്കാന്‍ കിരീടമണിഞ്ഞ് മാവേലിയുമെത്തി. 30 വനിതകളുടെ ജഡ്ജിങ് പാനലാണ് വിധികര്‍ത്താക്കള്‍. വെസ്റ്റേണ്‍ യൂണിയന്‍ ബിസിനസ് ഡെവലപ്മെന്റിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
മന്ത്രി എ കെ ശശീന്ദ്രന്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനംചെയ്തു.  മത്സരം ഉദ്ഘാടനം എം കെ രാഘവന്‍ എംപി നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. എം  വി റംസി ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീരിയല്‍ ആര്‍ടിസ്റ്റ് സാദിക മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ വി ബാബുരാജ്, എം രാധാകൃഷ്ണന്‍, അനിതാ രാജന്‍, മുന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം, കൌണ്‍സിലര്‍ എം എം പത്മാവതി, സെയ്ദ് അക്ബര്‍ ബാദുഷാഖാന്‍, സുജിത്ത് സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പി പി ഷീജ സ്വാഗതവും കെ ബീന നന്ദിയും പറഞ്ഞു.  എ പ്രദീപ്കുമാര്‍ എംഎല്‍എ പൂക്കളം സന്ദര്‍ശിച്ചു. 

മത്സരത്തില്‍ ഒന്നാമതെത്തിയ തടമ്പാട്ടുതാഴം ഉദയം അയല്‍ക്കൂട്ടം ഒരു പവന്‍ സ്വര്‍ണം നേടി. പ്രതീക്ഷ വരക്കല്‍ രണ്ടാംസ്ഥാനവും സിവില്‍സ്റ്റേഷന്‍ റോസ് അയല്‍ക്കൂട്ടം മൂന്നാംസ്ഥാനവും നേടി. ഞായറാഴ്ചയും പൂക്കളം പ്രദര്‍ശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top