31 July Saturday

ചരിത്രക്കുറിപ്പുകളും ചിത്രങ്ങളും നിറയട്ടെ; ജനകീയാസൂത്രണ ചരിത്രമെഴുത്തിന് തുടക്കമിടാം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

'ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ചരിത്രം നമുക്കു ജനകീയമായിത്തന്നെ എഴുതിയാലോ? ജൂലായ് 17-നു ഫേസ്ബുക്കില്‍ നൂറുകണക്കിനു ചരിത്രക്കുറിപ്പുകളും ചിത്രങ്ങളും നിറയുമ്പോള്‍ അതുതന്നെ ഒരു ചരിത്രമാകും; പുതുതലമുറയ്ക്കു പുതിയ അറിവുകളും; അതില്‍ പങ്കുചേരാന്‍ കഴിഞ്ഞവര്‍ക്കെല്ലാം ആവേശം നിറഞ്ഞ സന്തോഷവും'- തോമസ് ഐസക്ക് എഴുതുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്


വരൂ, നമുക്കു ജനകീയചരിത്രമെഴുത്തുത്സവം നടത്താംഈ ഓഗസ്റ്റ് 17-നു ജനകീയാസൂത്രണത്തിന്റെ രജതജൂബിലിക്കു തുടക്കമാകുകയാണ്. കേരളത്തിന്റെ വികസനചരിത്രത്തിലെ സുവര്‍ണ്ണാദ്ധ്യായമായ ആ ജനകീയമഹാപ്രസ്ഥാനത്തെപ്പറ്റി 30 - 35 വയസുവരെയുള്ളവരില്‍ മിക്കവര്‍ക്കും വായിച്ചറിവേ ഉണ്ടാകാനിടയുള്ളൂ. ഈ പ്രായത്തിലുള്ളവരാണു നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെയടക്കം ജനപ്രതിനിധികളില്‍പ്പോലും നല്ലപങ്ക്. ഗ്രാമസഭയോ ജനകീയാസൂത്രണ കലാജാഥയോ ഒക്കെ കണ്ടതിന്റെ ഓര്‍മ്മയാകും ഇവരില്‍ മുതിര്‍ന്നവര്‍ക്ക് ഉണ്ടാകുക.

ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും എത്രയോ കഥകള്‍ പറയാനുണ്ടാകും. രജതജൂബിലിയുമായി ബന്ധപ്പെട്ട് റിച്ചാര്‍ഡ് ഫ്രാങ്കിയുമായി ചേര്‍ന്നു 20 വര്‍ഷം മുമ്പ് ഞാന്‍ എഴുതിയ ഗ്രന്ഥം പുതുക്കി പ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖമായി ഒരു പഞ്ചായത്തിന്റെ കഥ പറഞ്ഞ് ആരംഭിക്കാമെന്നു തീരുമാനിച്ചു. പാഞ്ഞാള്‍ ആയിരുന്നു ഫ്രാങ്കിയുടെ ഗ്രാമപഠനസ്ഥലം. പാഞ്ഞാള്‍ പഞ്ചായത്തില്‍ ശ്രീമതി. തങ്കമ്മയായിരുന്നു ജനകീയാസൂത്രണകാലത്ത് പ്രസിഡന്റ്. പരിശീലന പരിപാടികളില്‍വച്ചു പരിചയപ്പെട്ടതാണ്. സാന്ദര്‍ഭികവശാല്‍ ഇന്നും പാഞ്ഞാള്‍ പ്രസിഡന്റ് അവരാണ്. പാഞ്ഞാളിന്റെ കഥ പറയാന്‍ അവരുമായി ടെലിഫോണിലൂടെ അഭിമുഖം നടത്തി. ഫ്രാങ്കി അദ്ദേഹത്തിന്റെ പഴയ അഭിമുഖക്കുറിപ്പുകള്‍ അയച്ചുതന്നു. പുതുക്കിയ പുസ്തക പതിപ്പിലെ ആകര്‍ഷകമായ അധ്യായങ്ങളിലൊന്ന് ഈ ആമുഖ അധ്യായമാണ്.


സാങ്കേതികമോ സൈദ്ധാന്തികമോ ഒക്കെയായ കാര്യങ്ങളെപ്പറ്റി പലരും പുസ്തകങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. ഔദ്യോഗികമായി നടന്ന കാര്യങ്ങളുടെ വിവരം സര്‍ക്കാര്‍ഫയലുകളില്‍ ഉണ്ടാകാം. നടപടിക്രമങ്ങളും ചട്ടങ്ങളും ഗസറ്റായും മറ്റും സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ, എന്തൊക്കെയാണു നമ്മുടെ നാട്ടില്‍ അന്നു നടന്നത് എന്നതിന്റെ വ്യക്തപരവും പ്രാദേശികവുമായ അനുഭവങ്ങളുടെ രേഖപ്പെടുത്തല്‍ നടന്നിട്ടില്ല. അത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നുമില്ല.

സംസ്ഥാനത്തുടനീളം ഉണ്ടായ വികസനപരിപാടികളില്‍ ഏറ്റവും സവിശേഷതയാര്‍ന്നവയുടെയും വനിതാ ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടങ്ങള്‍, ഗുണഭോക്തൃ സമിതികള്‍ എന്നിവയുടെ ചെറുസാക്ഷ്യങ്ങള്‍ ജനകീയാസൂത്രണ കാലത്ത് സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതു മറക്കുന്നില്ല.
ഓരോ നാട്ടിലും നടന്ന കാര്യങ്ങളൊക്കെ എഴുതാനും സമാഹരിക്കാനും സൗകര്യം സംജാതമായിരിക്കുന്നു എന്നതാണ് ഈ രജതജൂബിലിക്കാലത്തെ സവിശേഷത.

 എഴുത്തിനെ ജനകീയമാക്കിയ സമൂഹമാദ്ധ്യമങ്ങളാണ് ആ വഴി തുറന്നിരിക്കുന്നത്. ആ സാദ്ധ്യത ഉപയോഗപ്പെടുത്തി ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ചരിത്രം നമുക്കു ജനകീയമായിത്തന്നെ എഴുതിയാലോ? 'ദേശാഭിമാനി വാരിക'യുടെ പുതിയ ലക്കത്തില്‍ അക്കാലത്തിലേക്കു തിരിഞ്ഞുനോക്കുന്ന എന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നു ജനകീയാസൂത്രണസെല്ലില്‍ ഉണ്ടായിരുന്ന മനോജ് പുതിയവിള എഴുതിയ അദ്ദേഹത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും അതേ ലക്കത്തിലുണ്ട്. അതില്‍ അദ്ദേഹം മുന്നോട്ടുവച്ചതാണ് ജനകീയചരിത്രമെഴുത്ത് എന്ന ആശയം.

നമുക്കത് പ്രാവര്‍ത്തികമാക്കാന്‍ ഒരിക്കല്‍ക്കൂടി കൈകോര്‍ത്താലോ. ഓഗസ്റ്റില്‍ തുടങ്ങാന്‍പോകുന്ന ജൂബിലിയാഘോഷങ്ങള്‍ക്കുള്ള വിളംബരകാഹളമാകും അത്.

അന്നു പ്രസ്ഥാനത്തിന്റെ ഉന്നതതലമാര്‍ഗ്ഗനിര്‍ദ്ദേശകസമിതി അദ്ധ്യക്ഷനായിരുന്നു സ. ഇ.എം.എസും മുഖ്യമന്ത്രിയായിരുന്ന സ. ഇ.കെ. നായനാരും സജീവപിന്തുണയുമായി ഉണ്ടായിരുന്ന പ്രൊഫ. കെ.എന്‍. രാജും പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. ഐ.എസ്. ഗുലാത്തിയും ഇ.എം. ശ്രീധരനും അടക്കം താഴേത്തട്ടുവരെയുള്ളവരില്‍ പലരും ഇന്ന് ഇല്ല. പലര്‍ക്കും പ്രായമായതിനാല്‍ ഓര്‍മ്മക്കുറവും വന്നുപോയിട്ടുണ്ട്. ഓര്‍മ്മകള്‍ എഴുതാന്‍ നാം ഇനിയും വൈകിയാല്‍ വിലപ്പെട്ട ഓര്‍മ്മകള്‍ പലതും നഷ്ടമാകുകയും ചെയ്യും.

അതുകൊണ്ട്, ജൂബിലിയാഘോഷം നിമിത്തമാക്കി നമുക്കാ യജ്ഞം നടത്താം.അന്നു പ്രസ്ഥാനത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുചേര്‍ന്നവരൊക്കെ എഴുതണം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സന്നദ്ധസാങ്കേതികസമിതി അംഗങ്ങള്‍, ജില്ലാ-ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സംസ്ഥാനസെല്ലില്‍ ഉണ്ടായിരുന്ന വിദഗ്ദ്ധരും ഉദ്യോഗസ്ഥരും, പലതലങ്ങളിലെ പരിശീലകര്‍,... എന്തിന്, ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ക്കുപോലും എഴുതാന്‍ തക്ക ഓര്‍മ്മകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതുക. അതു സമൂഹമാദ്ധ്യമത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ജനകീയാസൂത്രണ ജനകീയചരിത്രം' എന്നൊരു ഹാഷ്ടാഗ് ഇടാന്‍ മറക്കരുത്.

കുറിപ്പുകളെല്ലാം വേഗം കണ്ടെത്തി സമാഹരിക്കാന്‍ അതു സഹായിക്കും. അവ സമാഹരിച്ചു പല വാള്യങ്ങളായി നമുക്കു പ്രസിദ്ധീകരിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ജനകീയാസൂത്രണം എന്താണെന്നും അതു നടപ്പാക്കിയ വിധവും നടപടിക്രമങ്ങളും ഒന്നും എഴുതണ്ടാ. അതൊക്കെ എഴുതപ്പെട്ടിട്ടുണ്ടല്ലോ. അവ എല്ലാവരും ആവര്‍ത്തിച്ചാല്‍ വായന വിരസമാകും. വ്യക്തിപരമായ പങ്കാളിത്തം സംബന്ധിച്ച ഓര്‍മ്മകള്‍ എഴുതിയാല്‍ മതി. നിങ്ങള്‍ ഉള്‍പ്പെട്ടു ചെയ്ത കാര്യങ്ങള്‍.

അപ്പോള്‍, ഇന്നുമുതല്‍തന്നെ എഴുത്തിനുള്ള തയ്യാറെടുപ്പു തുടങ്ങാം. പഴയ കടലാസുകളും പുസ്തകങ്ങളും ഓര്‍മ്മകളുമൊക്കെ പരതി കുറിപ്പുകള്‍ തയ്യാറാക്കാം. അവ മികച്ച ഒരു ഓര്‍മ്മക്കുറിപ്പായി, ചരിത്രക്കുറിപ്പായി എഴുതുക. കൈവശമുള്ള ഫോട്ടോകളോ നോട്ടീസുകളോ വികസനരേഖകളുടെയുംമറ്റും മുഖച്ചിത്രങ്ങളോ ഒക്കെ ഫോണില്‍ ഫോട്ടോ എടുത്തോ സ്‌കാന്‍ ചെയ്‌തോ വയ്ക്കുക. എല്ലാം ചേര്‍ത്ത് ജൂലായ് 17-ന്, ജൂബിലിക്ക് ഒരുമാസം മുമ്പ്, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുക. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ഇതിനായി ഒന്നു തുടങ്ങിയാലും തരക്കേടില്ല. അതു പറ്റുന്നില്ലെങ്കില്‍ ടൈപ്പ് ചെയ്ത് ഇ-മെയിലായോ എഴുതിയോ തൃശൂരിലെ കിലയിലേക്ക് അയച്ചാല്‍ അവിടെ സമാഹരിക്കാന്‍ ഏര്‍പ്പാടു ചെയ്യാം.

ജൂലായ് 17-നു ഫേസ്‌ബുക്കില്‍ നൂറുകണക്കിനു ചരിത്രക്കുറിപ്പുകളും ചിത്രങ്ങളും നിറയുമ്പോള്‍ അതുതന്നെ ഒരു ചരിത്രമാകും; പുതുതലമുറയ്ക്കു പുതിയ അറിവുകളും; അതില്‍ പങ്കുചേരാന്‍ കഴിഞ്ഞവര്‍ക്കെല്ലാം ആവേശം നിറഞ്ഞ സന്തോഷവും.

പിന്‍കുറിപ്പ്: വരിക്കാരല്ലാത്തവര്‍ക്ക് ലോക്ഡൗണ്‍ കാരണം വാരിക കടയില്‍നിന്നു വാങ്ങാന്‍ പ്രയാസമാകും എന്നതിനാല്‍ വീട്ടില്‍ പത്രം ഇടുന്ന ഏജന്റിനെ ഇന്നുതന്നെ ശട്ടം കെട്ടാന്‍ മറക്കണ്ടാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top