24 September Sunday

പാട്ടുമൂളിയ കാലം - ജി വേണുഗോപാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


പാട്ടിന്റെ ലോകം തുടർച്ചയായ ചില അത്ഭുതങ്ങളുടേത് കൂടിയാണ്. നേരിട്ടറിയാവുന്ന, കേട്ടു പരിചയമുള്ള  ചിലർ, നമ്മൾ അവർക്ക് കൽപ്പിച്ചുകൊടുത്ത ഇത്തിരി വെട്ടത്തിനപ്പുറത്തേക്ക് വളരുന്ന ചില അപൂർവ നിമിഷങ്ങൾക്ക് ഞാൻ പലവട്ടം സാക്ഷിയായിട്ടുണ്ട്. വഴിവക്കിലെ നിസഹായനായ യാചകന്റെ  കഠിന സ്വരത്തിൽ പാടിക്കേട്ട മധുരം ജീവാമൃതബിന്ദു, കാൻസറിന്റെ കടന്നാക്രമണത്തിലും തുടർന്നുള്ള  കീമോതെറാപ്പിയുടെ  വേദനയിലും ശരീരം നുറുങ്ങുമ്പോഴും അതിലോലമായ് രാരീരാരിരം രാരോ പാടിത്തന്ന കുഞ്ഞു സിസിലി, സെക്രട്ടറിയറ്റ് നടയിൽ ഏതോ അക്രമ സമരത്തിനുനേരെ  ലാത്തിച്ചാർജിന് നേതൃത്വം നൽകിയ ശേഷം, എനിക്കായ് ജോൺസൺ പ്രണയഗാനങ്ങൾ തൊണ്ടപ്പൊട്ടുമാറുച്ചത്തിൽ ആലപിച്ച ഡിവൈഎസ് പി ശശി‐ അങ്ങനെ അടിമുടി വിസ്‌മയിപ്പിച്ച  വ്യക്തികളും നിമിഷങ്ങളും എത്രയെത്ര!
പ്രശസ്‌തരായ  രാഷ്ട്രീയ നേതാക്കളിൽ പാട്ടുകൾ ഇഷ്ടപ്പെടുന്നവരെയും പാടുന്നവരെയും അപൂർവമായേ കാണാൻ കഴിയൂ. നേർത്ത ജയപരാജയ സീമകൾക്കിടയിലൂടെ മിക്കപ്പോഴും സഞ്ചരിേക്കണ്ടിവരുന്ന  അവർക്ക് സംഗീതം വഴങ്ങുമെന്ന് വിശ്വസിക്കാൻ പ്രയാസം. നഗരം ഞെട്ടുന്ന വെടിയൊച്ചകൾക്ക് നേതൃത്വം നൽകുന്ന അവരിൽ ചിലരെങ്കിലും ദലമർമരങ്ങൾക്കായി  കാതുകൾ കൂർപ്പിക്കുന്നവർ കൂടിയാണെന്നറിയുമ്പോൾ അതിരുകളില്ലാത്ത  സന്തോഷം തോന്നിയിട്ടുമുണ്ട്.

തിരുവനന്തപുരം പട്ടത്ത്‌   പുതുതായി വാങ്ങിയ  അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. ഒരു തൃസന്ധ്യ നേരത്ത് ആറ്റുകാൽ ക്ഷേത്രദർശനം കഴിഞ്ഞ്‌  കൈയിൽ പ്രസാദവും നെറ്റിയിൽ കുങ്കുമക്കുറിയുമായി ലിഫ്‌റ്റിന്‌ അരികിൽ കാത്തുനിന്ന എന്നെ എതിരേറ്റത് താഴെ വന്നിറങ്ങിയ പരിചിത രൂപമാണ്. തടിച്ചുവിരിഞ്ഞ ശരീരത്തിൽനിന്നുള്ള  തറച്ച നോട്ടം, എന്റെ  മുഖത്തേക്കും, കൈയിലെ പ്രസാദക്കൂട്ടിലേക്കും.

" വേണുഗോപാലല്ലേ , എവിടെനിന്നാണ്‌  വരുന്നത്‌ ?

പ്രമുഖ  വാഗ്‌മിയും മികച്ച പാർലമെന്റേറിയനും മുൻ മന്ത്രിയുമായ സിപിഐ എം നേതാവ്‌  ടി ശിവദാസ മേനോനാണ്‌ കൺമുന്നിൽ.

ഞാൻ: " ആറ്റുകാൽ അമ്പലത്തിൽ നിന്ന് ’.

അദ്ദേഹത്തിന്റെ ഇടതുബലിഷ്ഠ കരം ഉയർന്ന്‌ എന്റെ  തോളത്ത് ശക്തമായി അമരുന്നു. മുഖത്ത് ഉറ്റുനോക്കി പാടുകയാണ്‌...

"ചന്ദനമണിവാതിൽ പാതി ചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി .....’

തിക്കോടിയന്റെ തിരക്കഥയിൽ  പി കെ രാധാകൃഷ്‌ണൻ സംവിധാനംചെയ്‌ത്‌ 1988ൽ ഇറങ്ങിയ ‘മരിക്കുന്നില്ല ഞാൻ’ സിനിമയിലേതാണ്‌ ആ വരികൾ. ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച്‌ രവീന്ദ്രൻ സംഗീതം നൽകി ഹിന്ദോളം  രാഗത്തിൽ   ഞാൻ ആലപിച്ച ആ ഗാനം പലരും സൂചിപ്പിച്ചതുപോലെയായിരുന്നില്ല  അദ്ദേഹത്തിന്റെ പ്രതികരണം. ഞാൻ അന്നുവരെ കേട്ടു പരിചയപ്പെട്ട  ശിവദാസമേനോൻ  സംസാരിക്കുന്ന ശബ്ദമല്ല അപ്പോൾ ചെവിയിലെത്തിയത്‌.  മറ്റേതോ ഒരു നേർത്ത ശരീരത്തിൽനിന്നു വരുംപോലെ നാലുവരി പാടി അദ്ദേഹം നടന്നു നീങ്ങവെ പറഞ്ഞു:

"എനിക്ക് നിങ്ങളുടെ പാട്ട്‌ വലിയ ഇഷ്ടാ’.

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു അത്‌. കർക്കശ സ്വഭാവക്കാരനായ ആ മനുഷ്യന്റെ ഉള്ളിലെ നനുത്ത ഭാവം തിരിച്ചറിയുകയായിരുന്നു ഞാൻ. പാട്ടു മൂളിയ നിമിഷം ഇപ്പോഴും എന്റെ മനസിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top