02 June Tuesday

ടി എൻ ശേഷൻ: നിശ്ചയദാർഢ്യത്തിന്റെ കർമപഥം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ജ്യോതിബസുവിനൊപ്പം ടി എൻ ശേഷൻ

തിരുവനന്തപുരം>  പാലക്കാട് ജില്ലയിൽ തമിഴ് ബ്രാഹ്‌്‌മണ കുടുംബത്തിൽ 1932 ഡിസംബർ 15ന് ജനനം. അധ്യാപകനും വക്കീലുമായിരുന്നു പിതാവ്. ബാസൽ ഇവാഞ്ചലിക്കൽ വിദ്യാലയത്തിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിഎസ് ഓണേഴ്സ് നേടി അവിടെ അധ്യാപകനായി. 53ൽ ഐപിഎസ് ജയിച്ചു. അടുത്ത വർഷം ഐ എ എസും. ദിണ്ഡിഗൽ സബ്കലക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശേഷൻ പല മന്ത്രിമാരുടെയും അപ്രീതിക്ക് പാത്രമായി. ദിവസം മൂന്നു സ്ഥലംമാറ്റംവരെ കിട്ടി. ചെന്നൈ ട്രാൻസ്പോർട് കമീഷണർ, മധുര കലക്ടർ തുടങ്ങിയ പദവികൾ. ഹാർവാർഡ് സർവകലാശാലയിൽനിന്ന് സാമൂഹിക പരിപാലനത്തിൽ ബിരുദാനന്തര ബിരുദത്തിനുള്ള എഡ്മാസൺ സ്കോളർഷിപ് ലഭിച്ചു. തിരിച്ചുവന്ന് കേന്ദ്രസർവീസിൽ ഉന്നത പദവികൾ. ആണവോർജ മന്ത്രാലയം ഡയറക്ടർ, ബഹിരാകാശ മന്ത്രാലയം ജോയിന്റ് സെക്രട്ടറി തുടങ്ങിയവ.തമിഴ്നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം വ്യവസായം, കൃഷി സെക്രട്ടറിയായി. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ രാജിവച്ചു.

കേന്ദ്ര സർവീസിലെത്തിയ ശേഷൻ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കമീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി‐വനം വകുപ്പ് സെക്രട്ടറി പദവികളിലിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിലായിരുന്നപ്പോൾ തെഹരി‐സർദാർ സരോവർ അണക്കെട്ടുകൾക്ക് അനുമതി നിഷേധിച്ചു. സർക്കാർ മുന്നോട്ടുപോയെങ്കിലും പദ്ധതിയിൽ മാറ്റം വരുത്തേണ്ടിവന്നു. രാജീവ്മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ‐ ആഭ്യന്തര സുരക്ഷാ ‐ക്യാബിനറ്റ് സെക്രട്ടറി തുടങ്ങിയ പദവികൾ. ആസൂത്രണ കമീഷനംഗമായ ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായത്.  നാൽപതിനായിരത്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച് 14,000 പേരെ അയോഗ്യരാക്കി. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇംപീച്ച്ചെയ്യാൻ ശ്രമം നടന്നു.

തെരഞ്ഞെടുപ്പു കമീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്ന് പലതവണ സുപ്രീംകോടതി കയറേണ്ടിവന്നു. ചുമതല വെട്ടിക്കുറക്കാൻ കേന്ദ്രം രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരെകൂടി നിയമിച്ചെങ്കിലും (എം എസ് ഗിൽ, ജി വി എസ് കൃഷ്ണമൂർത്തി) സുപ്രീം കോടതി ശേഷന്റെ അധികാരം ഉയർത്തിപ്പിടിച്ചു. കേസുകൾ നീണ്ടു. 96ൽ കമീഷനിലെ ഭൂരിപക്ഷാഭിപ്രായം കമീഷണർക്കു മാനിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി വിധിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് അഴിമതിരഹിതമാക്കിയതിനുപുറമേ ബോധവൽക്കരണത്തിലൂടെ  ജനങ്ങളെ വോട്ടവകാശം വിനിയോഗിക്കാൻ പ്രാപ്തരാക്കി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ ജനിച്ച സംസ്ഥാനത്തുനിന്നുതന്നെ നാമനിർദേശം ചെയ്യപ്പെടണമെന്ന ആശയം മുന്നോട്ടുവച്ചു. ജാതിതിരിച്ച പ്രചാരണവും ജാതി പ്രീണനവും നിരോധിച്ചു.

കള്ളവോട്ട് ഒഴിവാക്കാൻ വീഡിയോ ഏർപ്പെടുത്തി. മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവന്നു. അതനുസരിച്ച് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മണ്ഡലത്തിന് വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കാൻ പാടില്ല. സർക്കാർ വാഹനം, ഹെലികോപ്ടർ, ബംഗ്ലാവ് എന്നിവ ഉപയോഗിക്കുന്നതും വിലക്കി. പരിഷ്കാരങ്ങൾ ശേഷന് ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങൾ ഒരുപരിധിവരെ അംഗീകരിച്ചു. അവ തെരഞ്ഞെടുപ്പുകമീഷനെ ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും നീതിപൂർവവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന്‌ വഴിതെളിക്കുകയും ചെയ്തു. "ടൈംസ് ഓഫ് ഇന്ത്യ'യുടെ സർവേയിൽ 95 ശതമാനം ജനങ്ങളും ആ പരിഷ്കാരങ്ങൾ അംഗീകരിച്ചതായി വ്യക്തമായി. കുറിക്കുകൊള്ളുന്ന വാചകങ്ങൾക്ക് പ്രശസ്തനായിരുന്ന ശേഷൻ, വിരമിച്ചശേഷം  സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ദേശഭക്ത് ട്രസ്റ്റ് രൂപീകരിച്ചു.


പ്രധാന വാർത്തകൾ
 Top