01 February Wednesday

ചുരുൾ നിവർന്ന മനുഷ്യവംശാവലി ചരിതം

വെബ് ഡെസ്‌ക്‌Updated: Sunday Oct 9, 2022

പുരാതന ഡിഎൻഎയിൽനിന്ന്‌ മനുഷ്യവംശാവലിയുടെ ഉൽപ്പത്തി, പരിണാമ, കുടിയേറ്റ , വഴിപിരിയൽ രഹസ്യങ്ങളിലേക്ക് ഊളിയിടുകയെന്നത്‌  അത്യന്തം പ്രയാസകരമാണ്‌. അത്രയും സങ്കീർണമാണ്‌ ഈ മേഖല. ഇത്തവണ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ച പാലിയോജീനോമിക്സ് വിദഗ്ധനായ സ്വാന്റെ പേബോവിന്‌ ഈ സങ്കീർണതകളുടെ ചുരുളഴിക്കാൻ കഴിഞ്ഞു. ആധുനിക മനുഷ്യന്റെ പൂർവികരായ നിയാണ്ടർത്താൽ മനുഷ്യന്റെയും ഡെനിസോവന്റെയും ജനിതക രഹസ്യങ്ങൾ ചുരുളഴിച്ചപ്പോൾ ഇവരിൽനിന്നും ഹോമോസാപിയൻസിലേക്ക് നടന്നിട്ടുള്ള പുരാതന ജീൻ കൈമാറ്റത്തിന്റെ ജനിതക വഴികൾ കൂടിയാണ് ദൃശ്യമായത്.  നമ്മളെങ്ങനെ ഇങ്ങനെയായെന്ന കാലങ്ങൾ പഴക്കമുള്ള സമസ്യ  ഇതോടെ പൂരിപ്പിക്കപ്പെട്ടു. ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ വൻ വിജയത്തിനുശേഷം ജനിതക എൻജിനിയറിങ്‌ രംഗത്ത്‌ വിസ്മയപ്പെരുമഴ തന്നെയാണ്‌ ഉണ്ടാകുന്നത്. നിയാണ്ടർത്താലിൽനിന്ന് ഹോമോസാപിയൻസിലേക്ക് ജീൻ കൈമാറ്റം നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന് നമ്മുടെ രോഗപ്രതിരോധം സംബന്ധിച്ച പഠനങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. അവിടെനിന്ന് ലോകത്തിന്റെ നാനാഭാഗത്തേക്കും വ്യാപിക്കുകയും ചെയ്തു.

പരിണാമവഴിയിൽ ഹോമോസാപിയൻസിന്റെ പൂർവികരായ നിയാണ്ടർത്താലുകളാകട്ടെ ഏതാണ്ട് 4,00,000 മുതൽ 30,000 വർഷം മുമ്പുവരെ യൂറോപ്പിലും പശ്ചിമേഷ്യയിലും വ്യാപിച്ചിരുന്നുവെന്നാണ് ഗവേഷണങ്ങൾ പറയുന്നത്‌. അങ്ങനെ ഹോമോസാപിയൻസും നിയാണ്ടർത്താലുകളും യൂറേഷ്യയിൽ പതിനായിരക്കണക്കിനു വർഷം ഇടകലർന്ന്‌ ജീവിച്ചെങ്കിൽ അവരുടെ സന്തതിപരമ്പരകളിലേക്ക്  ജീൻ കൈമാറ്റവും നടന്നുകാണണം. ഇതിന്റെ രഹസ്യങ്ങൾ ചുരുൾനിവർക്കാനായി നാൽപ്പതിനായിരത്തോളം വർഷം പഴക്കമുള്ള ഒരു നിയാണ്ടർത്താലിന്റെ എല്ലിൻ കഷണത്തിൽനിന്നും അതിനൂതന ജീനോം സങ്കേതങ്ങളുടെ സഹായത്തോടെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ യും തുടർന്ന് ന്യൂക്ലിയാർ ഡിഎൻഎയും  വേർതിരിച്ചെടുത്തു. വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ 2010-ൽ നിയാണ്ടർത്താലിന്റെ ജീനോം സീക്വൻസ് പ്രസിദ്ധീകരിച്ച് പേബോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു. ഇത് ഇന്നത്തെ മനുഷ്യരുടെയും ചിമ്പൻസികളുടെയും ജനിതക സാരവുമായി താരതമ്യം ചെയ്തു പഠിച്ചപ്പോൾ നിയാണ്ടർത്താലുകൾ ജനിതകപരമായി തികച്ചും വ്യത്യസ്തരായിരുന്നുവെന്നും തെളിഞ്ഞു. താരതമ്യേന ജീനോം പഠനങ്ങൾ നൽകുന്ന തെളിവുകളനുസരിച്ച് യൂറോപ്പിൽനിന്നോ ഏഷ്യയിൽനിന്നോ ഉൽഭവിച്ച  മനുഷ്യരുടെ ഡിഎൻയുമായാണ് നിയാണ്ടർത്താൽ ഡിഎൻഎക്ക്‌ കൂടുതൽ സാദൃശ്യം. ഇവരിൽ ഒന്നുമുതൽ നാലു ശതമാനംവരെ ജീനുകൾ നിയാണ്ടർത്താലിൽ നിന്നുള്ളവയാണ്.

സൈബീരിയയിലെ ഡെനിസോവാ ഗുഹയിൽനിന്നു ലഭിച്ച 40,000 വർഷം പഴക്കമുള്ള ഒരു വിരലെല്ലിലെ ഡിഎൻഎ സീക്വൻസിങ് പുറത്തുകൊണ്ടുവന്നതും അമ്പരപ്പിക്കുന്ന രഹസ്യങ്ങളാായിരുന്നു. ഇത് നിയാണ്ടർത്താലിന്റെയോ ആധുനിക മനുഷ്യന്റെയോ അല്ല. ഡെനിസോവൻ എന്ന മനുഷ്യപൂർവികരുടേതാണ്. ഡെനിസോവൻസിനും ഹോമോസാപിയൻസിനും ഇടയിൽ ജീൻ കൈമാറ്റം നടന്നിട്ടുണ്ടെന്നും പേബോ തെളിയിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെയും മെലനേഷ്യയിലെയും മനുഷ്യരിൽ ആറു ശതമാനത്തോളം ഡെനിസോവൻ ജീൻ ഉണ്ടത്രേ. പേബോ രചിച്ച ‘നിയാണ്ടർത്താൽ മാൻ- ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ജീനോംസ്’ എന്ന ഗ്രന്ഥവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വീഡനിൽ ജനിച്ച പേബോ ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇവല്യൂഷണറി ആന്ത്രപോളജി സ്ഥാപകനും ജപ്പാനിലെ ഒക്കിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജിയിൽ ഗവേഷകനുമാണ്. ഇദ്ദേഹത്തിന്റെ പിതാവ്‌  സൂനെ ബെർഗ്സ്ട്രോം 1982-ലെ വൈദ്യശാസ്ത്ര നൊബേൽ ജേതാവാണെന്നതും പ്രത്യേകത.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top