17 August Wednesday

അഭയം! ...സുനിൽ പി ഇളയിടത്തിന്റെ പംക്തി എട്ടാം ഭാഗം

സുനിൽ പി ഇളയിടംUpdated: Saturday Jan 1, 2022

പറവൂർ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്‌

പ്രസാദപൂർവം മനുഷ്യരോട് ഇടപഴകി, ധാർഷ്ട്യത്തിന്റെയോ താൻപോരിമയുടെയോ തരിമ്പുപോലും പുരളാതെ, പദവികളിലും സ്ഥാനമഹിമകളിലും വ്യാമുഗ്ധനാവാതെ, സമർപ്പിതമായി ജീവിക്കുന്ന ഒരാൾ. ‘താഴ്മതാൻ അഭ്യുന്നതി’ എന്ന കവിവാക്യത്തിന്റെ സാക്ഷാത്കാരം പോലൊരു ജീവിതം. മൂന്നരപതിറ്റാണ്ടു മുൻപ് ആദ്യമായി കണ്ടപ്പോഴുള്ള അതേ പ്രസാദാത്മകതയും ജീവിതോത്സാഹവും ഇന്നും ജോഷിച്ചേട്ടനുണ്ട്.

സുനിൽ പി  ഇളയിടം

സുനിൽ പി ഇളയിടം

1985‐ന്റെ തുടക്കത്തിൽ, രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥി യായിരിക്കുമ്പോഴാണ് പറവൂരിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ ഞാൻ ആദ്യമായി ചെല്ലുന്നത്. പറവൂരിലെ പഴയ ട്രാൻസ്പോർട്ട് ബസ്സ്റ്റാന്റും നമ്പൂരിയച്ചൻ ആലും സ്ഥിതിചെയ്യുന്നിടത്തുനിന്ന് നൂറുമീറ്ററോളം തെക്കോട്ടുനീങ്ങി, കനാൽറോഡിന്റെ കിഴക്കുഭാഗത്താണ് യൂണിയൻ ഓഫീസ്. കനാൽറോഡിലേക്കു തുറക്കുന്ന നിലയിൽ, ഓഫീസിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഗേറ്റ്. ഗേറ്റിനുപിന്നിൽ ആകാശത്തേക്കു വിടർന്നുപരന്ന കൂറ്റൻ മാവുകൾ. അവയൊരുക്കുന്ന തണലിന്‌ നടുവിൽ രണ്ടുനിലകളിൽ തലയുയർത്തി നിൽക്കുന്ന പ്രൗഢമന്ദിരം. ഒറ്റനോട്ടത്തിൽ ഒരു തൊഴിലാളി യൂണിയൻ ഓഫീസിന്റെ പ്രതീതിയല്ല അതുളവാക്കുക. മുൻവശത്ത് വിശാലമായ വരാന്ത. അതിനു പിന്നിലെ സ്വീകരണ മുറി. മുകളിലും താഴെയുമായി വലുതും ചെറുതുമായ ഏഴെട്ടു മുറികൾ. കെട്ടിടത്തിനുപുറത്ത് കാർപോർച്ചും അതിനരികിലായി ചെറിയൊരു ഒറ്റമുറിഹാളും. ഏറ്റവും പിന്നിൽ താരതമ്യേന ഒഴിഞ്ഞുകിടക്കുന്ന വലിയ പറമ്പ്. പറഞ്ഞും കണ്ടും മനസ്സിലാക്കിയ തൊഴിലാളി യൂണിയൻ ഓഫീസുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണിതെന്നു ആദ്യകാഴ്ചയിൽത്തന്നെ ആ കെട്ടിടം നമ്മോട് പറയും.

ജോഷിച്ചേട്ടനെ ആദ്യമായി കണ്ടതും അന്നാണ്; ആ ഓഫീസിൽ വച്ച്. ജോഷിച്ചേട്ടൻ എന്നു ഞങ്ങൾ സ്നേഹപൂർവം വിളിച്ചുപോരുന്ന സഖാവ് വി എൻ  ജോഷി. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയാണ്. നാലുപതിറ്റാണ്ടായി, ആ ഓഫീസിന്റെ ഊർജവും ജീവനാഡിയുമായി നിലകൊള്ളുന്നത് ജോഷിച്ചേട്ടനാണ്. പ്രസാദപൂർവം മനുഷ്യരോട് ഇടപഴകി, ധാർഷ്ട്യത്തിന്റെയോ താൻപോരിമയുടെയോ തരിമ്പുപോലും പുരളാതെ, പദവികളിലും സ്ഥാനമഹിമകളിലും വ്യാമുഗ്ധനാവാതെ, സമർപ്പിതമായി ജീവിക്കുന്ന ഒരാൾ. ‘താഴ്മതാൻ അഭ്യുന്നതി’ എന്ന കവിവാക്യത്തിന്റെ സാക്ഷാത്കാരം പോലൊരു ജീവിതം. മൂന്നരപതിറ്റാണ്ടു മുൻപ് ആദ്യമായി കണ്ടപ്പോഴുള്ള അതേ പ്രസാദാത്മകതയും ജീവിതോത്സാഹവും ഇന്നും ജോഷിച്ചേട്ടനുണ്ട്. കഴിഞ്ഞ മൂന്നരപതിറ്റാണ്ടിനിടയിൽ ആ സ്നേഹോഷ്മളത എനിക്ക് വേണ്ടത്ര ലഭിച്ചിട്ടുമുണ്ട്. പല തലമുറകൾ ഇതിനിടയിൽ ആ ഓഫീസിലൂടെ കടന്നുപോയി. അവരോടെല്ലാം ജോഷിച്ചേട്ടൻ സ്നേഹപൂർവം ഇടകലർന്നു. എല്ലാവരോടും നേർത്ത ഫലിതം കലർന്നു ചിരിച്ചു. കൻമഷമില്ലാതെ, ജീവിതത്തെ പ്രസാദാത്മകമായി അഭിമുഖീകരിക്കുന്നതിന്റെ വലിയ മാതൃകയാണ് ജോഷിച്ചേട്ടൻ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഗാഢമായ പ്രകൃതിസ്നേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയാബോധത്തിന്റെ അടിത്തട്ടിലുണ്ട്. ഓഫീസും പരിസരങ്ങളും മരങ്ങളും ചെടികളും കൊണ്ട് നിറയ്ക്കാൻ അത് അദ്ദേഹത്തിന് തുണയായി. ജോഷിച്ചേട്ടനെപ്പോലെ അവയും അവിടെയെത്തുന്നവർക്ക് തണലേകി നിൽക്കുന്നു.

വി എൻ ജോഷി

വി എൻ ജോഷി

‘വീണ്ടെടുപ്പുകൾ’ എന്ന പേരിൽ മാർക്സിസത്തെക്കുറിച്ചുള്ള എന്റെ പഠനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ അത് ജോഷിച്ചേട്ടന് സമർപ്പിക്കാൻ പ്രേരണയായതും മറ്റൊന്നല്ല. പറവൂർ ടൗൺഹാളിൽ വച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ജോഷിച്ചേട്ടനുതന്നെ നൽകിയാണ് ആ പുസ്തകം പ്രകാശനം ചെയ്തത്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന’ പരമമായ വിവേകത്തിന്റെ പ്രകാശം ഞാൻ ഏറ്റവുമധികം കണ്ട ആളുകളിലൊരാളാണ് സഖാവ് വി എൻ ജോഷി. തന്റെ സാധാരണമായ ജീവിതം കൊണ്ട് മാനുഷികതയുടെ അസാധാരണമായ മഹിമയെ തെളിയിച്ചുകാണിച്ച ഒരാൾ.
എം എ ബേബി

എം എ ബേബി

കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ജോഷിച്ചേട്ടനും ചെത്തുതൊഴിലാളി യൂണിയൻ ഓഫീസും ജീവിതത്തിലെ അഭയമായത് അങ്ങനെയാണ്.

1970‐ കളുടെ തുടക്കത്തിലാണ് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. പറവൂരിലെ പഴയ വീടുകളിലൊന്ന് യൂണിയൻ വിലകൊടുത്തു വാങ്ങിയതാണ്. 1979 സെപ്തംബർ 29 ന് ഇ എം എസ് അത് ഉദ്‌ഘാടനം ചെയ്തു. അക്കാലത്ത് പറവൂരിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് സിഐടിയുവിൽ അഫിലിയേറ്റ് ചെയ്ത പറവൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ. ആയിരക്കണക്കിന് അംഗങ്ങൾ. ഉന്നതമായ സംഘടനാശേഷി. പറവൂരിലെ ഇടതുപക്ഷ പ്രവർത്തനത്തിന്റെ ജീവനാഡിയായി യൂണിയൻ ഏറെക്കാലം നിലനിന്നു. പിൽക്കാലത്ത് ആ തൊഴിൽമേഖല ക്ഷീണിച്ചു. യൂണിയന്റെ പ്രവർത്തനങ്ങളിലും അതിന്റെ നിഴലാട്ടം ഇപ്പോൾ കാണാനാവും. എങ്കിലും അതിനെയെല്ലാം മറികടക്കുന്ന പ്രൗഢസ്മരണയും സാന്നിധ്യവുമായി ആ ഓഫീസ് മന്ദിരം ഇപ്പോഴും തുടരുന്നു.

രാഷ്ട്രീയജാഗ്രതയ്ക്ക് തീപിടിച്ച കാലം. എത്ര പരിമിതമായ ജീവിതസൗകര്യങ്ങളിലും കഴിയാൻ ഞങ്ങളൊക്കെ പരിശീലിച്ചത് അന്നാണ്. എവിടെയും കിടന്നുറങ്ങാം. നിലത്ത് വിരിച്ച കടലാസിലോ, ഓഫീസിലെ ബെഞ്ചിലോ, ചിലപ്പോൾ മാത്രം ഓഫീസിലെ കട്ടിലിലോ കിടന്ന് ഞങ്ങൾ സുഖമായുറങ്ങി. കയ്യിലുള്ള ഏറ്റവും ചുരുങ്ങിയ പണംകൊണ്ട് ഭക്ഷണം കഴിച്ചു. ഓഫീസിലെത്തുന്ന മുതിർന്ന സഖാക്കൾ ആരെങ്കിലും വാങ്ങിത്തരുമ്പോൾ മാത്രമാണ് സമൃദ്ധഭക്ഷണം കഴിച്ചത്.
 

മൂന്നുപതിറ്റാണ്ടിനു മുൻപ്, വിദ്യാർഥിപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കെ ബി സോമശേഖരനോടൊപ്പമാണ് ഞാൻ ആദ്യമായി ആ ഓഫീസിലെത്തിയത്. സോമൻ അന്ന് പറവൂരിലെ മുതിർന്ന വിദ്യാർഥി നേതാവാണ്. പിന്നീട് അദ്ദേഹം എസ്എഫ്ഐ എറണാകുളം ജില്ലാപ്രസിഡന്റും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ആയി. വിദ്യാർഥിപ്രസ്ഥാനവുമായി ഞാൻ ബന്ധപ്പെടുന്നതും സോമശേഖനിലൂടെയാണ്. അക്കാലത്ത് എന്നെപ്പോലെ പലരെയും കണ്ടെത്തി പ്രസ്ഥാനവുമായി ചേർത്തിണക്കുന്നതിൽ സോമശേഖരൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു സോമന്റെ ആ ഇടപെടൽ എന്നു തോന്നിയിട്ടുണ്ട്. പിൽക്കാലത്തെ എന്റെ സാമൂഹികജീവിതത്തിന്റെ രാഷ്ട്രീയധാരണകളുടെയും അടിപ്പടവായിത്തീർന്നത് വിദ്യാർഥി സംഘടനാപ്രവർത്തനങ്ങളാണ്. പ്രസംഗവും എഴുത്തും വായനയും ഒക്കെ വന്നത് അതുവഴിയാണ്. ആ വഴിയിലെ നിത്യമായ അഭയഗൃഹമായിരുന്നു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്. മൂന്നരപതിറ്റാണ്ടിനുശേഷം ഇപ്പോഴും അതങ്ങനെതന്നെ തുടരുന്നു.

മാല്യങ്കര എസ്എൻഎം കോളേജിലായിരുന്നു എന്റെ കോളേജ് വിദ്യാഭ്യാസത്തിന്റെ തുടക്കം; വിദ്യാർഥിസംഘടനാപ്രവർത്തനത്തിന്റെയും. സ്കൂൾ പഠനകാലത്ത് ഞാൻ സംഘടനാപ്രവർത്തനങ്ങളിലൊന്നും പങ്കുചേർന്നിരുന്നില്ല. അവ്യക്തമായ രാഷ്ട്രീയധാരണകളും ഇടതുപക്ഷത്തോട് പൊതുവായ ആഭിമുഖ്യവും അന്നുമുണ്ടായിരുന്നു. എങ്കിലും പ്രകടമായ സംഘടനാപ്രവർത്തനത്തിലേക്ക് അതെത്തിയില്ല. അമ്മ അധ്യാപികയായിരുന്ന വിദ്യാലയത്തിലാണ് ഞാൻ പഠിച്ചിരുന്നത് എന്നതും അതിനൊരു കാരണമായിരിക്കണം. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദി അന്ന് ചെറായിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതിലെ പങ്കാളിത്തം എന്റെ ധാരണകളെ കുറെക്കൂടി സുദൃഢമാക്കി. പ്രത്യക്ഷമായ രാഷ്ട്രീയമൊന്നും ബാലവേദിപ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില്ല. എങ്കിലും സമത്വം, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളുടെ സ്വാംശീകരണത്തിന് അതു പകർന്നുനല്കിയ ബലം വളരെ വലുതാണ്. പരിഷത്തിന്റെ ഗാനങ്ങളും പ്രചരണനാടകങ്ങളും മറ്റും സജീവമായ കാലം. അതിലൂടെയെല്ലാം ഞങ്ങളും കടന്നുപോയി. എന്റെ പരിമിതമായ ജീവിതബോധ്യങ്ങൾ തന്നെ വലിയതോതിൽ അഴിച്ചുപണിയപ്പെട്ട കാലമായിരുന്നു അത്.

ഈ പുതിയ ബോധ്യങ്ങളുടെ ബലത്തിലാണ് കോളേജ് വിദ്യാഭ്യാസത്തിന്റെ ലോകത്തിലേക്ക് ഞാൻ എത്തിച്ചേരുന്നത്. അത് പെട്ടെന്നുതന്നെ എന്നെ സജീവമായ വിദ്യാർഥിസംഘടനാപ്രവർത്തനത്തിൽ എത്തിച്ചു. രണ്ടാം വർഷ പ്രിഡിഗ്രി വിദ്യാർഥിയായിരിക്കുമ്പോൾ ഞാൻ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായി. കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറിയും. തുടർന്നുള്ള മാല്യങ്കര കോളേജിലെ നാലുവർഷക്കാലം തീപിടിച്ച രാഷ്ട്രീയ‐ സംഘടനാജീവിതത്തിന്റേതായിരുന്നു. എല്ലാവർഷവും വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. വിദ്യാർഥി യൂണിയൻ ചെയർമാനും കൗൺസിലറും ഒക്കെയായി. സംഘടനാപ്രവർത്തനം മിക്കവാറും മുഴുവൻസമയ പ്രവർത്തനമായി. കോളേജിലെ പ്രവർത്തനങ്ങൾ പതിയെപ്പതിയെ പുറത്തേക്കും വ്യാപിച്ചു. കോളേജിന്‌ പുറത്തുള്ള എസ്എഫ്ഐ പ്രവർത്തനങ്ങളിലും പൊതുവായ രാഷ്ട്രീയപ്രവർത്തനങ്ങളിലും എല്ലാം സജീവമായി.

ചെത്തുതൊഴിലാളിയൂണിയൻ ഓഫീസായിരുന്നു അക്കാലത്ത് എസ്എഫ്ഐ പ്രവർത്തകരുടെ അഭയം. എല്ലാ ദിവസവും കോളേജിൽ നിന്ന് വൈകുന്നേരം അവിടെയെത്തും. അവിടെയുള്ള സുഹൃത്തുക്കളോടൊപ്പം പറവൂർ പട്ടണത്തിൽ നടക്കുന്ന രാഷ്ട്രീയപരിപാടികളിലും സജീവമായി പങ്കെടുക്കാൻ തുടങ്ങി. പിന്നെപ്പിന്നെ പല ദിവസങ്ങളിലും അവിടെത്തന്നെ തങ്ങി. പറവൂരിൽ നിന്ന് വീട്ടിലേക്ക് ഏഴു കിലോമീറ്റർ ദൂരമേയുള്ളൂ. എങ്കിലും പലപ്പോഴും വീട്ടിലേക്ക് പോകാനായില്ല. ഒരാഴ്ചവരെ വീട്ടിൽ പോകാതെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന്റെ മുകളിലെ ഹാളിലും മുറിയിലും മറ്റുമായി കഴിഞ്ഞിട്ടുണ്ട്. വീട്ടിൽ പോയിവരുമ്പോൾ ഒരു ജോടി വസ്ത്രം കൂടി കരുതിയാണ് വരുക. അത് പല നിലകളിൽ മാറിമാറി ധരിക്കും. ചിലപ്പോൾ കഴുകിയുടുക്കും. രാഷ്ട്രീയജാഗ്രതയ്ക്ക് തീപിടിച്ച കാലം. എത്ര പരിമിതമായ ജീവിതസൗകര്യങ്ങളിലും കഴിയാൻ ഞങ്ങളൊക്കെ പരിശീലിച്ചത് അന്നാണ്. എവിടെയും കിടന്നുറങ്ങാം. നിലത്ത് വിരിച്ച കടലാസിലോ, ഓഫീസിലെ ബെഞ്ചിലോ, ചിലപ്പോൾ മാത്രം ഓഫീസിലെ കട്ടിലിലോ കിടന്ന് ഞങ്ങൾ സുഖമായുറങ്ങി. കയ്യിലുള്ള ഏറ്റവും ചുരുങ്ങിയ പണംകൊണ്ട് ഭക്ഷണം കഴിച്ചു. ഓഫീസിലെത്തുന്ന മുതിർന്ന സഖാക്കൾ ആരെങ്കിലും വാങ്ങിത്തരുമ്പോൾ മാത്രമാണ് സമൃദ്ധഭക്ഷണം കഴിച്ചത്. ദൈനംദിന ജീവിതമപ്പാടെ രാഷ്ട്രീയത്താൽ മുഖരിതമായ കാലം.

ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിന്റെ ഉൾവശം

ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിന്റെ ഉൾവശം

ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ അന്ന് കുറെയേറെ പുസ്തകങ്ങൾ ഉണ്ടായിരുന്നു; വിശ്വവിജ്ഞാനകോശം ഉൾപ്പെടെ. ജോഷിച്ചേട്ടൻ ശേഖരിച്ചുവച്ചതാണ്. പുസ്തകങ്ങൾ ഒരുക്കുന്നതിലും ചെടികളും മരങ്ങളും നട്ടുവളർത്തുന്നതിലും ജോഷിച്ചേട്ടൻ അതീവ ശ്രദ്ധാലുവായിരുന്നു. ഓഫീസ് വളപ്പിലും അതിനുപുറത്തുമെല്ലാം ജോഷിച്ചേട്ടൻ വൃക്ഷത്തൈകൾ നട്ടു. അവയിൽ പലതും വളർന്നുവലുതായി. ഒ വി വിജയൻ എഴുതിയതുപോലെ, അവയുടെ ‘ചില്ലകൾ വളർന്നു തിടംവച്ചു’. ഓഫീസിനെ അതെപ്പോഴും സസ്യസമൃദ്ധവും ഹരിതാഭവുമാക്കി.

സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായുള്ള യാത്രകൾ കഴിഞ്ഞ് പലപ്പോഴും പറവൂരിലെത്തുക വളരെ വൈകിയായിരിക്കും. അപ്പോഴേക്കും നാട്ടിലേക്കുള്ള അവസാനത്തെ ബസും പുറപ്പെട്ടുകാണും. രാത്രി പത്തിനാണ് പറവൂരിൽ നിന്നുള്ള അവസാനത്തെ ബസ്‌. ദീർഘകാലം അതിൽ ഞാൻ വീട്ടിലേക്കു മടങ്ങിയിട്ടുണ്ട്. അത് പോയിക്കഴിഞ്ഞാൽ പിന്നെ പറവൂരിൽ തങ്ങുകയല്ലാതെ മാർഗമൊന്നുമില്ല. ഓട്ടോറിക്ഷയൊക്കെ ഉണ്ടാകുമെങ്കിലും അതിൽ വീട്ടിലെത്താനുള്ള പണമൊന്നും കയ്യിലുണ്ടാവില്ല. അതുകൊണ്ട്് യൂണിയൻ ഓഫീസിലാവും രാത്രി തങ്ങുക. മുൻകൂട്ടി പറയാതെ എത്തുന്ന രാത്രികളിൽ ജോഷിച്ചേട്ടൻ ഓഫീസ് പൂട്ടി മടങ്ങിക്കാണും. പിന്നെ ഓഫീസിനു പുറത്തെ ചെറിയ മുറിയിലെ ബെഞ്ചാണ് ശരണം. രണ്ടുമൂന്നു ബെഞ്ചുകൾ ചേർത്തിട്ട് അതിൽ കിടന്നുറങ്ങും. രാവിലെ ഉണർന്ന് നാട്ടിലേക്കുള്ള ആദ്യബസ്സിൽ വീട്ടിലേക്ക് തിരിക്കും. ഇരുപതുവയസ്സു തികയും മുമ്പേ ഇത്തരം ജീവിതാനുഭവങ്ങളുടെ വലിയൊരു ലോകം എനിക്കു കൈവന്നു. പുതിയൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ ചൂട് അവയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതൊന്നും പ്രയാസമായി തോന്നിയതേയില്ല. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ വലിയ പാഠങ്ങളായിരുന്നു അവയെല്ലാമെന്ന് മനസ്സിലാവുന്നുണ്ട്. ചെത്തുതൊഴിലാളിയൂണിയൻ ഓഫീസായിരുന്നു അതിന്റെ പാഠശാല.

വീട്ടിലേക്ക് മടങ്ങാത്ത ദിവസങ്ങളിൽ ഓഫീസിൽത്തന്നെയിരുന്നാണ് ഞാൻ പഠനവും നടത്തിയത്. മുകളിലെ മുറികളിലൊന്നിൽ പുസ്തകവും കൊണ്ടുവന്നു വയ്ക്കും. രാത്രിയിൽ തിരക്കൊഴിയുമ്പോഴും, രാവിലെയും മറ്റുമായി അവിടെയിരുന്നുതന്നെ ചിലതെല്ലാം പഠിച്ചു. ഡിഗ്രിക്ക് എന്റെ മുഖ്യവിഷയം ഭൗതികശാസ്ത്രമാണ്. കണക്കും സ്റ്റാറ്റിറ്റിക്സും ഉപവിഷയങ്ങളും. സ്ഥിരമായ സംഘടനാപ്രവർത്തനങ്ങൾ നിമിത്തം ക്ലാസുകളിൽ പലപ്പോഴും കയറിയിരുന്നില്ല. എങ്കിലും ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലും വീട്ടിലും മറ്റുമായുള്ള പഠനത്തിലൂടെ അതിനെ കുറെയൊക്കെ മറികടന്നു. ബിരുദപഠനം പൂർത്തിയായപ്പോൾ എഴുപതുശതമാനത്തോളം മാർക്ക് കിട്ടി. അക്കാലത്ത് അത് സാമാന്യം നല്ല മാർക്കാണ്. സംഘടനാജീവിതത്തിനിടയിൽ അത്രത്തോളം മാർക്ക് കിട്ടിയതും വലിയൊരു കാര്യമായിരുന്നു. ഓഫീസിൽ ഏതോ കമ്മറ്റിയിൽ ഇരിക്കുമ്പോഴാണ് ഡിഗ്രി റിസൽറ്റ് ഞാൻ അറിഞ്ഞത്. സമരവും പഠനവും എന്നപോലെ പരീക്ഷയും ഫലവും എല്ലാം ആ തൊഴിലാളിയൂണിയൻ ഓഫീസിലെ മുറികളിലിരുന്നുതന്നെ ഞാൻ അറിഞ്ഞു. അതിലൂടെ കടന്നുപോയി. ചെത്തുതൊഴിലാളിയൂണിയൻ ഓഫീസായിരുന്നു എന്റെ സർവകലാശാല!

1987‐ ൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ ഞാൻ സിപിഐ എം അംഗമായി. അന്ന് പത്തൊൻപത് വയസ്സ്. ചെത്തുതൊഴിലാളിയൂണിയൻ ഓഫീസ് കേന്ദ്രമായി പുതുതായി രൂപീകരിച്ച ഗ്രൂപ്പിൽ ഞങ്ങൾ ആറേഴുപേർ ഉണ്ടായിരുന്നു. ഞാനന്ന് കോളേജിൽ വിദ്യാർഥിസംഘടനാപ്രവർത്തനത്തിൽ സജീവമാണ്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും കോളേജ് യൂണിയൻ ചെയർമാനുമായി പ്രവർത്തിക്കുന്ന കാലം. അനുഭാവിഗ്രൂപ്പിൽ എന്നോടൊപ്പംതന്നെ എസ്എഫ്ഐ നേതൃത്വത്തിലുണ്ടായിരുന്ന വി എ അനിലുമുണ്ടായിരുന്നു.
ഇടത്തുനിന്ന്‌: എ കെ രഞ്‌ജൻ, സുനിൽ പി ഇളയിടം, വി എ അനിൽ, വി എൻ ജോഷി

ഇടത്തുനിന്ന്‌: എ കെ രഞ്‌ജൻ, സുനിൽ പി ഇളയിടം, വി എ അനിൽ, വി എൻ ജോഷി

അനിലിനെ കൂടാതെ ജോഷിച്ചേട്ടൻ, എ എസ്  അനിൽകുമാർ, എൻ എസ്  അനിൽകുമാർ, എ കെ  രഞ്‌ജൻ, പി കെ  സുരേന്ദ്രൻ തുടങ്ങിയവരും. എല്ലാവരും ഇപ്പോഴും രാഷ്ട്രീയജീവിതത്തിന്റെ പല പടവുകളിൽ സജീവമായി തുടരുന്നു. ജീവിതത്തിന്റെ ഉച്ചസ്ഥാനത്തുവച്ച് അനിൽ പൊടുന്നനെ വിടവാങ്ങി. പറവൂരിന്റെ സാമൂഹ്യ‐ രാഷ്ട്രീയ ജീവിതത്തിന്റെ പ്രകാശകേന്ദ്രമായി ഉയർന്നുവന്ന കാലത്താണ് അനിലിനെ അർബുദരോഗം പിടികൂടിയത്. അക്കാലത്ത് പറവൂർ താലൂക്ക് ബാങ്കിന്റെ പ്രസിഡന്റായും മറ്റും അതുല്യമായ പ്രവർത്തനമാണ് അനിൽ കാഴ്ചവച്ചത്. കാലം ആ പ്രകാശനാളത്തെ പൊടുന്നനെ കെടുത്തിക്കളഞ്ഞു. ഗ്രൂപ്പ് രൂപീകരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം പാർടി അംഗങ്ങളായി. സെന്റർ ബ്രാഞ്ച് എന്നായിരുന്നു പുതിയ ബ്രാഞ്ചിന്റെ പേര്. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് തന്നെയായിരുന്നു അതിന്റെ കേന്ദ്രം. സമരങ്ങളിലും പ്രചരണപരിപാടികളിലുമെല്ലാം ഞാൻ സജീവമായി പങ്കുചേർന്നത് അതിലൂടെയാണ്.

1987‐ ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ആദ്യമായി സജീവമായി പങ്കുചേർന്ന പൊതുതെരഞ്ഞെടുപ്പ്. പ്രചാരണപരിപാടികളിലാണ് കാര്യമായി പങ്കെടുത്തത്. ചുവരെഴുത്തുകൾ, പോസ്റ്റർ പ്രചരണം, അനൗൺസ്മെന്റ് എന്നിങ്ങനെ പലതും. ജോഷിച്ചേട്ടനാണ് പറവൂരിലെ ചുമരെഴുത്തിന്റെ പ്രധാന കേന്ദ്രം. വടിവൊത്ത അക്ഷരത്തിൽ ജോഷിച്ചേട്ടൻ ചുമരുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും എല്ലാം എഴുതിയും വരച്ചും നിറയ്ക്കും. ജോഷിച്ചേട്ടനോടൊപ്പം പല രാത്രികളിലും ചുവരെഴുത്തിന് കൂട്ടുപോയി. ചുവരെഴുത്തിന് കൂട്ട് എന്നതിനപ്പുറം ജീവിതോത്സാഹത്തിന്റെ പ്രകാശനമായിരുന്നു അതെല്ലാമെന്ന് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നുണ്ട്. ജോഷിച്ചേട്ടൻ ചുവരെഴുതുന്ന സമയത്ത് ഞങ്ങൾ ചിലപ്പോൾ റോഡിൽ കൂട്ടിരിക്കും. ചിലപ്പോൾ അല്പം അകലെ മാറിക്കിടക്കും. പറവൂരിനടുത്ത് മൂത്തകുന്നത്ത് ജോഷിച്ചേട്ടനൊപ്പം ചുവരെഴുതാൻ പോയ രാത്രിയിൽ കുറെനേരം അമ്പലപ്പറമ്പിൽ ആകാശനക്ഷത്രങ്ങളെ നോക്കിക്കിടന്നത് ഇപ്പോഴും ഓർമയിലുണ്ട്. അമ്പലപ്പറമ്പിന്റെ വിശാലമായ മണൽമുറ്റം. രാത്രിയുടെ കനത്ത ഇരുട്ട്. നിശ്ശബ്ദത. ആകാശത്തിലെ നക്ഷത്രത്തിളക്കം. ‘നിത്യഭാസുരനഭശ്ചരങ്ങളെ’ എന്ന് ആശാൻ എഴുതിയത് അന്ന് ഞാൻ വായിച്ചിട്ടില്ല. എങ്കിലും പിന്നീട്‌ ആ രാത്രിയെക്കുറിച്ചോർക്കുമ്പോഴൊക്കെ ഈ വരികൾ മനസ്സിൽ വരും. ‘ക്ഷിത്യവസ്ഥബത നിങ്ങളോർത്തിടാ...’ എന്ന കവിവാക്യം ആ രാത്രിയുടെ ഇരുട്ടുമായി കൈകോർത്ത് ഓർമയിൽ മുഴങ്ങുന്നു.

ഇ എം എസ്‌

ഇ എം എസ്‌

അക്കാലത്ത് പറവൂരിലെ അനൗൺസർമാരിലൊരാളാണ് ഞാൻ. തെരഞ്ഞെടുപ്പ് പ്രചരണവാഹനങ്ങളിലും പാർടി സമ്മേളനത്തിന്റെ സന്ദർഭങ്ങളിലുമെല്ലാം അനൗൺസ്മെന്റിനായി പോകും. ഇ എം എസും മറ്റും പറവൂരിൽ പ്രസംഗിക്കാൻ വരുമ്പോൾ പാർടി  ഏരിയാ സെക്രട്ടറിയായിരുന്ന കെ വി  പുരുഷോത്തമൻ എന്നെ അനൗൺസ്മെന്റിന് പ്രത്യേകം വിളിക്കുമായിരുന്നു. ‘ഇളയിടം, ഇതിനൊന്ന് പോകണം’  എന്നാണ് പുരുഷോത്തമൻ ചേട്ടൻ പറയുക. പിതൃതുല്യമായ വാത്സല്യം പുരുഷോത്തമൻ ചേട്ടന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഖാവ് പറയുമ്പോഴൊക്കെ ഞാൻ അനൗൺസ്മെന്റിനായി പോയി. കോളേജിലെ ചെറിയ പ്രസംഗങ്ങളല്ലാതെ പൊതുപ്രസംഗങ്ങളിലേക്ക് ഞാനന്ന് എത്തിയിട്ടില്ല. അനൗൺസ്മെന്റ് വാഹനത്തിലിരുന്ന് സ്ഥാനാർഥികളെ വർണിച്ചും സമ്മേളനകാര്യങ്ങൾ വിവരിച്ചും താളത്തിൽ നടത്തിയ ആ അനൗൺസ്മെന്റുകൾ പിൽക്കാല പ്രസംഗത്തിന്റെ ശബ്ദപരിശീലനമായും മാറിയിട്ടുണ്ടാവണം. ചെത്തുതൊഴിലാളിയൂണിയൻ ഓഫീസിൽ നിന്നാണ് ആ അനൗൺസ്മെന്റ് വാഹനങ്ങളെല്ലാം പുറപ്പെട്ടത്. ചുറ്റുവട്ടത്തെ റോഡുകളിലേക്കു മാത്രമല്ല, വരുംകാലത്തെ പ്രസംഗവേദികളിലേക്കുകൂടിയാണ് ആ വണ്ടികൾ പുറപ്പെട്ടത്. അക്കാര്യം അപ്പോൾ ഒട്ടും ഓർത്തിരുന്നില്ല.

സെന്റർ ബ്രാഞ്ചായിരുന്നു ഞങ്ങളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ പരിശീലനക്കളരി. ആഴ്ചയിൽ ഒരു ദിവസം ഞങ്ങൾ കൃത്യമായി യൂണിയൻ ഓഫീസിൽ ബ്രാഞ്ച് ചേർന്നു. പലയിടങ്ങളിൽ നിന്ന് വന്നുകൂടിയവരുടെ ബ്രാഞ്ച് ആയിരുന്നതിനാൽ ബ്രാഞ്ചിന്റെ തനതായ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് കുറവായിരുന്നു. അതുകൊണ്ടുതന്നെ ബ്രാഞ്ച്‌ യോഗങ്ങൾ ഏറിയ പങ്കും സൈദ്ധാന്തികവും രാഷ്ട്രീയവുമായ പഠനങ്ങളിലേക്കും ചർച്ചകളിലേക്കും നീങ്ങി. പാർടിപരിപാടിയും ഭരണഘടനയും മാർക്സിസ്റ്റ് ക്ലാസിക്കുകളുമെല്ലാം അങ്ങനെ വിശദമായി വായിച്ചു. അതൊരു വലിയ രാഷ്ട്രീയവിദ്യാഭ്യാസമായിരുന്നു. സിദ്ധാന്തവിചാരങ്ങളുടെ സൂക്ഷ്മലോകങ്ങളിലേക്ക് വഴിതുറന്നു കിട്ടിയതങ്ങനെയാണ്. അപ്പോൾത്തന്നെ, നിത്യജീവിതത്തിന്റെ പെരുവഴികളിൽ നിന്ന് ചെത്തുതൊഴിലാളിയൂണിയൻ ഓഫീസിലേക്കെത്തിയ എണ്ണമറ്റ മനുഷ്യരെ ഞങ്ങൾ നിത്യവും കാണുന്നുമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ സിദ്ധാന്തവിചാരം അതിൽത്തന്നെ കെട്ടടങ്ങിയില്ല. ഓഫീസിൽ നിന്ന് ചെറുചെറു ജാഥകളിലേക്കും ധർണകളിലേക്കും യോഗങ്ങളിലേക്കുമെല്ലാം ഞങ്ങൾ നിരന്തരം നീങ്ങി. മുതിർന്ന നേതാക്കളുടെയെല്ലാം പ്രസംഗങ്ങൾ കേൾക്കാൻ പലയിടങ്ങളിലേക്കും പോയി. രാത്രികളിൽ ദീർഘദൂരങ്ങൾ നടന്ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ തിരിച്ചെത്തി. ആ യാത്രകളിൽ നിന്നാണ് ഞങ്ങൾ പുറപ്പെട്ടതെന്ന്, തിരിഞ്ഞുനോക്കുമ്പോൾ തിരിച്ചറിയാനാകുന്നുണ്ട്.

രാഷ്ട്രീയപ്രവർത്തനത്തിന്റെയും സംഘടനാജീവിതത്തിന്റെയും എന്നതുപോലെ എന്റെ എഴുത്തിന്റെയും കേന്ദ്രങ്ങളിലൊന്ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായിരുന്നു. മുകൾനിലയിലെ ഹാളിലും മുറിയിലുമിരുന്ന് ധാരാളം വായിക്കുകയും എഴുതുകയും ചെയ്തു. ജനലിലൂടെ ചിന്നിവീഴുന്ന വെയിൽനാളത്തിന്റെ തിളക്കം അതിനെല്ലാം തുണയായി. മഹാഭാരത പ്രഭാഷണങ്ങൾക്കുശേഷം രണ്ടുവർഷത്തോളം കഴിഞ്ഞ് 2019 ജനുവരി മുതലുള്ള കാലയളവിലാണ് അത് പുസ്തകരൂപത്തിൽ തയ്യാറാക്കാനുള്ള ശ്രമത്തിൽ ഞാൻ ഏർപ്പെട്ടത്. അതിനുമുൻപ് 2018‐ ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രഭാഷണത്തിന്റെ ലിഖിതരൂപം പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകമാക്കുമ്പോൾ പ്രഭാഷണം അതേപടി പ്രസിദ്ധീകരിക്കുകയല്ല വേണ്ടത് എന്ന കാഴ്ചപ്പാടാണ് എനിക്കുണ്ടായിരുന്നത്. ഏഴു ഭാഗങ്ങളും ഇരുപത്തിയഞ്ച് അധ്യായങ്ങളുമായി, റഫറൻസുകളെല്ലാം പൂർണമായി നൽകി അത് പ്രസിദ്ധീകരിക്കാം എന്നാണ് കരുതിയത്. വലിയൊരു സമയവും പരിശ്രമവും അതിനാവശ്യമായിരുന്നു. പകുതി ശമ്പളം ലഭിക്കുന്ന അവധി   അക്കാലം വരെ ഞാൻ കാര്യമായി എടുത്തിരുന്നില്ല. അത് ഉപയോഗപ്പെടുത്തി 2019 ജനുവരി മുതൽ മഹാഭാരതപ്രഭാഷണത്തിന് ഗ്രന്ഥരൂപം നൽകുന്ന പണികൾക്ക് തുടക്കം കുറിച്ചു.

അന്ന് വീട്ടിൽ ചില മരാമത്തുപണികൾ നടക്കുന്ന സമയമാണ്. കുറെ പൊളിച്ചുപണികളും മറ്റും. അതുകൊണ്ട് വീട്ടിലിരുന്ന് ഈ ജോലിയിൽ കാര്യമായി മുഴുകാനാകുമായിരുന്നില്ല. പകൽസമയത്ത് വീട്ടിലിരുന്ന് എഴുത്തിലും മറ്റും ഏർപ്പെടുന്നത് അല്ലാതെയും പ്രയാസമായിരുന്നു. പലരായി കാണാൻ വരും. അപ്പോഴൊക്കെ എഴുത്തുജോലികൾ മുറിയും. അതുകൊണ്ട് മഹാഭാരത പ്രഭാഷണത്തിന്റെ പുസ്തകരൂപത്തിനായുള്ള ജോലികൾ ചെത്തുതൊഴിലാളിയൂണിയൻ ഓഫീസിലിരുന്നാകാം എന്നു തീരുമാനിച്ചു. ആറുമാസം കൊണ്ട് പൂർത്തിയാക്കാനാവും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിനുള്ളിൽ പണികൾ തീർക്കാൻ കഴിഞ്ഞില്ല. നൂറോളം പുസ്തകങ്ങൾ. ഏകദേശം അത്രതന്നെ പ്രബന്ധങ്ങൾ. പ്രഭാഷണത്തിനുവേണ്ടി അവയിലേറെയും വായിച്ചതാണെങ്കിലും റഫറൻസുകൾ കൃത്യമായി നൽകാൻ എല്ലാം വീണ്ടും നോക്കേണ്ടിവന്നു. ദിവസം അഞ്ചോ ആറോ മണിക്കൂറുകൾ അതിനായി പണിയെടുത്തു. മിക്ക വൈകുന്നേരങ്ങളിലും മറ്റു പ്രഭാഷണങ്ങൾക്കായി പോകേണ്ടിവരുന്നതുമൂലം അതിൽ കൂടുതൽ സമയം കണ്ടെത്തുക പ്രയാസമായിരുന്നു.

പുലർച്ചെ എഴുന്നേറ്റ് ഒന്നരമണിക്കൂറോളം പുസ്തകത്തിന്റെ പണികളിൽ ഏർപ്പെടുന്നതായിരുന്നു പതിവ്. പിന്നീട് ഒൻപതുമണിക്കുമുൻപ് വീട്ടിൽ നിന്ന് പറവൂരിലെ യൂണിയൻ ഓഫീസിലേക്ക് പുറപ്പെടും. പോകുന്ന വഴിക്ക് മീനയെ കോളേജിലാക്കിയാണ് ഓഫീസിലെത്തുക. ഒൻപതര മുതൽ ഉച്ചയ്ക്ക് ഏകദേശം ഒന്നര മണി വരെ ഓഫീസിലിരുന്ന് എഴുത്തുപണികളിൽ മുഴുകും. പതിനൊന്നുമണിക്ക് പത്തുമിനിറ്റിന്റെ ഇടവേള. തൊട്ടടുത്തുള്ള കടയിൽ നിന്ന് ഒരു ചായ കഴിച്ച് വീണ്ടും ജോലികളിലേക്ക്. അങ്ങനെ നീണ്ടുപോയ ആറുമാസം. ജൂൺമാസമെത്തിയിട്ടും പുസ്തകം പൂർത്തിയായില്ല. അതിലധികം അവധി ഇല്ലാതിരുന്നതുമൂലം ജൂൺ മുതൽ ജോലിയിൽ വീണ്ടും സജീവമായി. ലഭ്യമായ സമയവും ഇടവേളകളും മറ്റും കൊണ്ട് പുസ്തകരൂപത്തിന്റെ ജോലികൾ പൂർത്തിയാക്കിയപ്പോൾ പിന്നെയും അഞ്ചുമാസങ്ങൾ കൂടി കഴിഞ്ഞു. ഒക്ടോബർ അവസാനത്തോടെ അത് പ്രസാധകർക്ക് കൈമാറി.

2020 മാർച്ചിൽ മഹാഭാരതപഠനം പുറത്തുവന്നു. ആദ്യകോപ്പികളിൽ  ഒന്ന് ജോഷിച്ചേട്ടന് കൊടുത്തു. ഇപ്പോൾ അത് അഞ്ചുപതിപ്പുകൾ പിന്നിട്ടിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ, മഹാഭാരതപഠനങ്ങളുടെ പൂർത്തീകരണത്തിനു പിന്നിലെ ഏറ്റവും വലിയ ബലങ്ങളിലൊന്ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസും ജോഷിച്ചേട്ടനുമായിരുന്നു എന്നു തോന്നുന്നുണ്ട്.

ചെത്തുതൊഴിലാളിയൂണിയൻ ഓഫീസിന്റെ മുകളിലെ മുറിയിലായിരുന്നു പുസ്തകങ്ങളും എഴുത്തുമെല്ലാം. മുകൾനിലയിൽ രണ്ടു മുറികളുണ്ട്. കൂടാതെ ഒരു ഹാളും വരാന്തയും. എഴുത്തിന്റെ കാര്യം ജോഷിച്ചേട്ടനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. അതുകൊണ്ട് മുൻകൂറായിതന്നെ ജോഷിച്ചേട്ടൻ മുറി ഒരുക്കിത്തന്നു. കസേരയും മേശയും കട്ടിലും എല്ലാം. അന്ന് ഓഫീസിന്റെ മുറ്റത്ത് വലിയൊരു മാവുണ്ട്. പതിറ്റാണ്ടുകളായി അതവിടെയുണ്ട്. കഴിഞ്ഞവർഷമാണ് പഴക്കം കൊണ്ട് കൊമ്പുകൾ ഒടിഞ്ഞുവീണുതുടങ്ങിയതിനെത്തുടർന്ന് അത് വെട്ടിമാറ്റിയത്. പ്രാചീനമായ ശിഖരങ്ങളും ഇലപ്പടർച്ചകളുമായി പല പതിറ്റാണ്ടുകൾ ആ മരങ്ങൾ തണൽവീശി നിന്നിരുന്നു. മുകൾനിലയിലെ മുറിയിലെ കസേരയിലിരുന്ന് പുറത്തേക്ക് നോക്കിയാൽ ജനലിലൂടെ മുറ്റത്തെ വലിയ മാവിന്റെ ഇലത്തലപ്പുകൾ കാണാം. പുറത്തുനിന്നുള്ള ചെറിയ കാറ്റ്. അതിനിടയിലൂടെ മഹാഭാരതപഠനങ്ങളുടെ വിപുലശേഖരങ്ങളിലൂടെ ഞാൻ സഞ്ചരിക്കാൻ തുടങ്ങി. ഓരോ പഠനവും സൂക്ഷ്മമായി വായിച്ചു. കുറിപ്പുകൾ തയ്യാറാക്കി. പ്രഭാഷണത്തിന്റെ ലിഖിതപാഠവുമായി അതിനെ കൂട്ടിയിണക്കി. പ്രഭാഷണപാഠത്തിൽ ആവശ്യമുള്ള ഇടങ്ങളിലെല്ലാം റഫറൻസുകൾ നല്കി. ചെത്തുതൊഴിലാളിയൂണിയൻ ഓഫീസിനും മഹാഭാരതപഠനങ്ങൾക്കും ഇടയിൽ അസാധാരണമായ ഒരു ഒത്തിണക്കം വന്നതുപോലൊരു കാലമായിരുന്നു അത്. മറ്റേതെങ്കിലും ഒരു തൊഴിലാളിയൂണിയൻ ഓഫീസ് അങ്ങനെയൊരു ശ്രമത്തിന് വേദിയായിട്ടുണ്ടോ എന്നു ഞാൻ ആലോചിക്കാറുണ്ട്.

2020 മാർച്ചിൽ മഹാഭാരതപഠനം പുറത്തുവന്നു. ആദ്യകോപ്പികളിൽ ഒന്ന് ജോഷിച്ചേട്ടന് കൊടുത്തു. ഇപ്പോൾ അത് അഞ്ചുപതിപ്പുകൾ പിന്നിട്ടിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ, മഹാഭാരതപഠനങ്ങളുടെ പൂർത്തീകരണത്തിനു പിന്നിലെ ഏറ്റവും വലിയ ബലങ്ങളിലൊന്ന് ചെത്തുതൊഴിലാളിയൂണിയൻ ഓഫീസും ജോഷിച്ചേട്ടനുമായിരുന്നു എന്നു തോന്നുന്നുണ്ട്. അവിടെ സ്ഥിരമായി വന്നുപോകുന്ന സഖാക്കൾക്കും ഞാനവിടെയിരുന്ന് എഴുതുന്ന കാര്യം അറിയാമായിരുന്നു. അവരെല്ലാം അതിന് സ്നേഹപൂർവം തുണ നൽകി. സിപിഐ എം പറവൂർ ഏരിയാകമ്മറ്റിയുടെ പുതിയ ഓഫീസ് മന്ദിരം പൂർത്തിയായപ്പോൾ അതിൽ നല്ലൊരു വായനാമുറിയും ഉണ്ടായിരുന്നു. ‘സുനിലിന് വന്നിരുന്ന് വായിക്കാനാണ് ’ എന്ന് ഏരിയാ സെക്രട്ടറിയായ ബോസ്ചേട്ടൻ സ്നേഹത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലിരുന്നുള്ള എന്റെ എഴുത്തും വായനയും ബോസ്‌ ചേട്ടനും അറിയാമായിരുന്നു. അറിയുന്നവരും അറിയാത്തവരുമായ എത്രയോ തൊഴിലാളികളുടെ വിയർപ്പുകൊണ്ട് പടുത്തുയർത്തിയ ഒരു സ്ഥാപനമാണ്. അങ്ങേയറ്റം വ്യക്തിപരം എന്നു തോന്നാവുന്ന ഒരു പരിശ്രമത്തിന്റെ പൂർത്തീകരണത്തിന്‌ പിന്നിൽ അവരുടെ അധ്വാനവും കൂടിക്കലരുന്നു. സാമൂഹികബന്ധങ്ങളുടെ സമുച്ചയമായി മനുഷ്യൻ മാറിത്തീരുന്നത് ഇങ്ങനെ കൂടിയാവണം!

മഹാഭാരതപഠനത്തിന്റെ അതേ അളവിലല്ലെങ്കിലും മറ്റൊരു പുസ്തകത്തിന്റെ രചനയുടെ വേളയിലും ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യാചരിത്രവിജ്ഞാനത്തെക്കുറിച്ചുള്ള ഗ്രന്ഥം. രണ്ടായിരത്തിനാലിലോ അഞ്ചിലോ മാതൃഭൂമി ബുക്സാണ് അത് പ്രസിദ്ധീകരിച്ചത്. അക്കാലത്തും പല ദിവസങ്ങളിലും പറവൂരിലെ ഓഫീസിലിരുന്നാണ് ഞാനതിന്റെ പണികളിലേർപ്പെട്ടത്. മൂന്നോ നാലോ വർഷങ്ങൾ ആ പുസ്തകത്തിനായി പണിപ്പെട്ടുകാണണം. ഇന്ത്യാചരിത്രരചനയുടെ ചരിത്രമായിരുന്നു അതിലെ ആലോചനാവിഷയം. ആ പുസ്തകത്തിന് ഓഫീസുമായി ഇത്രയധികം ഇടപഴകലുണ്ടായിട്ടില്ല. അവധിദിവസങ്ങളും മറ്റും മാത്രമേ അതിനായി ഓഫീസിൽ ചിലവഴിച്ചിട്ടുള്ളൂ. എങ്കിലും രണ്ടു പതിറ്റാണ്ടു മുൻപുതന്നെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസുമായി അങ്ങനെയൊരു ബന്ധം കൂടി തുടങ്ങിയിരുന്നു.

എസ്‌ ശർമ്മ

എസ്‌ ശർമ്മ

ഇന്ത്യാചരിത്രവിജ്ഞാനീയത്തിന്റെ ആലോചനകളിൽ ഏർപ്പെട്ട കാലത്താണ് പറവൂരിൽ ഇ എം എസ് സാംസ്കാരികപഠനകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഇ എം എസിന്റെ മരണത്തെത്തുടർന്ന് അത്തരം പഠനകേന്ദ്രങ്ങളും അനുസ്മരണസ്ഥാപനങ്ങളും നാടെമ്പാടും ഉയർന്നുവന്നിരുന്നു. അതിലൊന്നായിരുന്നു പറവൂരിലെയും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, നാടകോത്സവം, കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ ധാരാളം പരിപാടികൾ ഇ എം എസ് പഠനകേന്ദ്രത്തിന്റെ മുൻകയ്യിൽ അരങ്ങേറി. സഖാവ് എസ് ശർമ്മയായിരുന്നു അതിന്റെ കേന്ദ്രനേതൃത്വം. ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റും കൊച്ചി സർവകലാശാലയുടെ മുൻ രജിസ്‌ട്രാറും ചരിത്രപണ്ഡിതനുമായ പ്രൊഫ. കെ വി കുഞ്ഞികൃഷ്‌ണനാണ് തുടക്കം മുതൽ ഇ എം എസ്   പഠന കേന്ദ്രത്തിന്റെ അധ്യക്ഷൻ. പറവൂർ നഗരസഭാ കൗൺസിലർ കൂടിയായിരുന്ന കെ വി ശങ്കരൻകുട്ടിയാണ് പഠനകേന്ദ്രത്തിന്റെ ജീവനാഡിയായി ആദ്യഘട്ടത്തിൽ നിലകൊണ്ടത്. പറവൂരിന്റെ സാമൂഹ്യ‐സാംസ്കാരിക ജീവിതത്തിൽ ഒന്നരപ്പതിറ്റാണ്ടോളം അത്യന്തം സജീവമായ സാന്നിധ്യമായി അത് നിലനിന്നു. കാലപ്രവാഹത്തിൽ മുൻനിരക്കാർ പലരും പിന്നിലേക്ക് മാറി. പുതിയ കാലത്തിന്റെ അഭിരുചി ഭേദങ്ങൾ പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും ഗതിഭേദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇ എം എസ് പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളത്രയും നടന്നത്. ആദ്യകാലത്ത് അത് പഠനകേന്ദ്രത്തിന്റെ അനൗദ്യോഗിക കേന്ദ്രമായിരുന്നു. പിന്നീട്‌ അവിടെ ഔദ്യോഗികമായിത്തന്നെ പഠനകേന്ദ്രത്തിന്റെ ഓഫീസ് പ്രവർത്തിച്ചുതുടങ്ങി. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന്റെ താഴത്തെ നിലയിലെ ചെറിയ മുറികളിലൊന്നായിരുന്നു പഠനകേന്ദ്രത്തിന്റെ ഓഫീസ്. വിവിധ അഭിരുചികളുള്ള വലിയൊരു കൂട്ടായ്മയുടെ സംഗമകേന്ദ്രമായി ഒരു പതിറ്റാണ്ടോളം ഇ എം എസ്  പഠനകേന്ദ്രം പ്രവർത്തിച്ചു. ജോഷിച്ചേട്ടൻ തന്നെയായിരുന്നു അതിന്റെയും സംഘാടനകേന്ദ്രം. നാലുപതിറ്റാണ്ടോളമായി ചെത്തുതൊഴിലാളിയൂണിയൻ ഓഫീസിന്റെ ഹൃദയമിടിപ്പെന്നപോലെ ജോഷിച്ചേട്ടൻ അവിടെയുണ്ട്. പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും അതുണ്ടായിരുന്നു.

അഭിമുഖങ്ങളും മറ്റും ആരെങ്കിലും ആവശ്യപ്പെടുമ്പോൾ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലിരുന്നാണ് ഞാൻ അതെല്ലാം ചെയ്യാറുള്ളത്. വീട്ടിലെന്നപോലെ എനിക്ക് എത്രയും സ്വാഭാവികമായി അവിടെയിരുന്ന് പ്രവർത്തിക്കാൻ പറ്റി. രാവിലെ സർവകലാശാലയിലേക്ക് പോകുമ്പോൾ ബൈക്ക് അവിടെ കൊണ്ടുവന്നുവയ്ക്കും. പിന്നീട് പറവൂരിൽ നിന്ന് ബസ്സിൽ പുറപ്പെടും. വൈകുന്നേരമോ വരുംദിവസങ്ങളിലോ മടങ്ങിയെത്തി ബൈക്കിൽ വീട്ടിലേക്ക് തിരിക്കും. കോവിഡ് വരെ അതായിരുന്നു പതിവ്. മഹാമാരി ബസ്സുകളെ നിശ്ചലമാക്കിയപ്പോൾ യാത്ര കൂടുതലും കാറിലായി. ഇപ്പോൾ പഴയകാലം പതിയെപ്പതിയെ തിരിച്ചുവരുന്നുണ്ട് എന്നു തോന്നുന്നു.

അഭിമുഖങ്ങളും മറ്റും ആരെങ്കിലും ആവശ്യപ്പെടുമ്പോൾ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലിരുന്നാണ് ഞാൻ അതെല്ലാം ചെയ്യാറുള്ളത്. വീട്ടിലെന്നപോലെ എനിക്ക് എത്രയും സ്വാഭാവകമായി അവിടെയിരുന്ന് പ്രവർത്തിക്കാൻ പറ്റി. രാവിലെ സർവകലാശാലയിലേക്ക് പോകുമ്പോൾ ബൈക്ക് അവിടെ കൊണ്ടുവന്നുവയ്ക്കും. പിന്നീട് പറവൂരിൽ നിന്ന് ബസ്സിൽ പുറപ്പെടും.

എന്റെ അമ്മയ്ക്ക് ഏറ്റവും അടുപ്പവും പരിചയവുമുള്ള ഒരാളായിരുന്നു ജോഷിച്ചേട്ടൻ. ജോഷിച്ചേട്ടനോട് അമ്മ എപ്പോഴും മകനോടെന്നപോലെ തുറന്നുചിരിച്ചു. ആറേഴുമാസങ്ങൾക്കു മുൻപ് എൺപത്തിയൊന്നാം വയസ്സിൽ അമ്മ വിടവാങ്ങി. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് തൊട്ടടുത്തുള്ള ശാന്തി ആശുപത്രിയിലായിരുന്നു അമ്മയെ അവസാനസമയത്ത് പ്രവേശിപ്പിച്ചിരുന്നത്. രണ്ടാഴ്ചയോളം അമ്മ അവിടെക്കഴിഞ്ഞു. കോവിഡ് കാലമായതിനാൽ ആശുപത്രിയിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടായിരുന്നു. ചേച്ചിയും മീനയും അമ്മയോടൊപ്പം ആശുപത്രിയിൽ മാറിമാറി കഴിഞ്ഞപ്പോൾ ഞാൻ നൂറുമീറ്റർ അകലെ ഓഫീസിൽ ഇരുന്നു. രാത്രികളിൽ അവിടെയുറങ്ങി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അമ്മ അവസാനത്തെ ചുവടുകൾ വയ്ക്കുകയായിരുന്നു. ഇരുളും വെളിച്ചവും മാറിവന്ന രാവുകളും പകലുകളും ഞാൻ ഓഫീസിൽ കാവലിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് ആ ഓഫീസ് മുറിയിൽ രാത്രിയുറങ്ങിയത്. രാവിലെ തന്നെ ഉണർന്ന് ആശുപത്രിയിലേക്ക് പോകും. ചായയും മറ്റും വാങ്ങിനൽകി വീട്ടിലേക്ക് മടങ്ങും. രണ്ടാഴ്ചയോളം അത് തുടർന്നു. വിടപറയുന്നതിന്റെ തലേന്ന് ഉച്ചയോടെ അമ്മയെയും കൊണ്ട് അവസാനമായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ ഇറങ്ങിയതും ഓഫീസിൽ നിന്നാണ്. അന്നും ജോഷിച്ചേട്ടൻ തുണയായി കൂടെയുണ്ടായിരുന്നു. ചെത്തുതൊഴിലാളിയൂണിയൻ ഓഫീസ് എന്ന അഭയവും.

 (ദേശാഭിമാനി വാരികയിൽ നിന്ന്‌)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top