30 September Saturday
നിരന്തരം വേട്ടയാടപ്പെട്ട ഒരു കമ്യൂണിസ്‌റ്റ്‌ നേതാവായും സ്‌നേഹനിധിയായ ഒരു അച്ഛനായും ഒരേസമയം ഞങ്ങൾ അദ്ദേഹത്തെ കണ്ടു

അച്ഛൻ സ്‌നേഹാർദ്രമായ ഓർമ ; അധികമൊന്നും അനുഭവിക്കാൻ കഴിയാതെ പോയ സ്‌നേഹം

സ്വന്തം ലേഖികUpdated: Friday Sep 23, 2022കണ്ണൂർ
‘‘അടിമുടി സ്‌നേഹമായിരുന്നു അച്ഛൻ.  ഞങ്ങൾക്ക്‌ അധികമൊന്നും അനുഭവിക്കാൻ കഴിയാതെ പോയ സ്‌നേഹം. ആ തീക്ഷ്‌ണമായ രാഷ്‌ട്രീയ ജീവിതവും കരുതിവച്ച സ്‌നേഹവുമായിരുന്നു പിന്നീടും ഞങ്ങളെ മുന്നോട്ടുനയിച്ചത്‌’’–- ധീര രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ വേർപാടിന്‌ അമ്പതാണ്ട്‌ പിന്നിടുമ്പോഴും ഇന്നലെയെന്ന പോലെ വൈകാരികമായ ഓർമകൾ പങ്കുവയ്‌ക്കുകയാണ്‌ മകൾ ഡോ. സുധ അഴീക്കോടൻ.

‘‘ എന്റെ പതിമൂന്നാമത്തെ വയസ്സിലാണ്‌ അച്ഛൻ കൊല്ലപ്പെടുന്നത്‌. നിരന്തരം വേയാടപ്പെട്ട ഒരു കമ്യൂണിസ്‌റ്റ്‌ നേതാവായും സ്‌നേഹനിധിയായ ഒരു അച്ഛനായും  ഒരേസമയം ഞങ്ങൾ അദ്ദേഹത്തെ കണ്ടു. മാസത്തിൽ ഒന്നോ രണ്ടോ തവണയേ അച്ഛൻ വീട്ടിൽ വരൂ. അച്ഛൻ ഓരോ തവണയും വന്നുപോവുമ്പോഴും അച്ചമ്മയുടെ ആധി എനിക്ക്‌ ഓർമയുണ്ട്‌. അത്രമാത്രം പൊലീസ്‌ ഭീകരതയാണ്‌ അക്കാലത്ത്‌ ഉണ്ടായിരുന്നത്‌. മുതിർന്നപ്പോൾ അച്ഛന്റെ രാഷ്‌ട്രീയ ജീവിതത്തെ കൂടുതൽ വ്യക്തതയോടെ മനസിലാക്കിയത്‌ അദ്ദേഹം എഴുതിയ ലേഖനങ്ങൾ അടങ്ങിയ രണഭൂമിയിലൂടെ എന്ന പുസ്‌തകത്തിലൂടെയാണ്‌. 

ഞങ്ങൾ മക്കളുടെ ഓരോരുത്തരുടെയും കാര്യങ്ങൾ പ്രത്യേകം അച്ഛൻ ശ്രദ്ധിച്ചിരുന്നു. അമ്മയ്‌ക്കുള്ള കത്തുകളിൽ ഞങ്ങളെ നേരത്തെ എഴുന്നേൽപ്പിക്കണമെന്നും പഠിക്കാൻ പറയണമെന്നും പ്രത്യേകം എഴുതും. കൈനിറയെ പുസ്‌തകങ്ങളുമായാണ്‌ അച്ഛന്റെ വരവ്‌. പെൺകുട്ടിയായതുകൊണ്ടാവണം എനിക്ക്‌ പല നിറങ്ങളിലുള്ള പൊട്ട്‌ കൊണ്ടുവരും. കന്യാകുമാരി ഭാഗത്ത്‌ പോയി വരുമ്പോൾ ശംഖിന്റെ മാലയും വളയും കൊണ്ടുവരും.  തിരക്കുപിടിച്ച രാഷ്‌ട്രീയ ജീവിതത്തിൽ ഇതൊക്കെ പറ്റുമോ എന്ന്‌ ഞങ്ങൾക്കും അത്ഭുതം തോന്നിയിരുന്നു. പക്ഷേ, അച്ഛന്‌ ഞങ്ങൾ അത്രമേൽ ജീവനായിരുന്നു’’.

1972 സെപ്‌തംബർ 23ലെ ആ രാത്രിയും സുധയുടെ ഓർമയിലുണ്ട്‌. രാത്രിയോടെയാണ്‌ അച്ഛന്റെ മരണവാർത്ത സഖാക്കൾ വീട്ടിൽ അറിയിച്ചത്‌. പുലർച്ചെയാണ്‌ അച്ഛന്റെ മൃതശരീരം വീട്ടിലെത്തിക്കുന്നത്‌. ഒപ്പം ഇ എം എസും എ കെ ജിയുമുൾപ്പെടെയുള്ള നേതാക്കളുണ്ടായിരുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ തിരിച്ചറിയാനും അത്‌ ഉൾക്കൊള്ളാനും ഞങ്ങൾ ഏറെ സമയമെടുത്തു.

അമ്മയും ഞങ്ങൾ അഞ്ച്‌ മക്കളും അച്ചമ്മയും അടങ്ങിയ ഒരു കുടുംബത്തിന്‌ എല്ലാമെല്ലാമായ അച്ഛന്റെ വേർപാട്‌ താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. അന്നുമുതൽ ഇന്നുവരെ പാർടിയും സഖാക്കളും ഞങ്ങളോടൊപ്പം നിന്നു. അങ്ങനെയാണ്‌ ഞങ്ങൾ എല്ലാം അതിജീവിച്ചത്‌. അച്ഛന്റെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളെ മുറുകെപ്പിടിച്ചാണ്‌ ഞങ്ങൾ വളർന്നത്‌. അഴീക്കോടന്റെ മകൾ എന്ന്‌ അറിയപ്പെടുന്നതിലുള്ള  അഭിമാനത്തേക്കാൾ മേലെ മറ്റൊന്നില്ല. അത്രയും സ്‌നേഹമാണ്‌ ഈ നാട്‌ ഞങ്ങൾക്കു തന്നത്‌.’’–-  സുധ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top