21 September Thursday

മരണം കടിച്ചെടുത്തു, ഈ മിടുക്കികളെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 10, 2022

നഗര ഗ്രാമ ഭേദമന്യേ തെരുവുനായകൾ ഭീതി സൃഷ്ടിച്ച്‌ അലഞ്ഞുതിരിയുന്നുണ്ട്‌. പേബാധിച്ചവയും  അവയിലുണ്ട്‌. തെരുവുനായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. പേ ബാധിച്ചവയെന്ന്‌ തിരിച്ചറിയുമ്പോഴേക്കും പലരെയും കടിച്ചിരിക്കും. നായകളെ നിയന്ത്രിക്കാൻ കേരളം വഴികൾ തേടുമ്പോൾ കോടതിയും  നിയമങ്ങളിലെ സാങ്കേതികതകളും  മൃഗസ്‌നേഹികളുമെല്ലാം പ്രതിബന്ധങ്ങളാകുകയാണ്‌.  മരുന്നുലോബികളുടെ അഴിഞ്ഞാട്ടത്തിൽ കേന്ദ്രം കണ്ണടയ്‌ക്കുമ്പോൾ അവർ നൽകുന്ന  വാക്‌സിനുകളെപ്പോലും കേരളത്തിന്‌ കണ്ണടച്ച്‌ വിശ്വസിക്കാനാകുന്നില്ല. സർവവും ഒരുക്കാൻ ശ്രമിച്ചിട്ടും അതിന്റെ പേരിലും പഴി കേരളത്തിനുമാത്രം.  ചോദ്യങ്ങളുയരുന്നത്‌ സംസ്ഥാനത്തിന്‌ നേരെമാത്രം. അവസരം മുതലാക്കി പേപ്പട്ടികളേക്കാൾ വലിയ വിഷവുമായി ജനങ്ങൾക്കു നേരെ തിരിയുകയാണ്‌ ചില മാധ്യമങ്ങളും കുപ്രചാരകരും. സത്യമെന്തെന്ന്‌ അന്വേഷിക്കുകയാണ്‌ ദേശാഭിമാനി.  മലപ്പുറം ബ്യൂറോ ചീഫ്‌ റഷീദ്‌ ആനപ്പുറത്തിന്റെ പരമ്പര  ഇന്നുമുതൽ


അഭിരാമിയെയും ശ്രീലക്ഷ്‌മിയെയും മറക്കാൻ കഴിയുന്നില്ല. നിറമുള്ള ഒട്ടേറെ സ്വപ്‌നങ്ങൾ ബാക്കിനിൽക്കെയാണ്‌ ഈ മിടുമിടുക്കികൾ അകാലത്തിൽ പൊലിഞ്ഞത്‌. പഠനത്തിൽ കേമിയാണ്‌ ശ്രീലക്ഷ്‌മി. അഭിരാമി പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും. ഇവരുടെ ജീവനെടുത്തതാവട്ടെ തെരുവുനായകളും.
പെരുനാട്‌ ചേർത്തലപ്പള്ളി ഷീനാഭവനിൽ വീടിന്റെ അകത്തളങ്ങളിൽ നോവുപടർത്തി അഭിരാമിയുടെ കളിചിരികൾ ഇപ്പോഴുമുണ്ട്‌. അവളുടെ കൈകളിൽ കിലുങ്ങിയ വളകൾ നെഞ്ചോടണച്ചുള്ള അമ്മ രജനിയുടെ വിതുമ്പൽ. എരിഞ്ഞടങ്ങിയ മകളുടെ ചിതയിൽനിന്ന് കണ്ണെടുക്കാതെ അച്ഛൻ  ഹരീഷ്‌.  ആശ്വാസവാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും. കേരളത്തിൽ തെരുവുനായയുടെ കടിയേറ്റ്‌ ഈവർഷം മരിച്ച 21 പേരിൽ അവസാനക്കാരിയാണ്‌ അഭിരാമി. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പേവിഷ ബാധയേറ്റ്‌ ചികിത്സയിലിരിക്കെ മരണത്തിന്‌ കീഴടങ്ങിയത്‌.

കുടുംബത്തോടൊപ്പം ബംഗളൂരുവിലായിരുന്ന ശ്രീലക്ഷ്‌മി മികച്ച പഠനം ലക്ഷ്യമിട്ടാണ്‌ അമ്മയുടെ ജന്മനാടായ മങ്കരയിൽ എത്തിയത്‌. അമ്മൂമ്മയ്‌ക്കൊപ്പം താമസിച്ച്‌ പഠിച്ച അവൾ പ്ലസ്‌ ടുവിന്‌ സ്‌കൂളിലെ ടോപ്പ്‌ സ്‌കോററായി. പിന്നീട്‌ സ്‌കോളർഷിപ്പോടെ കോയമ്പത്തൂർ നെഹ്‌റു കോളേജിൽ ബിസിനസ്‌ പഠനം. ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിവരുമ്പോഴാണ്‌ നായയുടെ കടിയേറ്റത്‌.

രണ്ടു പേരും ആന്റി റാബിസ്‌ വാക്‌സിൻ എടുത്തവർ. ഇതോടെ നായയുടെ കടിയേറ്റുള്ള മരണം  വാർത്തകളിൽ നിറഞ്ഞു. ആരോഗ്യ വകുപ്പ്‌ കൂടുതൽ ജാഗ്രതയോടെ  ഉണർന്നുപ്രവർത്തിച്ചു.  വാക്‌സിൻ എടുത്തവരും മരിക്കുന്നത്‌ ആശങ്ക പരത്തി. ഇതേക്കുറിച്ച്‌ പഠിക്കാൻ സർക്കാർ ഏഴംഗ വിദഗ്‌ധസമിതിയെ നിയോഗിച്ചു.  വാക്‌സിനെ  അതിജീവിക്കാനുള്ള ജനിതക വകഭേദം നായകൾക്ക്‌ സംഭവിച്ചോ എന്നും സമിതി പഠിക്കും.  പൊതുജനങ്ങളെ ബോധവൽക്കരിച്ചും വന്ധ്യംകരണം  നടപ്പാക്കിയും തദ്ദേശഭരണ സ്ഥാപനങ്ങളും പ്രവർത്തനം സജീവമാക്കി. 

മൃഗസംരക്ഷണ വകുപ്പിന്റെ സർവേപ്രകാരം സംസ്ഥാനത്ത്‌ 2,89,986 തെരുവുനായകളാണുള്ളത്‌.  ഒമ്പതു ലക്ഷം വളർത്തുനായകളും. തെരുവുനായകൾ പെറ്റുപെരുകാൻ കാരണം ഏറെയുണ്ട്‌. ഇതിൽ പ്രധാനം  കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ നിയമം കാരണം വന്ധ്യംകരണം (എബിസി –-അനിമൽ ബർത്ത്‌ കൺട്രോൾ പ്രോഗ്രാം) നിലച്ചതാണ്‌. 2022  ജൂൺ വരെയുള്ള കണക്കനുസരിച്ച്‌ 1,83,931 പേർക്കാണ്‌ നായയുടെ കടിയേറ്റത്‌. 21 പേർ മരിച്ചു. ഇതിൽ ആറു മരണം തിരുവനന്തപുരം ജില്ലയിലാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top