19 February Tuesday

ചരിത്രത്തിൽ മറ്റൊരു മൗലങ്കർ

ഡോ. എൻ കെ ജയകുമാർUpdated: Tuesday Aug 14, 2018


രാജ്യത്തെ വിഭിന്ന പ്രദേശങ്ങളെയും അഭിപ്രായങ്ങളെയും പ്രതിനിധീകരിക്കുന്ന പാർലമെന്റിന് ഭരണഘടനാ സംവിധാനത്തിൽ പ്രധാന സ്ഥാനമാണ്്. ജനാധിപത്യത്തിന്റെ ശക്തിയും ദൗർബല്യവും പാർലമെന്റിൽ പ്രതിഫലിക്കുന്നതുപോലെ പാർലമെന്ററി പ്രവർത്തനങ്ങളുടെ സ്വഭാവവും ഗുണനിലവാരവും ജനാധിപത്യത്തിന്റെ വളർച്ചയെയും സ്വാധീനിക്കും. പാർലമെന്ററി പ്രവർത്തനങ്ങളുടെ സ്വഭാവവും ഗുണനിലവാരവും രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിൽ സ്പീക്കറുടെ പങ്ക് നിർണായകം. ഭരണകൂടത്തിന് ജനങ്ങളോടുള്ള വിധേയത്വം ഉറപ്പുവരുത്തുന്നത് പാർലമെന്റിലൂടെയാണ്.

അതിനകത്തും പുറത്തുംനിരന്തരം നടക്കുന്ന ഈ പ്രക്രിയക്ക് ദിശാബോധവും നേതൃത്വവും നൽകേണ്ട ചുമതലയാണ് സ്പീക്കർക്ക്. സഭാനടപടി സുഗമമായി നടത്തുക, എല്ലാ വിഭാഗക്കാർക്കും അഭിപ്രായ പ്രകടനത്തിന് അവസരം നൽകുക, അംഗങ്ങൾ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി യഥാസമയം ഉറപ്പുവരുത്തുക, കമ്മിറ്റികളുടെ പ്രവർത്തനം ഫലപ്രദമായി കൊണ്ടുപോകുക എന്നിങ്ങനെ ചുമതലകൾ. അതുകൊണ്ട് ഈ സ്ഥാനത്തെത്തുന്ന വ്യക്തിയുടെ പാർലമെന്ററി പരിചയം, നടപടിക്രമങ്ങളിലുള്ള പ്രാവീണ്യം, നിഷ്പക്ഷത,നീതിബോധം, പ്രതികരണശേഷി, ഉറച്ചതീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവ പ്രധാനം. സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജിയിൽ ഈ ഗുണങ്ങളെല്ലാം സമന്വയിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്വീകാര്യനായത്. സ്പീക്കറുടെ ചുമതലകൾ നിഷ്പക്ഷത ആവശ്യപ്പെടുന്നു. ഭരണകക്ഷിയിൽപ്പെട്ട ഒരാളെ സ്പീക്കറാക്കുക എന്ന കീഴ്വഴക്കത്തിൽനിന്ന് വ്യതിചലിച്ച് സോമനാഥ് ആ പദവിയിൽ എത്തിയപ്പോൾ ജനാധിപത്യം വളർച്ചയുടെ ഒരു പടവുകൂടി പിന്നിടുകയായിരുന്നു. സ്പീക്കറാകുന്നതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും കക്ഷിബന്ധങ്ങൾ നോക്കാതെ തീരുമാനമെടുക്കുമെന്നും എല്ലാവരും പ്രഖ്യാപിക്കാറുണ്ടെങ്കിലും പ്രായോഗികമാകാറില്ല. സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്പീക്കർമാരെയും കാണുന്നുണ്ട്.

ഭരണകക്ഷിയോടുള്ള വിധേയത്വവും രാഷ്ട്രീയ മോഹങ്ങളുമാണ് നിഷ്പക്ഷതയിൽനിന്ന് അകറ്റുന്നത്. ഭരണകക്ഷിയോട് വിധേയത്വമില്ലാത്ത സോമനാഥിന് നിഷ്പക്ഷവും നീതിപൂർവകവുമായി പ്രവർത്തിക്കാൻ കഴിഞ്ഞു. സ്പീക്കറുടെ അധികാരങ്ങളുംചുമതലകളും ഭരണഘടനയിലും സഭാ ചട്ടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നും എടുത്തുപറയാത്ത അവശിഷ്ടാധികാരങ്ങളും വിവേചനാധികാരങ്ങളും സ്പീക്കർക്കുണ്ട്. ഭരണാധികാരികളുടെ വിവേചനാധികാരത്തിൽനിന്ന് സ്പീക്കറുടേതിനെ വേർതിരിക്കുന്നത് അതിന്റെ അന്തിമ സ്വഭാവമാണ്. അപൂർവം ചില അവസരങ്ങളിലൊഴികെ കോടതികൾക്കുപോലും സ്പീക്കറുടെ തീരുമാനങ്ങളിൽ ഇടപെടാൻ കഴിയില്ല. ഇത് നിഷ്പക്ഷവും നീതിപൂർവകവുമായി തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള സ്പീക്കറുടെ ഉത്തരവാദിത്തം ഇരട്ടിപ്പിക്കുന്നു.

എക്സിക്യൂട്ടീവിൽനിന്നും ജുഡീഷ്യറിയിൽനിന്നും വ്യത്യസ്തവും സ്വതന്ത്രവുമായ പാർലമെന്ററിപദവിയായി ആ സ്ഥാനത്തെ ഭരണഘടനയും നിയമവ്യവസ്ഥയും നിലനിർത്തിയിരിക്കുന്നത്, ജനാധിപത്യത്തിന്റെ കാവൽഭടനായി ആ പദവിയെ അംഗീകരിക്കുന്നതുകൊണ്ടാണ്. ആദ്യ പാർലമെന്റിൽ പ്രോ‐ടേം സ്പീക്കറും തുടർന്ന് സ്പീക്കറുമായ ജി വി മൗലങ്കറിനുശേഷം അതേ പദവികളിൽ എത്തിയത്‌ സോമനാഥ്. ആദ്യത്തെ സ്പീക്കറെന്ന സ്ഥാനം മാത്രമല്ല മൗലങ്കറിന്. പ്രാരംഭ ഘട്ടത്തിൽ പാർലമെന്ററി പ്രവർത്തനങ്ങളെ ആരോഗ്യകരമായ ദിശയിലേക്കു നയിക്കുന്നതിലും ശരിയായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നതിലും പദവിയുടെ അന്തസ്സും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കുന്നതിലും നൽകിയ സംഭാവന വിലപ്പെട്ടതാണ്. ഒരവസരത്തിൽ സർക്കാർ നിരവധി ഓർഡിനൻസുകൾ പുറപ്പെടുവിച്ചപ്പോൾ അത് ജനാധിപത്യവിരുദ്ധമാണെന്ന് പറയാനുള്ള തന്റേടം മൗലങ്കറിനുണ്ടായി. ഗവൺമെന്റിന്റെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിക്കാനും തിരുത്താനും എക്സിക്യൂട്ടീവിന് പാർലമെന്റിനോടുള്ള വിധേയത്വം ഉറപ്പുവരുത്താനും നിഷ്പക്ഷമായി പ്രവർത്തിക്കാനും കഴിഞ്ഞ സോമനാഥിനെ ഇതാ ‘മറ്റൊരു മൗലങ്കർ’ എന്ന് ചരിത്രം രേഖപ്പെടുത്തും.

പ്രധാന വാർത്തകൾ
 Top