01 March Monday

വിധി കേൾക്കാൻ അഭയയുടെ രക്ഷിതാക്കളില്ല

സി കെ സന്തോഷ്Updated: Tuesday Dec 22, 2020



കുറവിലങ്ങാട്
മകളുടെ ജീവനപഹരിച്ചവരെ നീതിപീഠത്തിനുമുന്നിൽ കൊണ്ടുവരികയെന്ന ഒറ്റലക്ഷ്യവുമായി ജീവിച്ച മാതാപിതാക്കൾ കേസിന്റെ അന്ത്യവിധിക്കു കാത്തുനിൽക്കാതെ മൂന്നുവർഷം മുമ്പ്‌ മരിച്ചു. അച്ഛൻ അരീക്കര ഐക്കരക്കുന്നേൽ എം തോമസ് 2016 ജൂലൈ 24നും നാലുമാസങ്ങൾക്കുശേഷം അമ്മ ലീലാമ്മയും മരണത്തിന്‌ കീഴടങ്ങി.

മകളുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇവർ 24 വർഷക്കാലം നീതിതേടി മുട്ടാത്ത വാതിലുകളില്ലായിരുന്നു.  പ്രതികളെ സിബിഐ അറസ്റ്റുചെയ്തുവെങ്കിലും കേസ് വിചാരണ തടസ്സപ്പെട്ടിരുന്നതിനാൽ ശിക്ഷിക്കപ്പെട്ടിരുന്നില്ല. സിസ്റ്റർ അഭയയുടെ മൃതദേഹം സംസ്‌ക്കരിച്ച ഇടവക ദേവാലയമായ അരീക്കര സെന്റ് ‌റോക്കീസ് പള്ളിയിൽ അഭയയുടെ ഓർമ്മദിവസമായ എല്ലാ മാർച്ച് 27 നും തോമസും ലീലാമ്മയും നിറകണ്ണുകളോടെ പ്രാർത്ഥനയ്ക്ക്‌ എത്തുമായിരുന്നു.

മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരനായിരുന്ന തോമസ്  കുറവിലങ്ങാട് കോഴായിലെ മൃഗാശുപത്രിയിൽനിന്നും വിരമിച്ചശേഷമാണ് കുറവിലങ്ങാട് മഠത്തിക്കാവ് ക്ഷേത്രത്തിനുസമീപം വീടു‌വച്ചു താമസിച്ചത്. ദീർഘകാലത്തെ നിയമപോരാട്ടം നടത്തിയത് ഈ വീട്ടിൽ താമസിച്ചായിരുന്നു. 2015 ലാണ് ലീലാമ്മയുടെ ചികിത്സയ്ക്കും മറ്റുമായി ഇവർ കോലഞ്ചേരി ആശുപത്രിക്കുസമീപത്തേക്ക് താമസംമാറ്റിയത്. അവിടെവച്ച്‌ അസുഖബാധിതനായ തോമസ്‌ തലയോലപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരിച്ചത്‌. ഭർത്താവിന്റെ മരണശേഷം താമരക്കാട്ടുള്ള ബന്ധുവീട്ടിലായിരുന്നു ലീലാമ്മയുടെ താമസം. 2016 നവംബർ 11 നായിരുന്നു ലീലാമ്മ മരിച്ചത്‌. മകൻ ബിജു ദുബായിലാണ്‌. ഭാര്യ നോബിയും മക്കളുമാണിപ്പോൾ നാട്ടിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top