04 June Sunday

സാറാ തോമസ്‌: ആരവങ്ങളില്ലാതെ ഒരു എഴുത്തുജീവിതം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

പ്രശസ്‌തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന്‌ അകന്നായിരുന്നു വെള്ളിയാഴ്‌ച്ച അന്തരിച്ച സാറാ തോമസിന്റെ സാഹിത്യ ജീവിതം. പൊതുപരിപാടികളിൽ അവർ പങ്കെടുത്തിരുന്നത്‌ അപൂർവ്വം.

പതിമൂന്നാമത്തെ വയസ്സിലാണ് സാറ എന്ന പെണ്‍കുട്ടി എഴുതിത്തുടങ്ങിയത്. വീട്ടില്‍ ഒരുപാട് പുസ്തകങ്ങളും വായിക്കാനുള്ള അന്തരീക്ഷവും ഉണ്ടായിരുന്നതുകൊണ്ട് അത്യാവശ്യം വായിക്കുകയുംചെയ്തിരുന്നു. കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. വായനയ്ക്കിടയില്‍ മുളച്ച ഒരു കഥ അപ്പനും അമ്മയും അറിയാതെ സാറ "മനോരമ'യ്ക്ക് അയച്ചു. അന്ന് മനോരമയേ ഉണ്ടായിരുന്നുള്ളൂ. പ്രസിദ്ധീകരിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചുകൊണ്ട് അവര്‍ അത് കൃത്യമായി തിരിച്ചയച്ചു. മകളുടെയുള്ളില്‍ ഒരു എഴുത്തുകാരി വളരുന്നുണ്ടെന്ന് അങ്ങനെയാണ് അപ്പനറിഞ്ഞത്. അപ്പന്‍ സാറയുടെ അമ്മച്ചിയെ വിളിച്ച് പറഞ്ഞു, മകളെ സൂക്ഷിച്ചോളണം. ഇത് വല്ലാത്ത പ്രായമാണ്. ഈ പ്രായത്തില്‍ പെണ്‍കുട്ടികളുടെ മനസ്സ് ഇങ്ങനെ കാട് കയറാന്‍ വിടരുത്. അവളോട് എഴുത്ത് നിര്‍ത്താന്‍ പറയണം. ഇവിടെ ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടല്ലോ. അതെല്ലാം ഇഷ്ടംപോലെ വായിച്ചോളൂ. പക്ഷേ, ഒന്നും എഴുതരുത്. അത് നമ്മളെപ്പോലുള്ളവര്‍ക്ക് പറഞ്ഞതല്ല. കുട്ടിയായിരുന്ന സാറ അപ്പന്റെ ഉപദേശം അപ്പാടെ സ്വീകരിച്ചു. പിന്നീട് കുറെക്കാലത്തേക്ക് ഒന്നും എഴുതിയില്ല. പക്ഷേ, എഴുത്തിന്റെ നാമ്പുകള്‍ അറിയാതെ മനസ്സില്‍ അവിടവിടെ മുളപൊട്ടുന്നുണ്ടായിരുന്നു. പിന്നീട് 1968ല്‍ മുപ്പത്തിനാലാമത്തെ വയസ്സിലാണ് അവര്‍ ആദ്യനോവലായ "ജീവിതമെന്ന നദി' എഴുതുന്നത്. സാറാ തോമസ് എന്ന കൃതഹസ്തയായ എഴുത്തുകാരിയുടെ കടന്നുവരവായിരുന്നു അത്. നാര്‍മടിപ്പുടവ, ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. നാര്‍മടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി.

തിരുവനന്തപുരം നന്ദാവനത്തെ വീട്ടില്‍ മൂത്ത മകള്‍ ശോഭയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്‌.

ജീവിതത്തെയും എഴുത്തിനെയുംകുറിച്ച് എന്തുതോന്നുന്നു എന്ന ചോദ്യത്തിന് 2015 ൽ ദേശാഭിമാനിയിൽ ടി ആർ ശ്രീഹർഷനു നൽകിയ അഭിമുഖത്തിൽ പരിപൂര്‍ണ തൃപ്തയാണ് എന്നായിരുന്നു സാറാ തോമസിന്റെ  മറുപടി.

അഭിമുഖത്തിൽ നിന്ന്‌:

ആരോടും പരിഭവമോ ഒന്നിനെക്കുറിച്ചും പരാതിയോ ഇല്ല. എന്റെ ഒതുങ്ങിയ ജീവിതത്തില്‍ ഇത്രയുംതന്നെ ധാരാളമാണ്. അര്‍ഹിക്കുന്ന അംഗീകാരങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. മതി. അല്ലെങ്കില്‍ കടന്നുപോകുന്നവരെ ആരോര്‍ക്കുന്നു. നിലത്തുകിടക്കുന്ന പൂക്കള്‍ കാറ്റടിച്ച് പറന്നുപോകുമ്പോള്‍ പിന്നീട് ആ പൂക്കളെ ആരും ഓര്‍ക്കാറില്ലെന്ന് ബൈബിള്‍ വചനമുണ്ട്. ഇനി ഓര്‍ത്താലെന്ത്, ഇല്ലെങ്കിലെന്ത്. ഇങ്ങനെയാണ് സാറ തോമസ് ജീവിതത്തെ നോക്കിക്കാണുന്നത്.

എഴുത്തിലെ ജനറല്‍ സര്‍ജന്‍

ദൈവമക്കളില്‍ ദളിതര്‍ അനുഭവിച്ച കടുത്ത അനീതിയെക്കുറിച്ചും സാമൂഹിക അസമത്വത്തെക്കുറിച്ചുമൊക്കെയാണ് പറഞ്ഞത്. നാര്‍മടിപ്പുടവയില്‍ അഗ്രഹാരങ്ങളിലെ സ്ത്രീജീവിതത്തെക്കുറിച്ചായിരുന്നു. എന്നാല്‍, ദളിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേര്‍തിരിക്കുന്നതിനോട് താല്‍പ്പര്യമില്ല. ഞാന്‍ എഴുത്തിലെ ജനറല്‍ സര്‍ജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാല്‍, "സ്പെഷ്യലിസ്റ്റു'കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം.

കവിത

എഴുതിത്തുടങ്ങുമ്പോള്‍ പലരും കവിതയാണ് എഴുതുന്നത്. എന്നാല്‍, എനിക്ക് മലയാളത്തില്‍ അത്ര വലിയ ജ്ഞാനമൊന്നും ഇല്ല. അതുകൊണ്ടാണ് കവിത എഴുതാതിരുന്നത്. മാത്രമല്ല, അന്നൊക്കെ കവിത വൃത്തത്തില്‍ ആയിരുന്നു. അതിനോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. കവിത ഒരു ഒഴുക്കാണ്. ആ ഒഴുക്കിനെ തടയരുത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചങ്ങമ്പുഴയെ വലിയ ഇഷ്ടമാണ്. പണ്ട് ഞാനും സുഗതയും(സുഗതകുമാരി) ഒരുമിച്ചിരുന്ന് ചങ്ങമ്പുഴയുടെ കവിതകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്. പുതിയ കവികളെ അത്ര ശ്രദ്ധിക്കാറില്ല. ഒ എന്‍ വിയും സുഗതകുമാരിയും വിജയലക്ഷ്മിയുമാണ് ഇപ്പോഴും എന്റെ പ്രിയ കവികള്‍.

എഴുത്തിന് രണ്ടാംസ്ഥാനം

ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാന്‍. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാന്‍ വളര്‍ന്നത്. കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരേക്കാളും നന്നായി എനിക്കറിയാം. വീട്ടില്‍ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാല്‍, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തില്‍ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തില്‍ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത് പിന്നീട് ദുഃഖം തോന്നിയിട്ടുണ്ട്.

ഭര്‍ത്താവ് ഡോ. തോമസ് സക്കറിയ ജീവിതത്തില്‍ എനിക്ക് കൂട്ടുകാരനായിരുന്നു. എഴുത്തുജീവിതത്തില്‍ എനിക്കൊപ്പം നില്‍ക്കുമായിരുന്നു. നാര്‍മടിപ്പുടവ എഴുതുമ്പോള്‍ അഗ്രഹാരത്തിലെ ജീവിതം മനസ്സിലാക്കാന്‍ പത്മനാഭസ്വാമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള അഗ്രഹാരത്തില്‍ ഞാനും ഡോക്ടറുംകൂടിയാണ് പോയത്്. അന്ന് ക്രിസ്ത്യാനികളെയൊന്നും അഗ്രഹാരങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഡോക്ടറുടെ അടുപ്പക്കാരാണ് പറഞ്ഞത് ഒരു പൊട്ടണിഞ്ഞ് വന്നാല്‍മതി, നമുക്ക് ശരിയാക്കാമെന്ന്. എഴുതുന്നതിനുമുമ്പ് ഞാന്‍ ഡോക്ടറോട് കഥ പറയുമായിരുന്നു. വൈകുന്നേരങ്ങളില്‍ കനകക്കുന്നിലെ പടികളില്‍ ഇരുന്നൊക്കെയാണ് ഞങ്ങള്‍ കഥ പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടര്‍ പറയുന്ന മാറ്റങ്ങളൊന്നും ഞാന്‍ അംഗീകരിച്ചിരുന്നില്ല. ഇന്ന് ഡോക്ടര്‍ കൂടെയില്ല. മരിച്ചിട്ട് ആറുവര്‍ഷമായി. അതിനുശേഷം ഞാന്‍ ഒന്നും എഴുതിയിട്ടില്ല.

ചലനങ്ങളറിഞ്ഞ്

ഉപദേശിക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് ലൈംലൈറ്റില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. ഇപ്പോഴും പലരും പല പരിപാടികള്‍ക്കും ക്ഷണിക്കാറുണ്ട്. പോകാറില്ല. പലരെയും പിണക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് ഒരുപാട് നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, സമൂഹത്തിന്റെ ചലനങ്ങളെ സൂക്ഷ്മമായി അറിയാന്‍ ശ്രമിക്കാറുണ്ട്. അഭിപ്രായങ്ങളുമുണ്ട്. ദൈവമക്കള്‍ എഴുതിയ കാലത്തുനിന്ന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ആ നോവലിനോട് വരേണ്യര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു. ഇന്നും ഞാനടക്കമുള്ള പലരുടെ മനസ്സിലും ജാതീയത എവിടെയോ ഒളിഞ്ഞുകിടപ്പുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണംപോലും ചര്‍ച്ചയാകുന്നു. പെണ്‍കുട്ടികള്‍ ജീന്‍സിട്ട് നടക്കുന്നതൊക്കെയാണ് പല പുരുഷന്മാര്‍ക്കും പ്രശ്നം. അങ്ങനെ നോക്കുമ്പോള്‍ സാരിയാണ് ഏറ്റവും സെക്സിയായ വേഷം. പുരുഷന്മാര്‍ എന്തിന് വിഷമിക്കണം?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top