കൊച്ചി > കേരളം ഭരിക്കുന്നവര്‍ തെമ്മാടികളാണെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പരാമര്‍ശത്തിന് യുവ കവി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചവിഷയം. തെമ്മാടികള്‍ എന്ന തലക്കെട്ടില്‍ രൂപേഷ് ആര് മുചുകുന്ന് ഫേസ്ബുക്കില്‍ കുറിച്ച കവിതയാണ് വെറലായിരിക്കുന്നത്.
അതെ ഞങ്ങള്‍ തെമ്മാടികള്‍ തന്നെയെന്ന് കവി പറയുന്നു. ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ പോരാടി ആധുനിക കേരളത്തെ സൃഷ്ടിച്ച തങ്ങളുടെ തെമ്മാടി ചരിത്രം' ഓര്‍മ്മപ്പെടുത്തിയാണ് കവി പരീക്കര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
കവിത വായിക്കാം
തെമ്മാടികള്‍
ജന്മിയുടെ
കളപ്പുരയിലേക്ക്
സ്വന്തം ഭാര്യയേയും
പെങ്ങളേയും
അയക്കാത്തവര്‍
തെമ്മാടികള്‍.
രാവന്തിയോളം
പാടത്ത് പണിയെടുത്തിട്ടും
ഒരു പിടി നെല്ലും
വാങ്ങി കൂരയിലേക്ക്
ഓടും
പശി സഹിക്കാന്‍
വയ്യാതെ തളര്‍ന്നുറങ്ങുന്ന
കിടാങ്ങള്‍
നെല്ല് കുത്തി
ചേറി
കഞ്ഞി വെള്ളമാക്കി
മണ്‍പാത്രത്തില്‍
ഒഴിച്ച്
അവറ്റകളെ വിളിച്ചുണര്‍ത്തി
കൊടുക്കുന്ന
അടിയാത്തിക്ക്
അരിവാളും
ചെങ്കൊടിയും കൊടുത്ത്
പ്രതിരോധിക്കാന്‍
പഠിപ്പിച്ചവര്‍
തെമ്മാടികള്‍
പാടത്ത്
ചവിട്ടി തേച്ച
അദ്ധ്വാന മൂല്യത്തെ
വിലപേശി വില്ക്കാന് പഠിപ്പിച്ചവര്‍
തെമ്മാടികള്‍
സ്കൂളുകളിലും
മാനേജരെ വീട്ടിലും
വിടുവേല ചെയ്ത ഗുരുക്കന്മാര്ക്ക്
നട്ടെല്ല് നല്കിയവര്
അവര്‍
നിവര്‍ന്ന് നിന്ന്
പാഠം പഠിപ്പിച്ചപ്പോള്‍
ക്ലാസിലിരുന്ന തലമുറ
തെമ്മാടികള്‍
ഇതെല്ലാം
ഇപ്പോഴും നടമാടുന്ന
നാട്ടില്‍ നിന്ന് വരുന്നവര്‍
കീഴടക്കി ഭരിച്ച വൈദേശിക
രക്തത്തിന്റെ ചൂരുള്ളവര്
നമ്മേ നോക്കി
ഗര്‍ജ്ജിക്കുന്നു
'തെമ്മാടികള്‍ '
അതെ
ഞങ്ങള്‍ തെമ്മാടികള്‍
രൂപേഷ് ആര് മുചുകുന്ന്