23 January Wednesday

റെഡ‌് സല്യൂട്ട‌് സൈമൺ ബ്രിട്ടോ

വെബ് ഡെസ്‌ക്‌Updated: Thursday Jan 3, 2019


കൊച്ചി
‘വി സല്യൂട്ട‌് റെഡ‌് സല്യൂട്ട‌്, റെഡ‌് സല്യൂട്ട‌് ടു സൈമൺ ബ്രിട്ടോ. ഞങ്ങളിലൊഴുകും ചോരയിലൂടെ ജീവിക്കുന്നു സൈമൺ ബ്രിട്ടോ’. സൈമൺ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ കോളേജിന‌് കൈമാറിക്കൊണ്ടുള്ള രേഖകൾ സിപിഐ എം ജില്ലാസെക്രട്ടറി സി എൻ മോഹനൻ  കൊച്ചി മെഡിക്കൽകോളേജ‌് അധികൃതർക്ക‌് കൈമാറിയപ്പോൾ അന്തരീക്ഷത്തിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളികളുയർന്നു.  ചുരുട്ടിയ മുഷ്ടി ഉയർത്തി ഒരേ സ്വരത്തിൽ പ്രിയ സഖാക്കൾ വിളിച്ചുപറഞ്ഞ മുദ്രാവാക്യങ്ങൾ ബ്രിട്ടോയുടെ പ്രിയമകൾ കയീനിലയും ഭാര്യ സീനഭാസ‌്കറും ഏറ്റുവിളിച്ച‌ു. ആ കാഴ‌്ചയിൽ ഒന്നിടറിയ കണ‌്ഠങ്ങൾ കൂടുതൽ ആവേശത്തോടെ ഉറക്കെ പറഞ്ഞു, ‘ഇല്ല, ബ്രിട്ടോ മരിക്കുന്നില്ല’ എന്ന‌്. ഒമ്പതുകാരിയായ മകൾ കയീനില പ്രിയപ്പെട്ട അബ്ബയ‌്ക്ക‌് അന്ത്യചുംബനം നൽകിയശേഷം മുഷ്ടി ചുരുട്ടിയാണ‌് അന്ത്യാഭിവാദ്യമേകിയത‌്. സീനയുടെ കണ്ണുനീർ തുടച്ച‌് കരയരുതെന്ന‌് പറഞ്ഞ മകൾ ഒന്നു വിതുമ്പിയത‌് മൃതദേഹം മെഡിക്കൽ കോളേജാശുപത്രി അധികൃതർ ഏറ്റുവാങ്ങി കൊണ്ടുപോയപ്പോൾ. ബ്രിട്ടോയുടെ പ്രിയ സഖാക്കളും സുഹൃത്തുക്കളും ആദ്യകാല എസ‌്എഫ‌്ഐ പ്രവർത്തകരും പരസ‌്പരം ആശ്വസിപ്പിക്കുകയായിരുന്നു അപ്പോൾ.  ബ്രിട്ടോയുടെ ശരീരവുമായി മെഡിക്കൽ കോളേജാശുപത്രിയുടെ വാഹനം ടൗൺഹാളിന്റെ ഗേറ്റ‌് പിന്നിടുമ്പോഴും  മുദ്രാവാക്യം വിളികൾ അവസാനിച്ചിരുന്നില്ല.

ചക്രക്കസേരയിൽ സൈമൺ ബ്രിട്ടോയുടെ ജീവിതത്തിന‌് എത്ര തിളക്കമുണ്ടായിരുന്നുവോ ആ തിളക്കവും ശബ്ദഘോഷങ്ങളും അന്ത്യയാത്രാ ചടങ്ങിലും നിറഞ്ഞുനിന്നു. അക്ഷരാർഥത്തിൽ വികാരതീവ്രമായി ടൗൺഹാളിൽ തിങ്ങിനിറഞ്ഞ ജനാവലി പ്രിയസഖാവിന‌് യാത്രാമൊഴിയേകി. ചൊവ്വാഴ‌്ച രാത്രി ഒമ്പതോടെയാണ‌് മൃതദേഹം എറണാകുളം വടുതലയിലെ വീട്ടിലേക്ക‌് കൊണ്ടുവന്നത‌്. ബുധനാഴ‌്ച രാവിലെ 10.30 വരെ വീട്ടിൽ പൊതുദർശനത്തിനുവച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, ടി എം തോമസ‌് ഐസക‌്, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ‌്സിക്കുട്ടിയമ്മ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ‌്, സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ, നടൻ മമ്മൂട്ടി, മഹാരാജാസിൽ കുത്തേറ്റുമരിച്ച എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ  ഭൂപതി എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

തുടർന്ന‌് വിലാപയാത്രയായി മൃതദേഹം ടൗൺഹാളിലേക്ക‌് കൊണ്ടുപോയി. അവിടെ പ്രിയപ്പെട്ട നേതാവിന‌് അന്ത്യാഞ‌്ജലിയർപ്പിക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. നേരത്തെ സജ്ജമാക്കിയ സ്ഥലത്ത‌് ബ്രിട്ടോയുടെ മൃതദേഹം പാർടി നേതാക്കൾ ചേർന്ന‌് ഏറ്റുവാങ്ങിക്കിടത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ‌് കൺവീനർ  എ വിജയരാഘവൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം സി ജോസഫൈൻ, എ ആർ സിന്ധു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി എം ദിനേശ‌്മണി, കെ ചന്ദ്രൻപിള്ള, എസ‌് ശർമ, കെ പി മേരി, പി ജയരാജൻ,  ആർ നാസർ,  കെ കെ ലതിക, സി ബി ചന്ദ്രബാബു, പി സതീദേവി, വി എൻ വാസവൻ, ടി വി രാജേഷ‌്, നടൻമാരായ ഇന്ദ്രൻസ‌്, അനൂപ‌് ചന്ദ്രൻ, സംവിധായകരായ രാജീവ‌് രവി,  അമൽ നീരദ‌്, സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ‌്നിവേശ‌്, പ്രൊഫ. എം കെ സാനു, സുനിൽ പി ഇളയിടം, പി കെ ബിജു എംപി, എംഎൽഎമാരായ എ പ്രദീപ‌്കുമാർ, എ എം ആരിഫ‌്, കെ സുരേഷ‌്കുറുപ്പ‌്, റോജി എം ജോൺ, എം സ്വരാജ‌്, കെ ജെ മാക‌്സി, ജോൺ ഫെർണാണ്ടസ‌്, അൻവർ സാദത്ത‌്, സി കെ ശശീന്ദ്രൻ, ആന്റണി ജോൺ,  വി ഡി സതീശൻ, ജസ‌്റ്റിസ‌് വി കെ മോഹനൻ, മുതിർന്ന സിപിഐ എം നേതാക്കളായ എം എം ലോറൻസ‌്, കെ എൻ രവീന്ദ്രനാഥ‌്, കെ എം സുധാകരൻ, പിരപ്പൻകോട‌് മുരളി, ജിസിഡിഎ ചെയർമാൻ വി സലീം, കൊച്ചി മേയർ സൗമിനി ജെയിൻ, സിറ്റി പൊലീസ‌് കമീഷണർ എം പി ദിനേഷ‌്, എസിപി കെ ലാൽജി, കലക്ടർ കെ മുഹമ്മദ‌് സഫീറുള്ള, കെഎംആർഎൽ എംഡി മുഹമ്മദ‌് ഹനീഷ‌്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പി പത്രോസ‌്, ടി കെ മോഹനൻ, കെ ജെ ജേക്കബ‌്, എൻ സി മോഹനൻ, കെ എൻ ഉണ്ണിക്കൃഷ‌്ണൻ, എം സി സുരേന്ദ്രൻ, പി ആർ മുരളീധരൻ, മുൻമന്ത്രി കെ ബാബു, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മഹിളാ ഫെഡറേഷൻ നേതാവ‌് കമല സദാനന്ദൻ, ഡിസിസി സെക്രട്ടറി ടി ജെ വിനോദ‌്, എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ‌്റ്റർ, ആർഎംപി നേതാവ‌് കെ കെ രമ, സിപിഐ എം എൽ റെഡ‌്ഫ‌്ളാഗ‌് നേതാവ‌് പി സി ഉണ്ണിച്ചെക്കൻ, ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ‌് എസ‌് സതീഷ‌്, കെ എസ‌് രാധാകൃഷ‌്ണൻ, മഹിളാ കോൺഗ്രസ‌് നേതാവ‌് ദീപ‌്തി മരിയ ജേക്കബ‌്, മുൻ എംഎൽഎമാരായ ജോസ‌് തെറ്റയിൽ, പി കൃഷ‌്ണപ്രസാദ‌്, എ എം യൂസഫ‌്, സാജു പോൾ, സാമൂഹ്യ പ്രവർത്തക തനൂജ ഭട്ടതിരി, മത്സ്യഫെഡ‌് ചെയർമാൻ പി പി ചിത്തരഞ‌്ജൻ, എൽഡിഎഫ‌് ജില്ലാ കൺവീനർ ജോർജ‌് ഇടപ്പരത്തി, എംസിപിഐ യു സംസ്ഥാന സെക്രട്ടറി ഇ കെ മുരളി തുടങ്ങിയവർ ടൗൺഹാളിലെത്തി ആദരാഞ‌്ജലിയർപ്പിച്ചു.

സിപിഐ എം ഇരുമ്പനം ലോക്കൽ കമ്മിറ്റിയുടെ ബാൻഡ‌്സംഘം ബാൻഡ‌് വേഷത്തിലാണ‌് ആദരാഞ‌്ജലിയർപ്പിക്കാനെത്തിയത‌്. ബ്രിട്ടോ എസ‌്എഫ‌്ഐ സംസ്ഥാന വൈസ‌് പ്രസിഡന്റായിരിക്കേ സംസ്ഥാനകമ്മിറ്റിയിലുണ്ടായിരുന്നവർ മൃതദേഹത്തിനു സമീപം നിരന്നുനിന്ന‌് അഭിവാദ്യമർപ്പിച്ചു. അന്ന‌് സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്ന  തോമസ‌് ഐസക‌്,  സുരേഷ‌്കുറുപ്പ‌്, സതീദേവി, കെ പി മേരി, വത്സ വർഗീസ‌്, സുന്ദരേശൻ, വി കെ മോഹനൻ എന്നിവരാണ‌് ബ്രിട്ടോയ‌്ക്ക‌് ആദരമർപ്പിക്കാൻ ഒരുമിച്ചെത്തിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top