06 October Thursday

പട നയിച്ച റാണി ചെന്നമ്മ ; കൊടി കാത്ത കുമരൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

 

പട നയിച്ച റാണി ചെന്നമ്മ
നാട്ടുരാജ്യങ്ങൾ പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷ്‌ നീക്കത്തിന്റെ ഭാഗമായിരുന്നു ദത്തപഹാരനയം. സ്വാഭാവിക പിന്തുടർച്ചാവകാശികൾ ഇല്ലെങ്കിൽ നാട്ടുരാജ്യങ്ങൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ്‌ ദത്തപഹാരനയം. ഇതിനെതിരെയാണ് കിത്തൂർ റാണി ചെന്നമ്മ പൊരുതിയത്. കർണാടകത്തില്‍ ബലഗവി ജില്ലയില്‍ ബെൽഗാമിനടുത്ത് കകാടി ഗ്രാമത്തില്‍ 1778 ഒക്ടോബർ 23നാണ് ചെന്നമ്മയുടെ ജനനം. ചെറുപ്രായത്തിലേ ആയോധനകലകൾ പഠിച്ചു. കിത്തൂർ രാജാവ്‌ ദേശായി കുടുംബത്തിലെ മല്ലസർജയെയാണ് ചെന്നമ്മ വിവാഹം ചെയ്തത്. ഭർത്താവും ഏക മകനും മരിച്ചതോടെ കിത്തൂർ നാട്ടുരാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ശിവലിംഗപ്പ എന്ന കുട്ടിയെ ചെന്നമ്മ അനന്തരാവകാശിയായി ദത്തെടുത്തു. എന്നാൽ, അത്‌ അംഗീകരിക്കാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. പിൻവാങ്ങാൻ തയ്യാറാകാതെ ചെറു സൈന്യത്തെ മുൻനിർത്തി ബ്രിട്ടീഷ് സേനയെ നേരിടാൻ ചെന്നമ്മ തീരുമാനിച്ചു.ബ്രിട്ടീഷ്‌ സൈന്യം 1824ൽ കിത്തൂരിനെ ആക്രമിച്ചു. കമ്പനിപ്പടയെ ചെന്നമ്മയുടെ സൈന്യം പ്രതിരോധിച്ചു. ചെന്നമ്മയുടെ സൈനികൻ അമറ്റൂർ ബാലപ്പ കമ്പനി പടനായകൻ സർ ജോൺ താക്കറെയെ വെടിവച്ചുകൊന്നു. രണ്ടു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥരെ തടവിലാക്കി. 

ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കിയാൽ കിത്തൂർ വിട്ടോളാമെന്ന ബ്രിട്ടന്റെ വാക്ക്‌ വിശ്വസിച്ചു. എന്നാൽ, ഉദ്യോഗസ്ഥരെ മോചിപ്പിച്ചതിനു പിന്നാലെ വീണ്ടും കിത്തൂരിനെ ആക്രമിച്ചു. സർവസൈന്യാധിപനായ സങ്കോളി രായണ്ണയുമായി ചേർന്ന് പൊരുതിയ ചെന്നമ്മയെ ബൈൽഹൊങ്കൽ കോട്ടയിൽ ബ്രിട്ടീഷുകാർ തടവിലാക്കി.
1829 വരെ രായണ്ണ ഗറില്ലാ യുദ്ധം തുടർന്നു. അവസാനം പരാജയപ്പെട്ടു. 1829 ഫെബ്രുവരി 21ന്‌ ചെന്നമ്മ തടവിൽ വീരചരമം പ്രാപിച്ചു. സൈന്യാധിപൻ രായണ്ണയെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. ശിവലിംഗപ്പയെയും തടവിലാക്കി. റാണി ചെന്നമ്മയുടെ ഓർമയ്‌ക്കായി 2007 സെപ്‌തംബർ 11ന്‌ പാർലമെന്റ്‌ സമുച്ചയത്തിൽ അവരുടെ പ്രതിമ സ്ഥാപിച്ചു.

കൊടി കാത്ത കുമരൻ
മരണം കൺമുന്നിലെത്തിയപ്പോഴും ത്രിവർണ പതാക നിലത്ത്‌ വീഴാതെ നെഞ്ചൊട്‌ ചേർത്തു പിടിച്ച ഒരു പോരാളിയുണ്ട്‌. 27–-ാം വയസ്സിൽ ത്രിവർണ പതാക സംരക്ഷിച്ച്‌ രക്തസാക്ഷിത്വം വരിച്ച തിരുപ്പൂർ സ്വദേശി ഒ കെ എസ് ആർ കുമരസ്വാമി മുതലിയാർ. ഈറോഡിനടുത്ത് ചെന്നിമലയിലെ നെയ്‌ത്ത്‌ കുടുംബത്തിൽ 1904 ജനുവരി 11നായിരുന്നു ജനനം. സാമ്പത്തിക പ്രതിസന്ധിമൂലം അഞ്ചാം ക്ലാസിൽവച്ച്‌ പഠനം നിർത്തി. ഗാന്ധിജിയിൽ ആകൃഷ്ടനായി ദേശബന്ധു യൂത്ത് അസോസിയേഷൻ എന്ന സംഘടനയ്‌ക്ക്‌ രൂപം നൽകി സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി.

1931 ഡിസംബറിൽ രണ്ടാം വട്ടമേശ സമ്മേളനം പരാജയപ്പെട്ടതിനു പിന്നാലെ ബ്രിട്ടീഷ്‌ സർക്കാർ സമ്മേളനങ്ങളും ജാഥകളും പതാകകളും വിലക്കി. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ​ഗാന്ധിജി രണ്ടാം നിസ്സഹകരണ സമരം പ്രഖ്യാപിച്ചു. ഇതിന്റെ അലയൊലി രാജ്യമാകെ പടർന്നു. തിരുപ്പൂരിൽ നടന്ന പ്രതിഷേധത്തിൽ നിരവധിപേർ നിരോധിക്കപ്പെട്ട പതാകയുമേന്തി പ്രകടനം നടത്തി. പ്രതിഷേധക്കാരെ ക്രൂരമായി ലാത്തിച്ചാർജ്‌ ചെയ്‌തു. പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. നിരവധി പേർ പരിക്കേറ്റ്‌ വീണു. അക്കൂട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട്‌ ഇരുപത്തേഴുകാരനായ കുമരസ്വാമിയുമുണ്ടായിരുന്നു. ജീവൻ നഷ്ടമായപ്പോഴും ത്രിവർണ പതാകയെ നെഞ്ചോട്‌ ചേർത്തുപിടിച്ചിരുന്നു. അങ്ങനെ മരണാനന്തരം കുമരസ്വാമി കൊടികാത്ത കുമരനായി. കുമരന്റെ ത്വാഗോജ്വലമായ പോരാട്ടത്തിന്റെ ഓർമയ്‌ക്കായി 100–-ാം ജന്മവാര്‍ഷികമായ 2004 ഒക്‌ടോബറിൽ തപാൽവകുപ്പ്‌ പ്രത്യേക സ്റ്റാമ്പ്‌ പുറത്തിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top