16 July Thursday

ഇറ്റലിയിലെത്തി ക്വാറന്റീൻ റിപ്പോർട്ടു ചെയ്‌തു തോമ്മാക്കത്തനാർ

ലെനി ജോസഫ്‌Updated: Wednesday Apr 15, 2020

പാറേമ്മാക്കൽ തോമ്മാക്കത്തനാർ


കോട്ടയം> കൊറോണ വൈറസിന്റെ കടന്നാക്രമണം  വരെ ക്വാറന്റീൻ (സമ്പർക്കവിലക്ക്‌) എന്ന വാക്കുമായി  ഭൂരിപക്ഷത്തിനും  അത്ര സമ്പർക്കമില്ലായിരുന്നു. എന്നാൽ രണ്ടു നൂറ്റാണ്ടുമുമ്പേ മലയാളികൾക്കുവേണ്ടി ഇറ്റലിയിൽ നിന്ന്‌ ക്വാറന്റീൻ റിപ്പോർട്ടു ചെയ്‌തയാളാണ്‌ പാറേമ്മാക്കൽ തോമ്മാക്കത്തനാർ.  മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണരചനയായ വർത്തമാനപ്പുസ്തകത്തിലൂടെ.

തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ ജോസഫ് മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ റോമാ യാത്രയാണ്  വർത്തമാനപ്പുസ്‌തകത്തിന്റെ ഉള്ളടക്കം.
ഇറ്റലിയിൽ എത്തിയപ്പോഴുള്ള ഭാഗത്താണ് ക്വാറന്തീന(ക്വാറന്റീൻ) എന്നതിനെ കുറിച്ച് പരാമർശം. കപ്പലിലെ യാത്രക്കാർ എത്തുമ്പോൾ തുറമുഖത്തു തന്നെ പ്രത്യേക വീട്ടിൽ കുറേ നാൾ പാർപ്പിച്ചതിന് ശേഷമേ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

വകന്തെ (വസൂരി)യാണ് അക്കാലത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധി എന്നതിനാൽ അതുള്ള യാത്രക്കാരുമായി വരുന്ന കപ്പലിലുള്ളവർ നാൽപ്പതു ദിവസം കഴിഞ്ഞേ നഗരത്തിലിറങ്ങാവൂ. കടുത്ത പകർച്ചവ്യാധികൾ വന്നതിന് ശേഷമുള്ള നാൽപ്പതു കുളി എന്നു പറയുന്നതും ഇതുതന്നെ. ‘ വിശെഷിച്ചും ക്വാറെന്തെനാ എന്നു പറയുന്നത്‌ എന്താകുന്നു എന്നു നമ്മുടെ ജനങ്ങൾ അറിവാനായിട്ടു ആയതു ഇവിടെ തിരിച്ചെഴുതുന്നു. അതായതു ജെന്വായിലും മറ്റു എറൊപ്പായിലുള്ള നഗരികളിലും തങ്ങളുടെ ജനങ്ങളുടെ ഗുണത്തിനും സൂക്ഷത്തിനും വെണ്ടി നഗരത്തിനുപുറത്തുള്ള തുറമുഖത്തൊടുചേർ  ലാസറെത്തെ എന്നു ചൊല്ലുന്ന ഒരു വീടു തീർത്തിട്ടുണ്ടു.അപ്പൊഴൊ തുർക്കീന്റെ രാജ്യത്തീന്നുതാൻ വകന്തയുടെ സംശയമുള്ള മറ്റു  നാടുകളീന്നുതാൻ വകന്തയുടെ സംശയം തൊന്നുവാൻ തക്ക മറ്റു വാച്ചപ്രകാരത്തിൽതാൻ വന്ന തുറമുഖത്തു ചെരുന്ന കപ്പലുകളിലുള്ള ആളുകൾ വകന്തയുടെ സംശയത്തിന്നു തക്കവണ്ണം ഏറെക്കുറെ ദിവസം കഴിയുന്നതിനുമുമ്പെ നഗരിയിൽ കടന്നുകൂടാ.’ തോമ്മാക്കത്തനാർ ഇവിടംകൊണ്ടും നിർത്താതെ ക്വാറന്റീന്റെ വിശദവിവരണം തുടർന്ന്‌ നൽകുന്നുണ്ട്‌. ജെന്വാ എന്നു സൂചിപ്പിക്കുന്നത്‌ ജനോവയും ഏറൊപ്പാ എന്നത് യൂറോപ്പുമാണ്‌.

quadraginta എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഉത്ഭവം. വടക്കൻ ഇറ്റാലിയൻ (വെനീഷ്യൻ)പദമായ quarantena അതിൽ നിന്ന് ഉണ്ടായി. നാൽപ്പത് എന്നുതന്നെ അർത്ഥം. പതിമൂന്നും പതിന്നാലും നൂറ്റാണ്ടുകളിലെ പ്ലേഗ് കാലത്താണ് ഈ സമ്പ്രദായം ആരംഭിച്ചതെങ്കിലും യൂറോപ്പിലെ തുറമുഖനഗരങ്ങളിൽ പിന്നീട് ഇത് സാർവത്രികമാക്കിയെന്ന്‌ പ്രാദേശിക ചരിത്രകാരനായ പള്ളിക്കോണം രാജീവ്‌  ചൂണ്ടിക്കാട്ടുന്നു.

ജസ്യൂട്ട് - കർമ്മലീത്താ പൗരോഹിത്യ സംഘങ്ങളുടെ "പദ്രുവാദോ -പ്രൊപ്പഗന്ത" പോരുകൾക്കിടയിൽപെട്ട് ദുരിതമനുഭവിക്കുന്ന കത്തോലിക്കാ ജനവിഭാഗങ്ങൾക്കായി നാട്ടുകാരനായ ഒരു ബിഷപ്പിനെ വാഴിച്ചു കിട്ടാനും  ഇവിടുത്തെ ദുർഗതികൾ പോപ്പിനെ ബോധ്യപ്പെടുത്താനുമായിരുന്നു മദിരാശിയിൽ നിന്ന് തുടങ്ങി ലിസ്ബൺ വരെയും തുടർന്ന് വത്തിക്കാനിലേക്കും തോമ്മാക്കത്തനാരുടെ  യാത്ര.തോമാക്കത്തനാരാൽ രചിക്കപ്പെട്ട ‘വർത്തമാനപുസ്‌തകം’ പഴയ മലയാളശൈലിയിലുള്ളതാണ്‌. പുതിയ ഭാഷാശൈലിയിൽ പരിഷ്കരിച്ചത് ഓശാന മൗണ്ട് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top