03 December Friday

തീയുണ്ടകളെ നേരിട്ട വാരിക്കുന്തം; ആശയം വേലിക്കകത്ത്‌ ശങ്കരൻ അച്യുതാനന്ദൻ

റിസർച്ച്‌ ഡെസ്‌ക്‌Updated: Sunday Oct 24, 2021

ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിരാതഭരണത്തെ വിറപ്പിച്ച തൊഴിലാളി പ്രക്ഷോഭത്തെ അടിച്ചമർത്താനെത്തിയ പട്ടാളത്തിന്റെ തീയുണ്ടകളെ നേരിടാൻ വാരിക്കുന്തമെന്ന സമരായുധം പിറവിയെടുത്തത്‌ ഒരു ചെറുപ്പക്കാരന്റെ ആശയത്തിൽനിന്നാണ്‌ – വേലിക്കകത്ത്‌ ശങ്കരൻ അച്യുതാനന്ദൻ. സർ സി പിക്കെതിരായ സമരമുഖം തുറക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻപിടിച്ചവരിൽ പ്രധാനിയായിരുന്നു വി എസ്‌. അമ്പലപ്പുഴ–ചേർത്തല താലൂക്കിലെ കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ തുടങ്ങിയവരെ കമ്യൂണിസ്റ്റ്‌ പാർടിക്കൊപ്പം അണിനിരത്തി. അവരെയെല്ലാം ദിവാനെത്തിയായ സമരരംഗത്ത്‌ സജ്ജമാക്കുന്നതിൽ വലിയ പങ്കാണ്‌ വി എസ്‌ വഹിച്ചത്‌.

ദിവാൻഭരണത്തിൽ റേഷൻ വിതരണം അട്ടിമറിച്ചതിനെതിരെ തുടർന്ന്‌ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാൻ രൂപംനൽകിയ ദുരിതാശ്വാസ സമിതിയുടെ കൺവീനർ വി എസായിരുന്നു. പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കുമെതിരായ സമരങ്ങൾക്ക്‌ രൂപംനൽകി. പുന്നപ്രയിലെ  പ്രമാണിമാർ പൂഴ്‌ത്തിവച്ച നെല്ലും തേങ്ങയും പിടിച്ചെടുത്തുകൊണ്ടാണ്‌ പ്രവർത്തനം ആരംഭിച്ചത്‌. കുട്ടനാട്ടിൽ പാർടി പ്രവർത്തകരെ സംഘടിപ്പിക്കുന്ന ദൗത്യം പൂർത്തിയാക്കിയ വി എസിനെ പി കൃഷ്‌ണപിള്ള ആലപ്പുഴയിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിന്‌ നിയോഗിച്ചു. തുടർന്നാണ്‌ സി പിയുടെ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ അമരത്ത്‌ എത്തുന്നത്‌. 

ജന്മിപ്രമാണിമാർ, അവരുടെ ഗുണ്ടകൾ, പൊലീസ്‌ തുടങ്ങിയവരെ ഭയന്ന്‌ ജീവിച്ചിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ച്‌ വി എസ്‌ പ്രക്ഷോഭത്തിന്‌ നിലമൊരുക്കി. തുടർന്ന്‌ ആരംഭിച്ച തൊഴിലാളി പ്രക്ഷോഭം ‘അമേരിക്കൻ മോഡലി’നെതിരായ ജനകീയമുന്നേറ്റമായി വളർന്നു. ദിവാന്റെ ദുർഭരണത്തിനെതിരെ നാവനക്കുന്നതുപോലും തീക്കളിയായ കാലത്താണ്‌ പ്രക്ഷോഭത്തുടക്കം. പുന്നപ്ര‐വയലാർ പ്രക്ഷോഭത്തിന്റെ സംഘാടനച്ചുമതല വി എസ്‌ ഏറ്റെടുത്തു. വെളിച്ചത്തിലേക്ക് ഇറങ്ങാനാകാത്ത അവസ്ഥ. എട്ടുവർഷത്തെ ഒളിവ്‐ ജയിൽ ജീവിതത്തിനും ഇതിനൊപ്പം തുടക്കമായി.

തൊഴിലാളികളുടെ ചെറുയോഗങ്ങൾ വിളിച്ചുചേർത്ത്‌ സി പിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കേണ്ടതിന്റെയും അതിനായി സമരം ചെയ്യേണ്ടതിന്റെയും ആവശ്യകത പറഞ്ഞുമനസ്സിലാക്കുന്നതിന്റെ പ്രധാന ചുമതലയായിരുന്നു. തൊഴിലാളി ഐക്യത്തിൽ നാട്ടിൽ പുതിയ സംഘടിതശക്തി ഉണർന്നു. സംഘടനയെ തകർക്കാൻ ജന്മിമാരും മുതലാളിമാരും നിരന്തരം ശ്രമിച്ചു. വി എസിനെയും അവർ പ്രത്യേകം ലക്ഷ്യമിട്ടു. കമ്യൂണിസ്റ്റ്‌ പാർടിയുടെ പ്രക്ഷോഭം നേരിടാനെന്നപേരിൽ സർ സി പിയുടെ പൊലീസ്‌ അഴിഞ്ഞാടി. അഞ്ചു രൂപ പൊലീസും ഗുണ്ടകളും തേർവാഴ്‌ച നടത്തി. ജനങ്ങളെ സംരക്ഷിക്കാൻ ക്യാമ്പുകൾ ആരംഭിക്കുകയെന്ന നിർദേശം പാർടി അംഗീകരിച്ചു. ക്യാമ്പിൽ എത്തുന്നവരെ വളന്റിയർമാരായി വളർത്തിയെടുത്തു. വി എസിന്റെ വീടായ വേലിക്കകംതന്നെയാണ്‌ ആദ്യ ക്യാമ്പായി തീരുമാനിച്ചത്‌. ക്യാമ്പുകളിൽ നൂറുകണക്കിനുപേർ എത്തുകയും ഇവർ ചേർന്ന ഒരു സമരസേന രൂപംകൊള്ളുകയും ചെയ്‌തു.

വാരിക്കുന്തത്തിന്റെ പിറവി

ക്യാമ്പ്‌ പ്രവർത്തനം വിലയിരുത്തുന്നതിനായി വേലിക്കകം വീട്ടിലെ ക്യാമ്പിൽ യോഗം ചേരവേയാണ്‌ ഒരു തിരിച്ചടിക്കുള്ള മരുന്ന്‌ നമ്മുടെ കൈയിൽ വേണമെന്ന നിർദേശം ഉയരുന്നത്‌. കുറച്ച്‌ വടിയും തടിയും  വേണം. നല്ല കവുങ്ങ്‌ വാരിസംഘടിപ്പിക്കണം. ഒരറ്റം നന്നായി കൂർപ്പിച്ചാൽ അവൻ കുതിച്ച്‌ പാഞ്ഞുചെന്ന്‌ തറയ്‌ക്കും. അടിക്കുന്നതിനേക്കാൾ ശക്തി കിട്ടും. ഈ യോഗത്തിലെ ചർച്ചയാണ്‌ പുന്നപ്ര– വയലാർ സമരത്തിന്റെ സമരായുധമായ വാരിക്കുന്തത്തിലേക്ക്‌ എത്തുന്നത്‌. ആറടി നീളം, ഒരറ്റം സൂചിമുനപോലെ കൂർത്തത്‌. അലക്‌ വാരി അടയ്‌ക്കാമരം കീറി പിളർന്ന്‌ ചെത്തിമിനുക്കി കൂർപ്പിച്ചെടുത്താൽ മൂർച്ചയിൽ കത്തി മാറിനിൽക്കും. നാട്ടിലെ വിമുക്തഭടന്മാരെ ഉപയോഗിച്ച്‌ സമരഭടന്മാർക്ക്‌ പരിശീലനം നൽകാനുള്ള പരിപാടിയും തയ്യാറാക്കി. വെടിവയ്‌ക്കുമ്പോൾ കൊള്ളാതിരിക്കാൻ കമിഴ്‌ന്നുകിടന്ന്‌ മുന്നേറുക. സൈന്യത്തിനുനേരെ വാരിക്കുന്തമെറിയുക തുടങ്ങിയ പരിശീലനം വളന്റിയർമാർക്കൊപ്പം വി എസും നേടി.

1946 ഒക്‌ടോബർ ഒന്നിന്‌ ദിവാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ വി എസിന്റെ വെന്തലത്തറയിലെ വിടിന്റെ കതകിൽ രാജമുദ്ര പതിച്ചു. അച്യുതാനന്ദൻ കീഴടങ്ങിയില്ലെങ്കിൽ വീട്‌ കണ്ടുകെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനെയെല്ലാം അവഗണിച്ച്‌ പ്രവർത്തനം തുടർന്നു. ഒക്‌ടോബർ 22ന്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചതിനു പിന്നാലെ പാർടി നിർദേശപ്രകാരം വി എസ്‌ കോട്ടയം പൂഞ്ഞാർ ഭാഗത്തേക്ക്‌ ഒളിവിൽ പോയി.

അതിനിടെ, മാരാരിക്കുളത്തും വയലാറിലും ഒളതലയിലും മേനാശേരിയിലും പൊലീസ് വെടിവയ്‌പ്‌ നടന്നു. വെടിവയ്‌പിന്റെ അഞ്ചാംപക്കം ഒക്‌ടോബർ 28നു വി എസ്‌ പിടിയിലായി. കൊണ്ടുപോയത് പൂഞ്ഞാർ ലോക്കപ്പിലേക്ക്. അവിടെയുണ്ടായ പൊലീസുകാർ ആകുന്നത്ര മർദിച്ചു. അവശനായി നിലത്തുവീണ വി എസിന്റെ കാൽപ്പാദങ്ങൾ ലോക്കപ്പ്‌ അഴിയിൽ കെട്ടിവച്ച്‌ കാൽവെള്ളയിൽ ലാത്തികൊണ്ട്‌ അടിച്ചു. നേതാക്കളുടെ ഒളിസങ്കേതം പറഞ്ഞുകൊടുക്കാത്തതിന്‌ മർദനം തുടർന്നു. തോക്കിന്റെ ബയണറ്റ്‌  കാൽവെള്ളയിൽ  കുത്തിയിറക്കി. മരിച്ചെന്നു കരുതി കാട്ടിൽ തള്ളാൻ കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്നു കണ്ടു. തുടർന്ന്‌ പൊലീസ്‌ പാലാ ആശുപത്രിയിൽ ഉപേക്ഷിച്ചു. മരണക്കിടക്കയിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റ വി എസിനെ വീണ്ടും പൊലീസ്‌ അറസ്റ്റുചെയ്‌തു. പുന്നപ്ര–-വയലാർ സമരത്തിന്റെ ഭാഗമായുള്ള കേസിൽ പ്രതിയാക്കി.

എസ്‌ഐ വേലായുധൻ നാടാർ കൊലക്കേസ്‌, ചേർത്തല രാമൻ കൊലക്കേസ്‌ എന്നിവയിലും പ്രതിയാക്കി. ലോക്കപ്പുമർദനത്തെത്തുടർന്നുള്ള ശാരീരിക അവശതകളും ബയണറ്റുകൊണ്ടുള്ള കുത്തേറ്റതിന്റെ ഉണങ്ങാത്ത മുറിവും നീരുവച്ച കാലുമായി മാസങ്ങൾ നീണ്ട ജയിൽ വാസം അതികഠിനമായിരുന്നു. ഒരു വർഷത്തെ തടവിനുശേഷം പൂജപ്പുര ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ പാർടി നിരോധിക്കപ്പെട്ടിരുന്നു. തുടർന്ന് 1948 മുതൽ 52വരെ വീണ്ടും ഒളിവിൽ കഴിയേണ്ടിവന്നു. അഗ്നിപരീക്ഷകളിൽ ഉരുകിത്തെളിഞ്ഞ മനസ്സിന്റെ ഉറപ്പാണ്‌ അതിജീവനശക്തിയെന്ന്‌ വി എസ്‌ തെളിയിച്ച കാലംകൂടിയായിരുന്നു അത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top