20 January Thursday

സിനിമകൾ ബാക്കി‍, ‘അപ്പു’ മടങ്ങി

കെ എ നിധിൻനാഥ്‌Updated: Saturday Oct 30, 2021

പൃഥ്വി എന്ന ചിത്രത്തിൽ പാർവതി തിരുവോത്തിനൊപ്പം പുനീത് രാജ് കുമാർ


സ്‌ക്രീനിലെ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകൾപോലെതന്നെയായിരുന്നു പുനീത്‌ രാജ്‌കുമാറിന്റെ അരങ്ങൊഴിയലും. സിനിമാ കുടുംബത്തിൽ ജനിച്ച താരത്തിൽനിന്ന്‌ ആരാധകർ പുതിയ സിനിമയുടെ പ്രഖ്യാപനത്തിന്‌ കാത്തിരിക്കെ എത്തിയത്‌ മരണവാർത്ത. പുതിയ സിനിമയുടെ വിവരങ്ങൾ നവംബർ ഒന്നിന്‌ പുറത്തുവിടുമെന്ന്‌ പുനീത്‌ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുനീതിന്റെ അച്ഛൻ രാജ്‌കുമാർ അഭിനയിച്ച ക്ലാസിക്കുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ‘ഗന്ധാദ ഗുഡി’ അല്ലെങ്കിൽ ‘ഒണ്ടു മുട്ടിന കഥ’ എന്നായിരിക്കും സിനിമയുടെ പേര്‌ എന്നും വാർത്തയുണ്ടായിരുന്നു. അത്‌ ആഘോഷമാക്കാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

കന്നട ചലച്ചിത്രപ്രേമികൾ വാത്സല്യത്തോടെയും ആരാധനയോടെയും ‘അപ്പു’ എന്നു വിളിക്കുന്ന പുനീത്‌  ജനിച്ചുവീണത്‌ സിനിമയിലേക്കാണ്‌. കന്നട സിനിമയിലെ ഇതിഹാസതാരമായ രാജ്‌കുമാറിന്റെ മകൻ ജനിച്ച്‌ ആറാംമാസത്തിൽത്തന്നെ അച്ഛൻ നായകനായ പ്രേമദ കനികെയിലൂടെ വെള്ളിത്തിരയിൽ മുഖം കാണിച്ചു. സിനിമാ സെറ്റുകളിലായിരുന്നു കുട്ടിക്കാലം. സഹോദരൻ ശിവരാജ്കുമാറും ബാലതാരമായി ഒപ്പമുണ്ടായി. 14 വയസ്സിനിടെ 14 സിനിമയിൽ പുനീത്‌ വേഷമിട്ടു.

‘ബേട്ടാഡ ഹൂവു’വിലെ അഭിനയത്തിന്‌ ബാലതാരത്തിനുള്ള  ദേശീയ അവാർഡ്‌ ലഭിച്ചു. കാലാന്തരത്തിൽ സാൻഡൽവുഡിന്റെ  ‘പവർ സ്റ്റാർ’ ആയി വളർന്നു. കന്നടികരുടെ ജീവിതത്തിന്റെ ഭാഗമായി പുനീത്‌ മാറുകയായിരുന്നു. 

2002ൽ അപ്പുവിലൂടെയാണ്‌ നായകനായി തുടക്കം. കന്നട സിനിമയുടെ പതിവുരീതികൾക്കൊപ്പം തന്റേതായ ശൈലിയും അദ്ദേഹം വളർത്തി. പാട്ടും ഡാൻഡും ആക്‌ഷനുമെല്ലാമായി കച്ചവടസിനിമയുടെ വിജയഫോർമുലയായി പുനീത്‌ സിനിമകൾ മാറി. തുടർച്ചയായ വിജയങ്ങളും ആരാധകരെ കൈയിലെടുക്കുന്ന പുനീത്‌ മാനറിസങ്ങളും സാൻഡൽവുഡിന്റെ താരസിംഹാസനം പുനീതിലേക്കെത്തിച്ചു. മൗര്യ അഭിനേതാവ് എന്ന നിലയിലും പുനീതിനെ ശ്രദ്ധേയനാക്കി. മിലാനയിലെ പ്രകടനത്തിന് 2007ലെ സംസ്ഥാന അവാർഡ്‌ തേടിയെത്തി. പാർവതി തിരുവോത്തായിരുന്നു നായിക. മോഹൻലാലിനൊപ്പം ‘മൈത്രി’യിൽ അഭിനയിച്ചു.

പിന്നീട്‌ തുടർപരാജയങ്ങൾ അലട്ടിയിരുന്ന പുനീത്‌ കന്നട സിനിമയുടെ അതുവരെയുണ്ടായിരുന്ന ബോക്‌സോഫീസ്‌ പ്രകടനങ്ങളെ പിന്നിലാക്കുന്ന പ്രകടനത്തോടെ 2017ൽ ‘രാജകുമാര’യിലൂടെ തിരിച്ചുവന്നു. കന്നടയിൽ ആദ്യമായി ഒടിടിയിലേക്ക്‌ ചുവടുവച്ച താരവും പുനീതാണ്‌. തന്റെ നിർമാണക്കമ്പനിയിലൂടെ പുതിയ സിനിമാപ്രവർത്തകർക്ക്‌ വലിയ പിന്തുണ നൽകി.

അഭി, വീര കന്നഡിഗ, ആകാശ്, ആരസു, വംശി, റാം, ജാക്കീ, ഹുഡുഗരു തുടങ്ങിയവയാണ് മറ്റ്‌ പ്രധാന ചിത്രങ്ങൾ. അവതാരകൻ, പിന്നണി ഗായകൻ എന്നീ നിലകളിലും ശ്രദ്ധേയനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top