13 August Thursday

ജനങ്ങളുടെ സ്വത്ത്‌ കോർപറേറ്റുകൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

ന്യൂഡൽഹി
പൊതുമേഖലയുടെ സാന്നിധ്യം രാജ്യത്ത്‌ നാമമാത്രമായി മാറും. വൻതോതിൽ പൊതുപണം നിക്ഷേപിച്ചും ജനങ്ങളുടെ അധ്വാനശേഷി വിനിയോഗിച്ചും കെട്ടിപ്പടുത്ത സ്ഥാപനങ്ങൾ സ്വകാര്യ കോർപറേറ്റുകളുടെ വകയായി മാറും. തൊഴിൽസംവരണം അടക്കമുള്ള  സംവിധാനങ്ങൾ അപ്രസക്തമാകും. കോവിഡ്‌ മഹാമാരിയെ നേരിടാൻ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങൾ പോലും ദേശസാൽക്കരണ നടപടികൾ സ്വീകരിക്കവെയാണ്‌ മോഡിസർക്കാർ സർവമേഖലയും വിറ്റുതുലയ്‌ക്കുന്നത്‌.

ഗംഗാജലം കോവിഡ്‌ ചികിത്സയ്‌ക്ക്‌ ഗുണം ചെയ്യുമോയെന്ന്‌ പരിശോധിക്കാൻ ഐസിഎംആറിനോട്‌ നിർദേശിച്ച സർക്കാരാണ്‌ ബഹിരാകാശ ഗവേഷണമേഖലയും ആണവോർജമേഖലയും സ്വകാര്യ കമ്പനികൾക്ക്‌ തുറന്നുകൊടുക്കുന്നത്‌. തന്ത്രപ്രധാന മേഖലയിൽ പൊതുസ്ഥാപനങ്ങളുടെ എണ്ണം പരമാവധി നാലായി ചുരുക്കാനാണ് നിര്‍ദേശം. ധനമേഖലയ്‌ക്ക്‌ ഇത്‌ ബാധകമാക്കിയാൽ പൊതുമേഖലാ ബാങ്കിന്റെ എണ്ണവും നാലായി ചുരുങ്ങും. മോഡിസർക്കാർ വന്നശേഷം പൊതുമേഖലാ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച്‌ ഇവയുടെ എണ്ണം 12 ആയി ചുരുക്കി. എണ്ണം വീണ്ടും ചുരുക്കുമെന്ന് വ്യക്തം. ജനങ്ങളുടെ ചെലവിൽ വൻആസ്‌തിയുള്ള ബാങ്കുകൾ സൃഷ്ടിച്ചശേഷം  സ്വകാര്യ കോർപറേറ്റുകൾക്ക്‌ ദാനം ചെയ്യാനാണ്‌ പദ്ധതി. കോർപറേറ്റുകൾക്ക്‌ വാരിക്കോരി വായ്‌പ നൽകിയതിനെ തുടർന്ന്‌ പ്രതിസന്ധിയിലായ യെസ്‌ ബാങ്കിനെ സംരക്ഷിക്കാൻ എസ്‌ബിഐ ഫണ്ടാണ്‌ വിനിയോഗിച്ചത്‌. നേരത്തെ ഐഡിബിഐ ബാങ്കിനെ എൽഐസിക്ക്‌ ഏറ്റെടുക്കേണ്ടിവന്നു.

റെയിൽവേ സംവിധാനം ഉപയോഗിച്ച്‌ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയ സർക്കാർ പൊതുമേഖലാ ആസ്‌തികൾ സ്വകാര്യ കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യാൻ നൽകുന്നു. മറിച്ച്‌, സ്വകാര്യമേഖലയുടെ കെടുകാര്യസ്ഥത പരിഹരിക്കാൻ പൊതുപണവും വിനിയോഗിക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top