21 March Thursday

നിത്യഹരിതം ഈ ഓർമകൾ; പ്രേംനസീറിന്റെ ഓര്‍മകള്‍ക്ക് മുപ്പതാണ്ട്

സുബ്രഹ്മണ്യന്‍ അമ്പാടിUpdated: Sunday Jan 13, 2019

   പ്രേംനസീർ എന്ന ജനപ്രിയ നടൻ തിരശ്ശീലയിലേക്ക‌് മറഞ്ഞിട്ട‌് മുപ്പതാണ്ടുകൾ. 1989 ജനുവരി പതിനാറിനായിരുന്നു നിത്യഹരിത നായകന്റെ ആകസ‌്മികമായ അന്ത്യം

 
‘‘പ്രേംനസീർ ഇനി അഭിനയിച്ചില്ലെങ്കിലെന്താ ഇരുട്ടിന്റെ ആത്മാവിലെ വേലായുധനുണ്ടല്ലോ എന്നെന്നും അനുസ്‌മരിക്കാനും അഭിമാനിക്കാനുമായി''‐ മലയാളത്തിന്റെ നിത്യഹരിത നായകൻ പത്മഭൂഷൺ പ്രേംനസീറിനെക്കുറിച്ച്  മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വാക്കുകൾ.
 
മൂന്നരപതിറ്റാണ്ട് നിത്യസൗന്ദര്യമായി നിറഞ്ഞുനിന്ന ചിറയൻകീഴുകാരൻ അബ്ദുൾഖാദറെന്ന പ്രേംനസീർ,‌ ഇന്നും സിനിമാ ആസ്വാദകരുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുന്നു. കോളേജ‌് വിദ്യാഭ്യാസത്തിനുശേഷം ആകസ‌്മികമായാണ‌് അബ്ദുൾഖാദർ 1951ൽ മരുമകൾ സിനിമയിൽ രവിയെന്ന കഥാപാത്രത്തിനുവേണ്ടി ചായമിട്ടത‌്.
 
മലയാളത്തിൽ 672 ചിത്രങ്ങൾ.  56 തമിഴ് ചിത്രങ്ങളിലും 21 തെലുഗു ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും ഈ നിത്യവസന്ത നായകൻ അഭിനയിച്ചു. തിക്കുറിശ്ശി സുകുമാരൻ നായരാണ‌് നാടകവേദിയിൽനിന്ന‌് അബ‌്ദുൾ ഖാദർ എന്ന നടനെ കണ്ടെത്തിയത‌്. പ്രേംനസീർ എന്ന പേരു നൽകിയത‌ും തിക്കുറുശ്ശി തന്നെ. 
 
കുഞ്ചാക്കോയുടെ വിശപ്പിന്റെ വിളിയിൽ പ്രേംനസീർ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ കുഞ്ചാക്കോയും തിക്കുറിശ്ശി സുകുമാരൻ നായരും രഹസ്യമായി ആലപ്പുഴ തിയറ്ററിൽവച്ച‌് മരുമകൾ സിനിമ കണ്ടു. രവി എന്ന കഥാപാത്രത്തിന്റെ അഭിനയം കണ്ട പ്രേക്ഷകർ  കൂവി വിളിച്ചു.  പിറ്റേന്ന‌് ഷൂട്ടിങ്ങിന് മുൻപ് ഉദയാ സ്റ്റുഡിയോയിൽ തിക്കുറിശ്ശിയെ വിളിച്ച‌് കുഞ്ചാക്കോ പറഞ്ഞു,   ‘‘അബ്ദുൾ ഖാദർ ഇന്നുമുതൽ നമ്മുടെ സിനിമയിൽ അഭിനയിക്കണ്ട. ഇന്നലെവരെ ചെയ്‌ത ജോലിക്കുള്ള ശമ്പളം കൊടുത്ത‌് അയാളെ പറഞ്ഞുവിട്ടേക്ക്. ഇതുവരെ ഉണ്ടായ നഷ്ടം ഞാൻ സഹിക്കാം. നമുക്ക് മറ്റൊരു നായകനെ കണ്ടുപിടിക്കാം''.
 
തിക്കുറിശ്ശി  ധർമസങ്കടത്തിലായി. കർക്കശക്കാരനായ കുഞ്ചാക്കോയോട‌് തിക്കുറിശ്ശി പറഞ്ഞു. ‘‘അബ്ദുൾഖാദറിനെ പറഞ്ഞുവിടുമ്പോൾ എന്നെയും വിശപ്പിന്റെ വിളിയിൽനിന്നും പറഞ്ഞുവിടണം.''  ആത്മാർഥ സുഹൃത്തിന്റെ വാക്കുകൾ തള്ളിക്കളയാനാകാതെ കുഞ്ചാക്കോ പറഞ്ഞു. ‘‘അബ്ദുൾഖാദറിനെ പറഞ്ഞയക്കേണ്ട എന്നാണല്ലോ സുകുമാരൻ നായരുടെ ആവശ്യം. എന്നാൽ, അയാളെ ഞാനായിട്ട് പറഞ്ഞുവിടുന്നില്ല.''  
 
മലയാളിപ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ സ്വതസിദ്ധമായ അഭിനയരീതികൊണ്ട് അനശ്വരമാക്കി. അടിമകളിലെ പൊട്ടൻ രാഘവൻ, ലൈലാ മജ്നുവിലെ മജ്നു, കാവ്യമേളയിലെ ജയദേവൻ, അനാർക്കലിയിലെ സലീം രാജകുമാരൻ, തുമ്പോലാർച്ചയിലെ ആരോമൽ ചേകവർ, വിടപറയും മുമ്പേയിലെ മാധവൻകുട്ടി, ആലിബാബയും 41 കള്ളന്മാരും  എന്ന ചിത്രത്തിലെ ആലിബാബ, അവസാന ചിത്രമായ കടത്തനാടൻ അമ്പാടിയിലെ ആറേക്കാട്ട് അമ്പാടിതമ്പാൻ തുടങ്ങി അവിസ്‌മരണീയമായ എത്രയോ കഥാപാത്രങ്ങൾ.
 
ദരിദ്രരായി എത്തുന്ന എല്ലാവർക്കും അദ്ദേഹം സഹായങ്ങൾ നൽകിയിരുന്നു. പഠിക്കുവാൻ പണമില്ലാത്ത വിദ്യാർഥികൾക്ക് പണം നൽകി, അനാഥാലയങ്ങൾക്ക് സഹായങ്ങൾ, വായനശാല കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും പുസ‌്തകങ്ങൾക്കും ആശുപത്രികൾക്കും പണം നൽകി. ബാല്യവും കൗമാരവും ചെലവിട്ട ചിറയിൻകീഴ‌് ശാർക്കര ദേവീക്ഷേത്രത്തോടുള്ള സ‌്നേഹം പ്രകടിപ്പിച്ചത‌് ആനയെ നടയിരുത്തിക്കൊണ്ടാണ‌്.  
 
വിനയവും മനുഷ്യത്വവുംകൊണ്ട് പച്ചമനുഷ്യനായി ജനങ്ങളുടെയും സഹപ്രവർത്തകരുടെയും ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ പ്രേംനസീറിനെക്കുറിച്ച് എം ടി വാസുദേവൻ നായർ ഇങ്ങനെ പറഞ്ഞു: ‘‘ഇനി ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടാവില്ല. കൃത്യനിഷ്‌ഠ, വിനയം, കൂടെ ജോലി ചെയ്യുന്നവരോടുള്ള അളവറ്റ സ‌്നേഹം, പാവപ്പെട്ടവരെ സഹായിക്കാനുള്ള വലിയ മനസ്സ്, ഇതെല്ലാം നസീറിന്റെ ഗുണങ്ങളായിരുന്നു. അഭിനയത്തിൽ ശരാശരി മാത്രമായിരുന്ന നസീറിനെ ലോകപ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ  ഗുണങ്ങളാണ്, ഇന്നത്തെ കലാകാരന്മാർ നസീറിൽ നിന്ന് ഒരുപാട് പഠിക്കണം.''
 
അഭിനയമോഹവുമായി കേരളത്തിൽ നിന്നും ആയിരങ്ങൾ കോടാമ്പക്കത്തെത്താറുണ്ട‌്. പലരും ഒരിടത്തുമെത്താതെ അലഞ്ഞുതിരിഞ്ഞ് പട്ടിണിയിലാകും.  ഉടുതുണിക്ക് മറുതുണിയില്ലാത്തവർ അവസാനം പ്രേംനസീറിന്റെ വീട്ടിലെത്തും. അദ്ദേഹം ഭക്ഷണവും, സാമ്പത്തിക സഹായവും നൽകിയവർ എത്രപേർ.  
 
പ്രേംനസീറിന്റെ ആദ്യ ചിത്രത്തിലെ നായിക നെയ്യാറ്റിൻകര കോമളമായിരുന്നു. പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത് ഷീല, രണ്ടാംസ്ഥാനം ജയഭാരതി. എന്റെ ജീവിതം എന്ന പുസ‌്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതി. ‘‘എന്റെ ആത്മകഥയിൽ ഞാൻ കടന്നുപോന്ന വഴികളിലെ മുള്ളിനെയും മലരിനെയും നിങ്ങൾക്ക് പഠിക്കാനോ പകർത്താനോ ഒന്നും കണ്ടെന്നുവരില്ല.'' 
 
രാജ്യം ഈ നടനെ പത്മഭൂഷൺ നല്‍കി ആദരിച്ചു. വിടപറയും മുമ്പേ, പാർവതി എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന സർക്കാർ പ്രത്യേക അവാർഡ് നൽകി. ഇന്ത്യൻ സിനിമയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ പ്രമുഖരുടെ ചിത്രങ്ങളിൽ മലയാളത്തിൽ നിന്നും പ്രേംനസീറിനെ ഉൾപ്പെടുത്തിയിരുന്നു. മരണത്തിന്റെ തിരശ്ശീലയിലേക്ക് മറഞ്ഞിട്ട‌്  മുപ്പതാണ്ടുകളായിട്ടും മനുഷ്യസ‌്നേഹിയായ ഈ നടനെ മലയാളം നെഞ്ചേറ്റുന്നു.
പ്രധാന വാർത്തകൾ
 Top