27 October Wednesday

‘പുതിയ ഇന്ത്യ’ ആരുടേത്‌; പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Sunday Aug 15, 2021

ഇന്ത്യ 74 സ്വതന്ത്ര വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷമാണിന്ന്‌. സ്വാതന്ത്ര്യലബ്‌ധിയുടെ മുക്കാൽ നൂറ്റാണ്ടിലേക്ക്‌ 2022ൽ നമ്മൾ പ്രവേശിക്കുമ്പോൾ രാജ്യം തീർച്ചയായും ഒരു നിർണായക സന്ധിയിലാണ്‌.

ഒരു റിപ്പബ്ലിക്കൻ ഭരണഘടനയുടെ രൂപീകരണത്തിലേക്കും പാർലമെന്ററി ജനാധിപത്യം അടിത്തറയിടുന്നതിലേക്കും നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ  മൂല്യങ്ങൾ പതിറ്റാണ്ടുകളായി ദുർബലമാകുകയാണ്‌. 2014ൽ ആർഎസ്‌എസ്–- ബിജെപി സഖ്യം അധികാരത്തിൽ വന്നതോടെ ഈ പ്രവണത കൂടുതൽ ശക്തമായി. ഹിന്ദുത്വത്തിന്റെയും നവഉദാര മുതലാളിത്തത്തിന്റെയും വിഷലിപ്‌തമായ മിശ്രിതം, ജനാധിപത്യ–- മതനിരപേക്ഷ–- സ്വാശ്രയത്വ മൂല്യങ്ങൾക്ക്‌ കനത്ത ഭീഷണി സൃഷ്ടിക്കുകയാണ്‌. 

എല്ലാ ഔദ്യോഗിക സംവിധാനങ്ങളും  പിടിച്ചടക്കി അവയെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം നേടുന്നതിന്‌ ദീർഘകാലമായി ബിജെപി–- ആർഎസ്‌എസ്‌ സഖ്യം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. നരേന്ദ്ര മോഡിയുടെ മൂന്നുവർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ പരിശോധിച്ചാൽ ഈ സഖ്യം ലക്ഷ്യംവയ്‌ക്കുന്ന ‘പുതിയ ഇന്ത്യ’യുടെ രൂപരേഖ എന്തെന്ന്‌ മനസ്സിലാക്കാനാകും. 2018 ആഗസ്‌ത്‌ 15ന്റെ പ്രസംഗത്തിൽ മോഡി പറഞ്ഞത്‌ 2022ൽ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു. ഈ ‘പുതിയ ഇന്ത്യ’ അർഥമെന്തെന്ന്‌ ക്രമേണ വെളിപ്പെട്ടു. ജമ്മു- കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ പത്ത്‌ നാളിനുശേഷമായിരുന്നു 2019ലെ സ്വാതന്ത്ര്യദിന പ്രസംഗം. ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്ന ആശയവും സർദാർ പട്ടേലിന്റെ ‘ഏക്‌ ഭാരത്‌, ശ്രേഷ്‌ഠ്‌ ഭാരത്‌’ എന്ന സ്വപ്‌നവും സഫലമായെന്നാണ്‌ അന്ന്‌ അഭിമാനത്തോടെ മോഡി പറഞ്ഞത്‌. ആർഎസ്‌എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന്‌ സമാനമാണിത്‌. അതേവർഷം ഡിസംബറിലാണ്‌ പൗരത്വ ഭേദഗതി നിയമം പാർലമെന്റ്‌ പാസാക്കിയത്‌. മതാടിസ്‌ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന ഈ നിയമം ഒരു മതനിരപേക്ഷ രാജ്യത്തെ പൗരത്വമെന്ന അടിസ്ഥാന ആശയത്തിനുതന്നെ വിരുദ്ധമാണ്‌. 

മഹാമാരിക്കിടയിലാണ്‌ 2020 ആഗസ്‌ത്‌ അഞ്ചിന്‌ ആർഎസ്‌എസ്‌ തലവന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി അയോധ്യയിൽ രാമക്ഷേത്രത്തിന്‌ തറക്കല്ലിട്ടത്‌.  സ്വാതന്ത്ര്യത്തിന്റെ ദിനമായാണ്‌ അന്നതിനെ മോഡി വിശേഷിപ്പിച്ചത്‌. പത്തു ദിവസത്തിനുശേഷം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘കാലപ്പഴക്കം ചെന്ന രാമജന്മഭൂമി പ്രശ്‌നത്തിന്‌  സമാധാനപരമായ പര്യവസാനമുണ്ടായി’ എന്നാണ്‌ മോഡി പ്രഖ്യാപിച്ചത്‌. 

‘സമാധാനപരമായ’ ഈ പര്യവസാനം കെട്ടിപ്പടുത്തത്‌ 1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചശേഷം നടന്ന കലാപങ്ങളിൽ ആയിരക്കണക്കിനു മനുഷ്യർ ചോരചിന്തി മരിച്ചുവീണതിന്‌ മുകളിലാണ്‌. പക്ഷേ, രാമക്ഷേത്രമെന്നത്‌ മറ്റ്‌ ചിലതുകൂടിയാണെന്ന്‌ മോഡി സൂചിപ്പിച്ചു: ‘‘വികസനത്തിന്റെ യജ്‌ഞത്തിന്‌ ഓരോ മനുഷ്യനും ഏതെങ്കിലും തരത്തിലുള്ള ത്യാഗത്തിന്‌ തയ്യാറാകണം.’’  

രണ്ടുവർഷത്തിനിടെ ഉയർന്നുവന്ന ‘പുതിയ ഇന്ത്യ’യുടെ പ്രതീകങ്ങൾ അയോധ്യയിലെ രാമക്ഷേത്രവും പാർലമെന്റിന്റെ പുതിയ മന്ദിരമായ സെൻട്രൽ വിസ്‌തയും ജമ്മു കശ്‌മീരിന്റെ വിഭജനവുമാണ്‌. മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേർക്കുള്ള കടന്നാക്രമണമാണിത്‌. 

‘പുതിയ ഇന്ത്യ’ ഏകാധിപത്യപരമായ ഹിന്ദുത്വത്തിന്റെയും കോർപറേറ്റ്‌ നവലിബറലിസത്തിന്റെയും വിഷലിപ്‌തമായ സംയുക്തമാണ്‌. ‘പുതിയ ഇന്ത്യ’യെന്ന ലക്ഷ്യത്തെക്കുറിച്ച്‌ മോഡി പ്രഖ്യാപിച്ചശേഷമുള്ള മൂന്നു വർഷം കോർപറേറ്റ്‌ നികുതി കുത്തനെ വെട്ടിക്കുറച്ചതിനും  വൻകിട കോർപറേറ്റുകളുടെ ശതകോടിക്കണക്കിനു രൂപയുടെ വായ്‌പ എഴുതിത്തള്ളുന്നതിനും  പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാപകമായ സ്വകാര്യവൽക്കരണത്തിനുമാണ്‌ രാജ്യം സാക്ഷിയായത്‌. പാർലമെന്റിൽ ചർച്ചപോലും നടത്താതെ തിടുക്കത്തിൽ പാസാക്കിയതിലൂടെ  മൂന്നു കാർഷിക നിയമം കാർഷികവിപണിയിൽ പിടിമുറുക്കാൻ കോർപറേറ്റുകൾക്ക്‌ അവസരം നൽകിയിരിക്കുകയാണ്‌. അസമത്വത്തിന്റെ നികൃഷ്ടമായ തലങ്ങളാണ്‌ രാജ്യത്ത്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. 2021ലെ ക്രെഡിറ്റ്‌ സ്യുസ്‌ വെൽത്ത്‌ റിപ്പോർട്ട്‌ പ്രകാരം രാഷ്ട്രസമ്പത്തിലുള്ള ഇന്ത്യയിലെ ധനാഢ്യരായ ഒരു ശതമാനത്തിന്റെ  പങ്ക്‌ 2020ൽ 40.5 ശതമാനമായി വർധിച്ചിരിക്കുന്നു. 2020ൽ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 102 ആയിരുന്നത്‌ 2021ൽ 140ആയി വർധിച്ചെന്നാണ്‌ ഫോർബ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്‌. മഹാമാരിയുടെ കാലത്ത്‌ നഗരഗ്രാമഭേദമെന്യേ ദാരിദ്ര്യം അഭൂതപൂർവമായി വർധിച്ചപ്പോൾ തന്നെയാണ്‌ ഈ കണക്ക്‌ എന്നുകൂടി ഓർക്കണം. 

2020ലെ  സ്വാതന്ത്ര്യദിന പ്രസംഗത്തിൽ  സ്വാശ്രയത്വമുള്ള പുതിയ ഇന്ത്യ എന്ന സൂചനയോടെ ആത്മനിർഭർ ഭാരത്‌ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രസംഗത്തിൽ മോഡി  പറഞ്ഞു: ‘‘സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിന്‌ ഒരു പടവുമാത്രം അകലെ നിൽക്കുമ്പോൾ രാജ്യം സ്വാശ്രയത്വം കൈവരിക്കണം.’’ കാപട്യത്തിന്റെ അങ്ങേയറ്റമാണ്‌ ഇത്‌. സ്വാശ്രയത്വത്തെക്കുറിച്ചുള്ള മോഡിയുടെ പ്രഖ്യാപനത്തിനുശേഷം സർക്കാർ ആത്മനിർഭർ അഭിയാൻ പാക്കേജ്‌ പ്രഖ്യാപിച്ചപ്പോൾ എല്ലാ  സെക്‌ടറുകളും സ്വകാര്യവൽക്കരിക്കുമെന്ന്‌ പ്രഖ്യാപിച്ചു.  തന്ത്രപരമേഖലയിൽ ഇളവുനൽകിയെങ്കിലും ഈ മേഖലയിലെ നാലു സ്ഥാപനമെങ്കിലും നിലനിർത്തുമെന്ന്‌ പ്രഖ്യാപിച്ചു. നേരത്തേ പ്രതിരോധമേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്‌ഡിഐ)ത്തിന്‌ അനുമതി നൽകിയിരുന്നു. ജനങ്ങളുടെ പണമുപയോഗിച്ച്‌ കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ വിദേശ കോർപറേറ്റുകൾക്ക്‌ അവസരം നൽകുന്ന ഈ നടപടി സാമ്പത്തിക സ്വാശ്രയത്വത്തെ അട്ടിമറിക്കും. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ ഊന്നിയ നവലിബറൽ നയങ്ങൾ ശക്തമായി പിന്തുടരുന്നത്‌ രാഷ്ട്രീയ സംവിധാനത്തിന്‌ വിനാശകരമായ ആഘാതം സൃഷ്ടിക്കുകയും ജനാധിപത്യത്തെ ദുർബലമാക്കുകയും ചെയ്യും. ഇലക്‌ഷൻ ബോണ്ട്‌ സമ്പ്രദായം ഈ ചങ്ങാത്തമാണ്‌ വെളിപ്പെടുത്തുന്നത്‌.  പാർലമെന്റിനെ നിർവീര്യമാക്കുന്നതും  കാലുമാറ്റത്തിലൂടെ ജനവിധി അട്ടിമറിക്കുന്നതും പതിവായിരിക്കുന്നു. പുതിയ ഇന്ത്യയുടെ പര്യായമായിരിക്കുന്നു അർധജനാധിപത്യം. 

മഹാമാരിയെ തികച്ചും അലക്ഷ്യമായി കൈകാര്യംചെയ്‌തത്‌ മോഡിയുടെ  പദ്ധതികളെ ദുർബലമാക്കിയിരിക്കുന്നു. പ്രധാനമന്ത്രി പറയുന്ന ‘പുതിയ ഇന്ത്യ’ക്ക്‌ ശാസ്‌ത്രീയ ബോധമുള്ള ആധുനിക, മതനിരപേക്ഷ സമൂഹവുമായി ഒരു ബന്ധവുമില്ല. ഹിന്ദുരാഷ്ട്രത്തിന്റെ ഒരു രൂപരേഖമാത്രമാണത്‌.   സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ ഒഴിഞ്ഞുനിന്നവർ തയ്യാറാക്കിയ ആ രൂപരേഖയ്‌ക്ക്‌ മതനിരപേക്ഷ–- സാമ്രാജ്യത്വ വിരുദ്ധ ആശയങ്ങളുമായി ഒരാഭിമുഖ്യവുമില്ല.  

ഹിന്ദുത്വത്തിന്റെ  ഈ ‘പുതിയ ഇന്ത്യ’ക്ക്‌ ബദൽ വളരേണ്ടത്‌ ജനകീയ ചെറുത്തുനിൽപ്പുകളിലൂടെയും സമരങ്ങളിലൂടെയുമാണ്‌.

ഈ ‘പുതിയ ഇന്ത്യക്കുള്ള വെല്ലുവിളി വർഗ- ബഹുജനസമരങ്ങളിലൂടെ  ഉയർന്നുവരുന്നുണ്ട്‌. ഒമ്പതുമാസം പിന്നിട്ട കർഷക സമരം കോർപറേറ്റ്‌-ഹിന്ദുത്വ ഭരണസംവിധാനത്തിന്റെ അടിത്തറയെയാണ്‌ വെല്ലുവിളിച്ചിരിക്കുന്നത്‌. ഏകാധിപത്യപരമായ വർഗീയതയ്‌ക്ക്‌ പ്രബുദ്ധരായ പൗരന്മാർ ഇടം നൽകില്ലെന്ന്‌ നേരത്തേ സിഎഎ/എൻആർഎസി വിരുദ്ധ സമരങ്ങളിൽ തെളിഞ്ഞതാണ്‌. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ നടന്നതുപോലെ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള തൊഴിലാളി വർഗത്തിന്റെ സമരങ്ങൾ ജനകീയ സമരങ്ങളെ പുതിയൊരു തലത്തിലേക്ക്‌ ഉയർത്തിയിരിക്കുന്നു. നവലിബറൽ നയങ്ങൾക്കെതിരെ പ്രതിരോധ–-ഇൻഷുറൻസ്‌ മേഖലകളിലേതടക്കം വിവിധ മേഖലകളിലെ തൊഴിലാളികൾ നടത്തുന്ന  സമരങ്ങൾ കൂടുതൽ ശക്തിപ്രാപിക്കുകയാണ്‌. 

ഈ ചെറുത്തുനിൽപ്പുകളിലൂടെയും ജനകീയ മുന്നേറ്റങ്ങളിലൂടെയും ഒരു ബദൽ ഉയർന്നുവരും. അത്‌ ഇടതു–-ജനാധിപത്യ പദ്ധതികളിൽ അധിഷ്‌ഠിതമായിരിക്കണം. ജനങ്ങളുടെ രാഷ്ട്രീയവും  സാമ്പത്തികവും സാമൂഹ്യവുമായ വിമോചനമെന്ന  സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യത്തിലേക്ക്‌ നയിക്കാൻ അത്തരമൊരു പദ്ധതിക്ക്‌ സാധിക്കും.  അത്തരമൊരു ബദലിനുവേണ്ടി തൊഴിലെടുക്കുന്ന എല്ലാ മനുഷ്യരെയും  എല്ലാ ജനാധിപത്യ–-മതനിരപേക്ഷ ശക്തികളെയും സംഘടിപ്പിക്കുകയും അണിനിരത്തുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top