17 October Thursday

ഉള്ളുകാളി ... പൊക്കാളി

ശ്രീരാജ‌് ഓണക്കൂർUpdated: Sunday Jul 7, 2019


പൊക്കാളി എന്ന പേരിന‌് പൊക്കത്തിൽ ആളുന്നത് അഥവാ പൊക്കത്തിൽ വളരുന്നത് എന്നാണർഥം. എന്നാൽ, മഴ വൈകുംതോറും ഇവിടെ ആളുന്നത‌്  പൊക്കാളിക്കർഷകരുടെ ആധിയാണ‌്.  കരിഞ്ഞുണങ്ങിയ പൊക്കാളിപ്പാടങ്ങൾക്ക‌് അരികിലൂടെ പോകുമ്പോൾ മനസ്സും മോഹങ്ങളും വറ്റിവരണ്ട‌് കണ്ണീരിന്റെ നനവ‌ു പടരുന്ന ഇവരുടെ മുഖങ്ങളും കാണാം. ഞാറ്റുവേലയിലെ മഴയിൽ വിത്തുവിതച്ചവരെ പിന്നീട‌് സ്വീകരിച്ചത‌് ഒരാഴ‌്ച നീണ്ട കത്തുന്ന വെയിലാണ‌്. പതിനായിരം രൂപമുതൽ ലക്ഷങ്ങൾവരെ മുടക്കിയവർക്ക‌് ഇത്തവണത്തെ മഴക്കാലം ഇരുട്ടടിയേകി. വ്യാഴം‌, ‌വെള്ളി ദിവസങ്ങളിൽ  ചെറുതായി മഴ പെയ‌്തപ്പോൾ പലരും പ്രതീക്ഷയോടെ വീണ്ടും വിത്ത‌് വിതച്ചുതുടങ്ങി. പക്ഷേ, മഴ തുടർച്ചയായി ലഭിച്ചില്ലെങ്കിൽ കൃഷി  ഉപേക്ഷിക്കേണ്ടിവരുമെന്ന പേടിയിലാണ‌് ഇവരോരോരുത്തരും.മുഖം തിരിച്ച‌് പുതുതലമുറ
‘ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഈ കൃഷി തീർന്നു. മക്കൾക്ക‌് കൃഷി ചെയ്യുന്ന നിലം എവിടെയാണെന്ന‌ുപോലും അറിയില്ല.’ വൈപ്പിൻ എടവനക്കാട്ടുള്ള പ്രായംചെന്ന ഒരു കർഷകന്റെ വിലാപമാണ‌് അലയടിച്ചുയരുന്നത‌്. വർധിച്ചുവരുന്ന ചെലവും നല്ല വിത്തിനങ്ങൾ ലഭിക്കാത്തതും കർഷകരെ പൊക്കാളിക്കൃഷിയിൽനിന്ന‌് പിറകോട്ട‌് വലിക്കുന്നു. പുതുതലമുറയിൽ ഭൂരിഭാഗവും ഇതിനോട‌് മുഖംതിരിച്ച‌് നിൽപ്പാണ‌്. സംയോജിതകൃഷി ചെയ്യുന്നവർമാത്രമാണ‌് മേഖലയിലുള്ളത‌്. ചെമ്മീനാണ‌് ഇതിനൊപ്പം കൃഷി ചെയ്യുക. ആറുമാസം പൊക്കാളിയും ആറുമാസം ചെമ്മീനും.  ജില്ലയിൽ  കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറയ‌്ക്കൽ, കടമക്കുടി, പിഴല, എ‌ളങ്കുന്നപ്പുഴ, ഏഴിക്കര, കുമ്പളങ്ങി, ചെല്ലാനം, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലാണ‌് പൊക്കാളി  പ്രധാനമായും കൃഷി ചെയ്യുന്നത‌്.

പ്രതീക്ഷയിൽനിന്ന‌് നിരാശയിലേക്കുള്ള ദൂരം
പ്രകൃതിയോട‌് ചേർന്നാണ‌് പൊക്കാളിയുടെയും ജീവിതം. ജൂണിൽ ഞാറ്റുവേലസമയത്ത‌് മഴ ലഭിക്കുമ്പോൾ കർഷകർ പൊക്കാളിവിത്തുകൾ വിതച്ചുതുടങ്ങും. സാധാരണപോലെ തുടർച്ചയായി മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ‌് ഇക്കുറിയും വിത്തിറക്കിയത‌്. പക്ഷേ, മഴ ചതിച്ചതോടെ മുളപൊട്ടിയ വിത്തുകൾ കരിഞ്ഞുണങ്ങി. ഇനി വിത്ത‌് എപ്പോൾ വിതയ‌്ക്കണമെന്ന സംശയം മാത്രം ബാക്കിയായി. സംയോജിതകൃഷി നടത്തുന്ന പാടങ്ങളിൽനിന്നുള്ള വെള്ളം മോട്ടോർ ഉപയോഗിച്ച‌് വറ്റിക്കുന്നതാണ‌് പൊക്കാളിക്കൃഷിയിലെ ആദ്യപടി.  ജൂണിൽ ആദ്യമഴ ലഭിക്കുന്നതോടെ വരണ്ടുണങ്ങിയ പാടത്തുള്ള  ഉപ്പ‌് ഒലിച്ചിറങ്ങും. തുടർന്ന‌് ഞാറ്റുവേല കഴിഞ്ഞ‌് മഴപെയ‌്താൽ വിത്ത‌ുവിതയ‌്ക്കൽ ആരംഭിക്കും. അഞ്ച‌ുദിവസം നീണ്ട പ്രക്രിയയിലൂടെ മുളപ്പിച്ചവയാണ‌് വിത്തുകൾ.  കൃത്യമായി നല്ല മഴ ലഭിച്ചാൽമാത്രമേ വിത്തുകൾ നെൽക്കതിരായി മാറൂ.

കണ്ണും പൂട്ടി വിതയ‌്ക്കൽ
മഴ ശക്തമാകാത്തതിനാൽ കർഷകർ നിരാശയിലാണെന്ന‌് നായരമ്പലത്ത‌് 30 ഏക്കറിൽ കൃഷി ചെയ്യുന്ന ശ്യാം പള്ളത്തുപടിയുടെ വാക്കുകൾ. വിതച്ച വിത്തുകളെല്ലാം കരിഞ്ഞു. ഇത്തവണ വേനൽ കടുത്തതായിരുന്നതിനാൽ പത്തുവർഷത്തിനിടയ‌്ക്ക‌് മോട്ടോറിന്റെ സഹായമില്ലാതെതന്നെ വെള്ളം വറ്റിക്കിട്ടി. അപ്പോൾ ആ ചെലവ‌് കുറഞ്ഞല്ലോ എന്ന‌് സന്തോഷിച്ചു. പക്ഷേ, മഴ ചതിച്ചതോടെ മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണ‌ുണ്ടായത‌്. 500 കിലോ വിത്ത‌് വിതച്ചു. 40,000 പാടം കിളച്ച‌് കൃഷിക്ക‌് തയ്യാറാക്കിയതിന‌ുതന്നെ 1,30‌,000 രൂപയായി. ചിറ പണിതതിന‌് ഒരുലക്ഷത്തിനുമേലെയും. മഴ പെ‌യ‌്ത‌ുതുടങ്ങിയതോടെ വീണ്ടും പ്രതീക്ഷയിലാണ‌്. ഇനി കണ്ണും പൂട്ടി വിതയ‌്ക്കുകയേ മാർഗമുള്ളൂവെന്ന‌ും ശ്യാം പറയുന്നു.
 
ഗുണനിലവാരമുള്ള വിത്തിനും ക്ഷാമം
പൊക്കാളിവിത്തുകൾക്ക‌് ഇത്തവണ ക്ഷാമമുണ്ടായതായി എടവനക്കാട‌് കൂട്ടുങ്കൽ അടപ്പിൽ കൃഷി ചെയ്യുന്ന പി കെ ഷെമൂർ പറയുന്നു. മികച്ച ഉൽപ്പാദന ക്ഷമതയുള്ള വിത്തുകൾ ലഭിക്കുന്നില്ല. വാങ്ങിക്കുന്ന വിത്തിൽത്തന്നെ കൂടുതൽ പതിരും. കഴിഞ്ഞതവണയുണ്ടായ പ്രളയവും വിത്ത‌ുക്ഷാമത്തിന‌് ഒരു കാരണമാണ‌്. കഴിഞ്ഞ 26നാണ‌് വിത്ത‌് വിതച്ചത‌്. പിന്നീട‌് ഒരാഴ‌്ച കനത്ത വെയിലായിരുന്നു. 80 സെന്റിലാണ‌് കൃഷി. 10,000 രൂപയുടെ നഷ്ടമുണ്ടായി. ഇനി എങ്ങനെ വിത്തുവിതയ‌്ക്കുമെന്ന‌് ശങ്കിച്ചുനിൽക്കുകയാണെന്നും ഷെമൂർ.ചെലവും വരവും സമാസമം
ഒരേക്കറിൽ കൃഷി നടത്തുന്നതിന‌് പണിക്കൂലിയടക്കം 30,000 രൂപയോളമാകുമെന്ന‌ാണ‌് നായരമ്പലത്ത‌് കൃഷി നടത്തുന്ന വി കെ ജാബർ പറയുന്നത‌്. കൃഷി ചെയ‌്താൽ ലഭിക്കുക 500 കിലോയോളം നെല്ലാണ‌്. കിലോയ‌്ക്ക‌് 50 രൂപവച്ച‌് ലഭിക്കുന്നത‌് ഏകദേശം 30‌,000 രൂപതന്നെ. ഇത്തരത്തിൽ വലിയ ലാഭം ലഭിക്കാത്തതിനാൽത്തന്നെ പലരും കൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ‌്.

ഉണ്ടാക്കാം വെർമിസെല്ലിയും നൂഡിൽസും
പൊക്കാളി അരിയിൽനിന്ന‌് ഉണ്ടാക്കാവുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ നിരവധിയാണ‌്. വെർമിസല്ലിയും നൂഡിൽസുമെല്ലാം ഇതിൽനിന്ന‌് ഉണ്ടാക്കാമെന്ന‌് വിദഗ‌്ധർ പറയുന്നു. അരിപ്പൊടിപോലുള്ള ഉൽപ്പന്നങ്ങളും ഉണ്ടാക്കാം. പക്ഷേ, ഉൽപ്പാദനം കൂട്ടിയാൽമാത്രമേ ഇത‌് പ്രായോഗികമാവുകയുള്ളൂ. പല സ്ഥലങ്ങളിലും ഉൽപ്പാദനം കുറഞ്ഞുവരുന്ന അവസ്ഥയാണ‌് നിലവിലുള്ളത‌്.

കൈത്താങ്ങായുണ്ട‌് എൽഡിഎഫ‌് സർക്കാർ
പൊക്കാളി അരിയുടെ ഉൽപ്പാദനത്തിന‌് എൽഡിഎഫ‌് സർക്കാർ നിരവധി സഹായങ്ങളുമായി ഒപ്പമുണ്ട‌്. കർഷകർ, കർഷകത്തൊഴിലാളികൾ, - പാടശേഖര സമിതികൾ എന്നിവയുടെ വിപുലമായ പൊക്കാളിനില സംരക്ഷണ ശിൽപ്പശാല സർക്കാർ മുൻകൈയെടുത്ത് കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിരുന്നു. ഏപ്രിൽ 14ന് ചെമ്മീൻകെട്ട് അവസാനിപ്പിച്ച് വെള്ളം വറ്റിക്കാനും കാലവർഷത്തിന്റെ തുടക്കത്തിൽ വിത്ത് വിതയ‌്ക്കാനും ശിൽപ്പശാല തീരുമാനിച്ചിരുന്നു. എസ‌് ശർമ എംഎൽഎയുടെ ജൈവ വൈപ്പിൻ പദ്ധതിയിലൂടെ നിരവധി കർഷകർക്ക‌് പെട്ടിയും പറയും വാങ്ങി നൽകി. മരത്തിന്റെ പെട്ടിയിൽ സ്ഥാപിച്ച 50 എച്ച‌്പിയുടെ മോട്ടോറിനാണ‌് പെട്ടിയും പറയും എന്ന‌ു പറയുന്നത‌്. ഇതിന്റെ സഹായത്തോടെ ചെമ്മീൻകെട്ടിലെ വെള്ളം എളുപ്പത്തിൽ വറ്റിക്കാം. പാടവരമ്പുകൾ ബലപ്പെടുത്തുകയും ചെയ‌്തു. ബ്ലോക്ക‌് പഞ്ചായത്തുകൾവഴി 20 ലക്ഷത്തോളം രൂപ സബ‌്സിഡിയായി നൽകി. ചെമ്മീൻകെട്ടിലെ വെള്ളം വറ്റിക്കുന്നതിന‌് മോട്ടോർ വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും പണിക്കൂലി നൽകുന്നതിനുമാണ‌് പ്രധാനമായും സബ‌്സിഡി. പാടശേഖരസമിതികൾക്ക‌ും പെട്ടിയും പറയും നൽകാറുണ്ട‌്. കഴിഞ്ഞവർഷം നെല്ല‌് മെതിക്കുന്നതിനുള്ള യന്ത്രവും നൽകിയിരുന്നു.

 

സംരക്ഷിക്കണം പൊക്കാളിപ്പാടങ്ങൾ
ജൈവസമ്പുഷ്ടവും ആരോഗ്യദായകവുമായ പൊക്കാളി അരിയുടെ കൃഷി നിലനിർത്തേണ്ടത് ഭാവിതലമുറയുടെകൂടി  ആവശ്യമാണ്. ആറുമാസത്തെ ചെമ്മീൻകൃഷിയും ആറുമാസത്തെ പൊക്കാളിക്കൃഷിയും രാജഭരണകാലംമുതൽ നിലനിന്നുപോന്നതാണ‌്.  രണ്ടുമീറ്റർ ഉയരത്തിൽ വളരുന്ന പൊക്കാളി നെൽക്കതിരുകൾ കൊയ്താൽ ബാക്കിവരുന്ന ഭാഗം ചീഞ്ഞുണ്ടാകുന്ന സൂക്ഷ്മ ആൽഗകളാണ് ചെമ്മീൻകുഞ്ഞുങ്ങളുടെ ആദ്യ ആഹാരം. ഇത്തരത്തിൽ രണ്ടു കൃഷികളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. എന്നാൽ, ചിലർ പൊക്കാളി  ഉപേക്ഷിച്ച‌് ചെമ്മീൻകൃഷിമാത്രം നടത്താൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. അതിനായി ജെസിബി ഉപയോഗിച്ച് പൊക്കാളിപ്പാടങ്ങൾ താഴ്ത്താനും ശ്രമം നടക്കുന്നു. ഇതിനെതിരെ നിരന്തര പ്രക്ഷോഭത്തിലാണ് കേരള കർഷകസംഘവും കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയനും. പൊക്കാളിപ്പാടങ്ങൾ നികത്തുന്ന നടപടികൾക്കെതിരെ ഇതിനകം വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top