17 August Wednesday

പിണറായിയുടെ ജയിലർ

ബിജു കാർത്തിക്‌ bijkarthik@gmail.comUpdated: Sunday Jun 26, 2022
‘‘മഴ പൊഴിയുന്ന ഈ രാത്രിയിൽ ഞാൻ അവന്റെ കാസറ്റിലാക്കിയ പാട്ട്‌ വയ്ക്കുന്നു. മൂളുന്ന ടേപ്‌ റെക്കോർഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാൻ തൊട്ടെടുക്കാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാൻ കേൾക്കാതെ പോയ പാട്ടുകൾകൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നിൽക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്? ഞാൻ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തുവീഴട്ടെ. ഒരുകാലത്തും വാതിലുകൾ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.” ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ –- ഈച്ചര വാര്യർ

പിന്നെയും ഒരുപാട്‌ കർക്കടകമഴകൾ ഇന്ത്യയാകെ പെയ്‌തുതോർന്നിട്ടും ഇന്നോളം ഉത്തരംകിട്ടാത്ത ചോദ്യമായിരുന്നു ഈച്ചര വാര്യരുടേത്‌. യുദ്ധങ്ങളെല്ലാം വേദനകൾമാത്രം അവശേഷിപ്പിക്കുന്നതുപോലെ ഉത്തരമില്ലാത്ത അനേകം ചോദ്യം ചരിത്രത്തിൽ ബാക്കിയാക്കിയ അടിയന്തരാവസ്ഥയുടെ ഓർമകൾക്ക്‌ ഇന്ന്‌ 47 വർഷം. ആരും ഒന്നും നേടാത്ത, രാജ്യം നിശ്ചലമായ  ആ കെട്ടകാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്‌ ഓരോ ജൂൺ 26ഉം

ശാസ്‌താംതല സഹദേവൻ

ശാസ്‌താംതല സഹദേവൻ

ചരിത്രം പിറകോട്ടുനടന്ന ദിവസങ്ങളായിരുന്നു അടിയന്തരാവസ്ഥ. ഭരണകൂടഭീകരത അതിന്റെ എല്ലാ ക്രൗര്യത്തോടെയും നിറഞ്ഞാടിയ ദിവസങ്ങൾ. അഴിമതി, ഭക്ഷ്യക്ഷാമം, വിലക്കയറ്റം, പട്ടിണി, അസമത്വം, അനീതി തുടങ്ങി വിവിധ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച്, സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകാർ, നക്സലൈറ്റുകൾ എന്നിങ്ങനെ വിവിധ നേതൃത്വത്തിൻ കീഴിലെ ജനകീയ മുന്നേറ്റങ്ങൾ ശക്തമായി ഒരുഭാഗത്ത്‌. മറുഭാഗത്ത്‌ ഭരണകൂടത്തിന്റെയും ഭരണവർഗത്തിന്റെയും നിലനിൽപ്പ് അപകടത്തിലായി. ഈ സ്ഥിതിവിശേഷം നേരിടാനുള്ള ഭരണകൂടതന്ത്രമാണ് 1975 ജൂൺ 25ലെ (അർധരാത്രിക്കു ശേഷമായതിനാൽ ജൂൺ 26) അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക്‌ നയിക്കുന്നത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ 1975 ജൂൺ 12ന് ഉണ്ടായ അലഹബാദ് ഹൈക്കോടതി വിധി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് നിർണായക കാരണമായി. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 20 വരെയാണ് രാജ്യം അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്.

ഓർമയുടെ വാതിൽ അടയാതിരിക്കട്ടെ

ജനാധിപത്യ- പൗരാവകാശങ്ങളെല്ലാം നിഷേധിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനോട് ഒരർഥത്തിലും നിശ്ശബ്ദമായിരുന്നില്ല കേരളം. പ്രതിഷേധശബ്‌ദങ്ങൾ നേർത്തതാകാമെങ്കിലും അത് പല കോണിൽനിന്ന് പല രൂപത്തിൽ അരങ്ങേറി. കേരളത്തിലെ ജയിലുകൾ പ്രതിഷേധക്കാരെ, കൂടുതലും കമ്യൂണിസ്റ്റുകാരെക്കൊണ്ട്‌ നിറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു തടവുകാരേറെയും. മനസ്സുകൊണ്ട്‌ അടിയന്തരാവസ്ഥയെ കഠിനമായി എതിർത്തപ്പോഴും ഉത്തരവാദിത്വബോധത്തിന്റെ പേരിൽ, തടവുകാരായി എത്തിയ ജനനേതാക്കൾക്ക്‌ കാവൽക്കാരനായി നിൽക്കാൻ വിധിക്കപ്പെട്ടൊരാൾ. അനന്തപുരിയിൽനിന്ന്‌  വടക്കേ മലബാറിലേക്കെത്തിയ ആ ജയിലറുടെ പേര്‌ ശാസ്‌താംതല സഹദേവൻ.

1967ലാണ്‌ സഹദേവൻ തിരുവനന്തപുരത്ത്‌ ജയിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്‌. തിരുവനന്തപുരത്തെ ഓൾ ഇന്ത്യ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യ വർഷങ്ങൾ. തൊട്ടടുത്ത വർഷം കണ്ണൂരിലേക്കു മാറി. ബന്ധുവായ അവണാകുഴി സദാശിവന്റെ കത്തുമായി കണ്ണൂരിൽ ആദ്യം കണ്ടത്‌ കമ്യൂണിസ്റ്റ്‌ നേതാവ്‌ എം വി രാഘവനെ. മൂന്നു വർഷത്തിനുശേഷം തിരികെ സ്വന്തം നാട്ടിലെത്തി. 1974ൽ വീണ്ടും കണ്ണൂരിലേക്ക്‌. അടിയന്തരാവസ്ഥ തിളച്ചുനിൽക്കുന്ന കാലത്ത്‌ കണ്ണൂരിൽ. നിരവധി സഖാക്കൾ അന്ന്‌ ജയിലിൽ എത്തി. എം വി രാഘവൻ, ഇമ്പിച്ചിബാവ, കെ ചന്ദ്രശേഖരൻ, പിണറായി വിജയൻ, എൻജിഒ യൂണിയൻ നേതാവ്‌ പത്മനാഭൻ, ഉമ്മർ ബാഫഖി തങ്ങൾ, ചെറിയ മമ്മുക്കേയി, കെ ജി മാരാർ തുടങ്ങിയ നേതാക്കളും പ്രവർത്തകരുമായി മുന്നൂറോളം പേരുണ്ടായിരുന്നു തടവുകാരായി. തടവുകാർ എന്നതിനപ്പുറം എല്ലാവരെയും സ്വന്തക്കാരായി കണ്ടാണ്‌ ഇടപെട്ടിരുന്നതെന്നും ആരുടെയും പേരിൽ അനാവശ്യമായി ഒരു നടപടിയും കൈക്കൊള്ളേണ്ടിവന്നിട്ടില്ലെന്നും സഹദേവൻ പറഞ്ഞു. പൂജപ്പുര, അട്ടക്കുളങ്ങര, ആറ്റിങ്ങൽ, മാവേലിക്കര, ആലുവ, ഒറ്റപ്പാലം, പാലക്കാട്‌, തൃശൂർ ബാലമന്ദിരം, തൃശൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിലും ജോലിചെയ്‌തു. 2004 ഒടുവിൽ സ്വയംവിരമിച്ചു.

പ്ലാസ്റ്ററിൽ പൊതിഞ്ഞുകെട്ടിയ ആ ശരീരം

ശാസ്‌താംതല സഹദേവൻ ഔദ്യോഗിക വേഷത്തിൽ

ശാസ്‌താംതല സഹദേവൻ ഔദ്യോഗിക വേഷത്തിൽ

ജയിൽ തടവുകാരിൽ എന്നും ഏറ്റവും വേദനയോടെ ഓർക്കുന്ന ഒരാൾ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്‌ സഹദേവൻ ഓർത്തെടുക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ ദേഹമാസകലം മുറിവുമായിട്ടായിരുന്നു പിണറായി ജയിലിൽ എത്തിയത്. ഒരു വർഷത്തോളം മരുന്നുവച്ചുകെട്ടലും ചികിത്സയുമായി ജയിൽ ആശുപത്രിയിൽത്തന്നെയായിരുന്നു പിണറായി. ആദ്യനാളുകളിലൊക്കെ മരിച്ചുപോകുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. അപ്പോഴും പേടിയോ ആശങ്കയോ ഇല്ലാതെ നിർമമായി അതിനെ നേരിട്ട കരുത്തനായിരുന്നു ആ ജനനേതാവ്‌. അത്ര ഭീകരമായ യാതനയും വേദനയും അനുഭവിക്കേണ്ടിവന്ന നേതാവ്‌ വേറെ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, ഇന്ന്‌ കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ പൊലീസ്‌ നരനായാട്ടിന്‌ ഇരയായതും കൊടിയപീഡനം അനുഭവിച്ചതും പിണറായി ആയിരിക്കണമെന്ന്‌ സഹദേവൻ സാക്ഷ്യപ്പെടുത്തുന്നു. ദേഹമാസകലം മുറിവും ചതവുകളുമായി പ്ലാസ്റ്റർകൊണ്ട്‌ മൂടിയായിരുന്നു ഏറെയും ഉണ്ടായത്‌. ഒരിക്കൽപ്പോലും മുഷിഞ്ഞ്‌ സംസാരിക്കേണ്ടിവന്നില്ല. ജയിലിൽ ഏറ്റവും സൗഹാർദപരമായി പെരുമാറിയ തടവുകാരനായിരുന്നു അന്നത്തെ പിണറായി എന്നും സഹദേവൻ ഓർക്കുന്നു.

വായിച്ചുതീരാത്ത ജീവിതങ്ങൾ

ജയിലിലേക്ക്‌ വരുന്നതും പുറത്തേക്ക്‌ പോകുന്നതുമായ കത്തുകൾ സെൻസറിങ്‌ ഓഫീസർ വായിക്കണമെന്നാണ്‌ നിയമം. ജയിൽ സൂപ്രണ്ടും സെൻസറിങ്‌ ഓഫീസർ എന്ന രീതിയിലും അതും സഹദേവന്റെ ചുമതലയായിരുന്നു. സർവീസ്‌ ജീവിതത്തിനിടയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ കത്ത്‌ ലഭിച്ച തടവുകാരൻ പിണറായി വിജയൻ ആയിരുന്നു. സാധാരണക്കാരായ പ്രവർത്തകരുടേതുൾപ്പെടെ ദിവസവും  പത്തും ഇരുപതും കത്ത്‌. എല്ലാ തടവുകാർക്കും വരുന്ന കത്തുകളുമുണ്ട്‌. അതിനൊപ്പം ഇതുകൂടി ആയതോടെ പലതും വായിച്ചുനോക്കി കൈമാറാൻ കഴിഞ്ഞിട്ടില്ലെന്നും സഹദേവൻ ഓർക്കുന്നു. കുറേ ദിവസം ജയിൽ ആശുപത്രിയിൽ ആയിരുന്നു എന്നതും ഇതിനു കാരണമായിട്ടുണ്ട്‌.

‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’

അടിയന്തരാവസ്ഥയിൽ തടവുകാരനായിരിക്കെ കുന്നിക്കൽ നാരായണൻ എന്ന നക്സൽ നേതാവ് മകൾ അജിതയ്‌ക്ക് ജയിലിൽനിന്ന് ഒരു കത്തയച്ചു. സെൻസറിങ് ഓഫീസറായിരുന്ന സഹദേവന്റെ കൈയിലൂടെത്തന്നെയാണ് ആ കത്ത് കടന്നുപോയത്. പക്ഷേ, ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന് അത് അംഗീകരിക്കാനായില്ല. ജയിലറോട് വിശദീകരണം ആവശ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലും സാഹിത്യത്തിലും എക്കാലവും ചർച്ച ചെയ്യുന്ന ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ പരാമർശിച്ചുകൊണ്ട്‌ വിശദമായ വിശദീകരണം നൽകി. ഇന്ദിരയുടെ കടുത്ത ആരാധകനായ കരുണാകരന്‌ ഇതോടെ അത്‌ അംഗീകരിക്കേണ്ടിവന്നു. എങ്കിലും ജയിലറെ പാലക്കാട്ടേക്ക്‌ ഉടൻ സ്ഥലംമാറ്റി ആശ്വാസം കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top