24 May Tuesday

കനകച്ചിറകുള്ള രാജഹംസം

ശ്രീകണ്‌ഠൻ കരിക്കകംUpdated: Tuesday May 10, 2022ആ മാന്ത്രികവിരലിൽ വിടർന്ന അഭൗമനാദം എന്റെ കാതിലെത്തിയത്‌ യൗവനകാലത്താണ്‌. ഒരു തൊഴിൽരഹിതന്റെ അന്തസ്സാര ശൂന്യത മാറ്റുന്ന വെളിച്ചംപോലെ. കശ്മീരിലെ താഴ്വരയിൽ നിന്നൊഴുകുന്നതാണ്‌ ആ മഹാപ്രവാഹമെന്നൊന്നും എനിക്ക്‌ അറിയില്ലായിരുന്നു. ശതതന്ത്രി വീണയിൽ (സന്തൂർ) ശിവകുമാർ ശർമ എന്ന മഹാമാന്ത്രികൻ തീർത്ത പുതുനിലാവാണെന്നും അറിഞ്ഞിരുന്നില്ല. ഒന്നറിയാം, പുലർകാലത്തെ മഞ്ഞുതുള്ളിപോലെ നിർമലമായിരുന്നു അത്. മലമടക്കിലെ കാറ്റിന്റെ ചൂളംപോലെ ആർദ്രവും. വിഷാദത്തിന്റെ കോടച്ചുരുളുകളഴിയുന്ന കൊല്ലികളിൽനിന്ന്‌ കൈപിടിച്ച് കയറ്റുന്നവ. ഒരു തടിപ്പെട്ടിയിൽ ഉറപ്പിച്ച കമ്പിയിൽ രണ്ട് കമ്പുകൊണ്ട് മുട്ടിയുണ്ടാക്കിയ സംഗീതത്തിന് ഏത്‌ ഇരുട്ടും ഭേദിക്കാനുള്ള ശക്തിയുണ്ടായിരുന്നു. എന്റെകൂടെ പഠിച്ചവരെല്ലാം ബിരുദത്തിനും തുടർ പഠനത്തിനും ചേർന്ന കാലം. കാരുണ്യവും സഹാനുഭൂതിയുമെല്ലാം നഷ്ടപ്പെട്ട കുടുംബാന്തരീക്ഷം. രാത്രി രക്ഷസ്സ്‌ പോലെ കണ്ണ്‌ തുറിച്ചുനിന്നപ്പോൾ ആശ്വാസമായി  സന്തൂറും ചൗരസ്യയുടെ പുല്ലാങ്കുഴലും അല്ലാരാഘയുടെ കുറുങ്കുഴലും പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താറുമെത്തി.

സ്വരലയയുടെ സംഗീതവേദിയാണ് അതിന് ആദ്യാവസരം തന്നത്. എം എ ബേബി സഖാവും ടി ആർ അജയൻ സാറും ആർക്കിടെക്ട്‌ ശങ്കറുമെല്ലാം നിറഞ്ഞുകവിഞ്ഞ എ കെ ജി ഹാളിന്റെ സിമന്റ്‌ പടവിലിരുന്ന് സംഗീതത്തിലലിഞ്ഞ കാലം. ആ പ്രമുഖർക്കൊപ്പം ഒരിടം എനിക്കും കിട്ടി. അന്നൊരിക്കലാണ് സന്തൂറിന്റെ ലാവണ്യം ഒഴുകിവന്നത്. 15 നിരയിൽ 60 നേർത്ത കമ്പികൾ. കലാം എന്ന കമ്പ്‌ ഉപയോഗിച്ച്‌ സംഗീതം പൊഴിക്കുന്ന  ശിവകുമാർ ശർമ. മനുഷ്യഹൃദയത്തെ അപഹരിക്കുന്ന വശ്യത. അതെ, ശിവകുമാർ ശർമയെ കേൾക്കുക എന്നാൽ ആറ് ഋതുക്കളെയും ധ്യാനിക്കുന്ന അനുഭൂതിയാണ്. അതിനുമുന്നിൽ ഒന്നുമില്ല.

ഒഴുകിപ്പരക്കുന്ന ആനന്ദംമാത്രം. വർഷങ്ങൾക്കുശേഷം പാലക്കാട് മുതലമടയിലെ സുനിൽ സ്വാമി ഒരിക്കൽ എന്നോടു പറഞ്ഞു: ‘ശിവകുമാർ ശർമ ഇവിടെ മിക്കപ്പോഴും വരാറുണ്ട്’. ആദ്യം എനിക്കത് വിശ്വസിക്കാനായില്ല. ഇന്ന് പാരീസ്‌ എങ്കിൽ നാളെ ലണ്ടൻ, മറ്റെന്നാൾ അമേരിക്ക അങ്ങനെ ലോകം മുഴുവൻ പറന്നുനടക്കുന്ന ഒരു പ്രതിഭാശാലി ഇത്രയും ദൂരം താണ്ടി ഇവിടെ എത്തുമോ? അതും ആരുമറിയാതെ കുറച്ചു ദിവസം തങ്ങാൻ. പ്രകൃതിസുന്ദരമായ ആ അന്തരീക്ഷത്തിൽ മഞ്ഞുപോലെ വെളുത്ത മുടികളുള്ള ആ സന്തൂർ മാന്ത്രികൻ തന്റെ വാദ്യത്തിൽ ധ്യാനനിരതനാകുന്ന ദൃശ്യം സങ്കൽപ്പിച്ച് ഞാൻ കുറച്ചുനേരം വിസ്മയിച്ചു നിന്നു. പെട്ടെന്ന് ഞാൻ അടുത്തുനിന്ന ക്യാമറാമാനോട് എന്റെ ഫോണിലേക്ക് ഒന്ന് റിങ്‌ ചെയ്യാൻ പറഞ്ഞു. സുനിൽ സ്വാമി അത്ഭുതപ്പെട്ടു. റിങ് ടോൺ ശിവകുമാർ ശർമയുടെ സന്തൂർ. പിന്നീട് ഞങ്ങൾ ആ വിസ്മയത്തെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്‌. സുനിൽ സ്വാമി എനിക്ക് ശിവകുമാർ ശർമയുടെ കുറേ റെക്കോഡുകൾ തന്നു. ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്‌ അത്‌.

ഇനി മുതലമടയിൽ അദ്ദേഹം വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞു. പരിചയപ്പെടാമെന്നു പറഞ്ഞ്‌ പിരിഞ്ഞു. കുറേനാൾ കഴിഞ്ഞ് ഒരു രാത്രി ഒരുവിളി. ശിവകുമാർ വന്നിട്ടുണ്ട്. നാളെ വന്നാൽ കാണാം. എനിക്ക് പോകാനായില്ല. ധാരാളം തടസ്സമുണ്ടായിരുന്നു. എന്റെ ദുരിതത്തെ ഓർത്ത് സങ്കടപ്പെട്ടു. ശപിച്ചു.പ്രിയപ്പെട്ട കലാകാരാ, താങ്കളുടെ ആ മാന്ത്രികവിരൽ എന്റെ എത്രയെത്ര സംഘർഷങ്ങൾക്കാണ് ആശ്വാസമായത്‌. ആ തന്ത്രികൾക്ക് മരണമില്ല.

പുഴയായും കാറ്റായും കടലായും അങ്ങനെ അനന്തകാലം ഒഴുകും. കാളിദാസ ഭാവനയിൽ പറയുന്നതുപോലെ; ഏതോ ഹിമവൽ സരസ്സിൽ നിന്നും ഹേമന്തത്തിൽ പറന്നുവന്ന കനകച്ചിറകുള്ള രാജഹംസമാണ് എനിക്ക് ഈ നാദം. ഭക്തിയെന്നോ, സ്നേഹമെന്നോ, പ്രണയമെന്നോ, ഉന്മാദമെന്നോ ഒക്കെ പറയാവുന്ന ഒരു ആത്മഹർഷത്തിന്റെ ജ്വലനം. അതിന് മരണമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top