25 May Monday

അറസ്റ്റിന്റെ നിഴലിൽ യുഡിഎഫ്‌ മുൻ മന്ത്രി

കെ ശ്രീകണ‌്ഠൻUpdated: Thursday Feb 6, 2020

തിരുവനന്തപുരം
ഗവർണറുടെ അനുമതികൂടി ലഭിച്ചതോടെ പാലാരിവട്ടം അഴിമതിക്കേസ്‌ ഏത്‌ നിമിഷവും നിർണായകമായ വഴിത്തിരിവിലെത്തുമെന്ന പ്രതീതിയാണുള്ളത്‌. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ അറസ്റ്റിന്റെ നിഴലിലായിരിക്കുകയാണ്‌ എന്നത്‌ യുഡിഎഫ്‌ നേതൃത്വത്തെ ഭയപ്പാടിലാക്കിയിട്ടുണ്ട്‌. മുന്നണിയിലെ രണ്ടാം പ്രബല കക്ഷിയിലെ എംഎൽഎയ്‌ക്കെതിരായ നടപടി യുഡിഎഫ്‌ രാഷ്ട്രീയം കൂടുതൽ കലുഷിതമാക്കും. രാഷ്‌ട്രീയമായി ഉരുണ്ടുകൂടുന്ന കനത്ത തിരിച്ചടി മുഖാമുഖം നേരിടാനുള്ള ആഭ്യന്തര സാഹചര്യമല്ല യുഡിഎഫിലും മുസ്ലിംലീഗിലും നിലവിലുള്ളത്‌.

പാലാരിവട്ടം പാലം അഴിമതിയിലെ വിജിലൻസ്‌ നടപടി യുഡിഎഫ്‌ ക്ഷണിച്ചുവരുത്തിയതാണ്‌. മേൽപ്പാലം നിർമാണത്തിന്‌ ആലോചന മുറുകിയതുതന്നെ അഴിമതിക്ക്‌ കളമൊരുക്കാനായിരുന്നു. ഗതാഗതക്കുരുക്കിന്‌ പരിഹാരമെന്ന ജനങ്ങളുടെ ആവശ്യം മറയാക്കി വൻ അഴിമതിക്കാണ്‌ രൂപരേഖ തയ്യാറാക്കിയതെന്നാണ്‌ വിജിലൻസ്‌ അന്വേഷണത്തിലെ പ്രധാന നിരീക്ഷണം. ഇത്‌ ബലപ്പെടുത്തുന്ന തെളിവുകളും മറ്റ്‌ പ്രതികളുടെ മൊഴികളും ഹാജരാക്കിയാണ്‌ ഗവർണർക്ക്‌ വിജിലൻസ്‌ ഫയൽ കൈമാറിയത്‌. കേസിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപം ഉയരാതിരിക്കാൻ ജാഗ്രതയോടെയുള്ള തെളിവ്‌ ശേഖരണമാണ്‌ വിജിലൻസ്‌ നടത്തിയതും. ഇതെല്ലാം ഗവർണർക്ക്‌ ബോധ്യം വന്നതായി വേണം കരുതാൻ. യുഡിഎഫ്‌ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നതും വിജിലൻസ്‌ ഇതിനകം നടത്തിയ തെളിവ്‌ ശേഖരണമാണ്‌.

ടൈറ്റാനിയം അഴിമതിക്കേസ്‌ അന്വേഷണം സിബിഐക്ക്‌ വിട്ടത്‌ കഴിഞ്ഞ സെപ്‌തംബറിലാണ്‌. അഞ്ചുമാസത്തിനുള്ളിൽ  പാലാരിവട്ടം കേസുകൂടി രാഷ്‌ട്രീയതലത്തിലേക്ക്‌ നീളുമ്പോൾ യുഡിഎഫ്‌ കുരുക്ക്‌ കൂടുതൽ മുറുകും. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നടന്ന ഇടപാടല്ല ടൈറ്റാനിയം കേസിന്‌ ആധാരം എന്ന വാദം ഉയർത്താമെങ്കിലും ഇബ്രാഹിംകുഞ്ഞ്‌ ആ കേസിലും പ്രതിസ്ഥാനത്താണ്‌. ടൈറ്റാനിയം കേസിൽ സംശയനിഴലിൽ നിൽക്കുന്നത്‌ അദ്ദേഹത്തിനു പുറമെ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമാണ്‌. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്നതിന്‌ മുൻതൂക്കം നൽകിയാൽ പാലാരിവട്ടം അന്വേഷണത്തിന്റെ ദിശ ഉമ്മൻചാണ്ടിയിലേക്ക്‌ നീളുമോ എന്നതും രാഷ്‌ട്രീയകേന്ദ്രങ്ങൾ വീക്ഷിക്കുന്നു.

അന്വേഷണം പുതിയ പാതയിലേക്ക്‌ കടക്കുമ്പോൾ അത്‌ കൂട്ടായി നേരിടുന്ന കാര്യത്തിൽ യുഡിഎഫ്‌ ഏറെ ക്ലേശിക്കും. കോൺഗ്രസ്‌ നേതൃനിരയിൽത്തന്നെ പാലാരിവട്ടം അഴിമതിയിൽ മുസ്ലിംലീഗിനെതിരെ വിരൽചൂണ്ടുകയാണ്‌. മുസ്ലിംലീഗ്‌ ഉൾപ്പെടെയുള്ള കക്ഷികൾക്ക്‌ പ്രതിരോധനിര തീർക്കാൻ താൽപ്പര്യവുമില്ല. ഉപ്പുതിന്നവർ വെള്ളംകുടിക്കട്ടെ എന്നതാണ്‌ കോൺഗ്രസിലെയും ലീഗിലെയും ഒരു വലിയ വിഭാഗത്തിന്റെ ഉള്ളിലിരിപ്പ്‌. ടൈറ്റാനിയം കേസ്‌ സിബിഐക്ക്‌ വിട്ടപ്പോൾ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്ന തീരുമാനമാണ്‌ യുഡിഎഫ്‌ എടുത്തത്‌. എന്നാൽ, പാലാരിവട്ടം കേസിൽ അന്വേഷണം ഇത്രത്തോളം മുന്നോട്ടുപോയിട്ടും അത്തരമൊരു പ്രതികരണം  ഉണ്ടായിട്ടില്ല.
 

ഇബ്രാഹിം കുഞ്ഞിനെതിരെ 140 രേഖ
പാലംനിർമാണത്തിൽ ഗുരുതര അഴിമതി നടന്നതായി കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ വിജിലൻസ്‌. മന്ത്രിയായിരിക്കെ അദ്ദേഹം ഒപ്പിട്ട ഏകദേശം 140 രേഖ അഴിമതിക്ക്‌ തെളിവായി വിജിലൻസിന്‌ ലഭിച്ചിട്ടുണ്ട്‌. നിലവാരമില്ലാത്ത സിമന്റാണ്‌ ഉപയോഗിച്ചത്‌. വേണ്ടത്ര കമ്പിയും  ഉപയോഗിച്ചില്ല. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയതിലും ക്രമക്കേട്‌ നടന്നു. ഇതേത്തുടർന്നാണ്‌ പാലത്തിൽ വിള്ളലുണ്ടായതെന്ന്‌ മൂവാറ്റുപുഴ കോടതിയിൽ നൽകിയ എഫ്‌ഐആറിൽ പറയുന്നു.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽത്തന്നെ ക്രമക്കേടിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവ്‌ വിജിലൻസിന്‌ ലഭിച്ചിരുന്നു. പാലംനിർമാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നു. റോഡ്‌ ഫണ്ട്‌ ബോർഡിന്റെയും കേരള ബ്രിഡ്‌ജസ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻ കോർപറേഷന്റെയും ഫയലുകൾ മന്ത്രി കണ്ടിരുന്നു. സുപ്രധാന തീരുമാനങ്ങളുടെ മിനിട്‌സിൽ മന്ത്രിയുടെ ഒപ്പുമുണ്ട്‌.  കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജും ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വ്യക്തമാക്കുന്ന മൊഴി നൽകിയിരുന്നു. ഇതുൾപ്പെടെ എല്ലാ രേഖയും വിജിലൻസ്‌ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്‌.


 

സൂരജ്‌ തുറന്നുപറഞ്ഞു ;  ഞെട്ടി
പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വ്യക്തമായിരുന്നെങ്കിലും അക്കാര്യം ആദ്യം പരസ്യമായി ഉന്നയിച്ചത്‌ കേസിൽ അറസ്‌റ്റിലായ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌. നിർമാണത്തിലെ വീഴ്‌ചകളുടെയും സാമ്പത്തിക അഴിമതിയുടെയും ഉത്തരവാദിത്തം മുഴുവൻ ഉദ്യോഗസ്ഥരിൽ ചാരിയ ഇബ്രാഹിംകുഞ്ഞിനും യുഡിഎഫ്‌ നേതൃത്വത്തിനും സൂരജിന്റെ വെളിപ്പെടുത്തൽ ഞെട്ടലായി.

പാലം നിർമാണ അഴിമതി കേസിൽ നാലാംപ്രതി ടി ഒ സൂരജ്‌ ഉൾപ്പെടെ നാലുപേർ 2019 ആഗസ്‌ത് 30നാണ്‌ അറസ്‌റ്റിലായത്‌. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ്‌ താൻ ചെയ്‌തതെന്നാണ്‌ അറസ്‌റ്റിനുമുമ്പ്‌ വിജിലൻസിന്റെ ചോദ്യംചെയ്യലിൽ അദ്ദേഹം പറഞ്ഞത്‌. എന്നാൽ, തെളിവുകൾ വിജിലൻസിന്റെ പക്കലുണ്ടായിരുന്നു. അദ്ദേഹം പലതും മറയ്‌ക്കുന്നെന്നും ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ വിജിലൻസ്‌ കോടതിയെ അറിയിച്ചു. ഹൈക്കോടതി സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിച്ച 2019 സെപ്‌തംബർ 17നാണ്‌ അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സർക്കാരിന്‌ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയ മൊബിലൈസേഷൻ അഡ്വാൻസ്‌ കരാറുകാരന്‌ നിയമവിരുദ്ധമായി അനുവദിക്കാൻ ഉത്തരവിട്ടത്‌ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണെന്നായിരുന്നു വെളിപ്പെടുത്തൽ. മൊബിലൈസേഷൻ അഡ്വാൻസ്‌ നൽകേണ്ടെന്ന തീരുമാനം നിലനിൽക്കെയാണിത്‌. ഇടപാടിന്റെ വിശദാംശങ്ങളും സൂരജ്‌ കോടതിക്ക്‌ എഴുതിനൽകി.  കരാറെടുത്ത ആർഡിഎസ്‌ പ്രോജക്‌ട്‌സ്‌ അഡ്വാൻസ്‌ ആവശ്യപ്പെട്ട്‌ പൊതുമരാമത്ത്‌ സെക്രട്ടറി,  അസിസ്‌റ്റന്റ്‌ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ (ആർബിഡിസികെ) എംഡി എന്നിവർക്ക്‌ കത്തുനൽകിയതാണ്‌ തുടക്കം. ഉദ്യോഗസ്ഥർ അത്‌ മന്ത്രിക്ക്‌ കൈമാറി. പലിശയില്ലാതെ 8,25,59,768 രൂപ കരാറുകാരന്‌  മൊബിലിറ്റി അഡ്വാൻസായി അനുവദിക്കാൻ മന്ത്രി ഉത്തരവിട്ടു. GO(MS) 57/14/PWD നമ്പറായി 2014 ജൂലൈ 15ന്‌ ഉത്തരവുമിറങ്ങി. കരാറുകാരനിൽനിന്ന്‌ പലിശ ഈടാക്കണമെന്ന നിർദേശം ഉത്തരവിലില്ലായിരുന്നെന്നും സൂരജ്‌ വെളിപ്പെടുത്തി. ഈ തെളിവുകളെല്ലാം പിന്നീട്‌ വിജിലൻസ്‌ കണ്ടെടുത്തു.റിമാൻഡ്‌ കലാവധി കഴിഞ്ഞ്‌ സെപ്‌തംബർ 19ന്‌ സൂരജിനെ വീണ്ടും കോടതിയിലെത്തിച്ചപ്പോൾ ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം മാധ്യമങ്ങൾക്കു മുന്നിലും അദ്ദേഹം ആവർത്തിച്ചു.

പാലാരിവട്ടത്ത്‌ കുരുങ്ങി നഗരം
പാലാരിവട്ടം പാലം അഴിമതി കൊച്ചി നഗരത്തിന്‌ സമ്മാനിച്ചത്‌ തീരാദുരിതം മാത്രമല്ല ലോകത്തിന്‌ മുന്നിൽ തലകുനിച്ചുപോകുന്ന നാണക്കേട്‌ കൂടിയാണ്‌. മെട്രോ നഗരമായി വളർന്ന കൊച്ചിക്ക്‌ ഇന്ന്‌ ലോകമറിയുന്ന തിരിച്ചറിയൽ അടയാളം കൂടിയാണ്‌ നാണക്കേടിന്റെ ഈ പഞ്ചവടിപ്പാലം. പാലം വരുംമുമ്പേ തന്നെ വൻ ഗതാഗതത്തിരക്കുള്ള പാലാരിവട്ടം ബൈപാസ്‌ കവല അതോടെ രാപകലില്ലാതെ നഗരം കുരുങ്ങുന്ന ഊരാക്കുരുക്കായി.

ഗതാഗതത്തിന്‌ തുറന്ന്‌ രണ്ടര വർഷത്തിനുള്ളിലാണ്‌ പാലത്തിൽ ഗുരുതര കേടുപാട്‌. വാഹനങ്ങൾ കയറുമ്പോൾ പാലത്തിൽനിന്ന്‌ വലിയ ശബ്‌ദമുണ്ടാകുന്നതും ഉപരിതലത്തിലെ ടാറിങ് പൊട്ടിത്തകർന്നതുമാണ്‌ ആദ്യം ശ്രദ്ധയിൽപ്പെട്ടത്‌. വൈകാതെ ഗർഡറുകൾ ഇളകാൻ തുടങ്ങി. ഗർഡർ സ്ലാബുകളിൽ ചിലത്‌ പൊട്ടിത്തകർന്ന്‌ ഉള്ളിലെ കമ്പി പുറത്തുവന്നു. ദിവസംചെല്ലുന്തോറും ഭീതിപ്പെടുത്തും വിധം പാലത്തിൽനിന്ന്‌ ശബ്‌ദമുയർന്നു തുടങ്ങിയതോടെയാണ്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ പരിശോധനയ്‌ക്ക്‌ മുതിർന്നത്‌. പ്രാഥമിക പരിശോധനയിൽ തന്നെ ഗുരുതര ബലക്ഷയം കണ്ടെത്തി. തുടർന്ന്‌ വിദഗ്‌ധ പരിശോധനയ്‌ക്ക്‌ മദ്രാസ്‌ ഐഐടിയെ ചുമതലപ്പെടുത്തി. അവരുടെ പരിശോധനയിൽ അടിയന്തര അറ്റകുറ്റപ്പണി നിർദേശിച്ചു. തുടർന്നാണ്‌ 2019 ജൂൺ ഒന്നിന്‌ പാലം അടച്ചത്‌.


 

പാലം നിർമാണത്തിന്‌ ഉപയോഗിച്ച കോൺക്രീറ്റ്‌ കൂട്ട്‌ നിർദിഷ്‌ട നിലവാരത്തിലും താഴെയായിരുന്നെന്ന്‌ എഐടിയുടെയും വിദഗ്‌ധരുടെ പരിശോധനകളിൽ കണ്ടെത്തി. കമ്പിക്ക്‌  നിലവാരമില്ലായിരുന്നു.  അതും ആവശ്യത്തിന്‌ ഉപയോഗിച്ചില്ല. ഗുണമേന്മ പരിശോധന അംഗീകൃത ഏജൻസികളല്ല നടത്തിയതെന്നും പരിശോധനകൾക്ക്‌ ലാബുകളില്ലായിരുന്നെന്നും കണ്ടെത്തി. സ്‌പാനുകൾക്കിടയിലെ ജോയിന്റ്‌ തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങ്ങുകൾ എല്ലാം തകർന്നു. കോൺക്രീറ്റ്‌ നിർമാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. എല്ലാം പെയ്‌ന്റ്‌  അടിച്ച്‌ നന്നായി മറച്ചിട്ടുണ്ടെന്നാണ്‌ പാലം പരിശോധിച്ച പ്രമുഖ സ്‌ട്രക്‌ചറൽ എൻജിനിയർ മഹേഷ്‌ ടണ്ടൻ പ്രതികരിച്ചത്‌. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്‌ധ സംഘം  രണ്ടുവട്ടം പാലം പരിശോധിച്ചു. ഡിസൈനിൽ മുതൽ കുഴപ്പമുണ്ടെന്നും 18. 71 കോടി രൂപ ചെലവിൽ പാലം പൊളിച്ചു പണിയണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ പഴിചാരി ഇബ്രാഹിംകുഞ്ഞ്‌
പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജിനെ അറസ്‌റ്റ്‌ ചെയ്യുന്നതിന്‌ എട്ടുദിവസം മുമ്പാണ്‌ വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയെ വിജിലൻസ്‌ സംഘം ചോദ്യം ചെയ്‌തത്‌. അഴിമതിക്കും പാലം നിർമാണത്തിലെ വീഴ്‌ചയ്‌ക്കും ഉദ്യോഗസ്ഥരെ പഴിച്ച്‌ തടിയൂരാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. അഴിമതിയിൽ വി കെ ഇബ്രാഹിംകുഞ്ഞിനുള്ള പങ്ക്‌ വ്യക്തമാക്കുന്ന സൂരജിന്റെ വെളിപ്പെടുത്തൽ സെപ്‌തംബർ 17നായിരുന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ രേഖകൾ ഉൾപ്പെടെ പരിശോധിക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും വിജിലൻസിനായി. അതോടെയാണ്‌ ഇബ്രാഹിംകുഞ്ഞിനുള്ള കുരുക്കും മുറുകിയത്‌.
ത്വരിതാന്വേഷണം നടക്കുമ്പോഴാണ്‌ ആദ്യം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്‌തത്‌. ആഗസ്‌ത്‌ 22ന്‌ വിജിലൻസിന്റെ കൊച്ചി ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി വിശദമായി വീണ്ടും ചോദ്യം ചെയ്‌തു.


 

പഞ്ചവടിപ്പാലം നാൾവഴി
മെട്രോ നഗരത്തിന്‌ പാലാരിവട്ടം മേൽപ്പാലം അഴിമതിയുടെ പഞ്ചവടിപ്പാലമായി  മാറിയ നാൾവഴികളിലൂടെ:

2013: യുഡിഎഫ്‌ ഭരണകാലത്ത്‌ സ്‌പീഡ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാലം നിർമാണത്തിന്‌ അനുമതി.
2014 ജൂൺ: ദേശീയപാതയിൽ പാലാരിവട്ടം മേൽപ്പാലം നിർമാണ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു.
2016 ഒക്‌ടോബർ 12: മുഖ്യമന്ത്രി പിണറായി വിജയൻ മേൽപ്പാലം ഗതാഗതത്തിന്‌ തുറന്നുകൊടുത്തു.
2017 ജനുവരി: മേൽപ്പാലത്തിൽ ആറിടത്ത്‌ ടാറിങ്‌ ഇളകി. വിള്ളലും പ്രത്യക്ഷമായി.
2019 മെയ്‌ 1: അറ്റകുറ്റപ്പണികൾക്കായി പാലം താൽക്കാലികമായി അടച്ചു.
മെയ്‌ 5: മദ്രാസ്‌ ഐഐടി സംഘത്തിന്റെ പരിശോധന. രൂപകൽപ്പനമുതൽ നിർമാണംവരെ പിഴവെന്നു കണ്ടെത്തൽ. പില്ലറുകളിലും ഗർഡറുകളിലും വിള്ളൽ. ആവശ്യത്തിന്‌ സിമന്റ്‌, ഇരുമ്പുകമ്പി, മെറ്റൽ എന്നിവ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ട്‌.
മെയ്‌ 8: വിള്ളൽ സ്ഥിരീകരിച്ച്‌ വിജിലൻസ്‌ സംഘം
ജൂൺ 3: പാലം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി വിജിലൻസ്‌ പ്രഥമവിവര റിപ്പോർട്ട്‌. നിർമാണക്കമ്പനി എംഡി ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്‌.
ജൂൺ 17: മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ പരിശോധന. പാലം പുതുക്കിപ്പണിയണമെന്ന്‌ ശുപാർശ.
ജൂലൈ 5: മേൽപ്പാലം 2020 മെയ്‌ വരെ അടച്ചിടാൻ സർക്കാർ തീരുമാനം.
ആഗസ്‌ത്‌ 22: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ മൂന്നുമണിക്കൂർ ചോദ്യം ചെയ്‌തു.
ആഗസ്‌ത്‌ 30: പൊതുമരാമത്ത്‌ വകുപ്പ്‌ മുൻ സെക്രട്ടറി ടി ഒ സൂരജ്‌, ആർഡിഎസ്‌ മാനേജിങ്‌ ഡയറക്‌ടർ സുമിത്‌ ഗോയൽ, ആർബിഡിസികെ മുൻ അഡീഷണൽ ജനറൽ മാനേജർ എം ടി തങ്കച്ചൻ, കിറ്റ്‌കോ മുൻ ജോയിന്റ്‌ ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ അറസ്‌റ്റിൽ.
സെപ്‌തംബർ 17: മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണ്‌ എല്ലാം ചെയ്‌തതെന്ന്‌ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ടി ഒ സൂരജ്‌.
നവംബർ 17: ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ അന്വേഷിക്കുന്നതിന്‌ സർക്കാർ ഗവർണറുടെ അനുമതി തേടി
2020 ജനുവരി 1:  ഇബ്രാഹിംകുഞ്ഞിനെ കേസിൽ കക്ഷിയാക്കുന്നത്‌ സംബന്ധിച്ച്‌ ഗവർണർ എജിയുടെ അഭിപ്രായം ചോദിച്ചു.
ജനുവരി 9: വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന വിജിലൻസ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഒ സൂരജിന്റെ 8.80 കോടി രൂപ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കണ്ടുകെട്ടി.
2020 ഫെബ്രുവരി: മുൻ മന്ത്രിയും കളമശേരി എംഎൽഎയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി.

 

 


പ്രധാന വാർത്തകൾ
 Top